ഒരാൾ തന്റെ ദൈവത്തിലുള്ള വിശ്വാസത്തിന്റെ ബലത്തിനനുസരിച്ച് ഭൗതികതയിലുള്ള ആശ്രിതത്വത്തിൽ നിന്ന് മുഖംതിരിക്കുന്നു. വിശ്വാസം എത്ര വികസിക്കുകയും പുരോഗമിക്കുകയും ചെയ്യുന്നുവോ അത്ര കൂടുതലായി അയാൾ ഭൗതിക ഉപാധികളുടെ ആശ്രിതത്വത്തിൽ വിമുഖനാവുന്നു. വാസ്തവത്തിൽ ലോകം വഞ്ചനാത്മകമാണെന്നത് സ്പഷ്ടമാണ്. പുരോഗതിക്ക് നിദാനമാണെന്ന് കരുതുന്ന ഭൗതിക വസ്തുക്കൾ അധോഗതിക്ക് കാരണമാകുന്നു. ലൗകികമായ അന്തസ്സും സമ്പത്തും ഉയർത്താൻ വ്യാജവും കൃത്രിമവും ചതിയും നിറഞ്ഞ മാർഗങ്ങൾ അവലംബിക്കുന്നു. ജനങ്ങൾ അവരുടെ ലക്ഷ്യങ്ങൾ കാണാൻ അസത്യമായ മാർഗങ്ങൾ തേടുന്നു. അവരുടെ ജീവിതലക്ഷ്യങ്ങളുടെ സാക്ഷാത്ക്കാരത്തിന് ഇത്തരം രീതികൾ ഉപാധിയാക്കണം എന്നവർ കരുതുന്നു. ഇത് ഏതറ്റംവരെയെന്നാൽ ഇത്തരം കുത്സിത മാർഗങ്ങളിലൂടെ കൈവരിച്ച വിജയങ്ങൾ അവരുടെ സ്നേഹിതന്മാർക്ക് മുമ്പാകെ വമ്പിച്ച അഭിമാനത്തോടെ അവർ വിവരിക്കുന്നു. ഇതിനെ മഅ്രിഫത്തിന്റെയും (ദൈവികജ്ഞാനം) നീതിയുടെയും വീക്ഷണത്തിൽ വിലയിരുത്തുമ്പോൾ അവരുടെ ഈ രീതിയും ഉപാധികളും അവർക്ക് ഏറെനാൾ നീണ്ടുനിൽക്കുന്ന സന്തോഷവും സംതൃപ്തിയും പ്രദാനം ചെയ്യുന്നില്ലെന്ന് നമുക്ക് കാണാൻ കഴിയും. അവരോട് കാര്യങ്ങൾ ചോദിച്ചാൽ, അവർ എപ്പോഴും നിരാശയുടെയും വിഷമത്തിന്റേയും മുഖമായിരിക്കും കാണിക്കുക. ശാന്തിയും സന്തോഷവും ഒരിക്കലും അവരുടെ വദനങ്ങളിൽ പ്രത്യക്ഷപ്പെടുന്നില്ല. അല്ലാഹുവിന്റെ അനുഗ്രഹം ഒന്നുകൊണ്ട് മാത്രമേ ഒരാളുടെ മുഖത്ത് സംതൃപ്തിയുടെ ലക്ഷണങ്ങൾ പ്രകടമാവുകയുള്ളൂ.
ഏതുവരെ ഒരാൾ ദൈവത്തിൽ പൂർണമായി വിശ്വസിക്കുന്നില്ലയോ; ദൈവത്തിന്റെ വാഗ്ദാനങ്ങൾ വിശ്വസിക്കുകയും അവൻ വിജയങ്ങൾ തന്നരുളാൻ കെൽപ്പുള്ളവനാണെന്ന് ഉറച്ച് വിശ്വസിക്കുകയും ചെയ്യുന്നില്ലയോ; തന്റെ ജീവിതത്തിൽ ഒരു സമൂല പരിവർത്തനം വരുത്തി സച്ചരിതരുടെ മാർഗത്തിൽ ചലിക്കുന്നില്ലയോ, അതുവരെയും അയാൾക്ക് ഒരിക്കലും യഥാർഥ സംതൃപ്തി കരഗതമാകുന്നില്ല. അല്ലാഹു ഖുർആനിൽ പറയുന്നു : “അവൻ സത്യവിശ്വാസികളെ സംരക്ഷിക്കും” (7:197) അതായത് പരിഷ്ക്കരണത്തിന്റെയും നന്മയുടെയും മാർഗത്തിൽ സഞ്ചരിക്കുന്നവന് അല്ലാഹു രക്ഷകനാണ്. അത്തരം വ്യക്തികളെ അല്ലാഹു എല്ലാതരത്തിലും സംരക്ഷിക്കന്നതായിരിക്കും. രക്ഷിതാവിനെ വെക്കുന്ന ഒരാൾക്ക് അധികമായ ഭാരം വഹിക്കേണ്ടി വരുന്നില്ല. നിരവധി ഉത്തരവാദിത്തങ്ങൾ തന്റെ തലയിൽനിന്ന് നീങ്ങുന്നതാണ്. കുട്ടികൾക്ക് മാതാപിതാക്കളുടെ രക്ഷകർതൃത്വത്തിൻ കീഴിൽ തങ്ങളുടെ ഒരാവശ്യത്തെ കുറിച്ചും ചിന്തിക്കേണ്ടിവരുന്നില്ലല്ലോ. എല്ലാംതന്നെ രക്ഷിതാക്കൾ സ്വയം നിർവ്വഹിക്കുന്നു. അവരുടെ വസ്ത്രം ആഹാരം, ആരോഗ്യം, ശുദ്ധി എന്നിവയുടെ ചിന്തകളിലായിരിക്കും അവരെപ്പോഴും മുഴുകിയിരിക്കുന്നത്. അവരെ തീറ്റിക്കുകയും കുടിപ്പിക്കുകയും ചെയ്യുന്നു. അവരുടെ അനാരോഗ്യത്തെ ഭയന്ന് ചിലപ്പൊൾ തല്ലിത്തീറ്റിക്കുക പോലും ചെയ്യുന്നു. കുട്ടികൾ തങ്ങളുടെ സ്വന്തം ആവശ്യങ്ങളെ കുറിച്ചുതന്നെ അജ്ഞരാണ്. മാതാവാണ് അവരുടെ ആവശ്യങ്ങൾ നന്നായി അറിഞ്ഞ് അവ പൂർത്തിയാക്കുന്നത്. അപ്രകാരം മാതാവിന്റെ രക്ഷാകർതൃത്വത്തിൽനിന്ന് പുറത്തുകടക്കുന്ന മനുഷ്യന് നിശ്ചയമായും മറ്റൊരു രക്ഷാധികാരിയുടെ ആവശ്യം നേരിടുന്നു. അങ്ങനെ പലകാര്യങ്ങളിലും അവൻ അന്യരെ രക്ഷാധികാരികളും സംരക്ഷകരുമാക്കി വെക്കുന്നു. അവരാകട്ടെ തങ്ങളുടെ സ്വന്തം ആവശ്യങ്ങളിൽ മുങ്ങിക്കിടക്കുന്നവരും മറ്റുള്ളവരുടെ ആവശ്യങ്ങൾ പൂർണമായി ശ്രദ്ധിക്കാൻ കഴിവില്ലാത്തവരുമാണ്. തങ്ങളുടെ മറ്റുള്ളവരിലുള്ള അത്തരം ആശ്രിതത്വം മുറിച്ചു മാറ്റുകയും സാത്വികമായൊരു ജീവിതം നയിക്കുകയും സ്വയം പരിഷ്ക്കരിക്കുകയും ചെയ്യുന്നുവരാരോ അത്തരക്കാർക്ക് ദൈവം സ്വയം സംരക്ഷകനും രക്ഷാധികാരിയുമായിത്തീരും. അവരുടെ എല്ലാ ആവശ്യങ്ങളും ആഗ്രഹങ്ങളും പൂർത്തിയാക്കിക്കൊടുക്കുകയും ചെയ്യും. അവർക്ക് മറ്റ് യാതൊരു ബാഹ്യമായ സംരക്ഷകന്റെയും ആവശ്യം വേണ്ടിവരുന്നില്ല. അവരുടെ ആവശ്യങ്ങൾ അവർ സ്വയം അറിയുന്നതിനേക്കാൾ കൂടുതലായി അല്ലാഹുവിനറിയാം. അത്തരക്കാർക്ക് ആശ്ചര്യമുളവാക്കുമാറ് അവന്റെ അനുഗ്രഹങ്ങളും മഹത്വങ്ങളും അവരിൽ ചൊരിയുന്നു.. ഒരു വ്യക്തിക്ക് ദൈവത്തിന്റെ രക്ഷാധികാരത്തിന് കീഴിൽ വരുന്നതിന് മുമ്പായി മറ്റു പല രക്ഷാധികാരികളുടെയും രക്ഷാകർതൃത്വത്തിലൂടെ കടന്നു പോകേണ്ടതുണ്ട്. അല്ലാഹു ഖുർആനിൽ പറയുന്നു: ‘പറയുക, ഞാൻ അഭയം പ്രാപിക്കുന്നു. മനുഷ്യരുടെ നാഥനെ, മനുഷ്യരുടെ രാജാവിനെ, മനുഷ്യരുടെ യഥാർഥ ആരാധ്യനെ, പിന്മാറിക്കളയുന്ന ദുർബോധകന്റെ ഉപദ്രവിത്തിൽ നിന്ന്. മനുഷ്യഹൃദയങ്ങളിൽ ദുർബാധനം ചെയ്യുന്നവനത്രെ അവൻ. മറഞ്ഞിരിക്കുന്നവരിൽ നിന്നും സാധാരണ മനുഷ്യരിൽ നിന്നുമുള്ളവൻ’ (114. 2-7)
ആദ്യമായി മനുഷ്യന് പ്രായപൂർത്തിയെത്തുന്നത് വരെ മാതാപിതാക്കളുടെ ആവശ്യമുണ്ട്. അതിന് ശേഷം അവന് രാജാക്കന്മാരുടെയും ഭരണാധികാരികളുടെയും ആവശ്യമുണ്ട്. അവൻ കൂടുതൽ വളരുമ്പോൾ അവന്റെ വികലതകൾ മൂലം മറ്റുപലരിലും അവൻ വിശ്വാസമർപ്പിക്കുന്നു. അവരാകട്ടെ അവന്റെ ആവശ്യങ്ങൾ നിവർത്തിച്ചുകൊടുക്കാൻ ശക്തിയില്ലാത്ത ദുർബലരായ മനുഷ്യജീവികളാണ്. ഈഘട്ടത്തിലാണ് അവൻ സ്ഥിരോത്സാഹത്തോടുകൂടി ദൈവത്തിങ്കലേക്ക് തിരിയുന്നത്. ദൈവം മാത്രമാണ് തന്റെ യഥാർഥ രക്ഷാധികാരിയും സംരക്ഷകനുമെന്ന് അവൻ തിരിച്ചറിയുന്നു. ഈ അറിവ് അവനിൽ അളവറ്റ ആനന്ദത്തിന് ഉറവിടമായിത്തീരുന്നു. അവിടം മുതൽ അവൻ സംതൃപ്തിയുടേതായ ഒരു ജീവിതത്തിൽ പ്രവേശിക്കുന്നു. ദൈവം അവനോട്, ഞാൻ നിന്റെ മുതവല്ലി (സംരക്ഷകൻ) ആണെന്ന് പറയും. ആ നിമിഷം മുതൽ അവൻ സംതൃപ്തിയുടെയും സന്തോഷത്തിന്റെയും അവസ്ഥയിലെത്തുന്നു. ഇതെല്ലാം വാക്കുകളിൽ ആവിഷ്ക്കരിക്കാൻ സാദ്ധ്യമല്ല. ഈ സന്ദർഭത്തിൽ മനുഷ്യന്റെ ജീവിതം എല്ലാവിധ ദുഃഖങ്ങളിൽ നിന്നും മുക്തമാകുന്നു. ലൗകിക ജീവിതത്തിലാകട്ടെ മനുഷ്യന് ദുഃഖങ്ങളൊഴിഞ്ഞ നേരമില്ല. ലോകത്തിന്റെ ഊഷരഭൂമിയിൽ മുഴുവൻ ദുഃഖങ്ങളും മുള്ളുകളുമാണ്. ഒരു പേർഷ്യൻ പഴമൊഴിയിലേത് പോലെ ‘ഇവിടെ വേദനകളും നിഗൂഢമായ വിപത്തുകളുമല്ലാതെ മറ്റെന്താണുള്ളത്.’ ലോകത്തിന്റെ തീക്ഷ്ണമായ ഊഷരതയിൽ സമാശ്വാസത്തിനായി ദൈവത്തിന്റെ അടുപ്പമല്ലാതെ മറ്റെന്താണുള്ളത്. ദൈവം തന്റെ സ്നേഹിതന്റെ രക്ഷകനാകുന്ന അവസ്ഥയിൽ ലോകത്തിന്റെ ആകുലതയിൽ നിന്നും അവൻ മുക്തനാവുകയും അവൻ യഥാർഥ ആനന്ദത്തിന്റെയും തൃപ്തിയുടെയും ജീവിതത്തിലേക്ക് പ്രവേശിക്കുകയും ചെയ്യുന്നു. അത്തരം ആളുകൾക്ക് ദൈവത്തിൽ നിന്നുള്ള വാഗ്ദാനം ഇങ്ങനെയാണ്: “വല്ലവനും അല്ലാഹുവിനെ ഭയന്ന് സൂക്ഷ്മത പാലിച്ചാൽ അവന് അല്ലാഹു രക്ഷപ്പെടാനുള്ള മാർഗമുണ്ടാക്കിക്കൊടുക്കുന്നതാണ്. അവനുദ്ദേശിക്കാത്ത ഭാഗത്തുകൂടെ അല്ലാഹു അവന് ഉപജീവനം നൽകുകയും ചെയ്യും.” (65:3,4)
ആരാണോ സത്യവിശ്വാസത്തിന്റെ പാത തിരഞ്ഞെടുക്കുന്നത്, ദൈവം അവനെ സകല വിധ ദുഃഖങ്ങളിൽ നിന്നും ശിക്ഷകളിൽ നിന്നും രക്ഷിക്കുന്നതാണ് ദൈവം സ്വയം തന്നെ അവന്റെ കാര്യങ്ങളെല്ലാം നോക്കുകയും അവൻ ഒരിക്കലും വിചാരിക്കാത്ത മാർഗങ്ങളിലൂടെ അവനെ സഹായിക്കുകയും ചെയ്യുന്നു.
(മൽഫൂദാത്ത്, വാ. 7, പേ. 52 – 54)
ത്വാലിബെ ദുആ: അബൂ അയ്മൻ