ഖുർആനിലും ഹദീഥുകളിലുമുള്ള പ്രവചനങ്ങൾ

മസീഹിന്റെയും മഹ്ദീയുടെയും ആഗമനത്തെക്കുറിച്ച് നബി(സ)തിരുമേനി പ്രവചിച്ചിട്ടുണ്ടോ എന്നതാണ് എല്ലാറ്റിലും മുമ്പില്‍ നില്ക്കുന്ന പ്രശ്‌നം. ഇതിനുള്ള സമാധാനമാവട്ടെ, അവരുടെ വരവിനെക്കുറിച്ചുള്ള പ്രവചനം നിഷേധിക്കാന്‍ കഴിയാത്തവിധം വ്യക്തമാണെന്നുള്ളതാണ്. അവസാനകാലത്ത് മുസ്‌ലിംകള്‍ക്കിടയില്‍ മസീഹും മഹ്ദിയും വരുമെന്നും അവര്‍ മുഖേന ഇസ്‌ലാം അതിന്റെ ശോച്യാവസ്ഥയില്‍നിന്ന് എഴുന്നേറ്റു ലോകത്ത് വീണ്ടും പ്രബലപ്പെടുമെന്നും തുടര്‍ന്ന് അതിന്റെ ആ വിജയം ലോകാവസാനം വരെ നിലനില്ക്കുമെന്നുമുള്ള കാര്യത്തില്‍ മുസ്‌ലിംസമുദായം ഏകാഭിപ്രായക്കാരാണ്.

ഈ പ്രവചനം വിശുദ്ധ ഖുര്‍ആനില്‍ ഉള്ളതാണ്. ശരിയായ ഹദീഥുകളിലും ഈ പ്രവചനമുണ്ട്. മസീഹിന്റെ വരവിനെക്കുറിച്ച് വിശുദ്ധ ഖുര്‍ആനില്‍ ഇപ്രകാരം പറയുന്നു:

وَعَدَ اللّٰہُ الَّذِیۡنَ اٰمَنُوۡا مِنۡکُمۡ وَ عَمِلُوا الصّٰلِحٰتِ لَیَسۡتَخۡلِفَنَّہُمۡ فِی الۡاَرۡضِ کَمَا اسۡتَخۡلَفَ الَّذِیۡنَ مِنۡ قَبۡلِہِمۡ ۪ وَ لَیُمَکِّنَنَّ لَہُمۡ دِیۡنَہُمُ الَّذِی ارۡتَضٰی لَہُمۡ وَ لَیُبَدِّلَنَّہُمۡ مِّنۡۢ بَعۡدِ خَوۡفِہِمۡ اَمۡنًا ؕ یَعۡبُدُوۡنَنِیۡ لَا یُشۡرِکُوۡنَ بِیۡ شَیۡئًا ؕ وَ مَنۡ کَفَرَ بَعۡدَ ذٰلِکَ فَاُولٰٓئِکَ ہُمُ الۡفٰسِقُوۡنَ

”നിങ്ങളില്‍നിന്ന് വിശ്വസിക്കുകയും സല്‍ക്കര്‍മ്മങ്ങള്‍ അനുഷ്ഠിക്കുകയും ചെയ്യുന്നവരോട് അല്ലാഹു വാഗ്ദാനം നല്കിയിരിക്കുന്നു. ഏതുവിധം അവര്‍ക്കു മുമ്പേ കഴിഞ്ഞവരില്‍ അവന്‍ ഖലീഫമാരെ നിലനിറുത്തിയോ അതേവിധത്തില്‍ അവരിലും ഖലീഫമാരെ നിലനിറുത്തുമെന്ന്”(വി.ഖുര്‍ആന്‍ 24:56).

اِنَّاۤ اَرۡسَلۡنَاۤ اِلَیۡکُمۡ رَسُوۡلًا ۬ۙ شَاہِدًا عَلَیۡکُمۡ کَمَاۤ اَرۡسَلۡنَاۤ اِلٰی فِرۡعَوۡنَ رَسُوۡلًا

”നാം ഏതുപ്രകാരം ഫിര്‍ഔന്റെ അടുക്കലേക്ക് ഒരു ദൂതനെ അയച്ചുവോ അതുപ്രകാരം നിങ്ങള്‍ക്ക് സാക്ഷിയായിക്കൊണ്ട് ഒരു ദൂതനെ നിങ്ങളുടെ അടുക്കലേക്ക് നാം അയച്ചിരിക്കുന്നു” (വി.ഖുര്‍ആന്‍ 73:16).

അല്ലാഹു ഈ വാക്യത്തില്‍ നബിതിരുമേനിയെ മൂസാനിയോട് സാദൃശ്യപ്പെടുത്തിയിരിക്കുന്നു. ആ നിലയ്ക്ക് സുറഃ നൂറിലെ വാക്യത്തില്‍ അവര്‍ക്ക് മുമ്പേ കഴിഞ്ഞവര്‍ എന്ന് പറഞ്ഞതുകൊണ്ട് ഉദ്ദേശിക്കപ്പെട്ടത് മൂസാനിയുടെ ജനങ്ങളാണെന്നു വ്യക്തമായി. ഇനി നമുക്ക് മൂസാനബിയുടെ ജനങ്ങളില്‍ വന്ന ഖലീഫമാരെ നോക്കാം. മൂസാനബിക്ക് ശേഷം അദ്ദേഹത്തിന്റെ ജനങ്ങളില്‍ തൗറാത്തിന്റെ സേവനത്തിനായി തുടരെത്തുടരെ അനേകം ഖലീഫമാര്‍ വന്നു കൊണ്ടിരുന്നു. അവസാനം 13 നൂറ്റാണ്ടുകള്‍ക്കു ശേഷം മസീഹിന്റെ ആവിര്‍ഭാവമുണ്ടായി. അദ്ദേഹം മൂസാനബിയുടെ ഖലീഫമാരില്‍ വെച്ച് ഏറ്റവും ശ്രേഷ്ഠനായിരുന്നു. ‘മൂസവിയ്യാ’ ഉമ്മത്തിലെ ‘ഖാത്തമുല്‍ഖുലഫാ’ ആയിരുന്നു അദ്ദേഹമെന്നു പറയാം.

ഖലീഫമാരുടെ ആഗമനം സംബന്ധിച്ച് നബിതിരുമേനിയുടെ ജനത്തെ മൂസാനബിയുടെ ജനത്തോട് ഉപമിക്കുകയും മൂസാനബിയുടെ ജനങ്ങളില്‍ ഖലീഫമാര്‍ വന്നുകൊണ്ടിരുന്നതു പോലെ നബി തിരുമേനിയുടെ ഉമ്മത്തിലും ഖലീഫമാര്‍ വരുമെന്ന് വാഗ്ദാനം ചെയ്യപ്പെടുകയും ചെയ്തിരിക്കയാല്‍ മുസ്‌ലിം ജനതയില്‍ അവസാനമായി ഇസ്രായീലീ മസീഹിന്റെ പ്രകൃതിയോടുകൂടിയ ‘ഖാത്തമുല്‍ഖുലഫാ’ എന്ന സ്ഥാനമര്‍ഹിക്കുന്ന ഒരു ഖലീഫ, വരേണ്ടത് അത്യാവശ്യമാണ്. സൂറഃനൂറിലെ മേല്‍വാക്യത്തില്‍ മുസ്‌ലിംകള്‍ക്കായി സാധാരണ ഖലീഫമാരുടെ ആഗമനത്തെക്കുറിച്ചുള്ള വാഗ്ദാനം അടങ്ങിയിരിക്കുന്നതുപോലെത്തന്നെ, ഇസ്രായീല്‍ മസീഹിന്റെ സദൃശനും മഹാശ്രേഷ്ഠനുമായ ഒരു ഖലീഫയുടെ ആഗമനത്തെ ക്കുറിച്ചുള്ള വാഗ്ദാനവും അടങ്ങിയിട്ടുണ്ടെന്ന് ഇതുകൊണ്ട് സ്ഥാപിതമായി. അദ്ദേഹം മുഹമ്മദീ മസീഹെന്ന് വിളിക്കെടുന്നതാണ്.

ഒരു ഹദീഥില്‍ നബിതിരുമേനിയും ഇപ്രകാരം അരുളിയിരിക്കുന്നു:

 عَنِ ابْنِ الْمُسَيَّبِ، أَنَّهُ سَمِعَ أَبَا هُرَيْرَةَ، يَقُولُ قَالَ رَسُولُ اللَّهِ صلى الله عليه وسلم ‏ “‏ وَالَّذِي نَفْسِي بِيَدِهِ لَيُوشِكَنَّ أَنْ يَنْزِلَ فِيكُمُ ابْنُ مَرْيَمَ صلى الله عليه وسلم حَكَمًا مُقْسِطًا فَيَكْسِرَ الصَّلِيبَ وَيَقْتُلَ الْخِنْزِيرَ وَيَضَعَ الْجِزْيَةَ وَيَفِيضَ الْمَالُ حَتَّى لاَ يَقْبَلَهُ أَحَدٌ ‏”

ഏതൊരുവന്റെ കൈയ്യില്‍ എന്റെ ജീവന്‍ ഇരിക്കുന്നുവോ, അവനാണെ! നിശ്ചയമായും വിധികര്‍ത്താവും നീതിമാനുമായി നിങ്ങളില്‍ ഇബ്‌നുമര്‍യം ഇറങ്ങും അദ്ദേഹം കുരിശു മുറിക്കുകയും പന്നിയെ കൊല്ലുകയും ജസ്‌യ ഇല്ലാതാക്കുകയും ചെയ്യും (സഹീഹ് ബൂഖാരി).

ഇതുപോലെതന്നെ മറ്റു പല ഹദീഥുകളിലും മസീഹിന്റെ ആവിര്‍ഭാവത്തെക്കുറിച്ച് പ്രസ്താവിക്കപ്പെട്ടിട്ടുണ്ട്. രണ്ടാമത്തെ സംഗതി മഹ്ദിയുടെ ആഗമനമാണ്. അതു സംബന്ധിച്ച് വിശുദ്ധ ഖുര്‍ആന്‍ ഇങ്ങനെ പറയുന്നു:

ہُوَ الَّذِیۡ بَعَثَ فِی الۡاُمِّیّٖنَ رَسُوۡلًا مِّنۡہُمۡ یَتۡلُوۡا عَلَیۡہِمۡ اٰیٰتِہٖ وَ یُزَکِّیۡہِمۡ وَ یُعَلِّمُہُمُ الۡکِتٰبَ وَ الۡحِکۡمَۃَ ٭ وَ اِنۡ کَانُوۡا مِنۡ قَبۡلُ لَفِیۡ ضَلٰلٍ مُّبِیۡنٍ

وَّ اٰخَرِیۡنَ مِنۡہُمۡ لَمَّا یَلۡحَقُوۡا بِہِمۡ ؕ وَ ہُوَ الۡعَزِیۡزُ الۡحَکِیۡمُ

അവനത്രെ, അക്ഷരജ്ഞാനമില്ലാത്ത ആ ജനതയില്‍ (അറബികളില്‍) അവരില്‍നിന്നുള്ള ഒരു ദൂതനെ എഴുന്നേല്പിച്ചിട്ടുള്ളത്. ആ ദൂതന്‍ അവന്റെ വചനങ്ങള്‍ അവര്‍ക്ക് വായിച്ചു കേള്‍പ്പിക്കുകയും അവരെ ശുദ്ധീകരിക്കുകയും അവര്‍ക്ക് ഗ്രന്ഥവും തത്ത്വശാസ്സ്ത്രവും പഠിപ്പിച്ചുകൊടുക്കുകയും ചെയ്യുന്നു; ഇതിനു മുമ്പേ അവര്‍ സ്പഷ്ടമായ വഴികേടിലായിരുന്നു. അവരോടൊപ്പം ഇതേവരെ ചേര്‍ന്നിട്ടില്ലാത്ത അവരില്‍നിന്നുള്ള മറ്റൊരു ജനതയിലും (അവന്‍ ദൂതനെ എഴുന്നേല്പിക്കുന്നതാണ്). അവന്‍ പ്രതാപവാനും അഗാധജ്ഞനുമാകുന്നു (വി.ഖുര്‍ആന്‍ 62:3,4).

ഇവിടെ അല്ലാഹു നബി തിരുമേനിയുടെ രണ്ടാമത്തെ വരവിനെക്കുറിച്ച് പ്രവചിച്ചിരിക്കുന്നു. നബി തിരുമേനിയുടെ ഗുണഗണങ്ങളില്‍ തികവെത്തിയ ഒരു പ്രതിപുരുഷന്‍ എഴുന്നേല്പിക്കപ്പെട്ടാലല്ലാതെ പിന്നീട് വരുന്ന ജനങ്ങളെ പരിപാലിക്കുന്ന ജോലി നിര്‍വ്വഹിക്കുക നബിതിരുമേനിക്ക് സാദ്ധ്യമല്ലെന്നത് പ്രത്യക്ഷമാണ്. ആ പ്രതിപുരുഷന്റെ ആഗമനം അദ്ദേഹത്തിന്റെ ആഗമനം പോലെയായിരിക്കണം. ആ പ്രതിപുരുഷന്‍ അദ്ദേഹത്തില്‍നിന്ന് ശക്തി നേടുകയും അദ്ദേഹത്തിന്റെ കാലടിയില്‍നിന്നുകൊണ്ട് അദ്ദേഹത്തന്റെ ഉമ്മത്തിനെ പരിഷ്‌കരിക്കുകയും വേണം. ആ പ്രതി പുരുഷനാണ് ‘മഹ്ദി’. എന്തെന്നാല്‍, മേല്‍പറഞ്ഞ വചനമിറങ്ങി യപ്പോള്‍, ആ മറ്റൊരു ജനത എന്നു പറഞ്ഞതുകൊണ്ട് ഉദ്ദേശിക്കപ്പെടുന്നത് ആരാണെന്ന് സ്വഹാബിമാര്‍, നബി തിരുമേനിയോട് ചോദിച്ചതായി ഹദീഥില്‍ പ്രസ്താവിക്കപ്പെട്ടിരിക്കുന്നു. അതിനു നബി തിരുമേനി തന്റെ അനുചരന്മാരില്‍ ഒരാളായ സല്‍മാനുല്‍ ഫാരിസിയുടെ ചുമലില്‍ കൈവെച്ചുകൊണ്ട് പറഞ്ഞു:

സത്യവിശ്വാസം ഥുറയ്യാ (കാര്‍ത്തിക) എന്ന നക്ഷത്രത്തിലേക്ക് പറന്നുപോവുകയാണെങ്കില്‍ത്തന്നെയും (അതായത് ലോകത്തുനിന്ന് നിശ്ശേഷം അന്തര്‍ദ്ധാനം ചെയ്യുകയാണെങ്കില്‍ തന്നെയും) ഇദ്ദേഹത്തിന്റെ കൂട്ടക്കാരായ ഫാരിസികളില്‍നിന്നുള്ള ഒരാള്‍ അതിനെ അവിടെനിന്ന് മടക്കിക്കൊണ്ടു വരികയും വീണ്ടും ലോകത്ത് സ്ഥാപിക്കുകയും ചെയ്യും

عَنْ أَبِي هُرَيْرَةَ، قَالَ كُنَّا عِنْدَ رَسُولِ اللَّهِ صلى الله عليه وسلم حِينَ أُنْزِلَتْ سُورَةُ الْجُمُعَةِ فَتَلاَهَا فَلَمَّا بَلَغَ ‏:‏ ‏(‏ وآخَرِينَ مِنْهُمْ لَمَّا يَلْحَقُوا بِهِمْ ‏)‏ قَالَ لَهُ رَجُلٌ يَا رَسُولَ اللَّهِ مَنْ هَؤُلاَءِ الَّذِينَ لَمْ يَلْحَقُوا بِنَا فَلَمْ يُكَلِّمْهُ قَالَ وَسَلْمَانُ الْفَارِسِيُّ فِينَا قَالَ فَوَضَعَ رَسُولُ اللَّهِ صلى الله عليه وسلم يَدَهُ عَلَى سَلْمَانَ فَقَالَ ‏”‏ وَالَّذِي نَفْسِي بِيَدِهِ لَوْ كَانَ الإِيمَانُ بِالثُّرَيَّا لَتَنَاوَلَهُ رِجَالٌ مِنْ هَؤُلاَءِ ‏”‏ ‏.‏

(സ്വഹീഹ് ബുഖാരി തഫ്‌സീര്‍ സൂറഃ ജുമുഅ).

അങ്ങനെ വിശുദ്ധ ഖുര്‍ആനിലെ സൂറഃ ജുമുഅയില്‍, നബി തിരുമേനിയുടെ ഗുണങ്ങളില്‍ തികവെത്തിയ ഒരു പ്രതിപുരുഷന്റെ ആഗമനത്തെക്കുറിച്ചുള്ള പ്രവചനം അടങ്ങിയിരിക്കുന്നു. അദ്ദേഹമാണ് മഹ്ദി. കൂടാതെ അനേകം ഹദീഥുകളിലും മഹ്ദിയെ സംബന്ധിച്ച പ്രവചനങ്ങളുണ്ട്. ഉദാഹരണമായി അബൂദാവൂദിലെ ഒരു ഹദീഥ് ഇങ്ങനെ വായിക്കുന്നു:

 عَنْ عَبْدِ اللَّهِ، عَنِ النَّبِيِّ صلى الله عليه وسلم قَالَ ‏”‏ لَوْ لَمْ يَبْقَ مِنَ الدُّنْيَا إِلاَّ يَوْمٌ ‏”‏ ‏.‏ قَالَ زَائِدَةُ فِي حَدِيثِهِ ‏”‏ لَطَوَّلَ اللَّهُ ذَلِكَ الْيَوْمَ ‏”‏ ‏.‏ ثُمَّ اتَّفَقُوا ‏”‏ حَتَّى يَبْعَثَ فِيهِ رَجُلاً مِنِّي ‏”‏ ‏.‏ أَوْ ‏”‏ مِنْ أَهْلِ بَيْتِي يُوَاطِئُ اسْمُهُ اسْمِي وَاسْمُ أَبِيهِ اسْمَ أَبِي ‏”‏ ‏.‏ زَادَ فِي حَدِيثِ فِطْرٍ ‏”‏ يَمْلأُ الأَرْضَ قِسْطًا وَعَدْلاً كَمَا مُلِئَتْ ظُلْمًا وَجَوْرًا ‏”‏ ‏.‏ وَقَالَ فِي حَدِيثِ سُفْيَانَ ‏”‏ لاَ تَذْهَبُ أَوْ لاَ تَنْقَضِي الدُّنْيَا حَتَّى يَمْلِكَ الْعَرَبَ رَجُلٌ مِنْ أَهْلِ بَيْتِي يُوَاطِئُ اسْمُهُ اسْمِي

ലോകത്തിന്റെ ആയുസ്സില്‍ ഒരു ദിവസമേ ബാക്കിയുള്ളൂവെങ്കില്‍പോലും ഒരാളെ എഴുന്നേല്പിക്കുന്നതിനു വേണ്ടി അല്ലാഹു ആ ദിവസത്തെ ദീര്‍ഘിപ്പിക്കും. അദ്ദേഹം എന്നില്‍നിന്നോ എന്റെ അഹ്‌ലുല്‍ബയ്ത്തില്‍ നിന്നോ ഉള്ള ആളായിരിക്കും. അദ്ദേഹത്തിന്റെ പേര്‍ എന്റെ പേരോടനുസരിച്ചതും അദ്ദേഹത്തിന്റെ പിതാവിന്റെ പേര്‍ എന്റെ പിതാവിന്റെ പേരോടനുസരിച്ചതുമായിരിക്കും. അദ്ദേഹം ലോകത്തെ നീതിന്യായങ്ങള്‍ കൊണ്ടു നിറയ്ക്കും; അതിനു മുമ്പേ അക്രമവും അനീതിയും നിറഞ്ഞിരുന്നതു പോലെ. (അബൂ ദാവൂദ്, ജില്‍ദ് കിത്താബുല്‍മഹ്ദി).

ഈ ഹദീഥുകൊണ്ട് വ്യക്തമാകുന്നത് വരാനിരിക്കുന്ന മഹ്ദി നബി തിരുമേനിയുടെ ഗുണങ്ങളില്‍ തികവെത്തിയ ഒരു പ്രതിപുരുഷനായിരിക്കുമെന്നും ആദ്ധ്യാത്മികമായ നിലയില്‍ അദ്ദേഹത്തിന്റെ വരവ് നബി തിരുമേനിയുടെ വരവായിരിക്കുമെന്നുമാണ്. ചുരുക്കത്തില്‍, ഇസ്‌ലാമില്‍ മസീഹിന്റെയും മഹ്ദിയുടെയും വരവിനെക്കുറിച്ച് മുന്നറിയിപ്പ് നല്കിയിട്ടുണ്ടെന്ന കാര്യത്തില്‍ തര്‍ക്കമില്ല. മുസ്‌ലിംകളിലുള്ള കുട്ടികള്‍ക്കുപോലും അറിയാവുന്ന ഒരു കാര്യമാണിത്. ഇക്കാലത്ത് മുസ്‌ലിം ലോകം മുഴുവനും വളരെ ആവേശത്തോടുകൂടി മസീഹിന്റെയും മഹ്ദിയുടെയും വരവ് കാത്തിരിക്കുകയാണ്. അവരുടെ വരവിനോട് ബന്ധപ്പെട്ടാണ് തങ്ങളുടെ അഭിവൃദ്ധി നിലകൊള്ളുന്നതെന്ന് മുസ്‌ലിം സമൂഹം വിശ്വസിക്കുകയും ചെയ്യുന്നു.

വിശുദ്ധ ഖുര്‍ആനും തിരുമേനിയും മസീഹിനെറ്റിയും മഹ്ദിയെറ്റിയും പ്രവചിച്ചിട്ടുള്ളതുപോലെത്തന്നെ അവരെ സംബന്ധിച്ച് ചില അടയാളങ്ങള്‍ വിവരിക്കുകയും ചെയ്തിട്ടുണ്ട്. ആ അടയാളങ്ങള്‍ ഹദ്‌റത്ത് അഹ്മദിന്റെ ആഗമനത്തില്‍ പൂര്‍ത്തിയായിട്ടുണ്ടോ എന്നു അല്ലാഹുവിന്റെ സുന്നത്തിന്റെ വെളിച്ചത്തില്‍ പരിശോധിക്കേണ്ടത് നമ്മുടെ കടമയാണ്. തുടർന്നുള്ള ലേഖനങ്ങളിൽ ഈ വിഷയങ്ങൾ ചർചയ്ക്ക് വിധേയമാക്കുന്നതായിരിക്കും