തഖ്വയുള്ളവരുമേൽ എന്നും അല്ലാഹുവിന്റെ ഒരു തേജസ്സ് ഉണ്ടായിരിക്കുന്നതാണ്. അവർ ദൈവിക തണലിൽ കഴിയുന്നവരാകുന്നു. എന്നാൽ തികച്ചും നിഷ്കളങ്കമായ തഖ്വയായിരിക്കണം അത്. സാത്താനികമായ യാതൊരു പങ്കും അതിൽ കടന്നുകൂടരുത്. പങ്കുചേർക്കുന്നത് അല്ലാഹു ഒരിക്കലും ഇഷ്ടപ്പെടുന്നില്ല. ശകലം പങ്ക് ശൈത്താന്റെതായാൽ അത് പൂർണ്ണമായും ശൈത്താന്റെതായിത്തീർന്നു എന്നാണ് അല്ലാഹു പറയുന്നത്. അല്ലാഹുവിന്റെ പ്രേമഭാജനങ്ങൾക്ക് ദുഃഖം നേരിടേണ്ടിവരുന്നത് ചില ദൈവിക നയതത്വത്തിന്റെ അടിസ്ഥാനത്തിലാണ്. മറിച്ച്, സമസ്ത ജനങ്ങൾ ഒന്നായി ശ്രമിച്ചാലും അവരുടെമേൽ യാതൊരു പോറലുമേൽപ്പിക്കാൻ സാദ്ധ്യമല്ല. അവർ ലോകർക്ക് മാതൃക സ്ഥാപിക്കാൻ വേണ്ടിയുള്ളവരാകുന്നു. അതിനാൽ ദൈവപന്ഥാവിൽ പ്രയാസങ്ങൾ സഹിക്കുന്നതിന്റെ മാതൃകയും അവർ ലോകത്തിന് കാണിക്കേണ്ടത് അനിവാര്യമാണ്. മറിച്ചായിരുന്നെങ്കിൽ, അല്ലാഹു അരുൾ ചെയ്യുന്നത്, തന്റെ വരിഷ്ഠദാസന്റെ റൂഹ് പിടിച്ചെടുക്കുന്നതിനേക്കാൾ തനിക്ക് മടിയുള്ള മറ്റൊരുകാര്യവും ഇല്ലെന്നത്രെ. തന്റെ പ്രിയപ്പെട്ട ദാസർക്ക് യാതൊരുവിധത്തിലുള്ള പ്രയാസവും നേരിടരുത് എന്നാണ് അല്ലാഹു ആഗ്രഹിക്കുന്നത്. പക്ഷെ, അനിവാര്യതയും നയോപായങ്ങളും കാരണം അവർക്ക് ദുഃഖം നൽകപ്പെടുന്നു. അതിൽ അവർക്ക് നന്മയാണ് അടങ്ങിയിട്ടുള്ളത്. എന്തെന്നാൽ അതുവഴി അവരുടെ ധാർമ്മിക ഗുണങ്ങൾ വെളിപ്പെടുമാറാകുന്നു. അല്ലാഹുവിന്റെ ശിക്ഷയുടെയും രോഷത്തിന്റെയും പ്രകടനമെന്നോണം യഹൂദികൾക്ക് വന്നുഭവിച്ചുകൊണ്ടിരിക്കുന്ന ശാപവും അപമാനവും പോലുള്ളതല്ല നബിമാർക്കും ഔലിയാക്കൾക്കും വരുന്ന പ്രയാസങ്ങൾ. പ്രത്യുത, നബിമാർ ധീരതയുടെ ഉൽകൃഷ്ട മാതൃക നിലനിർത്തുന്നവരാകുന്നു. അല്ലാഹുവിന് ഇസ്ലാമിനോട് ഒരു വിരോധവുമുണ്ടായിരുന്നില്ല. എന്നാൽ നോക്കുക, ഉഹദ് യുദ്ധവേളയിൽ ഹദ്റത്ത് നബികരിം (സ) ഒറ്റപ്പെടുകയുണ്ടായി. അവിടത്തെ ധീരത വെളിപ്പെടുമാറകണം എന്നതുതന്നെയായിരുന്നു അതിന്റെ പിന്നിലെ രഹസ്യം. പതിനായിരത്തോളം വരുന്ന എതിരാളികൾക്കെതിരിൽ തനിച്ച് ധീരനായി എഴുന്നേറ്റുനിന്നുകൊണ്ട് ഞാൻ അല്ലാഹുവിന്റെ ദൂതനാകുന്നുവെന്ന് പ്രഖ്യാപിച്ചു. അത്തരത്തിലുള്ള മാതൃക കാണിക്കാൻ മറ്റൊരു നബിക്കും അവസരം സിദ്ധിച്ചിട്ടില്ല.
ഞങ്ങൾ നമസ്കരിക്കുന്നു, വ്രതമനുഷ്ഠിക്കുന്നു, വ്യഭിചാരം, അപഹരണം തുടങ്ങി വലിയ വലിയ അപരാധങ്ങളിൽ നിന്ന് വിട്ടുനിൽക്കുന്നു എന്നൊക്കെയുള്ള കാര്യങ്ങളിൽ മാത്രം നിങ്ങൾ അഹങ്കരിക്കരുത് എന്നാണ് എനിക്കെന്റെ ജമാഅത്തിനോട് പറയാനുള്ളത്. ഈ ശ്രേഷ്ഠതകളിലൊക്കെ മിക്കപ്പോഴും അന്യവിഭാഗക്കാരും ബഹുദൈവാരാധകരും പങ്കുചേരാറുണ്ട്.
തഖ്വയുടെ വിഷയം വളരെ സൂക്ഷമമായതാണ്. അതു നേടിയെടുക്കുക. അല്ലാഹുവിന്റെ ഔന്നത്യം ഹൃദയത്തിൽ രൂഢമൂലമാക്കുക. ആരുടെ കർമ്മങ്ങളിലാണോ അല്പമെങ്കിലും ‘റിയാ’ (പ്രദർശനപരത അഥവാ തന്റെ സുകൃതങ്ങൾ അന്യർ കാണണമെന്നും പ്രശംസിക്കണമെന്നുമുള്ള മോഹം) അടങ്ങിയിരിക്കുന്നത് ദൈവം അവന്റെ കർമ്മം തിരിച്ച് അവന്റെ മുഖത്തേക്കുതന്നെ വലിച്ചെറിയുന്നതാണ്. മുത്തഖി ആയിത്തീരുകയെന്നത് പ്രയാസകരമാകുന്നു. ഉദാഹരണത്തിനു, ആരെങ്കിലും നിന്നോട് നീ പേന മോഷ്ടിച്ചെന്ന് പറഞ്ഞാൽ എന്തിനാണ് കുപിതനാകുന്നത്? നിന്റെ സൂക്ഷ്മത അല്ലാഹുവിനു വേണ്ടിയുള്ളാതാകുന്നു. പൂർണ്ണമായും സത്യത്തിൽ നിലകൊള്ളാത്തത് കൊണ്ടാണ് കോപം വന്നത്. യഥാർഥത്തിൽ മനുഷ്യന്റെയുള്ളിൽ നിരവധി മരണങ്ങൾ സംഭവിക്കാത്തിടത്തോളം അവൻ മുത്തഖി ആയിത്തീരുന്നില്ല. മുഅ്ജിസത്തുകളും ഇൽഹാമുകളും തഖ്വയുടെ ശാഖകളാണ്. യഥാർഥ സംഗതി തഖ്വ യാകുന്നു. അതിനുവേണ്ടി ഇൽഹാമുകളുടെയും സ്വപ്നങ്ങളുടെയും പിന്നാലെ കൂടരുത്. പ്രത്യുത തഖ്വ സ്വായത്തമാക്കാനുള്ള മാർഗ്ഗങ്ങൾക്ക് പിന്നാലെ കൂടുക. മുത്തഖിയാകുന്നവനാരോ അവന്റെ ഇൽഹാമുകളും സത്യമായതായിരിക്കും. തഖ്വയില്ലെങ്കിൽ പിന്നെ അവന്റെ ഇൽഹാമുകളും വിശ്വാസയോഗ്യമല്ല. അതിൽ ശൈത്താന്റെ പങ്ക് ഉണ്ടായിരിക്കുന്നതാണ്. യാതൊരുവന്റെയും തഖ്വയെ അവന് ഇൽഹാമുണ്ടാകുന്നത് നോക്കി തിരിച്ചറിയരുത്. പ്രത്യുത, അവന്റെ ഇൽഹാമുകളെ അവന്റെ തഖ്വടെ അവസ്ഥയുമായി തട്ടിച്ചുനോക്കിക്കൊണ്ട് തീരുമാനിക്കുക. മറ്റെല്ലാ ഭാഗത്തേക്കുമുള്ള നോട്ടം അവസാനിപ്പിച്ചുകൊണ്ട് ആദ്യം തഖ്വയുടെ ലക്ഷ്യസ്ഥാനങ്ങൾ പൂർത്തിയാക്കുക… തഖ്വയുടെ പരീക്ഷ പാസ്സാകാൻ വേണ്ടി എല്ലാവിധ പ്രയാസങ്ങളും സഹിക്കുവാൻ തയ്യാറാവുക. മനുഷ്യൻ ആ വഴിയിൽ കാൽ വെച്ചുതുടങ്ങുമ്പോൾ ശൈത്താൻ അവനിൽ വലിയവലിയ ആക്രമണങ്ങൾ നടത്തുന്നു. എന്നാൽ ഒരു പരിധിയിൽ ചെന്ന് ശൈത്താൻ നിശ്ചലനാകും. മനുഷ്യന്റെ അധഃപതിച്ച ജീവിതത്തിനു മരണം സംഭവിച്ച് അല്ലാഹുവിന്റെ തണലിൽ വന്നെത്തുന്ന ഘട്ടമാണത്. അവൻ ദൈവിക ഗുണങ്ങൾ സാക്ഷാൽക്കരിക്കുന്നവനും ദൈവത്തിന്റെ പ്രതിനിധിയും ആയിത്തീരുന്നു. മനുഷ്യൻ തന്റെ സകലവിധ ശക്തികളും ദൈവമാർഗ്ഗത്തിൽ പ്രയോഗിക്കുക എന്നതാണ് നമ്മുടെ അധ്യാപനങ്ങളുടെ രത്നച്ചുരുക്കം.
(മൽഫൂദാത്ത് വാ. 2, പേ. 300-303)
ത്വാലിബെ ദുആ : അബു-അയ്മൻ