നിങ്ങളൊന്ന് താരതമ്യം ചെയ്യുക, സന്താനലബ്ദിയിലുള്ള അത്യാര്‍ത്തിമൂലം തങ്ങളുടെ സഹധര്‍മിണിമാരെ സര്‍വ്വവിധേനയും അഭിസാരവൃത്തിയായ ‘നിയോഗി’നു വിധേയരാക്കുന്ന ആര്യസമാജികള്‍ ഒരുഭാഗത്ത്. മറുഭാഗത്ത് മുഹമ്മദ് മുസ്തഫാ (സ) തിരുമേനിയെ നോക്കൂ, തന്‍റെ പ്രിയപ്പെട്ട ആണ്‍മക്കള്‍ ഒന്നടങ്കം മരിച്ചുപോകുമ്പോഴും പറയുന്നു, എനിക്ക് അവരുമായി യാതൊരു ബന്ധവുമില്ല, എന്‍റെ ബന്ധം അത്യുന്നതനായ അല്ലാഹുവിനോടാകുന്നു. അതെ, ഈ രഹസ്യമായ ബന്ധം പരീക്ഷണങ്ങളന്യേ എങ്ങനെ പ്രാമാണീകരിക്കപ്പെടുമായിരുന്നു. തദടിസ്ഥാനത്തില്‍ അല്ലാഹു പറയുന്നു
قُلْ إِنَّ صَلَاتِي وَنُسُكِي وَمَحْيَايَ وَمَمَاتِي لِلَّـهِ رَبِّ الْعَالَمِينَ
(6:163)
അതായത്, ‘പ്രവാചകരേ! ജനങ്ങളോട് പറയുക, ഞാന്‍ അല്ലാഹുവിനെ മാത്രം ആരാധിക്കുന്നവനാണ്. മറ്റൊരു വസ്തുവുമായും എനിക്ക് യാതൊരു ബന്ധവുമില്ല. എന്‍റെ ജീവിതവും എന്‍റെ മരണവും സര്‍വ്വലോക രക്ഷിതാവായ അല്ലാഹുവിനുള്ളതാകുന്നു.’ നോക്കുക, ഈ സൂക്തത്തില്‍ ദൈവേതരങ്ങളുമായി ബന്ധമില്ലായ്മ എത്രമാത്രം സുവ്യക്തമായിരിക്കുന്നു…..
അഹോ കഷ്ടം! നമ്മുടെ എതിരാളികളെ നശിപ്പിച്ചത് അവരുടെ ഇക്കാര്യങ്ങള്‍ തന്നെയാകുന്നു, സദ്ഗുണങ്ങളെ കാണാന്‍ കഴിയാത്ത ഇവര്‍ അവരുടെ ബുദ്ധിഹീനത നിമിത്തം ഗ്രഹിക്കാൻ സാധിക്കാതെ പോയ കാര്യങ്ങളെ ആക്ഷേപങ്ങളെന്നോണം അവതരിപ്പിക്കുകയാണ് ചെയ്യുന്നത്. മനുഷ്യന്‍ ഏതെല്ലാം കര്‍മ്മങ്ങളാലാണ് അല്ലാഹുവിന്‍റെ പ്രേമപാത്രമായിത്തീരുന്നതെന്ന് അവര്‍ ചിന്തിക്കുന്നുപോലുമില്ല. എന്ത്, അല്ലാഹുവിലേക്ക് ചെന്നെത്താനുള്ള വഴി വിവാഹത്തിൽനിന്ന് വിട്ടുനിൽക്കലാണെന്നോ? അങ്ങനെയാണെങ്കില്‍ ഈ കുറിപ്പടി വളരെ സരളമാണ്. അതില്‍നിന്നും അനിവാര്യമായി വരുന്ന വസ്തുതയെന്തെന്നു വെച്ചാല്‍, ഭാര്യമാരായി ആരെയും കിട്ടാതെ വരികയോ അത്തരം കാര്യത്തിനു ശക്തിയില്ലാതിരിക്കുകയോ ചെയ്യുന്നവരൊക്കെത്തന്നെ അല്ലാഹുവിന്‍റെ വലിയ്യ്മാരും മിത്രങ്ങളുമാണെന്ന് മനസ്സിലാക്കേണ്ടിവരും. ഒരിക്കലുമല്ല. ആ മാര്‍ഗ്ഗം എത്രയോ വിദൂരമാണ്. അല്ലാഹുവിന്‍റെ മാര്‍ഗ്ഗത്തില്‍ തങ്ങളെ വിലയം ചെയ്യുകയും സത്യസന്ധതയുടെയും കൂറിന്‍റെയും വഴികളിലൂടെ കടന്നുചെന്ന് ആ ഘട്ടം താണ്ടിവരികയും ചെയ്യുന്നവര്‍ക്കത്രെ ആ സ്ഥാനങ്ങള്‍ സിദ്ധിക്കുന്നത്. അവര്‍ സത്യത്തില്‍ യഥാര്‍ഥ ദൈവത്തിനുവേണ്ടി തങ്ങളുടെ ആസ്തിക്യത്തിനുമേല്‍ മൃത്യു വരിച്ചവരാണ്. ഒന്നിനും അവരെ അല്ലാഹുവില്‍നിന്ന് തടഞ്ഞുനിര്‍ത്താന്‍ സാധിക്കുകയില്ല. അവരുടെ പ്രേമഭാജനങ്ങളായ പ്രിയതമകളാകട്ടെ സ്വന്തം കരളിന്‍ കഷണങ്ങളായ സന്താനങ്ങളാകട്ടെ (ആരും ആ മാർഗ്ഗത്തിൽ അവർക്ക് വിഘ്നമല്ല) സഹസ്രങ്ങളായ ബന്ധങ്ങളുണ്ടായിരിക്കേ അവരുമായി യാതൊരു ബന്ധവുമില്ലാതെ നിലകൊള്ളുന്ന വിശുദ്ധ ഹൃദയത്തിന്‍റെ ഉടമകളായ അവര്‍ അത്ഭുത ജീവികളാകുന്നു. അല്ലാഹുവല്ലാത്തവരുമായി അവര്‍ തികച്ചും ബന്ധമില്ലാത്തവരായിരിക്കും. അവര്‍ക്ക് ആയിരക്കണക്കിന് ഭാര്യമാരോ സഹസ്രക്കണക്കിന് സന്താനങ്ങളോ ഉണ്ടായാല്‍ പോലും അവര്‍ക്ക് ഒരു ഭാര്യയുമില്ല ഒരു കുട്ടിയുമില്ല എന്ന് ആണയിട്ട് പറയാന്‍ നമുക്ക് കഴിയും. അന്ധമായ ഈ ലോകം അവര്‍ ഏതു സ്ഥാനത്തില്‍ വിരാജിക്കുന്നവരാണെന്ന് അറിയുന്നില്ല. ആരാണോ അവര്‍ക്ക് ഈ വിശുദ്ധപ്രകൃതം പ്രദാനം ചെയ്തിട്ടുള്ളത് അവന്‍ മാത്രമാണ് അവരെ അറിയുന്നത്. അതല്ലെങ്കില്‍ അവനില്‍നിന്ന് കാഴ്ച്ച നല്‍കപ്പെടുന്നവരും അറിയുന്നു. ലോകത്ത് അത്തരത്തിലുള്ള കോടിക്കണക്കിനു ശുദ്ധപ്രകൃതര്‍ കടന്നുപോയിട്ടുണ്ട്. ഇനിയും വന്നുകൊണ്ടിരിക്കും. എന്നാല്‍ സര്‍വ്വോത്തമനും സര്‍വ്വോന്നതനും സര്‍വ്വോല്‍കൃഷ്ടനുമായി നാം കണ്ടെത്തിയത് ‘മുഹമ്മദ് സ്വല്ലല്ലാഹു അലൈഹിവസ്സല്ലം’ എന്നു പേരുള്ള ആ ദൈവീകപുരുഷനെയാകുന്നു.
إِنَّ اللَّـهَ وَمَلَائِكَتَهُ يُصَلُّونَ عَلَى النَّبِيِّ ۚ يَا أَيُّهَا الَّذِينَ آمَنُوا صَلُّوا عَلَيْهِ وَسَلِّمُوا تَسْلِيمًا
(33:57)
[നിശ്ചയം! അല്ലാഹുവും അവന്റെ മാലാഖമാരും ആ പ്രവാചകന്റെ മേൽ സവിശേഷ കാരുണ്യം ചൊരിയുന്നു. ഓ! വിശ്വാസികളെ ! നിങ്ങളും അദ്ദേഹത്തിനുമേൽ സ്വലാത്ത് ചൊല്ലുകയും സർവ്വത്ര സമാധാനത്തിനായി അർത്ഥിക്കുകയും ചെയ്യുക!]
(പുറമെ നിന്നുള്ള തർജ്ജമ. മൂലകൃതിയിൽ തർജ്ജമയില്ല)
വിശുദ്ധ ഖുര്‍ആനില്‍ വിശദമായി വിവരിക്കപ്പെട്ടിട്ടില്ലാത്ത പുണ്യത്മാക്കളുടെ സ്മരണ തല്‍ക്കാലം അവിടെ നില്‍ക്കട്ടെ, ഖുര്‍ആനില്‍ സ്മരിക്കപ്പെട്ടിട്ടുള്ള ഹദ്റത്ത് മൂസ (അ) ഹദ്റത്ത് ദാവൂദ് (അ) ഹദ്റത്ത് ഈസ (അ) പോലുള്ള നബിമാരുടെ കാര്യത്തില്‍ മാത്രം ഞാന്‍ അഭിപ്രായം രേഖപ്പെടുത്താം, ഞാന്‍ ദൈവത്തില്‍ ആണയിട്ട് പറയുന്നു, നബി(സ) തിരുമേനി ആഗതനാകാതിരിക്കുകയും വിശുദ്ധ ഖുര്‍ആന്‍ ഇറങ്ങാതിരിക്കുകയും നാം ദര്‍ശിച്ചിട്ടുള്ള ആ ദിവ്യാനുഗ്രഹങ്ങള്‍ സ്വന്തം നഗ്നനേത്രങ്ങള്‍കൊണ്ട് ദര്‍ശിക്കാതിരിക്കുകയും ചെയ്തിരുന്നെങ്കില്‍ മുന്‍കടന്ന എല്ലാ പ്രവാചകരുടെയും സത്യത നമ്മില്‍ സന്ദേഹാസ്പദമായി മാത്രം അവശേഷിക്കുമായിരുന്നു. എന്തെന്നാല്‍ കഥകളില്‍നിന്ന് ഒരുവിധ യാഥാര്‍ഥ്യവും ലഭ്യമാകുന്നില്ല. തന്നെയുമല്ല ആ കഥകള്‍ സത്യസന്ധമല്ലാതിരിക്കാനും, ആ പ്രവാചകരുമായി ചേര്‍ത്ത് പറയപ്പെടുന്ന മുഴുവന്‍ ദിവ്യദൃഷ്ടാന്തങ്ങളും അതിശയോക്തികളായിരിക്കാനും സാധ്യതകളേറെയാണ്. എന്തെന്നാല്‍ അവയൊന്നിന്‍റെയും ഒരടയാളം പോലും ഇന്നവശേഷിക്കുന്നില്ല. മാത്രമല്ല ആ മുന്‍കടന്ന ഗ്രന്ഥങ്ങളില്‍നിന്ന് ദൈവത്തിന്‍റെ ഒരു വിലാസവും ലഭിക്കുന്നില്ല. നിശ്ചയമായും ദൈവവും മനുഷ്യരോട് സംസാരിക്കുന്നവനാണെന്ന് മനസ്സിലാക്കാനും സാധ്യമല്ല. എന്നാല്‍ നബി(സ) തിരുമേനിയുടെ ആഗമനത്തോടുകൂടി ആ വൃത്താന്തങ്ങള്‍ക്കെല്ലാം യാഥാര്‍ഥ്യത്തിന്‍റെ നിറം ചാര്‍ത്തപ്പെട്ടു. ഇന്ന് നാം കേട്ടുകേള്‍വിയാലല്ല മറിച്ച് അനുഭവസാക്ഷ്യത്തിലൂടെ തന്നെ ദൈവീക ഭാഷണമെന്താണെന്നും, ദൈവത്തിന്‍റെ അടയാളം എങ്ങനെ വെളിപ്പെടുന്നുവെന്നും, പ്രാര്‍ഥനകള്‍ എപ്രകാരം സ്വീകരിക്കപ്പെടുന്നുവെന്നും നല്ലപോലെ തിരിച്ചറിഞ്ഞിരിക്കുന്നു. ഇവയൊക്കെത്തന്നെ നാം നബിതിരുമേനി(സ) യെ അനുധാവനം ചെയ്തതിലൂടെ നേടിയതാകുന്നു. ഇതരസമുദായങ്ങള്‍ കഥാകഥനത്തിലൂടെ പറഞ്ഞിരുന്ന കാര്യങ്ങളഖിലവും നാം കണ്ടിരിക്കുന്നു. തികച്ചും ദൈവവിഭൂഷിതനായ ഒരു പ്രവാചകന്‍റെ മടിശീലയാണ് നാം മുറുകെപ്പിടിച്ചിരിക്കുന്നത്.
(ചശ്മയെ മഅ്‌രിഫഃ പേ. 299 – 302)