മസീഹിന്റെ ആവിർഭാവകാലഘട്ടം : ദജ്ജാലിന്റെ പുറപ്പെടൽ

മസീഹ് മൗഊദിന്റെ ഒരടയാളമായി പറയപ്പെട്ടിരിക്കുന്നത്, അദ്ദേഹത്തിന്റെ കാലത്ത് ദജ്ജാലിന്റെ പുറപ്പാട് ഉണ്ടാകുമെന്നുള്ളതാണ്. നബി(സ) തിരുമേനി, സ്വഹാബത്തിനെ അഭിമുഖീകരിച്ച് ഇങ്ങനെ പറഞ്ഞതായി ഹദീഥില്‍ രേഖപ്പെടുത്തിയിരിക്കുന്നു.

ഒറ്റക്കണ്ണനായ പെരുംനുണയനെറ്റി തന്റെ ജനത്തോട് ഭയപ്പെടുത്തി പറഞ്ഞിട്ടില്ലാത്ത ഒരു നബിയും കഴിഞ്ഞുപോയിട്ടില്ല. അറിഞ്ഞുകൊണ്ടാലും, അവന്‍ ഒറ്റക്കണ്ണനായിരിക്കും. എന്നാല്‍, നിങ്ങളു ടെ ദൈവം ഒറ്റക്കണ്ണനല്ല. ആ ഒറ്റക്കണ്ണനായ ദജ്ജാലിന്റെ കണ്ണുകള്‍ക്കിടയില്‍ ക.ഫ.റ. എന്ന് എഴുതെട്ടിരിക്കും. അവന്‍ അവനേടുകൂടി സ്വര്‍ഗ്ഗ നരകങ്ങളുടെ സാദൃശ്യങ്ങള്‍ കൊണ്ടുവരും എന്ന് മറ്റൊരു പ്രസ്താവനയില്‍ പറഞ്ഞിരിക്കുന്നു. എന്നാല്‍, അവന്‍ ഏതൊന്നിനെപ്പറ്റി സ്വര്‍ഗ്ഗമെന്ന് പറയുമോ അത് യഥാര്‍ത്ഥത്തില്‍ നരകമായിരിക്കും. മറ്റൊരു റിപ്പോര്‍ട്ടില്‍ പറയുന്നു: ദജ്ജാല്‍ പുറപ്പെടുമ്പോള്‍ അവനോടൊന്നിച്ച് വെള്ളവും തീയുമുണ്ടാകും. എന്നാല്‍ ജനങ്ങള്‍ വെള്ളമായി കാണുന്നത് യഥാര്‍ത്ഥത്തില്‍ ദഹിപ്പിക്കുന്ന തീ ആയിരിക്കും. ജനങ്ങള്‍ തീയായി കാണുന്നത് യഥാര്‍ത്ഥത്തില്‍ തണുപ്പും സ്വാദുമുള്ള വെള്ളമായിരിക്കും. ദജ്ജാലിന്റെ ഒരു കണ്ണ് കാഴ്ചയില്ലാത്തതായിരിക്കും. അവന്റെ കണ്ണുകള്‍ക്കിടയില്‍ കാഫിര്‍ എന്ന് എഴുതപ്പെട്ടിട്ടുണ്ടാകും. അക്ഷരജ്ഞാനമുള്ളവരും അല്ലാത്തവരുമായ എല്ലാ വിശ്വാസികള്‍ക്കും അത് വായിക്കാന്‍ കഴിയും. മറ്റൊരു രിവായത്തില്‍ പറഞ്ഞിരിക്കുന്നു. ദജ്ജാല്‍ മഴ പെയ്യാന്‍ ആകാശത്തോട് കല്‍പിക്കുമ്പോള്‍ ആകാശം വെള്ളം ചൊരിയുകയും മുളപ്പിക്കുക എന്ന് ഭൂമിയോട് കല്‍പിക്കുമ്പോള്‍ ഭൂമി മുളപ്പിക്കുകയും ചെയ്യും. അവന്‍ പാഴ്ഭൂമിയില്‍ കൂടി നടക്കുമ്പോള്‍ നിന്റെ നിക്ഷേപങ്ങള്‍ പുറത്തേക്ക് കൊണ്ടു വരിക എന്ന് അതിനോട് പറയുകയും നിക്ഷേപങ്ങള്‍ പുറത്തു വന്നു അവനെ പിന്തുടരുകയും ചെയ്യും. മറ്റൊരു രിവായത്തില്‍ പറയുന്നു: ഞാന്‍ ഇവനെ കൊല്ലുകയും ജീവിപ്പിക്കുകയും ചെയ്യുകയാണെങ്കില്‍ നിങ്ങള്‍ എന്റെ കാര്യത്തില്‍ സംശയിക്കുമോ എന്ന് ദജ്ജാല്‍ ജനങ്ങളോട് ചോദിക്കും. ഇല്ലെന്ന് ജനങ്ങള്‍ മറുപടി പറയും. അനന്തരം ദജ്ജാല്‍ അവനെ കൊല്ലുകയും വീണ്ടും ജീവിപ്പിക്കുകയും ചെയ്യും. മറ്റൊരു രിവായത്തില്‍ പറയുകയാണ്: അവന്റെ കൂടെ റൊട്ടിയുടെ മലയും വെള്ളത്തിന്റെ തോടും ഉണ്ടാകും. മറ്റൊരു രിവായത്തില്‍ പറയുകയാണ്: ദജ്ജാല്‍ ഒരു വെളുത്ത കഴുതപ്പുറത്ത് പ്രത്യക്ഷപ്പെടും. ആ കഴുതയുടെ ഒരു ചെവി മുതല്‍ മറ്റെ ചെവി വരെ 70 വാര അകലമുണ്ടാവും” (മിശ്കാത്ത്, കിത്താബുല്‍ ഫിത്തന്‍).

മിശ്കാത്തിലെ പല രിവായത്തുകളിൽ നിന്ന് സംഗ്രഹിച്ചു ചേര്‍ത്തിട്ടുള്ള ദജ്ജാലിനെ സംബന്ധിച്ച വിവരണമാണിത്. ഇനി നമുക്ക് നോക്കാനുള്ളത് ഈ ദജ്ജാല്‍ ആരാണ്, അവന്‍ വന്നുകഴിഞ്ഞോ ഇല്ലയോ എന്നതാണ്. ഈ കാര്യത്തില്‍ പ്രഥമഗണനീയം അറബി ഭാഷയില്‍ ദജ്ജാല്‍ എന്ന പദത്തിന് എന്ത് അര്‍ത്ഥം പറയുന്നു എന്ന പരിശോധനയാണ്.

ദജ്ജാല്‍ എന്ന പദത്തിന് ആറ് അര്‍ത്ഥങ്ങളാണ് അറബിഭാഷയില്‍ ഉള്ളത്.

1. ഭയങ്കരമായ കളവു പറയുന്നവന്‍.

2. മറയ്ക്കുന്നവന്‍. അറബിയില്‍ “البعير دجل “ എന്നു പറഞ്ഞാല്‍ യാതൊരു പഴുതുമില്ലാത്തവിധം ഒട്ടകത്തിന്റെ ശരീരം മൈലാഞ്ചികൊണ്ട് അവന്‍ മൂടിയെന്നാണ്. ദജ്ജാല്‍ എന്ന പദം ഇതേ മൂലത്തില്‍ നിന്നുത്ഭവിച്ചതാണെന്ന് താജുല്‍ അറൂസില്‍ പറയുന്നു:

لانه يعم الارض كما ان الهناء يعم الجسد

മൈലാഞ്ചി ശരീരത്തെയെന്നപോലെ അവന്‍ ഭൂമിയെ മുഴുവന്‍ മറച്ചു കളയും. 3. ലോകത്ത് സഞ്ചാരം നടത്തുന്നവന്‍. അറബി ഭാഷാനിഘണ്ടുവില്‍ ഇങ്ങനെ പറഞ്ഞിരിക്കുന്നു:

دجل الرجل اذا قطع نواحي الارض سيرا

ഒരാള്‍ ലോകസഞ്ചാരം ചെയ്താല്‍ ദജലര്‍റജ്‌ലു എന്നു പറയും.

4. വലിയ കുബേരന്‍, നിക്ഷേപകന്‍. സ്വര്‍ണ്ണത്തിനും ദജ്ജാല്‍ എന്നു പറയും.

5. വലിയ ജനസമൂഹത്തിനും ദജ്ജാല്‍ എന്ന് പറയും

التي تغتى الارض بكثرة اهلها

വ്യക്തികളുടെ ആധിക്യത്താല്‍ ലോകത്തെ മറച്ചുകളയുന്ന ജനക്കൂട്ടം.

6. التي تحمل المتاع التجارة ദജ്ജാല്‍ എന്ന പദം കച്ചവട സാമാനങ്ങള്‍ പേറിക്കൊണ്ട് സഞ്ചരിക്കുന്ന ജനക്കൂട്ടത്തിനും ഉപയോഗിക്കും.

ഈ എല്ലാ അര്‍ത്ഥങ്ങളും വിശ്വാസയോഗ്യവും സുപ്രസിദ്ധവുമായ താജുല്‍അറൂസ് എന്ന അറബിനിഘണ്ടുവില്‍ രേഖപ്പെടുത്തിയിട്ടുള്ളവയാണ്. ഈ അര്‍ത്ഥങ്ങള്‍ മുന്‍നിറുത്തി നോക്കുമ്പോള്‍ ദജ്ജാല്‍, തങ്ങളുടെ കച്ചവടച്ചരക്കുകളുമായി ലോകം മുഴുവന്‍ സഞ്ചരിക്കുന്ന വമ്പിച്ചൊരു ജനസമൂഹമാണെന്ന് മനസ്സിലാകുന്നതാണ്. അവരുടെ തൊഴില്‍ കച്ചവടമായിരിക്കും. അവര്‍ വലിയ സമ്പന്നരായിരിക്കും. ലോകം മുഴുവന്‍ അവര്‍ സഞ്ചാരം കൊണ്ട് തരണം ചെയ്യും. മതപരമായി ഭയങ്കരമായ കള്ളവിശ്വാസത്തില്‍ അടിയുറച്ചവരായിരിക്കുകയും ചെയ്യും. കഴുതയുടെ ചെവികൊണ്ട് ഉദ്ദേശിക്കപ്പെട്ടത് തീവണ്ടിയുടെ രണ്ടറ്റങ്ങളിലിരിക്കുന്ന ഡ്രൈവറും ഗാര്‍ഡുമാണ്! തീവണ്ടിയുടെ നീളമാണ് രണ്ട് ചെവികള്‍ക്കിടയിലുള്ള അകലമായി പറയെട്ടിരിക്കുന്നത്. തീവണ്ടിയുടെ നീളവും ഏറെക്കുറെ 70 വാരയാകുന്നു. മേല്‍പറഞ്ഞ ലക്ഷണങ്ങളെല്ലാം പാശ്ചാത്യജനങ്ങളില്‍ എത്ര വ്യക്തമായി കാണപ്പെടുന്നുവെന്നു നോക്കുക. അവസാനകാലത്ത് ദജ്ജാല്‍ പുറപ്പെടുമെന്ന് പറഞ്ഞതുകൊണ്ട് മനസ്സിലാകുന്നത് അവന്‍ മുമ്പേയുള്ളവനാണെന്നാണ്. ചില ഹദീഥുകളും ഈ സംഗതി സൂചിപ്പിക്കുന്നുണ്ട്. എന്നാല്‍, മുമ്പേ അവന്‍ അവന്റെ രാജ്യത്ത് ബന്ധനസ്ഥനായിരുന്നെങ്കില്‍ ഖിയാമത്തിനടുത്ത് പ്രതാപത്തോടുകൂടി പുറത്തു വരികയും മുഴുവന്‍ ലോകത്തും പരക്കുകയും ചെയ്യും.

അത് അങ്ങനെത്തന്നെ സംഭവിച്ചു. പാശ്ചാത്യ ജനങ്ങള്‍ മുമ്പേ അവരുടെ രാജ്യങ്ങളില്‍ ഉറങ്ങിക്കഴിയുകയായിരുന്നു. എന്നാല്‍, അവര്‍ ഉണര്‍ന്നു ഭൂമുഖം മുഴുവന്‍ വ്യാപിച്ചിരിക്കുകയാണ് ഇന്ന്. നബി തിരുമേനി, ദജ്ജാലിനെ ഒരു ഒറ്റ വ്യക്തിയുടെ രൂപത്തില്‍ കണ്ട സ്ഥിതിക്ക് അവന്‍ എങ്ങനെയാണ് ഒരു ജനസമൂഹമായിത്തീരുന്നതെന്ന സംശയം അര്‍ത്ഥരഹിതമാണ്. എന്തെന്നാല്‍, നബി തിരുമേനി ആ കാഴ്ച കണ്ടത് ആദ്ധ്യാത്മിക ദര്‍ശനത്തിലായിരുന്നു.

അതിനെറ്റി ബുഖാരിയില്‍ പറയുന്നത് ഇപ്രകാരമാണ്:

بیننا انا نائم اطوف بالكعبة

“ഞാന്‍ ഉറങ്ങിക്കൊണ്ടിരിക്കെ കഅ്ബ പ്രദക്ഷിണം ചെയ്യുന്നതായി കണ്ടു.“ സ്വപ്നങ്ങള്‍ എപ്പോഴും വ്യാഖ്യാന വിധേയമാണെന്ന സംഗതി സര്‍വ്വരാലും സമ്മതിക്കെട്ടതാണ്. സ്വപ്നത്തില്‍ പലപ്പോഴും വ്യക്തി സമൂഹത്തെ പ്രതിനിധാനം ചെയ്യുന്നു. ഉദാഹരണമായി ഈജിപ്തിലെ രാജാവ് ഏഴ് കൊല്ലത്തെ ക്ഷാമത്തെറ്റി ഏഴ് മെലിഞ്ഞ പശുക്കളെയാണ് സ്വപ്നത്തില്‍ കണ്ടതെന്ന് സൂറഃയൂസുഫില്‍ പറയുന്നു. അതിന് ഹദ്‌റത്ത് യൂസുഫ് നബി(അ) വ്യാഖ്യാനം നല്‍കിയത് ഒരു പശു, ഒരു കൊല്ലത്തെ മുഴുവന്‍ നാല്‍ക്കാലികളെ മാത്രമല്ല മുഴുവന്‍ ജന്തുജാലങ്ങളെത്തന്നെയും പ്രതിനിധാനം ചെയ്യുന്നുവെന്നാണ്. പശു മെലിഞ്ഞതു കണ്ടത് ക്ഷാമത്തെയും ഏഴ് പശുക്കളെ കണ്ടത് ഏഴു കൊല്ലത്തെ ക്ഷാമത്തെയും ആണ് സൂചിപ്പിക്കുന്നതെ ന്നും അദ്ദേഹം വ്യാഖ്യാനിച്ചു. അങ്ങനെ എല്ലാ ജീവജാലങ്ങള്‍ക്കും പകരം കണ്ടത് ഒരു പശുവിനെയാണ്. ഇതേപ്രകാരം തന്നെയാണ് നബിതിരുമേനിക്ക് ദജ്ജാലിനെയും ഒരു വ്യക്തിയുടെ രൂപത്തില്‍ അല്ലാഹു കാണിച്ചു കൊടുത്തത്. അത് ദര്‍ശനരൂപാത്മകമായ ഭാഷയോടും തികച്ചും യോജിച്ചതുതന്നെയാകുന്നു.

ചുരുക്കത്തില്‍ ദജ്ജാല്‍ എന്നതുകൊണ്ട് ഉദ്ദേശിക്കപ്പെട്ടത് ഒരു വ്യക്തിയല്ലെന്നും നേരെമറിച്ച്, ഇക്കാലത്ത് ക്രൈസ്തവ ജനതയുടെ രൂപത്തില്‍ പ്രത്യക്ഷപ്പെട്ട വമ്പിച്ചൊരു ജനസമൂഹമാണെന്നുമുള്ളതാണ് വാസ്തവം. അതിനുള്ള തെളിവുകള്‍ താഴെ പറയുന്നവയാണ്:

1. അറബി ഭാഷയില്‍ ഒരു സമൂഹത്തിനും ദജ്ജാല്‍ എന്നു പറയും. അതിനാല്‍ അതൊരു വ്യക്തി ആയേ തീരൂ എന്നില്ല.

2. ദജ്ജാലിനെ സംബന്ധിച്ച് പറയപ്പെട്ടിട്ടുള്ള കുഴപ്പവും അവനുണ്ടായിരിക്കേണ്ട കഴിവുകളും ഒരു വ്യക്തിയില്‍ ഒരുമിച്ചുകൂടുകയെന്നത് ബുദ്ധിക്കും യുക്തിക്കും യോജിക്കാത്തതാണ്.

3. ദജ്ജാലിന്റെ ലക്ഷണങ്ങള്‍ വിവരിക്കുന്നതിനായി ഉപയോഗിക്കപ്പെട്ടിട്ടുള്ള പദങ്ങളെപ്പറ്റി ചിന്തിക്കുമ്പോള്‍ ആ പ്രവചനത്തില്‍ ഉപമാലങ്കാരങ്ങള്‍ക്ക് സ്ഥാനം നല്കപ്പെട്ടിട്ടുണ്ടെന്ന് നല്ലതുപോലെ മനസ്സിലാകുന്നു. ബാഹ്യാര്‍ത്ഥമായി എടുക്കുകയാണെങ്കില്‍ നഊദു ബില്ലാ, ദജ്ജാലിന് ചില ദൈവിക ശക്തികളുണ്ടെന്ന് സമ്മതിക്കേണ്ടി വരും.

4. ദജ്ജാലിന് പറയപ്പെട്ടിട്ടുള്ള എല്ലാ ലക്ഷണങ്ങളും ക്രൈസ്തവജനതകളില്‍ തെളിഞ്ഞു കാണുന്നുണ്ട്.

5. ദജ്ജാലിന്റെ കുഴപ്പം ഏറ്റവും വലിയ കുഴപ്പമായിരിക്കുമെന്നാണ് പറയെട്ടിരിക്കുന്നത്. ക്രൈസ്തവ ജനതയുടെ അതിഭൗതികതയും മതതത്ത്വവും ഇന്ന് മതത്തിനും ദൈവവിശ്വാസത്തിനും വരുത്തിത്തീര്‍ത്തിട്ടുള്ള കെടുതി മുമ്പൊരിക്കലും ഉണ്ടായിട്ടില്ലെന്നും മേലില്‍ ഉണ്ടാകുമെന്ന് വിചാരിക്കാന്‍ നിവൃത്തിയില്ലെന്നും അനുഭവം മനസ്സിലാക്കിത്തരുന്നു. കൂടാതെ ഏറ്റവും വലിയ കുഴപ്പം ക്രിസ്തുമതത്തിന്റെതായിരിക്കുമെന്നാണ് സൂറഃഫാത്തിഹയും പഠിപ്പിക്കുന്നത്.

6. നബിതിരുമേനി മദീനയിലെ ഒരു യഹൂദ യുവാവായ ഇബ്‌നുസയ്യാദിനെ സംബന്ധിച്ച് അദ്ദേഹം പിന്നീട് മുസ്‌ലിമായി ദജ്ജാലാണെന്ന സംശയം പ്രകടിപ്പിക്കുകയുണ്ടായി. അവന്‍ ദജ്ജാലാണെന്ന് നബിതിരുമേനിയുടെ മുമ്പില്‍ വെച്ച് ഹദ്‌റത്ത് ഉമര്‍ സത്യം ചെയ്തു പറഞ്ഞപ്പോള്‍ തിരുമേനി അതിനെ നിഷേധിക്കുകയും ചെയ്തില്ല(മിശ്ക്കാത്ത്).

ഇബ്‌നുസയ്യാദിലാവട്ടെ, ദജ്ജാലിന്റെ ലക്ഷണങ്ങളില്‍ പലതും കാണപ്പെട്ടിരുന്നതുമില്ല. നബിതിരുമേനിയും സ്വഹാത്തും ദജ്ജാലിനെ സംബന്ധിച്ച പ്രവചനത്തെ ആലങ്കാരികമായിട്ടാണ് കണ്ടിരുന്നതെന്നും എല്ലാ ലക്ഷണങ്ങളും അക്ഷരാര്‍ത്ഥത്തില്‍ പ്രകടമായി കാണേണ്ടത് ആവശ്യമായി കരുതിയിരുന്നില്ലെന്നുമാണ് ഇതില്‍നിന്ന് വ്യക്തമായി തെളിയുന്നത്.

7. ദജ്ജാലിന്റെ കുഴപ്പത്തില്‍നിന്ന് രക്ഷപ്രാപിക്കുന്നതിനായി സൂറഃ കഹ്ഫിലെ പ്രാരംഭവചനങ്ങള്‍ ഓതിക്കൊണ്ടിരിക്കാന്‍ നബി തിരുമേനി ഉപദേശിച്ചിട്ടുണ്ട്. സൂറഃകഹ്ഫിന്റെ പ്രാരംഭ വചനങ്ങളിലെ പ്രതിപാദ്യം ക്രിസ്തുമതത്തിന്റെ തെറ്റായ വിശ്വാസങ്ങളുടെ ഖണ്ഡനമാണ്.

اَلۡحَمۡدُ لِلّٰہِ الَّذِیۡۤ اَنۡزَلَ عَلٰی عَبۡدِہِ الۡکِتٰبَ وَ لَمۡ یَجۡعَلۡ لَّہٗ عِوَجًا ؕ﴿ٜ۲ قَیِّمًا لِّیُنۡذِرَ بَاۡسًا شَدِیۡدًا مِّنۡ لَّدُنۡہُ وَ یُبَشِّرَ الۡمُؤۡمِنِیۡنَ الَّذِیۡنَ یَعۡمَلُوۡنَ الصّٰلِحٰتِ اَنَّ لَہُمۡ اَجۡرًا حَسَنًا ۙ﴿۳ مَّاکِثِیۡنَ فِیۡہِ اَبَدًا ۙ﴿۴ وَّ یُنۡذِرَ الَّذِیۡنَ قَالُوا اتَّخَذَ اللّٰہُ وَلَدًا ٭﴿۵ مَا لَہُمۡ بِہٖ مِنۡ عِلۡمٍ وَّ لَا لِاٰبَآئِہِمۡ ؕ کَبُرَتۡ کَلِمَۃً تَخۡرُجُ مِنۡ اَفۡوَاہِہِمۡ ؕ اِنۡ یَّقُوۡلُوۡنَ اِلَّا کَذِبًا ﴿۶ فَلَعَلَّکَ بَاخِعٌ نَّفۡسَکَ عَلٰۤی اٰثَارِہِمۡ اِنۡ لَّمۡ یُؤۡمِنُوۡا بِہٰذَا الۡحَدِیۡثِ اَسَفًا ﴿۷ اِنَّا جَعَلۡنَا مَا عَلَی الۡاَرۡضِ زِیۡنَۃً لَّہَا لِنَبۡلُوَہُمۡ اَیُّہُمۡ اَحۡسَنُ عَمَلًا ﴿۸ وَ اِنَّا لَجٰعِلُوۡنَ مَا عَلَیۡہَا صَعِیۡدًا جُرُزًا ؕ﴿۹

തന്റെ ദാസന് ഈ ഗ്രന്ഥം ഇറക്കിക്കൊടുത്ത അല്ലാഹുവിനാണ് എല്ലാ സ്തുതിയും……… അല്ലാഹു തനിക്കായി ഒരു പുത്രനെസ്വീകരിച്ചിരിക്കുന്നു എന്ന് പറയുന്നവര്‍ക്ക് മുന്നറിയിപ്പ് നല്കുന്നതിനുവേണ്ടിയാണ് (ഈ ഗ്രന്ഥം ഇറക്കിയിട്ടുള്ളത്). അവര്‍ക്കോ അവരുടെ പിതാക്കള്‍ക്കോ അതു സംബന്ധിച്ച ഒരറിവുമില്ല. അവരുടെ മുഖത്തുനിന്ന് പുറപ്പെടുന്ന വാക്കുകള്‍ ഗുരുതരമായതാണ്. കള്ളമല്ലാതെ അവര്‍ പറയുന്നില്ല……………..

ഇക്കാലത്ത് അസാധാരണമായ നിലയില്‍ പ്രതാപം പ്രാപിക്കുകയും ലോകം മുഴുവന്‍ വ്യാപിക്കുകയും ചെയ്തിട്ടുള്ള ക്രൈസ്തവജനതയാണ് ദജ്ജാല്‍ എന്നതിലേക്ക് ഇതില്‍ കവിഞ്ഞ തെളിവ് മറ്റെന്താണ് വേണ്ടത്?

ഈ ദജ്ജാലിന്റെ ദജ്ജാലിയ്യത്ത് അവരുടെ ഭൗതികതയും തെറ്റായ വിശ്വാസങ്ങളുമാണ്. കണ്ണുള്ളവര്‍ കണ്ടു കൊള്ളട്ടെ. ഹദ്‌റത്ത് അഹ്മദ്(അ) അദ്ദേഹത്തിന്റെ എതിരാളികളായ മൗലവിമാരെ സംബോധനം ചെയ്തുകൊണ്ട് എത്ര ഭംഗിയായാണ് ഒരിടത്ത് എഴുതിയിരിക്കുന്നത്! അദ്ദേഹം പറയുകയാണ്:

‘ദജ്ജാല്‍’ അത്ഭുത സൃഷ്ടിയായ ഒരു വ്യക്തിയാണെന്ന് കരുതി നിങ്ങള്‍ കാത്തിരിക്കുകയാണ്. എന്നാല്‍, നിങ്ങളുടെ സാങ്കല്‍പികമായ ആ ദജ്ജാലിന്റെ പിതാവിനുപോലും ആലോചിക്കാന്‍ കഴിയാത്ത ഭയങ്കരമായ വഞ്ചനയും കുഴപ്പവുമാണ് നിങ്ങളുടെ കണ്‍മുന്നില്‍ പ്രത്യക്ഷപ്പെട്ടു കൊണ്ടിരിക്കുന്നത്’. ഫഫ്ഹമു വതദബ്ബറൂ.

8. നബിതിരുമേനിയുടെ അനുയായികളില്‍ ഒരാളായ തമീംദാരി തനിക്കുണ്ടായ ഒരു സ്വപ്നത്തില്‍ ദജ്ജാലിനെ ഒരു ചര്‍ച്ചില്‍ ബന്ധിക്കപ്പെട്ട നിലയില്‍ കണ്ടതായി സ്വഹീഹ് മുസ്‌ലിം രേഖപ്പെടുത്തുന്നു. ഇക്കാര്യം അദ്ദേഹം തിരുമേനിയോടും തിരുമേനി ജനങ്ങളോടും പറയുകയും ചെയ്തു. ചര്‍ച്ചില്‍നിന്ന് പുറത്തേക്കു വരുന്നവര്‍ ആരായിരിക്കും എന്നത് ആലോചിച്ചറിയാവുന്ന കാര്യമാണല്ലോ.

അവലംബം : തബ്ലീഗെ-ഹദായത്ത് സന്മാർഗ്ഗദർശിനി