ചിലർക്ക് പാപത്തെ സംബന്ധിച്ച് ബോധമുണ്ടായിരിക്കുമെങ്കിൽ മറ്റുചിലർക്ക് പാപത്തെ കുറിച്ച് ജ്ഞാനം തന്നെയില്ല. അതുകൊണ്ടാണ് അല്ലാഹു തആല എന്നന്നേക്കുമായി ‘ഇസ്തിഗ്ഫാർ’ എന്ന സഹായാർത്ഥന നിർബന്ധമാക്കിയിരിക്കുന്നത്. അതായത് മനുഷ്യൻ എല്ലാ പാപങ്ങൾക്ക് വേണ്ടിയും – അതു പ്രത്യക്ഷമോ പരോക്ഷമോ ആകട്ടെ, അതിനെ സംബന്ധിച്ച് ജ്ഞാനമുണ്ടെങ്കിലും ഇല്ലെങ്കിലും, കൈകൾ, കാലുകൾ, നാവ്, മൂക്ക്, ചെവി, കണ്ണ് (ഇവയൊക്കെ മൂലം ഭവിക്കുന്നതായാലും) – ഇസ്തിഗ്ഫാർ ചെയ്തുകൊണ്ടിരിക്കേണ്ടതാണ്.
ഇക്കാലത്ത് ധാരളമായി ആദം(അ) ന്റെ ഈ ദുആ ചെയ്യേണ്ടതാണ്,
رَبَّنَا ظَلَمْنَا أَنفُسَنَا وَإِن لَّمْ تَغْفِرْ لَنَا وَتَرْحَمْنَا لَنَكُونَنَّ مِنَ الْخَاسِرِينَ
(ഞങ്ങളുടെ നാഥാ! ഞങ്ങള് ഞങ്ങളോടുതന്നെ തെറ്റുചെയ്തുപോയി; നീ ഞങ്ങൾക്ക് പൊറുത്തുതരികയും ഞങ്ങളോട് കരുണകാട്ടുകയും ചെയ്യാത്തപക്ഷം നിശ്ചയം ഞങ്ങള് നഷ്ടപ്പെട്ടവരിൽ പെട്ടുപോകും- അൽ അഅ്റാഫ് 23) ഈ ദുആ ആദ്യമേതന്നെ സ്വീകരിക്കപ്പെട്ടുകഴിഞ്ഞിട്ടുണ്ട്.
അശ്രദ്ധയിൽ ജീവിതം കഴിച്ചുകൂട്ടാതിരിക്കുക. അലക്ഷ്യമായി ജീവിക്കാത്തവനാരോ അവനെ സംബന്ധിച്ചിടത്തോളം ഒരിക്കലും കഴിവിനതീതമായ ഏതെങ്കിലും ദുരിതത്തിലകപ്പെട്ടുപോകുമെന്ന് ആശങ്കപ്പെടേണ്ടതില്ല. എനിക്ക് വെളിപാടായി ലഭിച്ച ചുവടെ ചേർത്ത പ്രാർത്ഥനയുടെ അടിസ്ഥാനത്തിലും യാതൊരു വിപത്തും തന്നെ ഉപരിലോക ഉത്തരവ് കൂടാതെ ഇറങ്ങുന്നില്ലെ(ന്ന് ഗ്രഹിക്കാവുന്നതാണ്) അതായത്,
‘റബ്ബി കുല്ലു ശയ്ഇൻ ഖാദിമുക്ക റബ്ബി ഫഹ്ഫദ്നീ വൻസുർനീ വർഹംനീ’
(എൻറ നാഥാ സർവ്വ വസ്തുക്കളും നിന്റെ ഹിതാനുസരണം വർത്തിക്കുന്ന സേവകരാകുന്നു. നാഥാ നീ എന്നെ കാത്തുരക്ഷിക്കേണമേ! നീ എനിക്ക് തുണയേകണമേ! എന്നോട് കരുണ കാണിക്കേണമേ!)
അശ്രദ്ധ സംഭവിക്കുന്നത് അജ്ഞാതമായ കാരണങ്ങളാലത്രെ. ചില സന്ദർഭത്തിൽ മനുഷ്യനറിയാതെ ഒറ്റത്തവണതന്നെ അവന്റെ ഹൃദയത്തിൽ കറയും അവ്യക്തതയും വന്നുഭവിക്കുന്നു. ഇതിനുവേണ്ടിയാണ് ഇസ്തിഗ്ഫാർ ഉള്ളത്. അതിന്റെ അർത്ഥം ആ കറപുരണ്ട അവസ്ഥയും അവ്യക്തതയും വരാതിരിക്കട്ടെ എന്നാണ്. ഇതിൽ നിന്ന് മുമ്പേ സംഭവിച്ച പാപങ്ങളുടെ തെളിവുലഭിക്കുന്നുവെന്ന് ക്രിസ്ത്യാനികൾ തങ്ങളുടെ മൂഢത നിമിത്തം ആക്ഷേപിക്കുന്നു. (അതായത് നബി(സ) തിരുമേനി (നൌഊദുബില്ലാ) പാപം ചെയ്തതുകൊണ്ടാണ് ഇസ്തിഗ്ഫാർ ചെയ്തതെന്ന്.) യഥാർഥത്തിൽ (ഇസ്തിഗ്ഫാർ ചെയ്യുന്നതുകൊണ്ടുള്ള) വിവക്ഷ ‘പാപം വന്നുഭവിക്കാതിരിക്കട്ടെ’ എന്ന പ്രാർത്ഥനയാകുന്നു. ‘ഇസ്തിഗ്ഫാർ’ എന്നതിനു പൂർവപാപങ്ങളുടെ പൊറുക്കൽ തേടൽ മാത്രമാണ് അർത്ഥമെങ്കിൽ ഭാവിയിൽ പാപങ്ങൾ വരാതിരിക്കണമെന്ന അർത്ഥത്തിൽ ഏത് വാക്കാണുള്ളതെന്ന് അവർ പറഞ്ഞുതരണം. ‘ഗഫറ’ ക്കും ‘കഫറ ക്കും സമാന അർത്ഥങ്ങളാണ്. എല്ലാ പ്രവാചന്മാരും ഇതിനെ ആശ്രയിച്ചവരായിരുന്നു. ഒരുവൻ എത്രത്തോളം ഇസ്തിഗ്ഫാർ ചെയ്യുന്നുവോ അത്രത്തോളം അവൻ നിഷ്കളങ്കനായിത്തീരുന്നു. അല്ലാഹു അവനെ സംരക്ഷിച്ചു എന്നതാണതിന്റെ യഥാർഥ പൊരുൾ. നിഷ്കളങ്കൻ (മഅ്സൂം) എന്ന് വിശേഷിപ്പിക്കുന്നതിന്റെ സാരം ‘മുസ്ത്ഗ്ഫിർ’ എന്നാകുന്നു.
ഉണർന്നുകൊള്ളുക! എന്നിട്ട് പശ്ചാത്തപിക്കുകയും തന്റെ യജമാനനെ സൽപ്രവൃത്തികൾക്കൊണ്ട് തൃപ്തനാക്കുകയും ചെയ്യുക. ഓർത്തുകൊൾവിൻ! വിശ്വാസപരമായ തെറ്റുകളുടെ ശിക്ഷ മരണാണന്തരമാണ് ലഭിക്കുന്നത്. ഹിന്ദു, ക്രിസ്ത്യൻ, മുസ്ലിം ഇവയൊക്കെ ആയതിന്റെ തീരുമാനം അന്ത്യനാളിലായിരിക്കും ഉണ്ടാവുക. എന്നാൽ, ഏതൊരുവൻ ദ്രോഹം, കലാപം, അധർമ്മം, ഹീനകൃത്യം തുടങ്ങിയവയിൽ അതിരുകവിയുന്നുവോ അവനു ഇവിടത്തന്നെ ശിക്ഷ നൽകപ്പെടുന്നു. അവനപ്പോൾ ദൈവത്തിന്റെ ശിക്ഷയിൽനിന്ന് ഒരുതരത്തിലും ഓടിരക്ഷപ്പെടാൻ സാധ്യമല്ല. അതിനാൽ തന്റെ ദൈവത്തെ എത്രയും പെട്ടന്ന് പ്രീതിപ്പെടുത്തുവിൻ!. ഭയാനകമായ ആ ദിനം വരുന്നതിനുമുമ്പ് അതായത് പ്രവാചകന്മാരൊക്കെ മുന്നറിയിപ്പ് തന്നിട്ടുള്ള പ്ലേഗ് ശക്തിപ്രാപിക്കുന്ന ദിനത്തിനു മുമ്പ് നീ ദൈവവുമായി രഞ്ജിപ്പിലാവുക. അവൻ അങ്ങേയറ്റത്തെ ദയാലുവാണ്. പെട്ടന്നലിഞ്ഞുരുകുന്ന (ഹൃദയത്തിന്റെ) പശ്ചാത്താപം കൊണ്ട് എഴുപതുവർഷത്തെ പാപങ്ങൾ കഴുകിക്കളയാവുന്നതാണ്. തൗബ സ്വീകരിക്കപ്പെടുകയില്ലെന്ന് ഒരിക്കലും പറഞ്ഞുപോകരുത്. ഓർത്തുകൊൾവിൻ! നിങ്ങൾ നിങ്ങളുടെ കേവല കർമ്മങ്ങൾക്കൊണ്ട് രക്ഷപ്പെടുകയില്ല. സദാ ദൈവാനുഗ്രഹമാണ് രക്ഷിക്കുന്നത് (നിങ്ങളുടെ) കർമ്മമല്ല.
അല്ലയോ ദയാലുവും കാരുണ്യവാനുമായ അല്ലാഹുവേ! നിന്റെ അടിമകളായ ഞങ്ങൾ നിന്റെ സന്നിധിയിൽ വന്ന് വീണിരിക്കുകയാണ്, ഞങ്ങളിലെല്ലാവരിലും നീ അനുഗ്രഹം ചൊരിയേണമേ! ആമീൻ
(മൽഫൂദാത് വാ.4, പേ.255 & 275 & ലക്ചർ ലാഹോർ)