ഹദ്റത്ത് ഈസാനബി(അ) അഥവാ ഹദ്റത്ത് മസീഹ് നാസ്വരിയുടെ ജനനമരണ വിശ്വാസത്തിന് മൂന്ന് വിധത്തിൽ സവിശേഷമായ പ്രാധാന്യമുണ്ട്.
ഒന്ന്, ഇപ്പോൾ ലോകത്തിലെ ഭൂരിപക്ഷ വിശ്വാസികളായ ക്രിസ്തുമതാനുയായികൾ ഹദ്റത്ത് യേശുമിശിഹ ദെവത്തിന്റെ പുത്രനാണെന്ന് വിശ്വസിക്കുന്നു. മാത്രമല്ല അദ്ദേഹം ഈ ലോകത്ത് കുറച്ച് വർഷങ്ങൾ ജീവിച്ച ശേഷം പിന്നെ ആകാശത്തേക്ക് ഉയർന്നു പോയെന്നും അവിടെ ജീവിച്ചിരുപ്പുണ്ടെന്നും ‘നഊദുബില്ലാഹ്’ ദെവത്തിന്റെ ശാശ്വത ഭരണത്തിൽ പങ്കാളിയാണെന്നും അവർ ഉറച്ച് വിശ്വസിക്കുന്നു.
രണ്ട്, ക്രിസ്തീയരുടെ ഈ വിശ്വാസത്തെ മൗനമായി അംഗീകരിച്ചുകൊണ്ടും ചില ഖുർആനിക ആയത്തുകളേയും, ഹദീസുകളേയും തെറ്റായി വിശദീകരിച്ചു കൊണ്ടും ഇക്കാലത്തെ ഭൂരിപക്ഷമുസ്ലിംകളും, ഹദ്റത്ത് ഈസ(അ) ദെവമോ ദെവപുത്രനോ ആയിരുന്നില്ലെങ്കിലും ദെവത്തിന്റെ ഒരു നബി മാത്രമായിരുന്നുവെന്നും കുരിശു സംഭവത്തിൽ ദെവം അദ്ദേഹത്തെ സ്ഥൂലശരീരത്തോടു കൂടി, ജീവനോടെ ആകാശത്തേക്ക് ഉയർത്തിയെന്നും ഇപ്പോഴും ആകാശത്ത് ജീവിച്ചിരിക്കുന്നുവെന്നും അവസാനകാലത്ത് വീണ്ടും ഭൂമിയിലേക്കിറങ്ങി മുസ്ലിം ഉമ്മത്തിനെ സമുദ്ധരിക്കുമെന്നുമുള്ള വിശ്വാസത്തിലാണ് നിലകൊള്ളുന്നത്.
മൂന്ന്, താൻ വാഗ്ദത്ത മസീഹാണെന്നാണ് അഹ്മദിയ്യാ പ്രസ്ഥാനസ്ഥാപകർ ഹദ്റത്ത് മിർസാ ഗുലാം അഹ്മദ്(അ)ന്റെ വാദം. ഏതുവരെ ഹദ്റത്ത് ഈസാനബിയുടെ ജീവിത മരണകാര്യത്തിൽ തീർപ്പാകുന്നില്ലയോ അതുവരെ മുസ്ലിംകൾ ഹദ്റത്ത് അഹ്മദ്(അ)ന്റെ മസീഹ് വാദത്തിലേക്ക് അവധാനപൂർവ്വം ശ്രദ്ധ തിരിക്കുകയില്ല.
ഈ മൂന്ന് കാരണങ്ങൾ മുൻനിർത്തി വിശുദ്ധ ഖുർആന്റെയും ഹദീസുകളുടെയും ദെവദത്തമായ സവിശേഷ ബുദ്ധിയുടെയും വെളിച്ചത്തിൽ ഈ വിഷയത്തെ വ്യക്തമാക്കി ദെവസൃഷ്ടികളുടെ സൻമാർഗത്തിന് സാഹചര്യം ഒരുക്കേണ്ടത് ആവശ്യമാണ്. അങ്ങനെ ക്രിസ്തുമതത്തിന് മേൽ ഇസ്ലാമിന്റെ വിജയ പ്രഖ്യാപനം നടത്തേണ്ടതാണ്.
ഹദ്റത്ത് അഹ്മദ്(അ)ന്റെ വാദവും ഈസാനബി(അ)യുടെ മരണവും
മുകളിൽ പറഞ്ഞതു പോലെ, ഹദ്റത്ത് മിർസാ ഗുലാം അഹ്മദ് ഖാദിയാനി(അ)ന്റെ മസീഹ് വാദത്തിൽ തടസ്സമായി നിൽക്കുന്ന സുപ്രധാനവിഷയം ഈസാനബിയുടെ മരണമാണ്. കാരണം, ഏതുവരെ ആദ്യത്തെ മസീഹ് മരിച്ചു പോയെന്ന് തെളിയിക്കപ്പെടുന്നില്ലയോ അതു വരെ ഹദ്റത്ത് അഹ്മദ്(അ)ന്റെ വാദഗതികളുടെ സത്യാസാക്ഷ്യത്തിലേക്ക് ആയിരം സൂര്യൻമാർ ഉദിച്ചുയർന്നാലും അത് അംഗീകരിക്കാൻ ഒരു തരത്തിലുള്ള പ്രയാസം അനുഭവപ്പെടുമെന്നുള്ളത് തീർച്ചയാണ്.
ഏതൊരു സ്ഥാനമാനത്തെക്കുറിച്ചുള്ള അവകാശവാദമാണോ ഹദ്റത്ത് അഹ്മദ്(അ)നുള്ളത് അത് മസീഹിയ്യത്തിന്റേതാണ്. ആ സ്ഥാനം ഒഴിഞ്ഞുകിടക്കുന്നിടത്തോളം അതു വരെ അദ്ദേഹത്തിന്റെ സത്യത്തെ സംബന്ധിച്ചിടത്തോളം മനസ് തൃപ്തമാകുന്നതല്ല. കാരണം ഏറ്റവും ആദ്യം ഈ തടസ്സം നീക്കേണ്ടത് അനിവാര്യമാണ്. വിശുദ്ധ ഖുർആനിൽ നിന്നും ഹദീസിൽ നിന്നും മനസ്സിലാവുന്നത് അവസാനകാലത്ത് മുസ്ലിംകൾ ദുർബലാവസ്ഥയിൽ ആകുകയും ക്രിസ്തീയ വിശ്വാസം പ്രബലമാവുകയും നാലുപാടും നിർമ്മതത്വം അതിന്റെ മടിത്തട്ട് വിശാലമാക്കുകയും ചെയ്യുമ്പോൾ അല്ലാഹു മുസ്ലിംകളിൽ മസീഹിനെ അയക്കുമെന്നതാണ്. അദ്ദേഹം മുസ്ലിംകളുടെ പരിഷ്കരണം മാത്രമല്ല അന്യമതങ്ങൾക്കെതിരിൽ എഴുന്നേറ്റ് നിൽക്കുമെന്നും പ്രബലമായ തെളിവുകളോടെ സർവ്വമതങ്ങൾക്കും മേൽ ഇസ്ലാമിനെ വിജയിപ്പിക്കുമെന്നുമാണ്. ഇത് മുസ്ലിംകളുടെ ഏകകണ്ഠമായ വിശ്വാസമാണ്. എന്നാൽ ഇതിനുശേഷം അഭിപ്രായവ്യത്യാസങ്ങൾ ആരംഭിക്കുന്നു.
ഹദ്റത്ത് അഹ്മദ്(അ)ന്റെ എതിരാളികളായ പണ്ഡിതൻമാരുടെ അഭിപ്രായം വാഗ്ദത്ത മസീഹ്, ഹദ്റത്ത് ഈസാ(അ) തന്നെയാണെന്നും കുരിശുസംഭവാവസരത്തിൽ അദ്ദേഹം ആകാശത്തേക്ക് കരേറിയെന്നും ഇപ്പോഴും സ്ഥൂലശരീരത്തോടെ ആകാശത്ത് ജീവിച്ചിരിക്കുന്നുവെന്നും അവസാനകാലത്ത് വീണ്ടും ഭൂമിയിലേക്കിറങ്ങുമെന്നുമാണ്. എന്നാൽ ഹദ്റത്ത് അഹ്മദ്(അ)ന്റെയും അദ്ദേഹത്തിന്റെ ജമാഅത്തിന്റെയും അധ്യാപനം ഹദ്റത്ത് ഈസാനബി(അ) മരിച്ചു പോയിരിക്കുന്നുവെന്നും അതുകൊണ്ടു തന്നെ വരാനുള്ള മസീഹ്, ഹദ്റത്ത് ഈസാനബിയുടെ സാദൃശ്യത്തിൽ വരുന്ന മറ്റൊരാളാണെന്നുമാണ്.
ഈസാനബി മരിച്ചുവെന്ന് തെളിയിക്കേണ്ട യാതൊരു ബാധ്യതയും ഹദ്റത്ത് അഹ്മദ്(അ)നില്ല. പക്ഷേ വിശുദ്ധ ഖുർആനും സ്വഹീഹായ ഹദീസുകളും കൊണ്ട് ഈസാനബി ജീവിച്ചിരിപ്പുണ്ടെന്ന് തെളിയിക്കേണ്ട ബാധ്യത ഹദ്റത്ത് അഹ്മദ്(അ)ന്റെ എതിരാളികൾക്കുണ്ട്. കാരണം ഈസാനബി ജീവിച്ചിരിപ്പുണ്ടെന്ന വാദം മരിച്ചുവെന്ന വാദത്തെ അപേക്ഷിച്ച്, സാധാരണയുള്ള അനുഭവത്തിന് വിപരീതമായതിനാൽ എന്തെങ്കിലും വ്യക്തമായ തെളിവില്ലാതെ അംഗീകരിക്കാൻ സാധ്യമല്ല. മരിച്ചു പോയെന്ന് അംഗീകരിക്കാൻ പുറമെ നിന്നുള്ള തെളിവിന്റെ ആവശ്യമില്ല. കാരണം അത് സർവ്വസാധാരണമായ നിയമത്തിന്റെ അടിസ്ഥാനത്തിലുള്ളതാണ്. എങ്കിലും ഹദ്റത്ത് മിർസാ ഗുലാം അഹ്മദ്(അ) മനുഷ്യകുലത്തിന്റെ നന്മയെ മുൻനിർത്തി ഈ സംഗതിയും ഏറ്റെടുക്കുകയും വ്യക്തമായ നിലയിൽ അത് പൂർത്തീകരിക്കുകയും ചെയ്തു. ഇന്ന് സാധാരണക്കാർ പോകട്ടെ വലിയ വലിയ അനഹ്മദി പണ്ധിതൻമാർ പോലും ഇൗ വിഷയത്തിൽ ഏതെങ്കിലും അഹ്മദിയ്യുമായി സംസാരിക്കുമ്പോൾ വളരെയേറെ പരിഭ്രമിക്കുന്നു. മാത്രമല്ല ചിലപ്പോൾ സംസാരിക്കാൻ പോലും തയ്യാറാകുന്നില്ല. കൂടാതെ ഈ വിഷയത്തിന് ഹദ്റത്ത് അഹ്മദ്(അ)ന്റെ വാദവുമായി എന്തു ബന്ധം എന്നാണ് ചോദിക്കുന്നത്. എന്നാൽ വാഗ്ദത്ത മഹ്ദീ മസീഹ് ആയ ഹദ്റത്ത് അഹ്മദ്(അ)നെ സംബന്ധിച്ചുള്ള അന്വേഷണ പാതയിൽ ഈസാനബിയുടെ ജീവിത മരണവിഷയം ഏറ്റവും ആദ്യത്തെ പ്രശ്നമാണ്. അത് തീർപ്പാക്കേണ്ടതാണെന്ന് ഏതൊരു സാധാരണക്കാരനു പോലും അറിയാവുന്നതാണ്.