കഅബ

ലോകത്തിലെ പ്രഥമ ദേവാലയം

ഹദ്റത്ത് നബി തിരുമേനി(സ)യ്ക്ക്‌ ഏകദേശം 2800 വർഷങ്ങൾക്ക് മുമ്പാണ്‌ ഹദ്റത്ത്‌ ഇബ്റാഹിം നബി(അ)ന്റെ കാലഘട്ടം. അദ്ദേഹം നൂഹ്‌ (അ)ന്റെ സന്തതിപരമ്പരയിൽ പെട്ടയാളാണ്‌. സ്വദേശം ഇറാഖാണെങ്കിലും പിന്നീട്‌ മിസ്റിലൂടെ അവസാനം തെക്കൻ പാലസ്തീനിൽ എത്തിച്ചേരുകയും അവിടെ വാസമുറപ്പിക്കുകയും ചെയ്തു. അദ്ദേഹത്തിന്‌ മൂന്ന് ഭാര്യമാരുണ്ടായിരുന്നു. ആദ്യ ഭാര്യയുടെ പേര്‌ സാറ എന്നായിരുന്നു. സാറയിലൂടെ ഹദ്റത്ത്‌ ഇസ്ഹാഖ്‌(അ) ജനിച്ചു. രണ്ടാമത്തെ ഭാര്യയുടെ പേര്‌ ഹാജ്റ എന്നായിരുന്നു. അവരിലൂടെ ഹദ്റത്ത്‌ ഇസ്മാഈൽ (അ) ജനിച്ചു. മൂന്നാമത്തെ ഭാര്യയുടെ പേര്‌ ഖത്വൂറാ എന്നായിരുന്നു. ഹദ്റത്ത്‌ ഇസ്ഹാഖും ഹദ്റത്ത്‌ ഇസ്മാഈലും അല്ലാഹുവിന്റെ സവിശേഷ സുവാർത്തയനുസരിച്ചാണ്‌ ജനിച്ചത്‌. അവരുടെ പേരും അല്ലാഹു തന്നെയാണ്‌ നിർദ്ദേശിച്ചതും. രണ്ടു പേരുടേയും വംശം ദൈവീക വാഗ്ദാനമനുസരിച്ച്‌ ലോകം മുഴുവനും വ്യാപിക്കുകയും ദൈവിക അനുഗ്രഹങ്ങൾ കരസ്ഥമാക്കുകയും ചെയ്തു. ഹദ്റത്ത്‌ ഇസ്ഹാഖ്‌(അ)ന്റെ സന്തതി പരമ്പരയിൽ നിന്നാണ്‌ ഹദ്റത്ത്‌ മൂസാ (അ), ഹദ്റത്ത്‌ ദാവൂദ്‌ (അ), ഹദ്റത്ത്‌ സുലൈമാൻ (അ), ഹദ്റത്ത്‌ ഈസാ (അ) തുടങ്ങിയ പ്രവാചകന്മാർ ജനിച്ചത്‌. ഹദ്റത്ത്‌ ഇസ്മാഈൽ(അ)ന്റെ സന്തതി പരമ്പരയിൽ നിന്നാണ്‌ മുഴുലോകത്തിനും കാരുണ്യവാനായ ഹദ്റത്ത്‌ മുഹമദ്‌ നബി (സ) ജനിച്ചത്‌.

മക്കയിലേക്ക്‌

ഹദ്റത്ത്‌ ഇസ്മാഈൽ(അ) ചെറിയ കുട്ടിയായിരുന്നപ്പോൾ ഹദ്റത്ത്‌ സാറ എന്തോ കാര്യത്തിൽ കോപപ്പെടുകയും ഹാജറയേയും ഇസ്മാഈൽ(അ)നേയും വീട്ടിൽ നിന്നും പുറത്താക്കാൻ ഹദ്റത്ത്‌ ഇബ്റാഹിം(അ)നോട്‌ ആവശ്യപ്പെടുകയും. അദ്ദേഹത്തിന്‌ അത്‌ അസഹ്യമായിരുന്നെങ്കിലും അല്ലാഹു സ്വാന്ത്വനപ്പെടുത്തിയതിന്റെ ഫലമായി അല്ലാഹുവിന്റെ തന്നെ നിർദേശമനുസരിച്ച് നൂറുകണക്കിന്‌ മൈൽ യാത്ര ചെയ്ത്‌ ഹദ്റത്ത്‌ ഇസ്മാഈൽ(അ)നേയും മാതാവിനേയും അറേബ്യയിലെ ഹിജാസിന്റെ ഉൾപ്രദേശമായ മക്ക താഴ്വരയിൽ കൊണ്ടുവന്നാക്കി. അന്നാളുകളിൽ ആ പ്രദേശം തികച്ചും വിജനമായിരുന്നു. സഫാ മർവാ എന്നീ കുന്നുകൾക്കിടയിലുള്ള സ്ഥലത്ത്‌ അവർ രണ്ടു പേരെയും അല്പം ഭക്ഷണത്തോടൊപ്പം വിട്ടേച്ച്‌ മടങ്ങിപ്പോരാൻ തുടങ്ങിയപ്പോൾ ഹാജറ അദ്ദേഹത്തിന്റെ പുറകിലൂടെ ഓടി ഞങ്ങളെ ഇവിടെ എന്തിനുപേക്ഷിച്ചു പോകുന്നു എന്ന്‌ ചോദിച്ചു. നിശബ്ദനായി മുന്നോട്ട്‌ നീങ്ങിയ ഇബ്റാഹിം(അ)നോട്‌ ഹാജറ വീണ്ടും വീണ്ടും ചോദ്യമാവർത്തിച്ചു. അവസാനം അല്ലാഹുവിന്റെ ഇങ്കിതമനുസരിച്ചാണോ താങ്കൾ പ്രവർത്തിക്കുന്നത്‌ എന്നു ചോദിച്ചപ്പോൾ അദ്ദേഹം അതെ എന്ന്‌ മറുപടി പറഞ്ഞു. അപ്പോൾ ഹാജറ പറഞ്ഞു, ഇനി താങ്കൾ ധൈര്യമായിട്ട്‌ പോയിക്കൊള്ളുക. അല്ലാഹു ഞങ്ങളെ ഒരിക്കലും പാഴാക്കുകയില്ല. അങ്ങിനെ ഹാജറ തിരിച്ച്‌ നടന്നു. അവിടെ നിന്ന്‌ അല്പം മുന്നോട്ട്‌ നടന്ന ശേഷം ഹദ്റത്ത്‌ ഇബ്റാഹിം (അ) അവർക്ക്‌ വേണ്ടി ദുആ ചെയ്തു. സൂറത്ത് ഇബ്റാഹിമിലെ 38-ാം വചനത്തിൽ അല്ലാഹു ഇക്കാര്യം പരാമർശിക്കുന്നുണ്ട്.

സംസം അരുവി

ചരിത്രകാരന്മാർ പറയുന്നു, ഹദ്റത്ത്  ഹാജറയുടെ കയ്യിലുണ്ടായിരുന്ന ഭക്ഷണം കഴിഞ്ഞപ്പോൾ മകനെക്കുറിച്ച്‌ ചിന്തിച്ച്‌ പരിഭ്രമിക്കാൻ തുടങ്ങി. ആ പരിഭ്രമാവസ്ഥയിൽ അങ്ങോട്ടും ഇങ്ങോട്ടും ഓടാൻ തുടങ്ങി. എന്നാൽ അല്പം പോലും വെള്ളം എവിടുന്നും ലഭിച്ചില്ല. മാത്രമല്ല കുട്ടിയുടെ അവസ്ഥ ദാഹത്താൽ വളരെ പരിതാപകരമാകുകയും ചെയ്തു. ദുഖഭാരത്താൽ വീണ്ടും വെള്ളം അന്വേഷിച്ചുകൊണ്ട്‌ ആദ്യം സഫാ കുന്നുകൾക്കു മുകളിലും പിന്നീട്‌ മർവാ കുന്നുകൾക്കു മുകളിലും കയറി പരിസരം വീക്ഷിക്കാൻ തുടങ്ങി.

അസ്വസ്ഥമായ അവസ്ഥയിൽ ഏഴു പ്രാവശ്യം അവർ പ്രസ്തുത രണ്ട് കുന്നുകൾക്കുമിടയിൽ ഓടി നടന്നു. അതോടൊപ്പം കരയുന്നുമുണ്ടായിരുന്നു. അവസാനം ഏഴാമത്തെ പ്രാവശ്യത്തിന്നു ശേഷം അവർ ഒരു ശബ്ദം കേട്ടു. അല്ലയോ ഹാജറ, അല്ലാഹു നിന്റെയും നിന്റെ മകന്റേയും ശബ്ദം കേട്ടു. അത്‌ കേട്ടപ്പോൾ ഹാജറ മടങ്ങി വന്നു. ദാഹത്താൽ പിടഞ്ഞുകൊണ്ടിരുന്ന മകന്റെ അടുത്തെത്തിയപ്പോൾ അവിടെ ഒരു മലക്ക്‌ നിൽക്കുന്നത്‌ കണ്ടു. ആ മലക്ക്‌ കാലുകൊണ്ട്‌ ഭൂമിയിൽ കുഴിക്കുകയായിരുന്നു. ഹാജറ അടുത്തു വന്നപ്പോൾ കാലുകൊണ്ട്‌ കുഴിച്ചിരുന്ന ആ സ്ഥലത്ത്‌ ഒരു അരുവി പൊട്ടിയൊഴുകുന്നതായി കണ്ടു. സന്തോഷത്താൽ അവർ ആദ്യം തന്നെ മകനെ വെള്ളം കുടിപ്പിച്ചു. പിന്നീട്‌ വെള്ളം പാഴാകരുത്‌ എന്ന്‌ കരുതി അതിനു ചുറ്റും കല്ലുകൾ വെച്ച്‌ അതിനെ ഒരു നീർതൊട്ടിയുടെ രൂപത്തിലാക്കി. ഹാജറയുടെ സഫാമർവ കുന്നുകൾക്കിയയിലൂടെയുള്ള ആ ഓട്ടത്തെ സ്മരിച്ചുകൊണ്ടാണ്‌ ഹജ്ജ്‌ വേളയിൽ ഹാജിമാർ സഫയ്ക്കും മർവയ്ക്കും ഇടയിലൂടെ ഓടുന്നത്.

മക്ക വാസയോഗ്യമാകുന്നു

ഇസ്‌ലാമിക ചരിത്രത്തിൽ സംസം എന്നറിയപ്പെടുന്ന ആ അരുവി മക്ക താഴ്വരയുടെ ജനവാസത്തിന്‌ കാരണമായിത്തീർന്നു. ഏറ്റവും ആദ്യം അവിടെ വാസമുറപ്പിച്ചത്‌ ജർഹം ഗോത്രമാണ്‌. മക്കയിൽ നിന്ന്‌ കുറച്ചകലെ കഴിഞ്ഞിരുന്ന അവർ സംസമിനെ കുറിച്ച്‌ അറിഞ്ഞപ്പോൾ അവിടെ വാസമുറപ്പിക്കുന്നതിനായി ഹാജറയോട്‌ അനുമതി ചോദിച്ചു. ഹാജറ സസന്തോഷം അവർക്ക്‌ അനുമതി നൽകി.

ഒരു സ്വപ്നവും അതിന്റെ പുലർച്ചയും

പത്നിയേയും മകനേയും മക്കയിലാക്കി മടങ്ങിയ ഹദ്റത്ത്‌ ഇബ്റാഹിം (അ) ഇടയ്ക്കിടയ്ക്ക്‌ അവരെ സന്ദർരിക്കാൻ പോകുമായിരുന്നു. ഹദ്റത്ത് ഇസ്മാഈൽ (അ) അല്പം വളർന്നപ്പോൾ ഒരു രിവായത്തനുസരിച്ച്‌ 13 വയസ്സായപ്പോൾ ഹദ്റത്ത്‌ ഇബ്റാഹിം (അ) ഒരു സ്വപ്നത്തിൽ മകൻ ഇസ്മാഈലിനെ അറുക്കുന്നതായി കണ്ടു. അക്കാലത്ത്‌ അവിടെ മനുഷ്യബലി നിലനിന്നിരുന്നു. അതിനെതിരിൽ അദ്ദേഹത്തിന്‌ വ്യക്തമായ നിർദ്ദേശങ്ങളും ലഭിച്ചിട്ടുണ്ടായിരുന്നു. അക്കാരണത്താൽ അദ്ദേഹം തന്റെ സ്വപ്നത്തെ പ്രകടമായ നിലയിൽ പൂർത്തിയാക്കാൻ ആഗ്രഹിച്ചു. ഹദ്റത്ത്‌ ഇസ്മാഈൽ(അ)നോടു അതിനെ കുറിച്ച്‌ പരാമർശിച്ചപ്പോൾ അല്ലാഹുവിന്റെ കല്പനയെ താങ്കൾ പൂർത്തിയാക്കിക്കൊള്ളുക എന്ന്‌ മറുപടി പറഞ്ഞു. അങ്ങിനെ ഇബ്റാഹിം(അ) ഇസ്മാഈൽ(അ)നെ പുറത്തേക്ക്‌ കൊണ്ടുവരികയും മകനെ അറുക്കുന്നതിനായി താഴെ കിടത്തുകയും ചെയ്തു. നിശബ്ദനായി സസന്തോഷം ഇസ്മാഈൽ(അ) അവിടെ കിടന്നു പിതാവിന്‌ കഴുത്തു നീട്ടി കൊടുത്തു. അറുക്കാനായി കത്തിയെടുത്ത ഇബ്റാഹിം(അ) നോട്‌ അല്ലാഹുവിന്റെ മലക്ക്‌ ഇപ്രകാരം പറഞ്ഞു, അല്ലയോ ഇബ്റാഹിം(അ) നീ നിന്റെ സ്വപ്നത്തെ പൂർത്തിയാക്കി കഴിഞ്ഞു. ഇസ്മാഈലിനെ വിട്ടേക്കുക. അതിനു പകരം ഒരു കാട്ടാടിനെ ബലി നൽകുക. അങ്ങിനെ ഇബ്റാഹിം(അ) അപ്രകാരം ചെയ്തു അതിനെ സ്മരിച്ചുകൊണ്ടാണ് മുസ്‌ലിംകളിൽ ഹജ്ജ്‌ വേളയിൽ ബലി നൽകുന്ന ആചാരം നിലവിൽ വന്നത്‌.

സ്വപ്നത്തിന്റെ യാഥാർത്ഥ്യം

അറുക്കുക എന്നതുകൊണ്ടുള്ള യഥാർത്ഥ ഉദ്ദേശ്യം അല്ലാഹുവിന്റെ മാർഗത്തിൽ വഖ്ഫ്‌ ചെയ്യുക എന്നതായിരുന്നു. ഹദ്റത്ത്‌ ഇസ്മാഈൽ(അ)നെ മക്കയിൽ ആക്കിയതിന്റെ ഉദ്ദേശ്യം തന്നെ കഅബാ മന്ദിരത്തിന്റെ നിർമാണത്തിനും അതിന്റെ സേവനത്തിനും തൗഹീദിന്റെ സ്ഥാപനത്തിനുമായി ഇസ്മാഈൽ(അ)ന്റെ ജീവിതത്തെ വഖ്ഫ്‌ ചെയ്യുക എന്നതായിരുന്നു. പിന്നീട്‌ കാലഘട്ടം കടന്നു പോയപ്പോൾ വിഗ്രഹാരാധന തൗഹീദിനുമേൽ അധീശത്വം കരസ്ഥമാക്കിയപ്പോൾ അതേ പരിശുദ്ധ സ്വപ്നത്തിന്റെ വ്യഖ്യാനമെന്ന നിലയിൽ അല്ലാഹു ഇസ്മാഈൽ(അ)ന്റെ വംശത്തിൽ നിന്നു തന്നെ മുഹമ്മദ്‌ റസൂലുല്ലാഹ്‌(സ)യെ ജനിപ്പിക്കുകയും ആ മഹാത്മാവ്‌ തന്റെ അനുയായികളോടൊപ്പം തൗഹീദിന്റെ പ്രചരണത്തിനായി തങ്ങളുടെ ജീവിതങ്ങളെ യഥാർത്ഥത്തിൽ ത്യജിക്കുകയുമുണ്ടായി. ഈ അതിമഹത്തായ ബലി അതായത്‌ ത്യാഗത്തെ സംബന്ധിച്ച്‌ വിശുദ്ധ ഖുർആൻ പറയുന്നു, നാം ഇസ്മാഈലിന്റെ പ്രത്യക്ഷബലിക്ക്‌ പകരമായി ഒരു അതിമഹത്തായ ബലിയെ നിർണ്ണയിച്ചു. അല്ലാഹുവിന്റെ മാർഗത്തിൽ ബലിയാടാകുന്നതിനുവേണ്ടി എപ്പോഴും സന്നദ്ധരായിരിക്കേണ്ടതുണ്ട് എന്നത്‌ ഓർമപ്പെടുത്തുന്നതിനു വേണ്ടിയാണ്‌ ഹജ്ജ്‌ വേളയിൽ മുസ്ലീംകൾ മൃഗബലി നടത്തുന്നത്‌ ഒരു ആചാരമാക്കിയിരിക്കുന്നത്‌.

കഅബ നിർമാണം

നാലാം തവണ അവിടെ എത്തിയ ഇബ്റാഹിം(അ) ഇസ്മാഈൽ(അ) നോടൊത്ത്‌ മക്കയിൽ ഒരു ആരാധനാലയം പടുത്തുയർത്തി. യഥാർത്ഥത്തിൽ ജീർണ്ണയതയിലെത്തിയ ഒരു പുരാതന ആരാധനാലയമായിരുന്നു. അല്ലാഹുവിൽ നിന്നും ലഭിച്ച അറിവനുസരിച്ച്‌ അതിന്റെ അവശിഷ്ടങ്ങളിൽ നിന്ന്‌ പുതിയൊരു ആരാധനാലയം പടുത്തുയർത്തി. ഹദ്റത്ത്‌ ഇസ്മാഈൽ(അ) കല്ലുകൾ കൊണ്ടു വന്ന്‌ പിതാവിനെ സഹായിച്ചിരുന്നു. അതിന്റെ മതിൽ കുറച്ച്‌ ഉയർന്നപ്പോൾ ഹദ്റത്ത്‌ ഇബ്റാഹിം(അ) ഒരു പ്രത്യേക കല്ല്‌ കൊണ്ടുവന്ന്‌ കഅബയുടെ ഒരു കോണിൽ സ്ഥാപിച്ചു. കഅബയുടെ ത്വവാഫ്‌ എവിടെ നിന്നാണ്‌ ആരംഭിക്കേണ്ടത്‌ എന്ന്‌ തിരിച്ചറിയുന്നതിനുള്ള ഒരു അടയാളമായിട്ടായിരുന്നു പ്രസ്തുത കല്ല്‌ സ്ഥാപിച്ചത്‌. ഇതാണ്‌ ഹജറെ അസ്‌വദ് എന്നറിയപ്പെടുന്നത്‌. ഹജ്ജ്‌ വേളയിൽ ത്വവാഫ്‌ ചെയ്യുന്ന അവസരത്തിൽ ചുണ്ടുകൊണ്ടോ അല്ലെങ്കിൽ കയ്യാൽ ആംഗ്യത്താലോ ആ കല്ലിനെ ചുംബിക്കുന്നു. യഥാർത്ഥത്തിൽ ഹജറെ അസ്വദ് ഒരു പരിരുദ്ധ വസ്തു എന്ന നിലയ്ക്കല്ല മറിച്ച്‌ ഒരു അടയാളമെന്ന നിലക്കാണ്‌ അങ്ങനെ ചെയ്യുന്നത്. അങ്ങിനെ രണ്ടുപേരും ചേർന്ന്‌ കല്ലുകൊണ്ടുള്ള മേൽക്കൂരയില്ലാത്ത സമചതുരാകൃതിയിലുള്ള ഒരു മന്ദിരം പണിതീർത്തു. ഈ മന്ദിരമാണ് പ്രപഞ്ചകേന്ദ്രമായിത്തീർന്നത്‌.

ദുആ

നിർമ്മാണ സമയത്ത്‌ തന്നെ ഹദ്റത്ത്‌ ഇബ്റാഹിം (അ) ആ മന്ദിരത്തിന്റെ സ്വീകാര്യതയ്ക്കും ജനനിബിഡതയ്ക്കും വാഗ്ദത്ത പ്രവാചക ശ്രേഷ്ഠന്റെ നിയോഗസ്ഥലമായിരിക്കുന്നതിനുമായി ദുആ ചെയ്യുകയും ചെയ്തിരുന്നു. (വിശുദ്ധ ഖുർആൻ 1. 128- 130). മുഹമദ്‌ റസൂലുല്ലാഹ്‌ (സ)യുടെ ആഗമനം ഈ വേദനാനിർഭരമായ ദുആയുടെ അനന്തര ഫലമായിട്ടായിരുന്നു. അതുകൊണ്ടുതന്നെയാണ്‌ നബി (സ) തിരുമേനി പറഞ്ഞത്‌, അനാ ദഅ് വത്തു ഇബ്റാഹീമ. ഞാൻ ഇബ്റാഹീമിന്റെ ദുഅയുടെ ഫലമാണ്‌.

ഹജ്ജ്‌ വിളംബരം

കഅബാ മന്ദിരത്തിന്റെ പണി പൂർത്തിയായപ്പോൾ അല്ലാഹു ഹദ്റത്ത്‌ ഇബ്റാഹിം(അ)നെ അഭിസംബോധന ചെയ്തു കൊണ്ട്‌ പറഞ്ഞു, എന്റെ ഭവനത്തെ പ്രദക്ഷിണം ചെയ്യുന്നവർക്കും, നിന്നും കുനിഞ്ഞും കുമ്പിട്ടും കൊണ്ട് ആരാധന നടത്തുന്നവർക്കും വേണ്ടി ശുദ്ധമാക്കി വെക്കുക. ഹജ്ജിനെ കുറിച്ച്‌ ജനങ്ങളിൽ വിളംബരപ്പെടുത്തുകയും ചെയ്യുക. കാൽനടയായും, (യാത്രാക്ലേശം നിമിത്തം) മെലിഞ്ഞ്‌ വയറൊട്ടിയതും, വിദൂരങ്ങളായ ഓരോ മാർഗങ്ങളിൽ കൂടി വരുന്നതുമായ ഓരോരോ ഒട്ടകങ്ങളിൽ മേലും അവർ നിന്റെ അടുക്കൽ വരും. (വിശുദ്ധ ഖുർആൻ 22. 27- 28)

കഅബയുടെ സംരക്ഷണം

കഅബയുടെ പരിസരത്ത്‌ കുടിയേറിയ ജർഹം ഗോത്രത്തിൽ നിന്ന്‌ ഇസ്മാഈൽ(അ) വിവാഹം കഴിക്കുകയും അതിൽ 12 സന്താനങ്ങൾ ജനിക്കുകയും ചെയ്തു. മൂത്തപുത്രന്റെ പേര്‌ നാബത്ത്‌ എന്നും ഉളയ പുത്രന്റെ പേര്‌ ഖൈദാർ എന്നുമായിരുന്നു. ഖുറൈശ്‌ ഖൈദാറിന്റെ വംശത്തിൽ പെട്ടതാണ്‌. ഇസ്മാഈൽ(അ)ന്റെ വഫാത്തിന്‌ ശേഷം നാബത്തായിരുന്നു കഅബയുടെ സംരക്ഷകനായത്‌. അദ്ദേഹത്തിനു ശേഷം അദ്ദേഹത്തിന്റെ മാതാമഹന്റെ കയ്യാലായി കഅബയുടെ സംരക്ഷണം. അങ്ങിനെ ഒരു നീണ്ട കാലം ജർഹം ഗോത്രത്തിന്റെ കയ്യിൽ സംരക്ഷണം എത്തിച്ചേർന്നു. പിന്നീട്‌ ഖസാഅ ഗോത്രം ജർഹമിനെ പരാജയപ്പെടുത്തി കഅബയുടെ സംരക്ഷണം പിടിച്ചെടുത്തു. ജർഹം ഗോത്രത്തിനെ മക്കയിൽ നിന്നും നാടുകടത്തി. എന്നാൽ അവിടെ നിന്ന്‌ പോകുന്നതിനു മുമ്പായി അവരുടെ നേതാവ്‌ അംറിബ്നു അൽ ഹർസ്‌ സമുദായത്തിന്റെ സ്വത്ത്‌ സംസം കിണറിൽ നിക്ഷേപിച്ച്‌ അതിനെ മൂടിക്കളഞ്ഞു. പിന്നീട്‌ നൂറുകണക്കിന്‌ വർഷങ്ങൾക്കു ശേഷം നബി (സ)യുടെ പിതാമഹൻ അബ്ദുൽ മുത്വലിബാണ്‌ അതിനെ വീണ്ടും കണ്ടെത്തിയത്‌. ഖസാഅ ഗോത്രമാണ്‌ കഅബയിൽ വിഗ്രഹാരാധനയ്ക്ക്‌ തുടക്കമിട്ടത്‌.

ഹജ്ജിനായിഅവിടെ എത്തിയിരുന്ന അറേബ്യക്കാരും പതുക്കെ പതുക്കെ വിഗ്രഹാരാധനയിലേക്ക്‌ തിരിഞ്ഞു. ഒരു നീണ്ട കാലത്തിന്‌ ശേഷം കഅബയുടെ സംരക്ഷണം വീണ്ടും ഇസ്മാഈൽ സന്തതികളിലേക്ക്‌ മടങ്ങി വന്നു.

ഖുറൈശികൾ കഅബയുടെ സംരക്ഷകരാകുന്നു.

കൃസ്തു വർഷം അഞ്ചാം നൂറ്റാണ്ടിൽ ഖുറൈശി വംശത്തിൽപെട്ട ഖുസയ്യ്‌ എന്ന വ്യക്തിയുടെ മനസ്സിൽ കഅബയുടെ സംരക്ഷണം യഥാർത്ഥ അവകാശികളായ തങ്ങൾക്ക്‌ തന്നെ ലഭിക്കണം എന്ന ഉൾക്കടമായ ആഗ്രഹം ഉടലെടുത്തു. അങ്ങിനെ അദ്ദേഹം മക്കയിലെത്തുകയും മറ്റുള്ളവരുടെ ഇടയിൽ ശ്രദ്ധാകേന്ദ്രമാകുകയും ആ ഗോത്രത്തലവന്റെ മകളെ വിവാഹം കഴിക്കുകയും ചെയ്തു. തന്റെ മരണസമയത്ത്‌ കഅബയുടെ സംരക്ഷണം മകളെയാണ്‌ അദ്ദേഹം ഏൽപ്പിച്ചത്‌. പക്ഷേ ഭാഗികമായ സംരക്ഷണത്തിൽ ഖുസയ്യ്‌ സംതൃപ്തനായിരുന്നില്ല. അതിനാൽ പൂർണ്ണമായ സംരക്ഷണം കയ്യടക്കുന്നതിനായുള്ള പദ്ധതികൾ ആവിഷ്കരിക്കാൻ തുടങ്ങി. എന്നാൽ ഖസാഅ ഗോത്രക്കാർ അത്‌ തിരിച്ചറിഞ്ഞപ്പോൾ അവർ യുദ്ധത്തിനുവരെ തയ്യാറായി. എന്നാൽ ഖുസയ്യ്‌ തന്റെ ഗോത്രക്കാരെ തയ്യാറാക്കുകയും അങ്ങിനെ ഒരു നീണ്ട കാലം രണ്ടു ഗോത്രങ്ങളും തമ്മിൽ യുദ്ധം ഉണ്ടാകുകയും ചെയ്‌തു. അവസാനം ഒരു മൂന്നാമനിലൂടെ തീർപ്പ് കൽപിക്കാൻ അവർ സമ്മതിക്കുകയും അങ്ങിനെ അംറിബ്ന് ഓഫ് എന്ന വ്യക്തി കഅബയുടെ യഥാർത്ഥ അവകാശി ഖുസയ്യാണെന്ന്‌ വിധിക്കുകയും ചെയ്തു. അങ്ങിനെ വീണ്ടും കഅബയുടെ സംരക്ഷണം ഇസ്മാഈൽ സന്തതികൾക്ക്‌ തിരിച്ചു ലഭിച്ചു. കഅബയുടെ സംരക്ഷണം ഭൗതീക പദവികളുടേയും അധികാരത്തിന്റേയും മാധ്യമമായിരുന്നതിനാൽ അതുമുഖേന ഖുറൈശികൾക്ക്‌ പ്രശസ്തിയും ആദരവും കൈവന്നു.

പുനർ നിർമാണം

സംരക്ഷകരായിരുന്ന ഗോത്രക്കാർ സമയാസമയങ്ങളിൽ ആവശ്യമായ അറ്റകുറ്റ പണികൾ ചെയ്തിരുന്നു. നബി (സ) യുടെ കാലഘട്ടത്തിൽ ഖുറൈശികൾ കഅബയുടെ പുനർനിർമാണം നടത്തി. മതിലുകളുടെ ഉയരം കൂട്ടി മേൽക്കുരയിട്ടു. അതിനുള്ളിൽ 6 സ്തംഭങ്ങൾ നിർമിച്ചു. മേൽക്കുരയിൽ ഒരു കിളിവാതിൽ നിർമിച്ചു. കഅബയുടെ കവാടം ഉയർത്തി. എന്നാൽ അവരുടെ കയ്യിൽ വസ്തുക്കളും ചിലവും കുറവായതിനാൽ യഥാർത്ഥ ഇബ്റാഹീമി അടിത്തറയിൽ പണിതുയർത്താൻ സാധിച്ചില്ല. ഒരു ഭാഗത്തായി ഏകദേശം 7 മുഴം സ്ഥലം ഒഴിച്ചിട്ടു. ആ ഭാഗത്തേയാണ്‌ ഹത്വീം എന്നു പറയപ്പെടുന്നത്‌. നബി(സ) അതിനെയും കഅബയുടെ ഭാഗമായാണ്‌ പറഞ്ഞിട്ടുള്ളത്‌. പിന്നീട് അബ്ദുല്ലാഹ്‌ ഇബ്നു സുബൈർ (റ) മക്കയുടെ ഭരണാധികാരിയായപ്പോൾ ചില മാറ്റങ്ങൾ വരുത്തുകയും ആറിനു പകരം സ്തംഭങ്ങളുടെ എണ്ണം മൂന്നാക്കുകയും ചെയ്തു.

അവലംബം : സീറത്തു ഖാത്തമുന്നബിയ്യീൻ, ഹദ്റത്ത് മിർസാ ബശീർ അഹ്‌മദ് സാഹിബ് എം.എ