▪മനോദാർഢ്യത്തോടെയുള്ള പക്വമായ കർമ്മങ്ങൾ ഇല്ലാതെ നാവുകൊണ്ട് മാത്രം ബയ്അത്ത് ഏറ്റുപറയുന്നതിൽ ഒരു കാര്യവുമില്ല.
▪ഭൗതീകതയിൽനിന്ന് വിരക്തരാവുകയും അവന്റേതു മാത്രമായിത്തീരുകയും അവനുവേണ്ടി മാത്രം ജീവിക്കുകയും എല്ലാ മാലിന്യങ്ങളേയും പാപങ്ങളേയും വെറുക്കുകയും ചെയ്യുക. കാരണം അവൻ പരിശുദ്ധനാണ്.
▪നിങ്ങൾ ഭയഭക്തിയോടുകൂടി രാത്രി കഴിച്ചുകൂട്ടിയെന്ന് ഓരോ പ്രഭാതവും നിങ്ങൾക്കായി സാക്ഷി പറയട്ടെ. നിങ്ങൾ പകൽസമയം അവനെ ഭയന്നു ഭയന്നാണ് തള്ളിനീക്കിയതെന്ന് ഓരോ വൈകുന്നേരവും നിങ്ങൾക്കുവേണ്ടി സക്ഷി പറയട്ടെ.
▪നിങ്ങൾ പൊറുക്കപ്പെടുന്നതിനു വേണ്ടി സത്യവാനായിക്കൊണ്ട് വ്യാജനെപ്പോലെ വിനയം കൈകൊള്ളുക.
▪ആകാശത്തിൽ അല്ലാഹു നിങ്ങളിൽ പ്രീതിപ്പെടണമെന്ന് ആഗ്രഹിക്കുന്നുവെങ്കിൽ ഒരമ്മപെറ്റ മക്കളെപ്പോലെ നിങ്ങൾ ഐക്യത്തിൽ വർത്തിക്കുവിൻ. സ്വന്തം സഹോദരന്റെ തെറ്റുകൾ അധികമായി പൊറുത്തുകൊടുക്കുന്നവനാരോ അവനാണ് നിങ്ങളിൽ ഏറ്റവും ആദരണീയൻ.
▪ഭൗതീക ആഢംബരങ്ങളിൽ ആകൃഷ്ടനായിക്കൊണ്ട് ഈ പ്രപഞ്ചാനുരാഗത്തിലേക്ക് ശ്വാക്കളേയും ഉറുമ്പുകളേയും കഴുകന്മാരേയും പോലെ വീഴുന്നവർ ദൈവസാമീപ്യം കരസ്ഥമാക്കുകയില്ല. അവിശുദ്ധമായ എല്ലാ കണ്ണുകളും അവനിൽനിന്ന് ദൂരത്താണ്. എല്ലാ അവിശുദ്ധ ഹൃദയങ്ങളും അവനിൽ നിന്ന് അജ്ഞാതമാകുന്നു.
▪അവനുവേണ്ടി അഗ്നിയിൽ വീഴുന്നവൻ അഗ്നിയിൽ നിന്ന് രക്ഷിക്കപ്പെടും. അവനുവേണ്ടി കരയുന്നവൻ ചിരിക്കും. അവനുവേണ്ടി ദുനിയാവുമായുള്ള ബന്ധം വിടുന്നവനു അതു ലഭിക്കും. നിങ്ങൾ സത്യഹൃദയത്തോടും പൂർണ്ണമായ വിശ്വസ്തതയോടും തീവ്രയത്നത്തോടും കൂടി ദൈവത്തിന്റെ സ്നേഹിതരായിത്തീരുക. എന്നാൽ അവൻ നിങ്ങളുടെ ചങ്ങാതിയായി മാറും.
▪നിങ്ങൾ നിങ്ങളുടെ ആശ്രിതരോടും നിങ്ങളുടെ ഭാര്യമാരോടും നിങ്ങളുടെ പാവപ്പെട്ട സഹോദർന്മാരോടും കാരുണ്യം കാട്ടുവിൻ! എന്നാൽ, ആകാശത്തിൽ നിങ്ങളോട് കരുണചെയ്യപ്പെടും.
▪നിങ്ങൾക്കായുള്ള ഏറ്റവും പ്രധാനപ്പെട്ട പാഠമിതാണ്, പിൻപുറം തള്ളിക്കളഞ്ഞ ഒരു ഗ്രന്ഥത്തെപോലെ നിങ്ങൾ വിശുദ്ധ ഖുർആനെ തള്ളിക്കളയരുത്. ആരാണോ വിശുദ്ധഖുർആന് ബഹുമാനം നൽകുന്നത് അവർ ആകാശത്തിൽ ബഹുമാനിക്കപ്പെടും….
▪ആദം സന്തതികൾക്ക് മുഹമ്മദ് മുസ്തഫാ (സ) തിരുമേനിയല്ലാതെ ഒരു റസൂലോ ശിപാർശക്കാരനോ ഇല്ല. അതിനാൽ ഈ പ്രതാപശാലിയായ നബിയോട് നിങ്ങൾ ഹൃദയംഗമായ സ്നേഹം പുലർത്താൻ ശ്രമിക്കുക. മറ്റൊരാളിലും അവിടത്തേക്കാൾ ശ്രേഷ്ഠത്വം കല്പിക്കരുത്. ആകാശത്തിൽ നിങ്ങൾ മോക്ഷം പ്രാപിച്ചവരെന്ന് എഴുതപ്പെടുന്നതിനുതന്നെ. മോക്ഷം എന്നത് മരിച്ചശേഷം മാത്രം വെളിവാകുന്ന എന്തോ ഒന്നല്ലെന്ന് ഓർത്തുകൊൾവിൻ. മറിച്ച്, യഥാർത്ഥമായ മോക്ഷം ഈ ലോകത്തുവെച്ചുതന്നെ അതിന്റെ വെളിച്ചം കാട്ടുന്നതാകുന്നു. ആരാണ് മോക്ഷം പ്രാപിച്ചവൻ? ദൈവം സത്യമാണെന്നും മുഹമ്മദ് നബി (സ) ആ ദൈവത്തിനും സർവ്വസൃഷ്ടിജാലത്തിനും ഇടയിലുള്ള ശിപാർശക്കാരനാണെന്നും ആകാശത്തിനു കീഴിൽ അവിടത്തെ പദവിയിലുള്ള മറ്റൊരു നബിയും ഇല്ലെന്നും ഖുർആന് കിടനിൽക്കുന്ന മറ്റൊരു ഗ്രന്ഥവുമില്ലെന്നും അല്ലാഹു ആരെയും ചിരഞ്ജീവിയാക്കാൻ ഉദ്ദേശിച്ചിട്ടില്ലെങ്കിലും ഈ വരിഷ്ഠനായ നബി കാലാകാലത്തേക്കും ജീവിച്ചിരിക്കുന്നതിനുവേണ്ടി അവിടത്തെ ശരീഅത്തോടുകൂടി ആത്മീയ പിന്തുടർച്ച ഖിയാമത്ത് നാൾവരെ നിലനിൽക്കുന്നതിനുള്ള അടിത്തറ അല്ലാഹു ഇട്ടിരിക്കുന്നുവെന്നും, ഒടുവിലായി അവിടത്തെ ആത്മീയ അനുഗ്രഹപ്രാപ്തി മുഖേന ഇസ്ലാമികസൗധത്തിന്റെ സമ്പൂർത്തീകരണത്തിനായി ഈ വാഗദത്ത മസീഹിനെ ലോകത്തിലേക്ക് അയച്ചിരിക്കുന്നുവെന്നും ദൃഢമായി വിശ്വസിക്കുന്നവനത്രെ മോക്ഷം പ്രാപിച്ചവൻ.
ത്വാലിബെ ദുആ: അബൂ അയ്മൻ