ഹസ്രത്ത് ഖലീഫത്തുൽ മസീഹ് റാബിഅ്, മിർസാ ത്വാഹിർ അഹ്മദ് (റഹ്)
മനുഷ്യന് പൂര്‍വ്വകല്‍പ്പിതമായ വിധിയുടെ വെറും ബലിയാടാണോ?. അവന് സ്വയം തിരെഞ്ഞെടുക്കാനും നിര്‍ണ്ണയിക്കാനുമുള്ള സ്വാതന്ത്ര്യമില്ലേ? എന്താണ് ദൈവവിധിയുടെ രഹസ്യം? ഹദ്റത്ത് ഖലീഫത്തുല്‍ മസീഹ് നാലാമന്റെ “The Elementary Study of Islam” എന്ന പുസ്ത്കത്തില്‍ നിന്നും വിവര്‍ത്തനം ചെയ്തതാണ് ഈ ലേഖനം.
സത്യദൂതൻ ഏപ്രിൽ 2022.

വിധിയെ സംബന്ധിച്ച പ്രശ്നങ്ങള്‍ യുഗങ്ങളായി തത്വജ്ഞാനികളും ദിവ്യജ്ഞാനികളും ഒരുപോലെ ചര്‍ച്ച ചെയ്തുവരുന്ന അതി സങ്കീര്‍ണമായ ഒരു വിഷയമാണ്. ഏറെകുറെ എല്ലാ മതങ്ങളിലും വിധിയെപ്പറ്റി ചിലതെല്ലാം പ്രതിപാദിച്ചിട്ടുണ്ട്. വിധിയില്‍ വിശ്വസിക്കുന്നവരെ വലിയ രണ്ടു വിഭാഗങ്ങളായി നമുക്ക് തരം തിരിക്കാം.
വലുതും ചെറുതുമായ എല്ലാ കാര്യങ്ങളും ദൈവം മുന്‍കൂട്ടി വിധിച്ചുവെച്ചിരിക്കുന്നു എന്ന് പൊതുവേ കണ്ണടച്ചു വിശ്വസിക്കുന്നവരാണ് ഒരു വിഭാഗം. സാധാരണക്കാരില്‍ നിന്നും അകന്ന് ജീവിക്കുന്ന നിഗൂഢവാദികളായ സൂഫികളില്‍ ഈ വീക്ഷണം വ്യാപകമാണ്. ഒരു കാര്യത്തെയും നിയന്തിക്കാനുള്ള യാതൊരുകഴിവും മനുഷ്യന് നല്കപ്പെട്ടിട്ടില്ല എന്നാണ് അവരുടെ വാദം. എല്ലാം തന്നെ മുന്‍കൂട്ടി നിശ്ചയിക്കപ്പെട്ടതാണ്. ദൈവത്തിന് മാത്രം അറിയാവുന്ന പൂര്‍വ്വനിശ്ചിതമായ ഒരു ബൃഹദ് പദ്ധതിയുടെ ചുരുള്‍ നിവരലാണ് എല്ലാ സംഭവങ്ങളും എന്ന് അവര്‍ വിശ്വസിക്കുന്നു.
കുറ്റം, ശിക്ഷ, പിഴ, പ്രതിഫലം എന്നീ വിഷയങ്ങളിലേക്ക് അനിവാര്യമായും നയിക്കപ്പെടുന്ന പ്രശ്നസങ്കീര്‍ണമായ ഒരു ദൈവികാസൂത്രണ സങ്കല്‍പ്പമാണിത്. ഒരാള്‍ക്ക് തിരഞ്ഞെടുക്കാനുള്ള സ്വാതന്ത്ര്യമില്ലെങ്കില്‍ പിന്നെ അയാളുടെ കര്‍മ്മങ്ങള്‍ക്ക് പ്രതിഫലമോ ശിക്ഷയോ നല്കാന് പാടുള്ളതല്ല.
മറ്റൊരു വീക്ഷണം മനുഷ്യന് സ്വതന്ത്രമായി തിരഞ്ഞെടുക്കാനുള്ള കഴിവ് നല്കപ്പെട്ടിരിക്കുന്നു എന്നതാണ്. മനുഷ്യന് തിരഞ്ഞെടുക്കുകയും പ്രാവര്‍ത്തികമാക്കുകയും ചെയ്യുന്ന കാര്യങ്ങളില്‍ പ്രായോഗികമായി വിധിക്ക് യാതൊരു പങ്കുമില്ല.
വിധിയെ പറ്റിയുള്ള ഈ ചര്‍ച്ചക്കിടയില്‍ കടന്നുവരികയും കൂടുതല്‍ സങ്കീര്‍ണത വരുത്തിവെക്കുകയും ചെയ്യുന്ന മറ്റൊരു പ്രധാന താത്വിക വിഷയമുണ്ട്. അത് മുന്‍ക്കൂട്ടിയുള്ള അറിവിനെ സംബന്ധിച്ച പ്രശ്നമാണ്. ഭാവിയില്‍ വരാനിരിക്കുന്ന കാര്യങ്ങളെക്കുറിച്ച് ദൈവത്തിന് മുന്‍കൂട്ടി അറിയാമെന്നിരിക്കെ ദൈവം എങ്ങിനെയാണ് അതിനോട് പ്രതികരിക്കുക?
ഈ ചോദ്യത്തിനുള്ള ഉത്തരം വളരെ വികലമായ രീതിയിലാണ് ഇരുവിഭാഗവും ചര്‍ച്ചാ വേളയില്‍ കൈകാര്യം ചെയ്യുന്നത്. വിധിയെ സംബന്ധിച്ച് വിശ്വാസികളും അവിശ്വാസികളും ഉന്നയിക്കുന്ന വാദപ്രതിവാദങ്ങളെപ്പറ്റി സുദീര്‍ഘമായ വിലയിരുത്തലിന്ന് മുതിരുന്നില്ല. ദൈവവിധിയെ സംബന്ധിച്ചുള്ള ഇസ്ലാമികമായ ഒരു കാഴ്ചപ്പാട് അവതരിപ്പിക്കുക മാത്രമാണ് ഇവിടെ ചെയ്യുന്നത്.
ദൈവവിധി പല വിധത്തിലുണ്ട്. ഓരോന്നും അതാതിന്റെ തലത്തില്‍ ഒരേസമയം ഉചിതമായ രീതിയില്‍ പ്രവര്‍ത്തിക്കുന്നു. പ്രകൃതിനിയം എല്ലാറ്റിനേയും ചൂഴ്ന്നു നില്ക്കുന്നു. യാതൊന്നും തന്നെ അതിന്റെ സ്വാധീനത്തില്‍ നിന്നും അതീതമല്ല. സര്‍വ്വ വലയിതമായ ഈ പ്രകൃതി നിയമമാണ് വിധിയെ സംബന്ധിച്ച വിശാലമായ സങ്കല്പ്പമായി അറിയപ്പെടുന്നത്.
പ്രകൃതി നിയമത്തെപ്പറ്റി അഗാധമായ അറിവ് ഒരാള്‍ ആര്‍ജിക്കുകയാണെങ്കില്‍ താരതമ്യേന അതിനെ പറ്റി അത്ര ഗ്രാഹ്യതയില്ലാത്ത മറ്റൊരാളെക്കാള്‍ കൂടുതല്‍ ഫലങ്ങള്‍ കൊയ്യാനാവും. അത്തരം ആളുകള്‍ക്ക് നേട്ടമുണ്ടാക്കാനും നല്ല ജീവിതം കരുിപ്പിടിക്കാനും സാധിക്കുന്നു.
ഇവരാരും തന്നെ പ്രകൃതി നിയമത്തിലെ ശരിയുടേയും തെറ്റിൻ്റേയും അടിസ്ഥാനത്തില്‍ ഒരു പ്രത്യേക ഗ്രൂപ്പില്‍ പെടൂത്തിക്കൊണ്ട് സല്ഫലങ്ങള് അനുഭവിക്കാന്‍ മുന്‍ക്കൂട്ടി വിധിക്കപ്പെട്ടവരല്ല. യൂറോപ്യന്‍ നവോത്ഥാനത്തിന് തൊട്ട് മുമ്പുള്ള കാലഘട്ടത്തില്‍ പൗരസ്ത്യ ദേശത്തെ മുസ്ലിം ലോകം പ്രകൃതി നിയമം മനസ്സിലാക്കുന്നതില്‍ ബഹുദൂരം മുന്നിലായിരുന്നു. ഈ അറിവ് കാരണം മുസ്ലിംകള് നേട്ടങ്ങള്‍ കൈവരിക്കുകയുണ്ടായി. മുന്‍വിധി ഇല്ലാതെയും തുറന്ന മനസ്സോടെയുമുള്ള ഈ പ്രകൃതിപഠനം പിന്നീട് പാശ്ചാത്യ ദേശത്തേക്ക് മാറി. അത് യൂറോപില്‍ പുതിയ ജ്ഞാനോദയത്തിന്റെ തുടക്കം കുറിച്ചു.
അതേ സമയം പൗരസ്ത്യ രാജ്യങ്ങള്‍ ഭാവനാവിലാസത്തിന്റേയും ദിവാ സ്വപ്നത്തിന്റേയും അന്ധവിശ്വാസങ്ങളുടേയും ദീര്‍ഘമേറിയ യാമത്തില്‍ നിതാന്ത മയക്കത്തിലായിരുന്നു. തീര്‍ച്ചയായും ഇത് വിധിയായിരിക്കാം. എന്നാല്‍ അതു പൊതുവായി മനസ്സിലാക്കപ്പെടുന്നതില്‍ നിന്നും വ്യത്യസ്തമാണ്.
ഈ അര്‍ത്ഥത്തില്‍ അതിസങ്കീര്‍ണ്ണമായ നമ്മുടെ ആവാസ വ്യവസ്ഥയിലെ അന്തരീക്ഷ സംന്തുലനത്തിലുണ്ടാവുന്ന ചാക്രികവും കാലികവുമായ ചില മാറ്റങ്ങളെപ്പറ്റി ഇവിടെ പ്രതിപാദിക്കാം. വളരെ വിദൂരതയിലുള്ള സൂര്യനിലെ കറുത്ത പൊട്ടുകളുടെ (sun spot) സ്വാധീനം പോലും ഈ പ്രതിഭാസത്തിന്ന് പിന്നിലുണ്ട്. അപ്രകാരം ഗ്രഹങ്ങളില്‍ പതിക്കുന്ന ഉല്‍ക്കാപാതങ്ങള്‍ ഭൂമിയിലെ കാലാവസ്ഥാ വ്യതിയാനങ്ങളില്‍ പ്രതിഫലിക്കാറുണ്ട്. ചാക്രികമായ കാലാവസ്ഥാമാറ്റത്തോടൊപ്പം ഇത്തരം പ്രതിഭാസങ്ങൾ തികച്ചും വ്യത്യസ്തമായ ഒരു വിധിയാണിത്.
ഇവിടെ വിധിയുമായി ബന്ധപ്പെട്ട് മുന്‍കൂട്ടി വിധിക്കപ്പെട്ട ഒരേയൊരു നിയമം എന്താണെന്ന് വെച്ചാല്‍, ആരാണോ പ്രകൃതി നിയമം മുന്‍വിധിയില്ലാതെ പഠിക്കുന്നത് അയാള്‍ നേട്ടത്തിന്റെ പാതയിലേക്ക് നയിക്കപ്പെടൂന്നു എന്നതാണ്. ഈ നിയമം പൊതുവായുള്ളതും എല്ലാറ്റിനേയും ചൂഴ്ന്നു നില്ക്കുന്നതുമായ ഗണത്തില്‍പ്പെട്ടതാണ്.
എന്നാല്‍ മതവുമായി ബന്ധപ്പെട്ട വിധിയുടെ നിയമത്തിന്ന് ഇത് ബാധകമല്ല. മതകാര്യത്തില്‍ പ്രാവര്‍ത്തികമാകുന്ന വിധിയെപ്പറ്റിയുള്ള ചര്‍ച്ചയിലേക്ക് പോകുന്നതിന്ന് മുമ്പായി പ്രകൃതി നിയമത്തിന്റെ സാര്‍വ്വത്രികമായ വിധി ചില മേഖലയില്‍ പ്രവര്‍ത്തിക്കുന്നത് സംബന്ധിച്ച് നാം കുറച്ചു കൂടി ആഴത്തില്‍ മനസ്സിലാക്കേണ്ടതുണ്ട്.
സാര്‍വ്വത്രികമായ പ്രകൃതി നിയമത്തിന്റെ പ്രവര്‍ത്തനത്തില്‍ മുന്‍കൂട്ടി വിധിക്കപ്പെട്ട വിധിയുടെ ചില പ്രത്യേകതകള്‍ അത് സസ്യജാലങ്ങളുടെയും ജീവിവര്‍ഗങ്ങളുടെയും വളര്‍ച്ചയെ സൂക്ഷ്മമായി സ്വാധീനിക്കുന്നു. (നിരവധി മറ്റു ഘടകങ്ങളു മുണ്ടാകാം. പലതും ഇപ്പോഴും അജ്ഞാതമാണ്.) ഭൂമിയില്‍ വരള്‍ച്ചയും കാലാവസ്ഥയും ഒരു സ്ഥലത്തുനിന്നും മറ്റൊരുസ്ഥലത്തേക്ക് മറുന്നതില്‍ മറ്റുനിരവധി ഘടകങ്ങളുടെ സ്വാധീനമുണ്ടായിരിക്കാം.
ഹിമയുഗവും ആഗോള താപനവും മാറിമാറി വരുന്നതിലും മറ്റു പ്രാപഞ്ചിക പ്രതിഭാസങ്ങളുടെ ഇടപെടല്‍ ഉണ്ടായേക്കാം. എന്തുതന്നെയായാലും ഇത്തരം സ്വാധീനങ്ങള്‍ ഭൂമിയിലെ ഒരു വ്യക്തിയില്‍ പ്രതിഫലിക്കുന്നില്ല. എന്നാല്‍ അന്തിമ വിശകലനത്തില്‍ ഹോമോസാപിയന്‍ കുടുബത്തിലെ വ്യക്തികള്‍ എന്ന നിലയില്‍ ഒരളവോളം ഇത് ഒരോരുത്തരേയും ബാധിക്കുന്നു ഓരോ മനുഷ്യന്റെയും ജീവിതം മുന്‍കൂട്ടി ആസൂത്രണം ചെയ്യപ്പെട്ടതാണെന്നതിന്നോ നന്മതിന്മകളും ശരി തെറ്റുകളും തിരഞ്ഞെടുക്കുന്നതില്‍ അവന്ന് സ്വാതന്ത്യമില്ലെന്നതിന്നോ തെളിവുമില്ല.
വിശുദ്ധ ഖുര്‍ആന്‍ നിര്‍ബന്ധത്തിന്റെ സങ്കല്‍പ്പം പാടെ നിരാകരിക്കുകയും എല്ലാ മനുഷ്യര്‍ക്കും നന്മതിന്മകള് തിരഞ്ഞെടുക്കാന്‍ പൂര്‍ണ്ണ സ്വാതന്ത്ര്യമുണ്ടെന്ന് പ്രഖ്യാപിക്കുകയും ചെയ്യുന്നു.
മത കാര്യങ്ങളില്‍ യാതൊരുനിര്‍ബന്ധവുമില്ല.(2:257)
അല്ലാഹു അവന്റെ കഴിവില്‍പ്പെട്ടതല്ലാതെ ഉത്തരവാദിത്വമേല്‍പ്പിക്കുന്നില്ല. (2:287)
താന്‍ പ്രവൃത്തിച്ചതല്ലാതെ മറ്റൊന്നും മനുഷ്യന് ലഭിക്കുന്നതല്ല (53:40)
എതായാലും മതവുമായി ബന്ധപ്പെടുത്തി പറയുമ്പോള്‍ മുന്‍കൂട്ടി തീരുമാനിക്കപ്പെട്ടതും മാറ്റാന്‍ പറ്റാത്തതുമായ വിധിയുടെ ചില മേഖലകളുണ്ട്. ആ മേഖലകളെ ദൈവത്തിന്റെ “സുന്നത്ത്” എന്നാണ് വിശുദ്ധ ഖുര്‍ആന്‍ വിശേഷിപ്പിച്ചിട്ടുള്ളത്.
അത്തരത്തിലുള്ള ഒരു സുന്നത്താണ് ദൈവത്തിന്റെ പ്രവാചകന്മാരുടെ വിജയത്തെ സംബന്ധിച്ച വിധി. അതായത് പ്രവാചകന്മാര്, അവര്‍ ജനങ്ങളാല്‍ സ്വീകരിക്കപ്പെട്ടാലും ഇല്ലെങ്കിലും അവര്‍ എപ്പോഴും വിജയിക്കപ്പെടും എന്ന വിധി.
ആ വിധി തീരുമാനിക്കപ്പെട്ടതാണ്. അവര്‍ ജനങ്ങളാല്‍ സ്വീകരിക്കപ്പെടുമ്പോള്‍ അവരുടെ ശത്രുക്കളുടെ ആസൂത്രണങ്ങളെല്ലാം നിഷ്ഫലമാകുന്നു. പ്രവാചകന്മാരുടെ ശത്രുക്കള്‍ എത്ര ശക്തരായിരുന്നാലും ശരി അവരുടെ സന്ദേശവും ദൗത്യവും എപ്പോഴും അതിജീവിക്കുകതന്നെ ചെയ്യും.
മുനുഷ്യ ചരിത്രത്തിലെ ഏതാനും ഉദാഹരണങ്ങളിതാ. മൂസാ നബി(അ)യും ഫിര്‍ഔനും തമ്മിലുള്ള സംഘര്‍ഷം, ഈസാ നബി(അ)യും അദ്ദേഹത്തിന്റെ ശത്രുക്കളും തമ്മിലുള്ള സ്പര്‍ദ്ധ, മുഹമ്മദ് നബി(സ)യും അദ്ദേഹത്തിന്റെ എതിരാളികളും തമ്മിലുള്ള ശാത്രവം. പ്രവാചകരും അവരുടെ ശത്രുക്കളും തമ്മിലുള്ള ഈ സമരങ്ങളില്‍ മതങ്ങള്‍ക്കാണ് എപ്പോഴും വിജയമുണ്ടായിട്ടുള്ളത് എന്നത് ഭൂതകാലത്തിന്റെ പൈതൃക ശേഷിപ്പായി നിലനില്ക്കുന്നു.
ഇബ്രാഹിം നബി (അ) യുടെ വിശ്വാസവും സന്ദേശവും ഉയര്‍ത്തിപ്പിടിച്ചവര്‍ ലോകത്ത് പ്രബലരായി നില്ക്കുന്നു. മൂസാ നബി(അ)യും അദ്ദേഹത്തെ ബഹുമാനിക്കുന്നവരും, ഈസാ(അ) നബിയും അദ്ദേഹത്തിന്റെ സന്ദേശം കൈകൊണ്ടവരും പ്രവാചക തിരുമേനി(സ)യും അദ്ദേഹത്തിന്റെ ആദര്‍ശങ്ങളും മുഴുലോകത്തും മുന്നിട്ട് നില്ക്കുന്നു. എന്നാല്‍ പ്രവാചകന്മാരുടെ ശത്രുക്കള്‍ ഉയര്‍ത്തിപിടിച്ച മൂല്യങ്ങളെയും അവര്‍ ഉന്നയിച്ച വാദങ്ങളെയും പിന്തുടരുന്ന ആരെയും തന്നെ ഇന്ന് കാണുന്നില്ല. പൊതുവേയുള്ള നിയമം ശക്തവാന്‍ ദുര്‍ബലനെ ഉന്മൂലനം ചെയ്യും എന്നാണല്ലോ.
എന്നാല്‍ മതങ്ങളുടെ കാര്യത്തിലുള്ള വിധി നേരേ മറിച്ചാണ്. അത് അലംഘനീയതത്വവുമാണ്. പ്രകൃതിനിയമങ്ങള്‍ അനായാസം മുന്നോട്ട് പോകുമ്പോള്‍ സാധാരണ ഗതിയില്‍ അതിന്റെ പൊതുനിയമത്തില്‍ ആര്‍ക്കും തന്നെ അതില്‍ അസാധാരണത്വം കാണാന്‍ സാധ്യമല്ല. എന്നാല്‍ ഖുര്‍ആനിക വചനങ്ങളില്‍ നിന്നും മനസ്സിലാക്കാന്‍ സാധിക്കുന്നത് നമുക്കറിയാവുന്ന പ്രകൃതിനിയമങ്ങള്‍ പല തരത്തിലുള്ളവയും ചില പ്രവര്‍ത്തന തലങ്ങളില്‍ പ്രത്യേക രീതിയില്‍ പ്രവര്‍ത്തിക്കുന്നതുമാണ്.
അവ തങ്ങളുടെ തലത്തില്‍ പരസ്പരം ഏറ്റുമുട്ടുന്നില്ല. ഒന്ന് മറ്റൊന്നിനെതിരെ പരസ്പരം അഭിമുഖമായി വരുമ്പോള്‍ കൂടുതല്‍ പ്രബലമായ നിയമം ദുര്‍ബലമായ നിയമത്തിന്നു മേല്‍ മേല്‍കൈ നേടുന്നു. എങ്കിലും വൈപുല്യമുള്ളതും വളരെ ദൂരപരിധിയില്‍ സ്വാധീനമുള്ളതുമായ ചില നിയമങ്ങള്‍ ചെറിയ തലത്തില്‍, അവിടെ പ്രബലമായിട്ടുള്ള ചില നിയമങ്ങളോട് ഏറ്റുമുട്ടി പരാജയപ്പെടൂം.
ഒരു നിശ്ചിത പരിധിയില്‍ താപഗതിക ബലവും (Thermodynamic force) വിദ്യുത് കാന്തിക ബലവും (Electromagnetic force) ഗുരുത്വ ബലത്തി (Gravity force)നെതിരെ വരുകയാണെങ്കില്‍ അത് ഗുരുത്വ ബലത്തിനുമേല്‍ മേല്‍കൈ നേടും. എന്നാലും ഗുരുത്വ ബലമാണ് കൂടുതല്‍ വിപുലമായും ദൂരപരിധിയിലും പ്രവര്‍ത്തിക്കുന്നത്.
പ്രകൃതിയെ സംബന്ധിച്ച് മനുഷ്യന്റെ ധാരണകള്‍ കാലാകാലങ്ങളില്‍ വികസിക്കുന്തോറും അസാധ്യം എന്ന് പറഞ്ഞ് തള്ളിക്കളഞ്ഞ പല കാര്യങ്ങളും സാധാരണമാണെന്ന തിരുത്തലുണ്ടാവുകയും ചെയ്യുന്നു.
ഈ ആമുഖത്തിന്റെ പശ്ചാത്തലത്തില്‍ ഇസ്ലാമിക വീക്ഷണ പ്രകാരം ദൈവത്തിന്റെ ഒരു പ്രത്യേക ദാസന് തന്റെ പ്രത്യേകമായ അനുഗ്രഹം ചൊരിയണമെന്നു തീരുമാനിച്ചാല്‍ അവന്റെ നിഗൂഢമായ ചില നിയമങ്ങളുടെ പ്രത്യക്ഷ പ്രകടനം ഗോചരമായി വരുന്നു. അത് കാണുന്നവര്‍ അതിനെ ദിവ്യാത്ഭുതമെന്നും പ്രകൃത്യാതീത സംഭവമെന്നും വിളിക്കുന്നു. എന്നാല്‍ ഈ സംഭവങ്ങള്‍ സൂക്ഷ്മമായി അത്ഭുതകരമായ ഫലങ്ങളുളവാക്കികൊണ്ട് പ്രകൃതി നിയമങ്ങള്‍ക്കനുസരിച്ചായിരിക്കും സംഭവിക്കുക.
ഇവിടെ ദൈവത്തിന്റെ സവിശേഷ ദാസന്മാര്ക്ക് അനുകൂലമായി വിധി പ്രത്യേക നിലയില്‍ പ്രവര്‍ത്തിക്കുന്നു. അപ്രകാരം സാഹചര്യങ്ങളുടെ നിസ്സഹായനായ ഉല്‍പ്പന്നം എന്ന നിലയില്‍ പിറന്നു വീഴുന്ന വ്യക്തിയുടെ വിധി അയാളുടെ ജനിതകം, സാമൂഹ്യം, സാമ്പത്തികം, വിദ്യാഭ്യാസം എന്നിവയുടെ പശ്ചാത്തലത്തില്‍ മനസ്സിലാക്കണം. മനുഷ്യന് യാതൊരു നിയന്ത്രണവുമില്ലാത്ത ഈ നിസ്സഹായതയാണ് അവന്റെ വിധി നിശ്ചയിക്കുന്നത്.
അതുകൊണ്ടാണ് ഒരു ധനികന്റെ കുഞ്ഞ് വായില്‍ വെള്ളിക്കരണ്ടിയുമായി ജനിക്കുന്നു എന്ന് പറയുന്നത്. ഒരു മനുഷ്യന് ജനിച്ചു വീഴുന്ന സാഹചര്യം, അവന് വളരുന്ന സാമൂഹ്യ പശ്ചാത്തലം, ഒരാളുടെ ദൈനദിന ജീവിതത്തില്‍ ലഭ്യമാകുന്ന അവസരങ്ങളുടെ അവിചാരിതമായ സാധ്യതകള്‍, ഭാഗ്യം എന്നും നിര്‍ഭാഗ്യം എന്നും വിളിക്കപ്പെടുന്ന സംഭവങ്ങളുടെ വിളയാട്ടങ്ങള്‍, നേട്ടങ്ങളായി തീരുകയോ കോട്ടങ്ങളായി തീരുകയോചെയ്യുന്ന ആഘാതങ്ങള്‍ പരിക്കേല്‍ക്കുയോ രക്ഷപ്പെടുകയോ ചെയ്യുന്ന അപകടങ്ങള്‍ ഇത്തരം സംഗതികളിലെല്ലാം മനുഷ്യന് തിരഞ്ഞെടുക്കാനുള്ള അവസരം കുറവാണ്.
എങ്കിലും ജീവിതം ക്ഷേമകരമാക്കാനും നാശം വരുത്താനും ഉതകുന്ന പ്രധാനപ്പെട്ട ചില സംഭവങ്ങള്‍ക്കും ആകസ്മികതകള്‍ക്കും അയാള്‍ പ്രത്യേകമായി ശരവ്യമാകുകയായിരുന്നുവെന്ന് കണക്കാക്കപ്പെടൂന്നില്ല.
ദാരിദ്ര്യം പിടിപെട്ട വീടുകളില്‍ ജനിക്കുന്ന കുട്ടികള്‍ ചെറിയതോതിലുള്ള കുറ്റകൃത്യങ്ങള്‍ ചെയ്യുന്നതിന്ന് എളുപ്പത്തില്‍ വിധേയനാകുന്നു വലുതായ കുറ്റകൃത്യങ്ങളിലേക്ക് പോലും അവര്‍ വഴുതിവീഴുന്നു. കുറ്റം ഉല്പാദിപ്പിക്കപ്പെടൂകയും പ്രാവര്‍ത്തികമാക്കുകയും ചെയ്യുന്ന ഏറ്റവും വലിയ സമ്മര്‍ദ്ദ ശക്തിയാണ് ദാരിദ്ര്യം. ഇതാണ് വിധിയെന്ന് മനസ്സിലാക്കപ്പെടുന്നുവെന്ന് വരികയാണെങ്കില്‍ അത് സ്രഷ്ടാവിനെ സംബന്ധിച്ച സഗൗരവമായ ഒരു ചിന്തയിലേക്ക് വെളിച്ചം വീശുന്നു.
അതിനാല്‍ നാം ആദ്യമായി വ്യക്തമായും മനസ്സിലാക്കേണ്ടത് വിധി എന്നത് ഏതെങ്കിലും കുടുബത്തിലെ പ്രത്യേക വ്യക്തികള്‍ക്കെതിരെ പുറപ്പെടുവിക്കുന്ന പ്രത്യേക ശാസനയൊന്നുമല്ല. മറിച്ച് വിധി എന്നത് ബൃഹത്തായ ആസൂത്രണ പദ്ധതിയുടെ ഒരുഭാഗം മാത്രമാണ്. ബൃഹത്തായ ഒരു സാമ്പത്തിക പദ്ധതിയില്‍ അതിന്റെ ആപേക്ഷിക ഗുണഭോക്താക്കളായി സമ്പന്നരും ദരിദ്രരും ഉണ്ടായിരിക്കേണ്ടതുണ്ട്. അവരെയെല്ലാം വിധിയുടെ വിധാതാവ് ഇത്തരം പരിതസ്ഥിതിയില്‍ ജനിപ്പിക്കാന്‍ വേണ്ടി അവരുടെ ജനനത്തിന്ന് മുമ്പ് തന്നെ ഓരോരുത്തരുടെ കാര്യവും നിശ്ചയിച്ചുറിച്ചിരിക്കുന്നു എന്ന് പറയുന്നത് ശരിയല്ല.
എന്നാലും മറ്റു ചില ചോദ്യങ്ങള്‍ക്കും ഉത്തരം നല്‍കേണ്ടതുണ്ട്. താരാതമ്യേന സൗഭാഗ്യകരമായ പരിതസ്ഥിതിയില്‍ ജനിച്ചവരും നിര്‍ഭാഗ്യകരമായ പരിതസ്ഥിതില്‍ ജനിച്ചവരുമുണ്ടല്ലോ. ഇത്തരം ആളുകള്‍ നിര്‍വ്വഹിച്ച കുറ്റകൃത്യങ്ങള്‍ക്ക് ആനുപാതികമായി എങ്ങിനെയാണ് അവരോട് പെരുമാറപ്പെടുക? അവരുടെ ഈ പശ്ചാത്തലം അവരെ കുറ്റകൃത്യങ്ങള്‍ക്ക് പ്രേരിപ്പിച്ചിട്ടുണ്ടായിരുന്നില്ലേ? കുറ്റകൃത്യങ്ങള്‍ ഒരുപോലെയായതിനാല്‍ അവരുടെ ശിക്ഷയും ഒരുപോലെ ആയിരിക്കുമോ?
വിശുദ്ധ ഖുര്‍ആന്‍ സങ്കീര്‍ണമായ ഈ ചോദ്യത്തിന് ഉത്തരം ഇങ്ങിനെ നല്കുന്നു.
ഒരാത്മാവും അതിന്റെ പരിധിയില്‍ കവിഞ്ഞ നിലയില്‍ ഭരമേല്‍പ്പിക്കപ്പെടുന്നില്ല. (2:287)
ഇതിന്റെ അര്‍ത്ഥം വ്യക്തിയെ ചൂഴ്ന്നു നില്ക്കുന്ന എല്ലാ പശ്ചാത്തല സാമൂഹിക ഘടകങ്ങളും മറ്റു ഘടകങ്ങളും തീര്‍ച്ചയായും പരിഗണിക്കപ്പെടുമെന്നും അതിനനുസരിച്ചുള്ള വിധിയായിരിക്കും അദ്ദേഹത്തിന്ന് നല്‍കപ്പെടുകയെന്നുമാണ്. ഒരാളുടെ കുറ്റത്തിന് കേവലം യാന്ത്രികമായി മാത്രമല്ല ശിക്ഷിക്കപ്പെടുക. കുറ്റകൃത്യത്തിലേക്ക് നയിച്ച എല്ലാ ഘടകങ്ങളും പരിശോധിക്കപ്പെട്ടതിന് ശേഷമായിരിക്കും അന്തിമമായി നീതി നിര്‍വ്വഹിക്കപ്പെടുക. കൂടുതല്‍ സമ്പന്നമായ സാഹചര്യത്തില്‍ ജീവിച്ചയാളും പരിതാപകരമായ സാഹചര്യത്തില്‍ ജീവിയാളും തീര്‍ചയായും ഒരേ രീതിയിലായിരിക്കില്ല വിധിക്കപ്പെടുക.
കുറ്റം ചെയ്തയാളുടെ പശ്ചാതലവും പരിതസ്ഥിതിയും പരിഗണിക്കപ്പെടും. അത് പോലെ നന്മ പ്രവര്‍ത്തിച്ചവര്‍ക്ക് പ്രതിഫലം നല്കപ്പെടും. അനുകൂലമായ പരിതസ്ഥിതിയില്‍ ജീവിച്ച് നന്മ ചെയ്തയാളെക്കാള്‍ വിപരീതസാഹചര്യങ്ങളില്‍ ജീവിച്ചുകൊണ്ട് നന്മ ചെയ്തയാളുകള്‍ക്ക് കൂടുതല്‍ പ്രതിഫലം നല്കപ്പെടും.
ഏതായാലും വിധിയുടെ പ്രശ്നം അതീവ സങ്കീര്‍ണ്ണമാണ്. എന്നാല്‍ അന്തിമ തീരുമാനം എല്ലാം അറിയുന്നവനും കരുണാനിധിയും സര്‍വ്വജ്ഞാനിയും സര്‍വ്വശക്തനുമായ ദൈവത്തിന്റെ കരങ്ങളിലാണ്.അവസാന വിശകലനത്തിൽ തീര്‍ച്ചയായും നീതി പാലിക്കപ്പെടും. ചില മേഖലകളില്‍ മനുഷ്യന് അവന്റെ ഇഛക്കനുസരിച്ച് പ്രവര്‍ത്തിക്കാന്‍ സ്വാതന്ത്ര്യം നല്‍കിയിട്ടുണ്ട്. അവിടെ അവന് നന്മതിന്മകളും തെറ്റും ശരിയും തിരെഞ്ഞെടുക്കാന്‍ തീര്‍ച്ചയായും സ്വാതന്ത്ര്യമുണ്ട്. അതിന്റെ ഉത്തരവാദിത്ത്വം അവന് തന്നെയായിരിക്കും.
അതേ സമയം ദൈവത്തിന്റെ കൈകളില്‍ മനുഷ്യന് ഒരു പാവയെപ്പോലെ കൈകാര്യം ചെയ്യപ്പെടൂന്നതായി കാണപ്പെടൂകയും അവന് കുറച്ച്മാത്രം തന്റെ ഇഷ്ടം പ്രവര്‍ത്തിക്കാന്‍ സ്വാതന്ത്ര്യമുള്ള മേഖലകളുമുണ്ട്. അത്തരം മേഖലകളിലെ പ്രകൃതിയിലെ പൊതുവായ ആസൂത്രണമാണ് വ്യക്തികളുടേയും ജനസമൂഹങ്ങളുടേയും വിധിയെ പൊതിഞ്ഞു നില്‍ക്കുകയും നിയന്ത്രിക്കുകയും ചെയ്യുന്നത്.
ഒരു വിപുലമായ വൃത്തത്തില്‍ സമൂഹത്തിലെ ഒരു വ്യക്തി നിസ്സഹായനാണ്, ജലപ്രവാഹത്തില്‍ മുന്നോട്ട് കുതിക്കുന്ന വൈക്കോല്‍ തുരുമ്പു പോലെ മറ്റു വഴികളൊന്നുമില്ലാതെ അവന് മുന്നോട്ട് കുതിക്കുന്നു എന്നുമാത്രം. വളരെ ബൃഹത്തായ ഈ വിഷയം ഇവിടെ ഇത്രമാത്രം ചുരുക്കി വിവരിക്കുന്നു.