പ്രത്യക്ഷമായിത്തന്നെ കൊടിയ പാപങ്ങളിൽ ഗണിക്കപ്പെടുന്നവയാണ് ചിലത്. ഉദാഹരണത്തിന്, വ്യാജമൊഴി, വ്യഭിചാരം, വിശ്വാസ വഞ്ചന, കള്ള സാക്ഷ്യം, അവകാശ ധ്വംസനം, ബഹുദൈവാരാധന തുടങ്ങിയവ. എന്നാൽ ചില പാപങ്ങൾ സൂക്ഷ്മമായവയാണ്. മനുഷ്യൻ അവയിൽ വ്യാപൃതനായിട്ടുണ്ടെങ്കിലും അറിയുന്നില്ല. യുവത്വത്തിൽ നിന്ന് വാർദ്ധക്യം പ്രാപിക്കുന്നു, പക്ഷെ പാപങ്ങൾ ചെയ്യുന്നുണ്ടെന്ന് തിരിച്ചറിയുന്നില്ല. പരദൂഷണം പറയുന്ന ശീലം അതിനുദാഹരണമാണ്. അത്തരക്കാർ ഇതിനെ വളരെ നിസ്സാരവും ചെറുതുമായി ഗണിക്കുന്നു. എന്നാൽ വിശുദ്ധ ഖുർആൻ ഇതിനെ വളരെ വലിയ ഗണത്തിൽ പെടുത്തിക്കൊണ്ട് പറയുന്നു, “നിങ്ങളിലാരെങ്കിലും തന്റെ മരിച്ചു കിടക്കുന്ന സഹോദരന്റെ മാംസം ഭക്ഷിക്കാനിഷ്ടപ്പെടുമോ” (ഹുജറാത് 13). തന്റെ സഹോദരൻ അവഹേളിതനാകുന്ന തരത്തിലുള്ള ഭാഷണം നടത്തുന്നവനും അവന് ഉപദ്രവമേൽക്കുന്ന പ്രവൃത്തികൾ ചെയ്യുന്നവനുമായ ഒരുവനെ അല്ലാഹു അങ്ങേയറ്റം അരിഷത്തോടെ വീക്ഷിക്കുന്നു. ഒരു സഹോദരന്റ അജ്ഞതയും അറിവില്ലായ്മയും സ്ഥാപിതമാവുകയോ അവന്റെ ഏതെങ്കിലും ശീലത്തെ സംബന്ധിച്ച് പരോക്ഷമായ അപമാനവും വിദ്വേഷവും ജനിക്കുകയോ ചെയ്യുന്ന രീതിയിൽ ആ സഹോദരനെ സംബന്ധിച്ച് സംസാരിക്കുന്നതുമെല്ലാം തന്നെ നീചവൃത്തികളാകുന്നു.
വിശുദ്ധ ഖുർആൻ പറയുന്നു, “നിനക്ക് അറിവില്ലാത്തതിനെ നീ പിന്തുടരരുത്. കാരണം കാത്, കണ്ണ്, ഹൃദയം ഇവയെല്ലാറ്റിനേയും സംബന്ധിച്ച് ചോദ്യം ചെയ്യപ്പെടുന്നതാണ്.” (ബനീ ഇസ്രായിൽ 37) നിരവധി പാപങ്ങൾ കേവലം ദുശ്ശങ്കയിൽ നിന്ന് ജനിക്കുന്നവയാണ്. ആരെയെങ്കിലും സംബന്ധിച്ച് എന്തെങ്കിലും കേട്ടാലുടൻ വിശ്വസിച്ചുകളയുന്നു. ഇത് അങ്ങേയറ്റം അധമമായ കാര്യമാണ്. സ്പഷ്ടമായ ജ്ഞാനവും ദൃഢബോധവും ഇല്ലാത്ത കാര്യങ്ങൾക്ക് ഹൃദയത്തിൽ ഇടം നൽകാതിരിക്കുക.
ഏതുവരെ നേരിട്ടറിവിലൂടെ ശരിയായ തീരുമാനമെടുക്കാൻ സാധിക്കുന്നില്ലയോ ഒരു കാര്യത്തിനും ഹൃദയത്തിൽ സ്ഥാനം നൽകരുത്. അവ നാവിൽ കൊണ്ടുവരാതിരിക്കുക. ഇത് യഥാർഥത്തിൽ ദുർഭാവന അകറ്റാൻ വേണ്ടിയുള്ളതാണ്. നിരവധി ജനങ്ങൾ അവരുടെ നാവ് നിമിത്തം പിടിക്കപ്പെടുമെന്നത് എത്ര സുനിശ്ചിതവും സുദൃഢവുമായ സംഗതിയാണ്. ഈ ലോകത്തും എത്രയോ ജനങ്ങളെ അവരുടെ നാവുകാരണം പിടിക്കപ്പെടുന്നതായും അങ്ങേയറ്റത്തെ നാണക്കേടും നഷ്ടവും വരിക്കേണ്ടി വരുന്നതായും നാം കാണുന്നു.
ഹൃദയത്തിലൂടെ അവിചാരിതമായി കടന്നുപോകുന്ന ചിന്താഗതികൾ ചോദ്യം ചെയ്യപ്പെടുകയില്ല. ഉദാഹരണത്തിന്, ഇന്ന സമ്പത്ത് എനിക്ക് കിട്ടിയെങ്കിൽ നല്ലതായിരുന്നുവെന്ന് ഒരുവന്റെ ഹൃദയത്തിലുദിച്ചെന്ന് കരുതുക. ഇതൊരുതരം അത്യാഗ്രഹമാണെങ്കിലും കേവലം ഇത്രമാത്രം ധാരണ ഹൃദയത്തിലൂടെ പ്രകൃത്യാ വന്ന് കടന്നുപോവുകയാണെങ്കിൽ അത് കണക്കെടുക്കപ്പെടുകയില്ല. എന്നാൽ, ആ ധാരണയ്ക്ക് ഹൃദയത്തിൽ സ്ഥാനം നൽകുകയും എന്നിട്ട് എന്തെങ്കിലും തരത്തിൽ തന്ത്രത്തിലൂടെ ആ സമ്പത്ത് തീർച്ചയായും കൈക്കലാക്കണമെന്ന് ദൃഢനിശ്ചയമെടുക്കുകയും ചെയ്യുകയാണെങ്കിൽ അത് വിചാരണയ്ക്കുള്ള പാപമായിത്തീരുന്നു. ചുരുക്കിപ്പറഞ്ഞാൽ, ഹൃദയത്തിൽ ഉറപ്പിച്ചുകഴിഞ്ഞാൽ പിന്നെ അതിനുവേണ്ടിയുള്ള എല്ലാ ദ്രോഹങ്ങളും കെണികളും പ്രവൃർത്തിയിൽ കൊണ്ടുവരും. ആ പാപം പിന്നെ ശിക്ഷാർഹമായ ഒന്നായി രേഖപ്പെടുന്നു. ഇത്തരം വളരെ നിസ്സാരമായി ശ്രദ്ധിക്കപ്പെടുന്ന പാപങ്ങൾ മനുഷ്യന്റെ നാശത്തിന് ഹേതുവായിത്തീരുന്നവയാണ്. കൊലപാതകമോ, കൊള്ളയോ അല്ലെങ്കിൽ അത്തരം മഹാപാപങ്ങളൊന്നും തന്നെ ചെയ്യാത്ത നിരവധി ജനങ്ങളുണ്ടാകും. എന്നാൽ ചോദ്യമിതാണ്, ഒരാളുടെയും പരദൂഷണം പറയാത്തവനും, ഒരിക്കലും അന്യരെ അപമാനിച്ച് വേദനിപ്പിക്കാത്തവനും, കളവ് പറയാത്തവനും, അല്ലെങ്കിൽ ചുരിങ്ങിയ പക്ഷം ഹൃദയത്തിൽ വരുന്ന അപകട ചിന്തകളിൽ അടിയുറച്ച് നിൽക്കാത്തവനുമായി അവരിൽ എത്രപേരുണ്ടാകും? ഇക്കാര്യങ്ങളൊക്കെ സൂക്ഷ്മതയോടെ പരിഗണിക്കുകയും അല്ലാഹുവിനെ ഭയപ്പെടുകയും ചെയ്യുന്നവർ വളരെ വളരെ തുച്ഛമാണെന്ന് എനിക്ക് ദൃഢമായി പറയാൻ സാധിക്കും. മിക്കവാറും കളവ് പറയുന്നവരും, തങ്ങളുടെ സഭയിൽ സ്ഥിരമായി അന്യരുടെ കുറ്റവും പരാതിയും പറഞ്ഞുകൊണ്ടിരിക്കുന്നവരും, തങ്ങളുടെ ദുർബലരും ബലഹീനരുമായ സഹോദരങ്ങളെ പലതരത്തിലും ദുഃഖമേല്പിക്കുന്നവരുമായ ജനങ്ങളെയാണ് ഭൂരിപക്ഷവും കണാൻ സാധിക്കുന്നത്.
(മൽഫൂദാത്ത് വാ.8, പേ. 372-374)
ത്വാലിബെ ദുആ: അബൂ അയ്മൻ