വാഗ്ദത്ത മസീഹിന്റെ ജീവിത പരിശുദ്ധി

സത്യവാനായ ഒരു പ്രവാചകന്റെ പരിശുദ്ധിയെ സംബന്ധിച്ച് ഖുർആനിൽ അല്ലാഹു അദ്ദേഹത്തിന്റെ മനോഹരമായ ദൃഷ്ടാന്തം പ്രസ്താവിക്കുന്നു. ഇത് ഒരു പ്രവാചകന്റെ മനോഹരമായ അടയാളമാണ്, ഇത് ഒരു യഥാർത്ഥ പ്രവാചകന്റെ സത്യസന്ധത തിരിച്ചറിയുന്നത് എളുപ്പമാക്കുന്നു. അല്ലാഹു പ്രസ്താവിക്കുന്നു:

قُلْ لَوْ شَاءَ اللَّهُ مَا تَلَوْتُهُ عَلَيْكُمْ وَلَا أَدْرَاكُمْ بِهِ ۖ فَقَدْ لَبِثْتُ فِيكُمْ عُمُرًا مِنْ قَبْلِهِ ۚ أَفَلَا تَعْقِلُونَ {17} فَمَنْ أَظْلَمُ مِمَّنِ افْتَرَىٰ عَلَى اللَّهِ كَذِبًا أَوْ كَذَّبَ بِآيَاتِهِ ۚ إِنَّهُ لَا يُفْلِحُ الْمُجْرِمُونَ{18}

17. പറയുക, ‘[ഇതല്ലാത്ത മറ്റൊരു അധ്യാപനം നല്കണമെന്ന്] അല്ലാഹു ഉദ്ദേശിച്ചിരുന്നുവെങ്കിൽ ഇത് (ഖുർആൻ) നിങ്ങൾക്ക് ഞാൻ ഓതിക്കേൾപിക്കുമായിരുന്നില്ല. അവൻ നിങ്ങൾക്ക് അതിനെ സംബന്ധിച്ച് അറിവ് തരുകയുമില്ലായിരുന്നു. ഇതിനു മുമ്പ് ഒരു ദീർഘകാലം ഞാൻ നിങ്ങളുടെയി ടയിൽ ജീവിച്ചിട്ടുണ്ടല്ലോ? എന്നിട്ടും നിങ്ങൾ കാര്യങ്ങൾ ഗ്രഹിക്കുന്നില്ലേ?

18. അപ്പോൾ, അല്ലാഹുവിന്റെ പേരിൽ കള്ളം കെട്ടിച്ചമയ്ക്കുകയോ അല്ലെങ്കിൽ അവന്റെ ദൃഷ്ടാന്തങ്ങളെ നിഷേധിക്കുകയോ ചെയ്യുന്നവനെക്കാൾ വലിയ അക്രമിമറ്റാരാണ്? തീർച്ചയായും കുറ്റവാളികൾ വിജയിക്കുകയില്ല.

(വിശുദ്ധ ഖുർആൻ 10:17-18)

ഈ വാദഗതി ഖുർആനിൽ അല്ലാഹു നമുക്ക് നല്കിയ അത്യന്തം മനോഹരമായ ഒരു തെളിവാണ്. ഒരു പ്രവാചകന്റെ സ്വഭാവസവിശേഷതകളിലൊന്നാണ് ആ പ്രവാചകന്റെ സത്യസന്ധ എന്നുള്ളതാണ് ഈ ആയത്തിലൂടെ വ്യക്തമാകുന്നത്. പ്രവാചകത്വത്തിന്റെ അവകാശവാദിയുടെ മുൻജീവിതം സത്യസന്ധതയുടെ ജീവിതമായിരിക്കണമെന്ന് ഈ ആയത്ത് നമുക്ക് ബോധ്യപ്പെടുത്തിതരുന്നു.

ഹദ്റത്ത് ഖുതുബുൽ ഔലിയ അബു ഇഷാഖ് ഇബ്രാഹിം ബിൻ ഷെർയാർ (റ) ഇപ്രകാരം പറയുന്നു:

“ചെറുപ്രായത്തിൽ അല്ലാഹുവോട് അനുസരണമുള്ള ഒരാൾ വാർദ്ധക്യത്തിലും അല്ലാഹുവിന് കീഴ്പെടുന്നവനായിരിക്കും.” (തസ്കിറാത്തുൽ ഔലിയ, ഹദ്റത്ത് ഷെയ്ഖ് ഫരീദുദ്ദീൻ അത്താ, അധ്യായം 76 പേജ് 427)

وَأَنْذِرْ عَشِيرَتَكَ الأَقْرَبِينَ (26:215)

അടുത്ത ബന്ധുക്കൾക്ക് നീ താക്കീത് നല്കുക“ എന്നുള്ള ആയത്ത് അവതരിച്ചപ്പോൾ, തിരുനബി (സ) സഫാമലമുകളിൽ കയറിനിന്നുകൊണ്ട് “ഹേ ബാനി ഫിഹ്ര്! ഓ, ബനീ ആദി! ഖുറൈശികളിലെ വിവിധ ഗോത്രങ്ങളെ വിളിച്ചുകൂട്ടുന്നതുവരെ ഇങ്ങനെ വിളിച്ചുപറഞ്ഞു. അവിടെപോകുവാൻ സാധിക്കാതിരുന്നവർ തങ്ങളുടെ ദൂതന്മാമാരെ പറഞ്ഞയച്ചു. അപ്പോൾ അവിടെ അബൂലഹബും ഖുറൈശികളിലുള്ള മറ്റു ആളുകളും വന്നു. തിരുനബി(സ) അവരോട് പറഞ്ഞു : “ ഈ താഴ്വരയിൽ നിങ്ങളെ ആക്രമിക്കാനുദ്ദേശിച്ചുകൊണ്ട് ഒരു കുതിരപ്പടയുണ്ടെന്ന് ഞാൻ നിങ്ങളോട് പറഞ്ഞിരുന്നെങ്കിൽ, നിങ്ങൾ എന്നെ വിശ്വസിക്കുമോ?“ അവർ പറഞ്ഞു: “അതെ, നീ സത്യമല്ലാതെ മറ്റൊന്നും പറയുന്നത് ഞങ്ങൾ കേട്ടിട്ടില്ല“ അദ്ദേഹം പറഞ്ഞു: “അതിഭയങ്കരമായ ശിക്ഷയെപറ്റിയുള്ള താക്കീതുകാരനായികൊണ്ടാണ് ഞാൻ വന്നിരിക്കുന്നത്.” അബൂലഹബ് പറഞ്ഞു : “നിന്റെ കൈ നാശമടഞ്ഞുപോകട്ടെ, ഇതിനായാണോ നീ ഞങ്ങളെ വിളിച്ചുകൂട്ടിയത്”. ശേഷം “അബൂലഹബിന്റെ ഇരുകരങ്ങളും തകർന്നു. അവൻ തന്നെയും തകർന്നു കഴിഞ്ഞു. അവന്റെ ധനമോ അവൻ പരിശ്രമിച്ചു സമ്പാദിച്ചതോ അവന് ഒരു പ്രയോജനവും ചെയ്തില്ല.” {‏تَبَّتْ يَدَا أَبِي لَهَبٍ وَتَبَّ * مَا أَغْنَى عَنْهُ مَالُهُ وَمَا كَسَبَ‏}‏ എന്ന ആയത്ത് അവതരിച്ചു.
(സഹിഹ് ബുഖാരി, വാല്യം 6, പുസ്തകം 60, ഹദീസ് 293)

പ്രവാചകന്മാരുടെ അവകാശവാദങ്ങൾക്ക് മുമ്പ്, അവരുടെ ശത്രുക്കൾ പോലും അവരുടെ ശുദ്ധമായ സ്വഭാവത്തിന് സാക്ഷ്യം വഹിക്കുന്നുവെന്ന് വ്യക്തമാണ്. ദൈവ നിയോഗിതരുടെ യഥാർത്ഥ ചരിത്രം വിശുദ്ധ ഖുർആൻ വിവരിക്കുന്നുണ്ട്. അവരുടെ സത്യസാക്ഷ്വത്തിനുള്ള ഏറ്റവും വലിയ തെളിവ് അവരുടെ വാദത്തിനു മുൻപുള്ള പരിശുദ്ധ ജീവിതമാണ് എന്നാണ് അതിൽ നിന്നും മനസ്സിലാകുന്നത്. ശിർക്കിൽ നിന്നും മറ്റു തിന്മകളിൽ നിന്നും അല്ലാഹു അവരെ സംരക്ഷിക്കുന്നു. സമൂഹം അവരുടെ പവിത്രതയെ അംഗീകരിക്കുമാറ് ധർമ്മനിഷ്ഠയോടു കൂടിയ ജീവിതം അവർ നയിക്കുന്നു. വാദത്തിനു ശേഷം ശത്രുക്കൾ അവരുടെ മേൽ പലവിധ വ്യാജാരോപണങ്ങളും ഉന്നയിക്കാറുണ്ടെങ്കിലും വാദത്തിനു മുൻപ് അവരുടെ ജീവിതത്തിൽ ഒരു പെരുവിരൽ പോലും അനക്കാൻ അവർക്കാവില്ല. ആയതിനാൽ വാദത്തിന് ശേഷമുള്ള ആക്ഷേപങ്ങൾ പരിഗണനാർഹമല്ല. കാരണം, അത് ശത്രുതയിൽ നിന്നുദ്ഭവിച്ചതാണ്. വാദത്തിനു മുൻപ് ഒരു സാധാരണ വ്യക്തി എന്ന നിലയിൽ അദ്ദേഹം നയിച്ച പരിശുദ്ധ ജീവിതമാണ് ശ്രദ്ധാർഹമായിരിക്കുന്നത്.

സൂഫി പണ്ഡിതൻ ഹദ്റത്ത് ദാറ്റാ ഗഞ്ച് ബക്ഷ് (റഹ്) പറയുന്നു:

’’رسول اﷲ صلی اﷲ علیہ وسلم جو صاحبانِ حق کے پیشرو اور امام ہوئے اور محبانِ خدا کے پیشوا ۔ جب تک برہانِ حق اور رسالت نے ان پر ظہور نہ پایا اور وحی نازل نہ ہوتی تب تک نیک نام رہے اور جب دوستی کی خلعت نے سرِ مبارک پر زیب دیا تو خلقت نے ملامت سے ان پر زبان درازی کیبعض نے کاہن کہہ دیا اور بعض نے شاعر اور بعض نے دیوانہ اور بعض نے جھوٹ کا الزام دیا ۔ ایسی ہی اور گستاخی جائز رکھی ۔‘‘

“അല്ലാഹുവിന്റെ വചനങ്ങൾ അദ്ദേഹത്തിൽ അവതരിക്കുകയും അദ്ദേഹം ദൈവദൂതനായി തീരുകയും അദ്ദേഹത്തിനു വെളിപാടുകൾ ലഭിക്കാൻ തുടങ്ങുകയും ചെയ്തത് മുതൽ ജനങ്ങൾ അദ്ദേഹത്തെ നിരാകരിക്കുകയുണ്ടായി, അതിനു മുമ്പുവരെ അല്ലഹുവിന്റെ തിരുദൂതർ(സ) സത്യവാൻമാരുടെ മുൻഗാമിയുമായും ഇമാമും, ദൈവത്തെ സ്നേഹിക്കുന്നവരുടെ നേതാവും ജനങ്ങൾക്കിടയിൽ സുപ്രസിദ്ധനും സൽക്കർമ്മകാരിയുമായിരുന്നു,  അതിനു ശേഷം ചിലർ അദ്ദേഹത്തെ ജാലവിദ്യക്കാരനെന്നും കവി എന്നും മറ്റു ചിലർ ഭ്രാന്തൻ എന്നും ചിലർ വ്യാജനെന്നു പറയുകയും ചെയ്തു. അങ്ങനെ, അവർ അദ്ദേഹത്തിന്നെതിരെ എല്ലാത്തരം അധിക്ഷേപങ്ങളും സ്വീകാര്യമായി കണക്കാക്കി.“ (കഷ്ഫുൽ മഹ്ജുബ് അധ്യായം 4)

അഹ്മദിയ്യാ പ്രസ്ഥാന സ്ഥാപകരായ ഹ: മിർസാ ഗുലാം അഹ്മദ് വാദിച്ചത് ഇക്കാലഘട്ടത്തിലെ ദൈവനിയോഗിതനും മുസ്ലീം സമദായം ആയിരത്തി നാനൂറ് വർഷമായി കാത്തിരിക്കുന്ന വാഗ്ദത്ത വ്യക്തിയുമാണ് താനെന്നാണ്. തന്റെ സത്യതയ്ക് തെളിവായി വാദത്തിനു മുൻപുള്ള തന്റെ പരിശുദ്ധ ജീവിതത്തെയാണ് അദ്ദേഹം സമർപ്പിച്ചത്. എതിരാളികളെ വെല്ലുവിളിച്ചു കൊണ്ട് അദ്ദേഹം പറഞ്ഞു:
“എന്റെ ആദ്യകാല ജീവിതത്തിൽ ഏതെങ്കിലും ഒരു കളവോ വഞ്ചനയോ ചൂണ്ടിക്കാണിക്കാൻ നിങ്ങൾക്കാവില്ല എന്തെന്നാൽ, കളവും കറ്റുകെട്ടും ശീലമാക്കിയവനെ സംബന്ധിച്ച് ഇതും അവൻ പടച്ചുണ്ടാക്കിയതാവാം എന്ന ചിന്ത നിങ്ങളെ ഗ്രസിച്ചേക്കാം. എന്റെ ജീവിതത്തിൽ വല്ല തെറ്റുകുറ്റമോ ചൂണ്ടിക്കാണിക്കാൻ നിങ്ങളിൽ ആർക്കെങ്കിലും കഴിയുമോ? തുടക്കം മുതൽ അല്ലാഹു എന്നെ ഭയഭക്തിയിൽ നിലനിർത്തി എന്നത് അവന്റെ അനുഗ്രഹമത്രേ. ചിന്തിക്കുന്നവർക്ക് ഇതൊരു തെളിവാണ്“.

വീണ്ടും പറയുന്നു:
“എന്റെ പ്രായം വളരെയധികം കഴിഞ്ഞു കടന്നിരിക്കുകയാണ്. എന്റെ വായിൽ നിന്നും കളവ് ഉതിർന്നതായി തെളിയിക്കാൻ ആർക്കെങ്കിലും ആകുമോ? മാത്രമല്ല, ഞാൻ അല്ലാഹുവിനു വേണ്ടി ജനങ്ങളോട് കളവ് പറയുന്നതിൽ നിന്നും വിട്ടു നിൽക്കുകയും എന്റെ ജീവനും സ്വത്തും അതിനായി ബലിയർപ്പിക്കുകയും ചെയ്തിരിക്കെ പിന്നെ അല്ലാഹുവിനെ സംബന്ധിച്ച് ഞാൻ കളവ് പറയുന്നതെങ്ങനെ?“

നൂറു വർഷം മുമ്പാണ് അദ്ദേഹം ഈ വെല്ലുവിളി ചെയ്തത്. എന്നാൽ ഇതിന് മറുപടി നൽകാൻ ആരും ധൈര്യപ്പെട്ടില്ല. വാദത്തിനു ശേഷം ശത്രുക്കൾ ആരോപണമുന്നയിക്കുന്നത് സാധാരണമാണ്. എന്നാൽ വാദത്തിനു മുൻപുള്ള ജീവിതത്തിൽ വല്ല ആക്ഷേപവും ഉന്നയിക്കാൻ സാധിച്ചില്ലെന്ന് മാത്രമല്ല, അദ്ദേഹത്തെ കണ്ടവരും അദ്ദേഹവുമായി ബന്ധം സ്ഥാപിച്ചവരും അദ്ദേഹം പരിശുദ്ധനാണെന്ന് സാക്ഷ്യപ്പെടുത്തുകയുമാണുണ്ടായത്.

മൗലവി മുഹമ്മദ് ഹുസൈൻ ബട്ടാലവി

പ്രശസ്ത അഹ്ലെ ഹദീസ് പണ്ഡിതനായ മുഹമ്മദ് ഹുസൈൻ ബട്ടാവി സാഹിബ് വാദത്തിനു ശേഷം അദ്ദേഹത്തെ എതിർത്ത വ്യക്തിയാണ്. എന്നാൽ ബറാഹീനെ അഹ്മദിയ്യാ എന്ന ഗ്രന്ഥത്തെ അവലോകനം ചെയ്തുകൊണ്ട് അദ്ദേഹം എഴുതി: “ബറാഹീനെ അഹ്മദിയ്യായുടെ രചയിതാവ് ശത്രുക്കളുടെയും മിത്രങ്ങളുടെയും അനുഭവത്തിൽ മുഹമ്മദ് ശരീഅത്തിൽ ചരിക്കുന്ന ആളും ഭക്തനും സത്യസന്ധനുമാണ്.

മൗലാനാ അബുൽ കലാം ആസാദ്

ഇന്ത്യയിലെ പ്രശസ്ത മതപണ്ഡിതനും ഖുർആൻ വ്യാഖാതാവും പത്രപ്രവർത്തകനും കൂടിയായ മൗലാന അബുൽ കലാം ആസാദ് പറയുന്നു: “മിർസാ സാഹിബിന്റെ വ്യക്തിത്വത്തിൽ ഒരു ചെറിയ കളങ്കം പോലും കാണുന്നില്ല. അദ്ദേഹം പരിശുദ്ധനായി ജീവിച്ചു. ഭക്തനായി ജീവിതം കഴിച്ചുകൂട്ടി. ചുരുക്കത്തിൽ മിർസാ സാഹിബിന്റെ ജീവിതത്തിലെ ആദ്യ അമ്പത് വർഷങ്ങൾ ധാർമികമായ നിലയിലും ഇസ്ലാമതസേവനം എന്ന നിലയിലും അദ്ദേഹത്തെ അത്യുത്തമമായ സ്ഥാനത്തേക്ക് എത്തിക്കുകയാണുണ്ടായത്.

മുൻശി സിറാജുദ്ദീൻ സാഹിബ്

കവിയും പത്രപ്രവർത്തകനും പ്രസിദ്ധ മുസ്ലീം നേതാവുമായ മൗലാനാ സഫറലിഖാന്റെ പിതാവ് മൗലാനാ സിറാജുദ്ദീൻ സാഹിബ് സമീന്ദാർ എന്ന പത്രത്തിൽ സാക്ഷ്യപ്പെടുത്തുന്നു. “നിറഞ്ഞ യൗവനത്തിലും അദ്ദേഹം (മിർസാ അഹ്മദ്(അ) സാഹിബ്) തികഞ്ഞ ഭക്തനും സർവൃത്തനുമാണെന്നതിന് എന്റെ കണ്ണുകൾ സാക്ഷിയാണ്.

സിയാൽകോട്ടിലെ ജനങ്ങൾ

വാദത്തിനു മുൻപ് വാഗ്ദത്ത മസീഹ്(അ) കുറച്ച് കാലം സിയാൽകോട്ടിൽ കഴിച്ചു കൂട്ടിയിരുന്നു. അദ്ദേഹവുമായി കൂടി കാഴ്ച്ച നടത്തിയവരെല്ലാം അദ്ദേഹം പരിശുദ്ധനും ഭക്തനുമാണെന്ന് വിശ്വസിച്ചു. ഒപ്പം താമസിച്ചവർ അദ്ദേഹത്തെ ഒരു വലിയായാണ് കരുതിയത്.

ഹകീം മസർ ഹുസൈൻ സാഹിബ്

പിന്നീട് കഠിന ശത്രുവായി മാറിയ സിയാൽകോട്ടിലെ ഹകീം മർ ഹുസൈൻ സാഹിബ് പറയുന്നു: “ഉറച്ച പ്രകൃതവും ഉയർന്ന ആവേശവും ചിന്തകളുമുള്ള മനുഷ്യൻ“.

സയ്യിദ് മീർ ഹസൻ സാഹിബ്

പ്രശസ്ത കവി അല്ലാമാ ഇഖ്ബാലിന്റെ ഗുരുവായ സയ്യിദ് മീർ ഹസൻ വാഗദത്ത മസീഹിനെ അദ്ദേഹത്തിന്റെ ഇരുപത്തിയെട്ടാമാത്തെ വയസ്സിൽ കണ്ടിരുന്നു. ഇതു സംബന്ധിച്ച് പിന്നീടദ്ദേഹം പറഞ്ഞത് ഇങ്ങനെയാണ്. അദ്ദേഹം ഏകാന്തവാസിയും ധർമ്മിഷ്ഠനുമായിരുന്നു. പാഴ് വേലകളിൽ നിന്ന് വിട്ട് നിന്നിരുന്നു. അദ്ദേഹം വാക്കിലും പ്രവർത്തിയിലും മറ്റുള്ളവരിൽ നിന്ന് വ്യത്യസ്തനാണെന്ന് ഒറ്റനോട്ടത്തിൽ തന്നെ തെളിയുമായിരുന്നു.

ഖാദിയാനിലെ ഹിന്ദുക്കൾ

അദ്ദേഹത്തിന്റെ സത്യം സാക്ഷ്യപ്പെടുത്തുന്നവരിൽ ഖാദിയാൻ എന്ന തന്റെ ഗ്രാമത്തിൽ കുട്ടിക്കാലം മുതൽ പരിചയമുള്ള ഒരു ഹിന്ദുവും ഉൾപ്പെടുന്നു. അദ്ദേഹം പറയുന്നു. കുട്ടിക്കാലം മുതൽ എനിക്ക് മിർസാ സാഹിബിനെ അറിയാം. ഞങ്ങൾ സമകാലീനരാണ്. ഖാദിയാനിൽ ഞാൻ എന്നും പോയിവരാറുള്ളതാണ്. ഇന്നുള്ള അതേ പരിശുദ്ധ സ്വഭാവമായിരുന്നു മുൻപും അദ്ദേഹത്തിനുണ്ടായിരുന്നത്. അദ്ദേഹം വിശ്വസ്തനും സദ്വൃത്തനുമായി രുന്നു. ദൈവം മിർസാ സാഹിബിന്റെ രൂപത്തിൽ ഭൂമിയിലേക്ക് ഇറങ്ങി വന്നിരിക്കുന്നു എന്നാണ് ഞാൻ മനസ്സിലാക്കുന്നത്.

മൗലവി ഗുലാം റസൂൽ സാഹിബ്

വാഗ്ദത്തമസീഹിന്റെ കുട്ടിക്കാലത്തെ പരിശുദ്ധ പ്രകൃതത്തെപ്പറ്റി മൗലവി ഗുലാം റസൂൽ സാഹിബ് പറയുന്നു. ഇക്കാലഘട്ടത്തിൽ ഒരു നബിയുണ്ടാകുമെങ്കിൽ ഈ കൂട്ടി നുബുവ്വത്തിന് യോജിച്ചവനാണ്.

വക്കീലിന്റെ സക്ഷ്യം

യുവത്വത്തിൽ അദ്ദേഹത്തിന്റെ സത്യസന്ധതയും നന്മയും വളരെ പ്രസിദ്ധമായിരുന്നു. തന്റെ കുടുംബക്കാരുമയി ബന്ധപ്പെട്ട കേസിൽ അവർക്കെതിരിൽ സാക്ഷ്യം പറയുകയും അവരുടെ വെറുപ്പ് സമ്പാദിക്കുകയും ചെയ്ത അവസരത്തിൽ പോലും അദ്ദേഹം സത്യത്തെ കൈവെടിഞ്ഞില്ല. വാദത്തിനു മുൻപ് ഒരു ക്രിസ്ത്യാനി അദ്ദേഹത്തിനെതിരിൽ കേസ് കൊടുത്തു. അദ്ദേഹത്തിന്റെ വക്കീലിന്റെ അഭിപ്രായത്തിൽ കളവ് പറയാതെ കേസിൽ നിന്ന് രക്ഷപ്പെടുക സാധ്യമല്ലായിരുന്നു. എന്നാൽ കളവ് പറയാൻ അദ്ദേഹം തയ്യാറല്ലായിരുന്നു. അല്ലാഹു അദ്ദേഹത്തിന് ഈ കേസിൽ വിജയം നൽകി. ഈ കേസിലെ അദ്ദേഹത്തിന്റെ വക്കീലായിരുന്ന ഫസലുദ്ദീൻ സാഹിബ് അദ്ദേഹത്തിന്റെ അപാരമായ ഈ സത്യസന്ധതയ്ക്ക് സാക്ഷിയാണ്. അദ്ദേഹം പറയുന്നു: “മിർസാ സാഹിബ് ഒരു മഹാവ്യക്തിയാണ്; ധർമ്മനിഷ്ഠയുള്ള ആളാണ്. അദ്ദേഹം സത്യസന്ധനാണെന്ന് ഞാൻ ദൃഢ മായും വിശ്വസിക്കുന്നു.“

ഹ:സുഫി അഹ്മദ് ജാൻ സാഹിബ് ലുധിയാന

ദീനീ സേവനത്തോടുള്ള അദ്ദേഹത്തിന്റെ ആവശം കണ്ട് കൊണ്ട് പ്രസിദ്ധനായ സൂഫി ഹ:അഹ്മദ് ജാൻ സാഹിബ് പറഞ്ഞു.

“രോഗികളായ നമ്മുടെ ദൃഷ്ടി നിന്നിലാണ് നീ മിശിഹാ ആകുവിൻ; ദൈവത്തിനു വേണ്ടി“