ചുരുക്കത്തിൽ, സന്താനങ്ങൾ അകൃത്യങ്ങളിലും അധർമ്മങ്ങളിലും മുഴുകിക്കഴിയുന്നവരാണെങ്കിൽ അതിനെ സംബന്ധിച്ച് സഅ്ദി(റഹ്) നൽകിയ ഈ ഫത്വ തികച്ചും സത്യം തന്നെയാണെന്ന് മനസ്സിലാകുന്നു, ‘കെ പേശ് അസ് പിദ്റ് മുർദഃ ബ നാ ഖൽഫ്’ [പിതാവിന് ശേഷം പിൻഗാമിയാകുവാൻ മുന്നിൽ നിൽക്കുന്നത് അയോഗ്യനായ മൃതശരീരമോ]
മറ്റൊരു കാര്യം, സന്താനലബ്ധിക്കുള്ള ആഗ്രഹം ജനങ്ങൾ വളരെയധികം പ്രകടിപ്പിക്കുന്നു; സന്താനങ്ങളുണ്ടാവുകയും ചെയ്യുന്നു. എന്നാൽ കുട്ടികൾക്ക് നല്ല ശിക്ഷണം നൽകാനോ അവരെ ധർമ്മിഷ്ഠരും അല്ലാഹുവിന്റെ ആജ്ഞാനുവർത്തികളുമാക്കാനോ വേണ്ടിയുള്ള കഠിനാധ്വാനത്തിന്റെ ഭാഗത്തേക്ക് ബദ്ധശ്രദ്ധരായി അവർ ഒരിക്കലും കാണപ്പെടുന്നില്ല. കുട്ടികൾക്കുവേണ്ടി ഒരിക്കൽപോലും ദുആ ചെയ്യുകയോ അവരുടെ ശിക്ഷണഘട്ടങ്ങൾക്ക് മുൻഗണന നൽകുകയോ ചെയ്യുന്നില്ല. എന്റെ സ്വന്തം അവസ്ഥ ഞാൻ പറയാം, എന്റെ ഒരു നമസ്ക്കാരം പോലും എന്റെ സുഹൃത്തുക്കൾക്കും സന്താനങ്ങൾക്കും സഹധർമിണിക്കും വേണ്ടി ദുആകൾ ചെയ്യാത്തതായിട്ടില്ല.
നിരവധി മാതാപിതാക്കൾ തങ്ങളുടെ കുട്ടികളെ ദുശ്ശീലങ്ങൾ പഠിപ്പിക്കുന്നവരാണ്. പ്രാരംഭഘട്ടങ്ങളിൽ അവർ തെറ്റുകൾ ചെയ്യാൻ ശീലിച്ചുതുടങ്ങുമ്പോൾ തന്നെ അവരെ ഗുണദോഷിക്കുന്നില്ല. തൽഫലമായി അവർ പ്രതിദിനം ധൈര്യശാലികളും ഭയമില്ലാത്തവരുമായി മാറിക്കൊണ്ടിരിക്കുന്നു. ഒരു കഥ ഇങ്ങനെ വിവരിക്കപ്പെടുന്നു, ഒരു ആൺകുട്ടിയെ തന്റെ കുറ്റകൃത്യങ്ങൾ കാരണം വധശിക്ഷ നടപ്പാക്കാനായി തൂക്കുമരത്തിലേക്ക് കൊണ്ടുപോയി. തന്റെ ആ അവസാനനിമിഷങ്ങളിൽ അവൻ തന്റെ ഉമ്മയെ കാണണമെന്ന ആഗ്രഹം പ്രകടിപ്പിച്ചു. ഉമ്മ വന്നപ്പോൾ അവനടുത്തുചെന്ന്, ഞാൻ നിങ്ങളുടെ നാവിൽ ഉമ്മവെക്കാൻ ആഗ്രഹിക്കുന്നുവെന്ന് പറഞ്ഞു. അവൾ നാവ് നീട്ടിയപ്പോൾ അവനതു കടിച്ചുപറിച്ച് തിന്നുകളഞ്ഞു. ചോദിച്ചപ്പോൾ അവൻ പറഞ്ഞു, ഉമ്മയാണ് എന്നെ തൂക്കുമരത്തിൽ കയറ്റിയത്. ഇവൾ എന്നെ തുടക്കത്തിലേ തടഞ്ഞിട്ടുണ്ടായിരുന്നെങ്കിൽ എനിക്ക് ഈ ദുർഗ്ഗതി വരില്ലായിരുന്നു.
ചുരുക്കത്തിൽ, ജനങ്ങൾ സന്താനങ്ങളുണ്ടാകാൻ ആഗ്രഹിക്കുന്നുവെങ്കിലും അവർ ദീനിന്റെ സേവകരാകാൻ വേണ്ടിയല്ല, മറിച്ച് ദുനിയാവിൽ തങ്ങൾക്കാരെങ്കിലും അനന്തരാവകാശിയായി ഉണ്ടാകണമെന്ന ഉദ്ദേശ്യത്തോടെയാണ് ആഗ്രഹിക്കുന്നത്. കുട്ടികൾ ജനിച്ചുകഴിഞ്ഞാൽ അവരുടെ തർബിയ്യത്തിനെ കുറിച്ച് ചിന്തിക്കുകയോ അവരെ വിശ്വാസങ്ങൾ ശരിയായ രീതിയിൽ പഠിപ്പിക്കുകയോ ചെയ്യുന്നില്ല. അവരുടെ സ്വഭാവഗുണങ്ങൾ നന്നാക്കാൻ ശ്രമിക്കുന്നുമില്ല. ഓർമ്മിച്ചുകൊൾവിൻ!
ഉറ്റവരോടുള്ള ബന്ധങ്ങൾ എങ്ങനെ നിറവേറണമെന്ന് മനസ്സിലാക്കാത്തവരുടെ ഈമാൻ ശരിയായതല്ല. അതിനവർക്ക് സാധിക്കുന്നില്ലെങ്കിൽ മറ്റെന്ത് നന്മകളാണ് അവരിൽനിന്ന് പ്രതീക്ഷിക്കാൻ സാധിക്കുക. സന്താനങ്ങൾ എതുവിധമാണ് ആഗ്രഹിക്കേണ്ടതെന്ന് വിശുദ്ധ ഖുർആനിൽ അല്ലാഹു തആല ഇപ്രകാരം പറഞ്ഞുതന്നിരിക്കുന്നു:
رَبَّنَا هَبْ لَنَا مِنْ أَزْوَاجِنَا وَذُرِّيَّاتِنَا قُرَّةَ أَعْيُنٍ وَاجْعَلْنَا لِلْمُتَّقِينَ إِمَامًا
അതായത്, നാഥാ ഞങ്ങളുടെ ഇണകളിൽനിന്നും സന്താനങ്ങളിൽനിന്നും ഞങ്ങൾക്ക് കണ്ണിനു കുളിർമ പ്രദാനം ചെയ്താലും! എപ്പോഴാണോ മനുഷ്യൻ അകൃത്യങ്ങളും അധർമ്മങ്ങളും നിറഞ്ഞ ജീവിതം ഉപേക്ഷിക്കുന്നത് അപ്പോഴാണ് ഇത് സംഭവ്യമാവുക. മാത്രമല്ല ‘ഇബാദുറ്ഹ്മാന്റെ’ ജീവിതം നയിക്കുന്നവനും അല്ലാഹുവിനെ മറ്റെല്ലാ കാര്യത്തേക്കാൾ മുന്തിക്കുന്നവനുമായിത്തീരണം. തുടർന്ന് കൂടുതൽ വിശദമായി പറഞ്ഞിരിക്കുന്നു, ‘വജ്അൽനാലിൽ മുത്തഖീന ഇമാമാ’ ഒരുവന്റെ സന്താനങ്ങൾ സുകൃതവാന്മാരും സാത്വികരും ആണെങ്കിൽ അവൻ അവരുടെ ഇമാം തന്നെയായിരിക്കും. മറുവാക്കിൽ ഇത് (സ്വയം) ഭയഭക്തൻ ആയിത്തീരാനുള്ള പ്രാർത്ഥന കൂടിയാകുന്നു.
(മൽഫൂദാത്ത് വാ.2, പേ.372, 373)