അബ്ദുൽ ലത്തീഫ് സാഹിബ് ഒരു മാതൃക വിട്ടുകൊണ്ടാണ് പോയത്. അത് ജമാഅത്ത് അനുകരിക്കേണ്ടിയിരിക്കുന്നു.
മൽഫൂസാത്ത് 6 : 224
വംശം
ഹദ്റത്ത് ദാതാ ഗഞ്ച് ബഖ്ശ് (റഹ്) യുടെ വംശം. പാരമ്പര്യമായി ജന്മികളായ അദ്ദേഹത്തിന്റെ കുടുംബത്തെ സര്‍ക്കാരും ആദരിച്ചിരുന്നു. ശഹ്‌സാദ എന്ന സ്ഥാനപ്പേര് അവര്‍ക്ക് ലഭിച്ചിരുന്നു.
കുട്ടിക്കാലം
അഫ്ഗാനിസ്ഥാനിലെ ഖോസ്ത് സംസ്ഥാനത്തെ സയ്യിദ് ഗാഹ് എന്ന ഗ്രാമത്തില്‍ ജനിച്ചു. കുട്ടിക്കാലം മുതല്‍ക്കേ അബ്ദുല്‍ ലത്തീഫ് സാഹിബിന് ദീനിനോടായിരുന്നു താല്പര്യം. ചെറുപ്പം മുതല്‍ തന്നെ സ്വലാത്ത് ചൊല്ലിക്കൊണ്ടിരിക്കുന്നതില്‍ അതീവ തല്പരനായിരുന്നു. സ്വദേശത്തു നിന്ന് പ്രാരംഭ വിദ്യാഭ്യാസം കരസ്ഥമാക്കിയ ശേഷം കൂടുതല്‍ പഠനത്തിനായി പിശാവറില്‍ എത്തി. ഒരു നീണ്ടകാലം വിവിധ ഉസ്താദുമാരില്‍ നിന്നും പണ്ഡിതന്‍മാരില്‍ നിന്നും അറിവുകള്‍ കരസ്ഥമാക്കി. പിന്നീട് ലക്‌നൗവില്‍ കുറച്ചുകാലം താമസിച്ച് പഠനം നടത്തി. പിന്നീട് സ്വദേശത്ത് മടങ്ങി എത്തിയ അദ്ദേഹം, തന്റെ കുടുംബത്തില്‍ തന്നെയുള്ള ശാഹ്ജഹാന്‍ ബീവി എന്ന ദീനീ ബോധമുള്ള സ്ത്രീയെ വിവാഹം കഴിച്ചു. കുറച്ചുകാല ശേഷം വീണ്ടും അറിവ് കരസ്ഥമാക്കുന്നതിനായി ഇന്ത്യയിലേക്ക് തിരിച്ചു. ഡല്‍ഹി, ലക്‌നൗ തുടങ്ങിയ സ്ഥലങ്ങളിലെ വലിയ വലിയ മദ്രസകളില്‍ പഠനം നടത്തി തിരിച്ച് സ്വദേശത്ത് എത്തി. തുടര്‍ന്ന് സ്വഗ്രാമത്തില്‍ ഖുര്‍ആന്റേയും ഹദീസിന്റേയും ദര്‍സ്റ്റ് ആരംഭിച്ചു. വളരെ പെട്ടെന്നു തന്നെ അദ്ദേഹത്തിന്റെ പാണ്ഡിത്യം പ്രശസ്തമാകുകയും ദൂരെ ദൂരെ ദിക്കിലുള്ള ആളുകള്‍ പോലും അദ്ദേഹത്തിന്റെ ശിഷ്യരാകാന്‍ തുടങ്ങി. തന്റെ വീട്ടില്‍ തന്നെ ശിഷ്യര്‍ക്ക് താമസിക്കാനും ഭക്ഷണത്തിനുമുള്ള ഏര്‍പ്പാടും അദ്ദേഹം ചെയ്തിരുന്നു. കൂടാതെ യാത്രക്കാരും, ദരിദ്രരും മറ്റുമായി ധാരാളം ആളുകളും അദ്ദേഹത്തിന്റെ വീട്ടില്‍ നിന്നും ഭക്ഷണം കഴിച്ചിരുന്നു. ക്ഷാമകാലത്ത് തന്റെ മുഴുവന്‍ ധാന്യങ്ങളും പാവകെട്ടവര്‍ക്ക് വിതരണം ചെയ്യുമായിരുന്നു. വലിയൊരു ഗ്രന്ഥശാല അദ്ദേഹം തയ്യാറാക്കിയിരുന്നു. 50,000 ല്‍ പരം ശിഷ്യന്‍മാര്‍ അദ്ദേഹത്തിനുണ്ടായിരുന്നു.
കാബൂളിലേക്ക്
അദ്ദേഹത്തിന്റെ പ്രശസ്തി ഭരണാധികാരിയായ അബ്ദുര്‍റഹ്മാന്റെ കാതുകളില്‍ എത്തിയപ്പോൾ അദ്ദേഹത്തെ കൊട്ടാരത്തിലേക്ക് വിളിച്ചുവരുത്തുകയും മതകാര്യങ്ങളിലെ ഉപദേഷ്ടാവായും മകന്‍ ഹബീബുല്ലാഹ് ഖാന്റെ ഉസ്താദായും നിയമിച്ചു. ചക്രവര്‍ത്തിയുടെ നിര്‍ദ്ദേശാനുസരണം അദ്ദേഹം ഭാര്യയേയും മക്കളേയും കാബൂളിലേക്ക് കൊണ്ടു വന്നു. 1894-ല്‍ ഇന്ത്യാ-അഫ്ഗാന്‍ അതിര്‍ത്തി നിര്‍ണ്ണയ ഉദ്യമത്തിനായി അഫ്ഗാൻ രാജ്യ പ്രതിനിധി സംഘത്തിന്റെ നാഇബ് ഓഫിസറായി അദ്ദേഹത്തെ നിയമിക്കുകയും ചെയ്തു.
കീരിടധാരണം
അബ്ദുര്‍റഹ്മാന്റെ മരണശേഷം ആരെ പുതിയ ഭരണാധികാരിയായി നിയമിക്കും എന്ന പ്രതിസന്ധി ഉടലെടുത്തപ്പോൾ സാഹിബ് സാദാ സാഹിബിന്റെ അഭിപ്രായത്തെ മാനിച്ച് കൊണ്ട് മൂത്ത മകനായ അമീര്‍ ഹബീബുല്ലാഹ് ഖാനെ ഭരണാധികാരിയാക്കി. പുതുതായി അധികാരമേറ്റ ഭരണാധികാരിക്ക് പരമ്പരാഗത രീതിയനുസരിച്ച് രാജ്യത്തെ ഏറ്റവും ബഹുമാന്യ വ്യക്തിയായിരുന്നു കിരീടധാരണം നടത്തിയിരുന്നത്. അങ്ങിനെ സാഹിബ് സാദാ സാഹിബിനാണ് ഈ ചുമതല ലഭിച്ചത്. വലിയൊരു സഭയില്‍ വച്ച് ആയിരക്കണക്കിന് ജനങ്ങളെ സാക്ഷിനിര്‍ത്തി സാഹിബ് സാദാ സാഹിബ് പുതിയ ചക്രവര്‍ത്തിയുടെ തലയില്‍ കിരീടം ചാര്‍ത്തി. പുതിയ ചക്രവര്‍ത്തിക്ക് അനുസരണ പ്രതിജ്ഞ ചെയ്യാനായി ക്ഷണിച്ചപ്പോൾ ശരീഅത്തിനു വിരുദ്ധമായ ഒന്നും ചെയ്യില്ല എന്ന നിബന്ധനയിലാണ് അദ്ദേഹം അതിനു തയ്യാറായത്.
അഹ്ദിയ്യത്തിലേക്ക്
അവസാന കാലഘട്ടത്തെ ശോച്യാവസ്ഥയെയും അതിന് പരിഹാരമെന്ന നിലയില്‍ അല്ലാഹുവിനാല്‍ നിയോഗിക്കപ്പെടുന്ന ഇമാം മഹ്ദിയെയും സംബന്ധിച്ചുള്ള പ്രവചനങ്ങള്‍ മതഗ്രന്ഥങ്ങളിൽ നിന്നും അദ്ദേഹം മനസ്സിലാക്കിയിരുന്നു. അതനുസരിച്ച് വെളിപ്പെടേണ്ട ഇമാം മഹ്ദിയെ കുറിച്ച് അദ്ദേഹം അന്വേഷണം ആരംഭിച്ചു. വളരെയധികം ദുആയും ചെയ്തുകൊണ്ടിരുന്നു. അങ്ങിനെയുള്ള സമയത്താണ് ഇന്ത്യ – അഫ്ഗാൻ അതിര്‍ത്തി നിര്‍ണ്ണയത്തിനായി അദ്ദേഹം നിയോഗിതനാകുന്നത്. അവിടെ ഒഴിവു സമയങ്ങളില്‍ രണ്ടു രാജ്യത്തിന്റെയും പ്രതിനിധികള്‍ വിവിധ സംഭാഷണങ്ങളിൽ ഏര്‍പ്പെടുമായിരുന്നു. ഇന്ത്യയില്‍ നിന്നു വന്നിട്ടുള്ള സംഘത്തില്‍ പിശാവറില്‍ നിന്നുള്ള അഹ്മദിയായ ഒരു ക്ലര്‍ക്കും ഉണ്ടയിരുന്നു. സംഭാഷണ മദ്ധ്യേ അദ്ദേഹം ഖാദിയാനെ കുറിച്ചും, മസീഹ് മൗഊദ് (അ) ന്റെ വാദങ്ങളെ കുറിച്ചും പറയുകയുണ്ടായി. നേരത്തെ തന്നെ ഇക്കാര്യത്തില്‍ അന്വേഷണം നടത്തിക്കൊണ്ടിരുന്ന സാഹിബ് സാദാ സാഹിബിന് താല്പര്യം ജനിക്കുകയും അദ്ദേഹത്തോട് കൂടുതല്‍ കാര്യങ്ങള്‍ ചോദിച്ച് മനസ്സിലാക്കുകയും ചെയ്തു. അവസാനം അദ്ദേഹം ‘ആയിനയെ കമാലാത്തെ ഇസ്ലാം’ എന്ന ഗ്രന്ഥം വായിക്കുവാനായി നല്‍കി. അന്ന് രാത്രി തന്നെ ആ ഗ്രന്ഥം വായിക്കാനാരംഭിച്ച സാഹിബ് സാദാ സാഹിബിന് മസീഹ് മൗഊദ് (അ) ന്റെ വാദങ്ങള്‍ സത്യമാണെന്ന് ബോധ്യമായി. തിരിച്ചെത്തിയ അദ്ദേഹം തന്റെ ശിഷ്യരെ കൂടുതല്‍ അന്വേഷണത്തിനായി ഖാദിയാനിലേയ്ക്ക് അയച്ചു. അവസാനം 1900-ല്‍ മാലവി അബ്ദുര്‍റഹ്മാന്‍ സാഹിബിന്റെ കയ്യില്‍ ബൈഅത്തിനുള്ള കത്തും മറ്റ് ചില അമൂല്യമായ വസ്തുക്കള്‍ ഉപഹാരമായും കൊടുത്തയച്ചു.
ഖാദിയാനിലേക്ക്
1902- ല്‍ പരിശുദ്ധ ഹജ്ജ് കർമ്മം നിര്‍വഹിക്കുന്നതിന് അനുമതിക്കായി സാഹിബ് സാദാ സാഹിബ് അഫ്ഗാന്‍ ഭരണാധികാരിക്ക് കത്തെഴുതി. അനുമതി ലഭിച്ചപ്പോൾ ഹജ്ജിനായി പുറപ്പെട്ടു. സാഹിബ് സാദാ സാഹിബ് മാർഗ്ഗമദ്ധ്യേ ഇന്ത്യയിലെത്തി. ലാഹോറിലെത്തിയപ്പോൾ കോളറയുടെയും മറ്റ് ചില കാരണങ്ങളാലും ഹജ്ജ് യാത്രയില്‍ തടസ്സം നേരിട്ടു. അപ്പോള്‍ ലാഹോറില്‍ തങ്ങുന്നതിനു പകരം ഖാദിയാനില്‍ തങ്ങാന്‍ അദ്ദേഹം തീരുമാനിച്ചു. അങ്ങനെ ബട്ടാല വരെ ട്രെയിനിലും തുടര്‍ന്ന് കാല്‍നടയായും ഖാദിയാനിലെത്തി. അവിടെ ആദ്യം മൗലാനാ ഹക്കീം നൂറുദ്ദീന്‍ സാഹിബ് (റ) നെയാണ് കണ്ടുമുട്ടിയത്. പിന്നീട് ഹദ്റത്ത് മസീഹ് മൗഊദ് (അ) നെ കണ്ടമാത്രയില്‍ തന്നെ അദ്ദേഹം ഹുസൂറിന്റെ കയ്യില്‍ വീണ്ടും ബൈഅത്ത് ചെയ്തു. മൂന്നര മാസം ഖാദിയാനില്‍ തങ്ങിയ ശേഷം അദ്ദേഹം സ്വഗ്രാമത്തിലേക്ക് മടങ്ങി. വിടവാങ്ങുന്ന സമയത്ത് ഹദ്റത്ത് മസീഹ് (അ) ന്റെ കാല്‍ക്കല്‍ വീണ് കരഞ്ഞ് ദുആക്കായി അപേക്ഷിച്ചു.
അറസ്റ്റ് ചെയ്യപ്പെടുന്നു
സ്വഗ്രാമത്തില്‍ എത്തിയ ശേഷം അദ്ദേഹം അഫ്ഗാൻ ഭരണാധികാരിക്ക് ഒരു കത്തെഴുതി. തനിക്ക് ഹജ്ജിനായി അനുമതി നല്‍കിയെങ്കിലും ചില കാരണങ്ങളാല്‍ യാത്രയില്‍ തടസ്സം നേരിടുകയും അങ്ങിനെ താന്‍ കുറച്ചു കാലം ഖാദിയാനില്‍ തങ്ങിയെന്നും മസീഹ് മൗഊദ് (അ) നെ സന്ദര്‍ശിച്ചുവെന്നും ഇപ്പോൾ സ്വഗ്രാമത്തില്‍ മടങ്ങിയെത്തിയ തനിയ്ക്ക് കബൂളില്‍ പ്രവേശിക്കുന്നതിനുള്ള അനുമതി നല്‍കണമെന്നും അപേക്ഷിച്ചു. ഭരണാധികാരിയുടെ സഹോദരനും സാഹിബ് സാദാ സാഹിബിന്റെ എതിരാളിയുമായ സര്‍ദാര്‍ നസറുല്ലാഹ് ഖാന്‍, സാഹിബ് സാദാ സാഹിബിനെ സംബന്ധിച്ച് പരാതി പറഞ്ഞുകൊണ്ട് അദ്ദേഹത്തിന്റെ പ്രവര്‍ത്തി ധിക്കാരപരമാണെന്നു വരുത്തിത്തീര്‍ക്കാന്‍ ശ്രമിച്ചു. പിന്നീട് അവിടെയുള്ള മൗലവിമാരെ വിളിച്ച് കൂടിയാലോചന നടത്തിയപ്പോൾ അവര്‍, അദ്ദേഹം കാഫിറും മുര്‍ത്തദ്ദുമാണെന്ന ഫത്‌വകളാണ് നല്കിയത്. അങ്ങിനെ ചക്രവര്‍ത്തി ഖോസ്ത് ഗവര്‍ണ്ണര്‍ക്ക് സാഹിബ് സാദാ സാഹിബിനെ അറസ്റ്റ് ചെയ്ത് കബൂളിലെത്തിക്കാന്‍ കല്‍പന നല്‍കി. സാഹിബ് സാദാ സാഹിബിനു മുമ്പേ തന്നെ തന്റെ ഭാവിയെ സംബന്ധിച്ചുള്ള സൂചന അല്ലാഹുവില്‍ നിന്നും ലഭിച്ചിരുന്നു. സാഹിബ് സാദാ സാഹിബിനെ ബഹുമാനത്തോടെ വീക്ഷിച്ചിരുന്ന ഗവര്‍ണ്ണര്‍ രാജകല്പന പ്രകാരം അദ്ദേഹത്തെ വിളിച്ചു വരുത്തി കുറച്ചു നാള്‍ തടവറയില്‍ പാര്‍പ്പിച്ച ശേഷം കാബൂളിലേക്കയച്ചു. ആ സമയത്ത് ഹബീബുല്ലാഹ് ഖാന്റെ ഒരു കത്തും സാഹിബ് സാദാ സാഹിബിനു ലഭിച്ചിരുന്നു. അതില്‍ താങ്കൾ നിര്‍ഭയനായി വരിക. സത്യമാണെങ്കില്‍ ഞാനും വിശ്വസിക്കുന്നതാണ് എന്നെഴുതിയിയിരുന്നു. എന്നാല്‍ അതൊരു ചതിയാണെന്ന് എല്ലാവര്‍ക്കും അറിയാമായിരുന്നു. കാബൂളിലെത്തിയ സാഹിബ് സാദാ സാഹിബിനെ തടവിലാക്കി. കഴുത്തില്‍ ഭാരമുള്ള ചങ്ങലയില്‍ ബന്ധിച്ചു. കയ്യില്‍ കയ്യാമവും കാലില്‍ ചങ്ങലയും ഇട്ടു. 4 മാസം കഠിനമായ തടവനുഭവിച്ചു. ഇക്കാലമത്രയും അദ്ദേഹം നമസ്ക്കാരങ്ങളിലും ഖുര്‍ആന്‍ പാരായണത്തിലും ദൈവസ്മരണയിലും കഴിച്ചു കൂട്ടി. ഇതിനിടയില്‍ പല പ്രാവശ്യം അദ്ദേഹത്തോട് തൗബ ചെയ്യാനും, മസീഹ് മൗഊദ് (അ) നെ നിഷേധിക്കാനും പറഞ്ഞു. അങ്ങിനെ ചെയ്താല്‍ മാന്യമായ നിലയില്‍ മോചിതനാക്കാം എന്നും പറയുകയുണ്ടായി. എന്നാല്‍ തിരിച്ചറിഞ്ഞ സത്യത്തെ നിഷേധിക്കുന്നതിനേക്കാള്‍ ഉത്തമം മരണം തന്നെയാണെന്ന് അദ്ദേഹം മറുപടി പറഞ്ഞു.
മൗലവിമാരുമായി ചര്‍ച്ച
അവസാനം ദര്‍ബാറില്‍ വിളിച്ച് ഉപദേശിച്ചപ്പോൾ മൗലവിമാരുമായി താന്‍ ചര്‍ച്ചയ്ക്ക് തയ്യാറാണെന്ന് അദ്ദേഹം അറിയിച്ചു. അതനുസരിച്ച് ജാമിഅ മസ്ജിദില്‍ വേദി തയ്യാറാക്കി. 8 മുഫ്തിമാരും മൗലവിമാരും അവരുടെ സഹായികളായ 80 അനുയായികളേയും നേരിടാന്‍ സാഹിബ് സാദാ സാഹിബ് ഏകനായ അല്ലാഹുവിന്റെ സഹായത്തോടു കൂടി വന്നു. എഴുത്തു മുഖേനയായിരുന്നു ചര്‍ച്ച. ചോദ്യങ്ങള്‍ക്ക് ഉത്തരം നല്കാന്‍ മാത്രമാണ് അദ്ദേഹത്തിനെ ചുമതലപ്പെടുത്തിയത്. രാവിലെ 7 മണിക്ക് ആരംഭിച്ച ചര്‍ച്ച ഉച്ചയ്ക്ക് 3 മണി വരെ നീണ്ടു നിന്നു. ചങ്ങലയിലും കയ്യാമത്തിലും ബന്ധിച്ചായിരുന്നു അദ്ദേഹത്തെ എത്തിച്ചത്. ചര്‍ച്ചയില്‍ ഉത്തരം മുട്ടിയ എതിരാളികള്‍ തെറ്റായ വിവരങ്ങളാണ് പുറത്തു വിട്ടത്. ചര്‍ച്ചയില്‍ സഹിബ് സാദാ സാഹിബ് പരാജിതനായെന്ന് പ്രചരിപ്പിച്ച നസറുല്ലാഹ് ഖാന്‍ ചതിപ്രയോഗത്തിലൂടെ രേഖകള്‍ ചക്രവര്‍ത്തിയുടെ അടുത്ത് എത്തിക്കുന്നതില്‍ നിന്ന് തടഞ്ഞു.
വീണ്ടും തടവറയിലേക്ക്
അപമാനിതനായി രാജ ദര്‍ബാറിലെത്തിയ സാഹിബ് സാദാ സാഹിബ് കാഫിറാണെന്നും മുര്‍ത്തദ്ദാണെന്നും കല്ലെറിഞ്ഞു കൊല്ലലാണ് ശിക്ഷ എന്നുമുള്ള ഫത്വ നസറുല്ലാഹ് ഖാന്‍ വായിച്ചു കേള്‍പ്പിച്ചു. അങ്ങിനെ അദ്ദേഹം വിണ്ടും തടവറയിലേക്ക് അയക്കപ്പെട്ടു.
ശഹാദത്ത്
അടുത്ത ദിവസം അതായത് ജൂലൈ 14- നു രാവിലെ വീണ്ടും അദ്ദേഹത്തെ വിളിച്ച് തൗബ ചെയ്യുന്നോ എന്നാരാഞ്ഞു. ഭാര്യയേയും കുട്ടികളേയും ഓര്‍ത്തെങ്കിലും തൗബ ചെയ്യുക എന്നും പറഞ്ഞു. എന്നാല്‍ അദ്ദേഹം സത്യത്തില്‍ തന്നെ ഉറച്ചു നിന്നു. അപ്പോൾ ഫത്വ എഴുതിയ കടലാസ് സാഹിബ് സാദാ സാഹിബിന്റെ കഴുത്തില്‍ തൂക്കിയിട്ട് മൂക്കില്‍ ദ്വാരമുണ്ടാക്കി കയറിട്ട് വലിച്ച് വധസ്ഥലത്തെത്തിക്കാന്‍ ഉത്തരവിട്ടു. കാബൂളിലെ പ്രശസ്തമായ ബാലാഹിസാര്‍ കോട്ടയുടെ തെക്ക് ഭാഗത്തുള്ള കാബൂളിലെ അമീര്‍മാരുടെ പഴയ ഖബര്‍സ്ഥാനില്‍ രണ്ടര അടി താഴ്ചയുള്ള കുഴിയെടുത്ത് അദ്ദേഹത്തെ അതില്‍ നിര്‍ത്തി അരവരെ മണ്ണിട്ട് മൂടി. ചക്രവര്‍ത്തിയോടൊപ്പം മന്ത്രിമാരും മുഫ്തിമാരും മാലവിമാരും ധാരാളം പൊതുജനങ്ങളും ഒത്തുകൂടി. അവസാന സമയത്ത് വീണ്ടും തൗബ ചെയ്യാനായി അദ്ദേഹത്തോട് ഉപദേശിച്ചു. നിഷേധമായിരുന്നു മറുപടി. അങ്ങിനെ ഖാളി ആദ്യ കല്ലെറിഞ്ഞു. രണ്ടാമതായി ചക്രവര്‍ത്തിയും. പിന്നീട് നാലു ഭാഗത്തു നിന്നും ആയിരകണക്കിന് കല്ലുകള്‍ വര്‍ഷിക്കാന്‍ തുടങ്ങി. തലയ്ക്ക് മുകള്‍ ഭാഗം വരെ കല്ലുകളുടെ ഒരു കൂമ്പാരം ആയിതീര്‍ന്നു. അങ്ങിനെ 1903 ജൂലൈ 14-ന് അദ്ദേഹം ശഹീദാക്കപ്പെട്ടു.
ഖബര്‍
പിന്നീട് മൂന്നു ദിവസം അതിനു കാവലേര്‍പ്പെടുത്തി. അദ്ദേഹത്തിന്റെ ഒരു ശിഷ്യന്‍ ജീവന്‍ പണയപ്പെടുത്തി അദ്ദേഹത്തിന്റെ ശരീരത്തെ കൈവശപ്പെടുത്തുകയും അഹ്മദികളുടെ സഹായത്താല്‍ തൊട്ടടുത്തുള്ള ഖബര്‍സ്ഥാനില്‍ അടക്കം ചെയ്യുകയും ചെയ്തു. പിന്നീട് അവിടെ നിന്ന് എടുത്ത് സ്വഗ്രാമത്തിൽ അടക്കം ചെയ്ത അദ്ദേഹത്തിന്റെ ശരീരത്തെ നസ്റുല്ലാഹ് ഖാന്‍ വിണ്ടും പുറത്തെടുത്ത് അജ്ഞാതസ്ഥലത്ത് അടക്കം ചെയ്തു.