വാഗ്ദത്ത മസീഹിന്റെ ആവിർഭാവകാലഘട്ടം : അവസാന കാലത്തിന്റെ അടയാളങ്ങൾ

ഖിയാമത്ത് അടുക്കുകയും മസീഹ് വിജയിക്കുകയും ചെയ്യുന്നതിന്റെ ഒന്നാമത്തെ അടയാളം വിശുദ്ധ ഖുര്‍ആന്‍ വിവരിക്കുന്നത് ഇപ്രകാരമാണ്.

وَإِذَا الْعِشَارُ عُطِّلَتْ {81:5}

وَإِذَا الْوُحُوشُ حُشِرَتْ {81:6}

وَإِذَا الْبِحَارُ فُجِّرَتْ {82:4}

وَإِذَا النُّفُوسُ زُوِّجَتْ {81:8}

ഒട്ടകങ്ങളുടെ സവാരി നിറുത്തല്‍ ചെയ്യപ്പെടും. അതായത്, പുതിയ പുതിയ വാഹനങ്ങള്‍ കണ്ടുപിടിക്കപ്പെടുന്നതിന്റെ ഫലമായി ഒട്ടകസവാരി ഉപേക്ഷിക്കപ്പെടും.

നദികളും സമുദ്രങ്ങളും കീറപ്പെടും. അതായത്, കനാലുകള്‍ കീറി നദികളും സമുദ്രങ്ങളും അവയില്‍ക്കൂടി ഒഴുക്കപ്പെടും.

വിവിധ ജനതകള്‍ അന്യോന്യം ബന്ധിക്കപ്പെടും. അതായത്, ഗതാഗതസൗകര്യം വര്‍ദ്ധിക്കുകയാല്‍ പണ്ടത്തെപ്പോലെ ജനങ്ങള്‍ പരസ്പരം വേറിട്ടു നില്ക്കുകയില്ല; സമ്പര്‍ക്കാധിക്യംകൊണ്ട് ലോകം ഒരു രാജ്യം പോലെയായിത്തീരും.

ഗ്രന്ഥങ്ങളും, സഞ്ചികകളും, പത്രങ്ങളും വളരെയധികം പ്രസിദ്ധീകരിക്കപ്പെടും. അതായത് അച്ചടിയന്ത്രങ്ങളുടെ കണ്ടുപിടിത്തത്താല്‍ പത്രഗ്രന്ഥങ്ങളുടെ പ്രസിദ്ധീകരണം വിപുലമായ തോതില്‍ നടക്കും.

വിശുദ്ധ ഖുര്‍ആന്റെ ഈ പ്രസ്താവനയെ അനുകൂലിക്കുന്ന ഒരു ഹദീഥുണ്ട്. അതില്‍ പറയുകയാണ്:

وَلَتُتْرَكَنَّ الْقِلاَصُ فَلاَ يُسْعَى عَلَيْهَا

ഒട്ടകങ്ങള്‍ ഉപേക്ഷിക്കപ്പെടും; അവയിന്‍മേല്‍ സവാരി ചെയ്യുകയില്ല. (സഹീഹ് മുസ്ലിം, കിതാബുൽ ഈമാൻ, വാല്യം 1, ഹദീസ് : 296)

വിശുദ്ധ ഖുര്‍ആനില്‍ മറ്റൊരു സ്ഥലത്ത് പറയുകയാണ്:

وَ اَخۡرَجَتِ الۡاَرۡضُ اَثۡقَالَہَا{99:3}

അവസാനകാലത്ത് ഭൂമി അതിന്റെ എല്ലാ ഭാരങ്ങളെയും പുറത്താക്കുകയും ഭൗതികവിജ്ഞാനം വര്‍ദ്ധിക്കുകയും ചെയ്യും.

ഈ കാലത്ത് മേല്‍പറഞ്ഞ അടയാളങ്ങള്‍ എത്ര വ്യക്തമായാണ് നിറവേറിയിരിക്കുന്നതെന്ന് നോക്കുക. റെയില്‍, മോട്ടോര്‍, കപ്പല്‍, വിമാനം മുതലായ വാഹനങ്ങളും തപാല്‍, കമ്പി, കമ്പിയില്ലാ കമ്പി, ടെലഫോണ്‍, റേഡിയോ മുതലായ വാര്‍ത്താവിനിമയ മാര്‍ഗ്ഗങ്ങളും കനാലുകള്‍, പത്രഗ്രന്ഥാദികളുടെ ആധിക്യം, അച്ചടിയന്ത്രങ്ങള്‍, ടൈപ്പ്‌റൈറ്റര്‍, ഷോര്‍ട്ട്ഹാന്റ്, ടെലിപ്രിന്റര്‍ എന്നിവയും ലോകത്തെ എത്രമേല്‍ ഒന്നാക്കിച്ചേര്‍ത്തിരിക്കുന്നു! മതപ്രചാരണം എത്രയധികം സൗകര്യപ്പെടുത്തിയിരിക്കുന്നു! റെയില്‍, മോട്ടോര്‍ മുതലായ വാഹനങ്ങള്‍ ഒട്ടകങ്ങളെ നിരുപയോഗമാക്കിത്തീര്‍ത്തിട്ടില്ലയോ? അറേബ്യയില്‍ പോലും റെയില്‍ എത്തിച്ചേര്‍ന്നിരിക്കുന്നു. മക്കയ്ക്കും മദീനയ്ക്കുമിടയില്‍ റെയില്‍ പാതയുണ്ടാക്കി. ഒട്ടകപ്പുറത്തുള്ള ദീര്‍ഘയാത്ര മറ്റു രാജ്യങ്ങളിലെന്ന പോലെ അവിടെയും നിശ്ശേഷം അവസാനിപ്പിക്കുന്ന കാലം വിദൂരമല്ല. യഥാര്‍ത്ഥത്തില്‍, ബുദ്ധിയുള്ളവര്‍ക്കാര്‍ക്കും സംശയിക്കാന്‍ വഴിയില്ലാത്ത വിധം വ്യക്തമായി ഈ അടയാളങ്ങള്‍ ഈ കാലത്ത് നിറവേറിയിരിക്കുന്നു. അതേപ്രകാരം തന്നെ ചരിത്രത്തില്‍ തുല്യത കാണാന്‍ കഴിയാത്ത വിധം ലൗകിക വിജ്ഞാനം ഇക്കാലത്ത് വര്‍ദ്ധിക്കുകയും ചെയ്തിരിക്കുന്നു.

മസീഹ് മൗഊദിന്റെ ആഗമനം അങ്ങനെയുള്ള ഒരു കാലത്തായിരിക്കണമെന്നത് ഒഴിച്ചുകൂടാത്തതാണ്. എന്തെന്നാല്‍, അദ്ദേഹത്തിന്റെ കാലം മതപ്രചാരണത്തിന്റെ കാലമാകുന്നു. അദ്ദേഹത്തിനും അദ്ദേഹത്തിന്റെ അനുയായികള്‍ക്കും മതപ്രചാരണകര്‍ത്തവ്യം എളുപ്പം നിര്‍വ്വഹിക്കുന്നതിനായി പ്രസിദ്ധീകരണ സൗകര്യങ്ങള്‍ വര്‍ദ്ധിക്കാതെ കഴിയുകയില്ല.

അവലംബം: തബ്ലീഗെ-ഹദായത്ത് , സന്മാർഗ്ഗദർശിനി