അല്ലാഹു പ്രവാചകന്മാരോട് വാങ്ങിയ കരാർ

وَ اِذۡ اَخَذَ اللّٰہُ مِیۡثَاقَ النَّبِیّٖنَ لَمَاۤ اٰتَیۡتُکُمۡ مِّنۡ کِتٰبٍ وَّ حِکۡمَۃٍ ثُمَّ جَآءَکُمۡ رَسُوۡلٌ مُّصَدِّقٌ لِّمَا مَعَکُمۡ لَتُؤۡمِنُنَّ بِہٖ وَ لَتَنۡصُرُنَّہٗ ؕ قَالَ ءَاَقۡرَرۡتُمۡ وَ اَخَذۡتُمۡ عَلٰی ذٰلِکُمۡ اِصۡرِیۡ ؕ قَالُوۡۤا اَقۡرَرۡنَا ؕ قَالَ فَاشۡہَدُوۡا وَ اَنَا مَعَکُمۡ مِّنَ الشّٰہِدِیۡنَ

”ഓര്‍ക്കുക, അല്ലാഹു പ്രവാചകന്മാരോടു ഉടമ്പടി വാങ്ങി: ഞാന്‍ നിങ്ങള്‍ക്ക് ഗ്രന്ഥവും ജ്ഞാനവും നല്കിയിരിക്കുന്നു. പിന്നെ, നിങ്ങളുടെ പക്കലുള്ളതിനെ സത്യപ്പെടുത്തുന്ന ഒരു ദൂതന്‍ നിങ്ങളുടെയടുക്കല്‍ വരുന്നതായാല്‍ നിങ്ങള്‍ നിശ്ചയമായും അദ്ദേഹത്തെ വിശ്വസിക്കുകയും സഹായിക്കുകയും ചെയ്യേണ്ടതാണ്. അവന്‍ (അല്ലാഹു) പറഞ്ഞു: നിങ്ങള്‍ സമ്മതിക്കുകയും അതു സംബന്ധിച്ച് ഞാന്‍ ഏല്പിച്ച ചുമതല കയ്യേല്‍ക്കുകയും ചെയ്തുവോ? അവര്‍ പറഞ്ഞു: ഞങ്ങള്‍ സമ്മതിച്ചു. അവന്‍ (അല്ലാഹു) പറഞ്ഞു: നിങ്ങള്‍ സാക്ഷ്യം വഹിക്കുവിന്‍. നിങ്ങളോടുകൂടെ ഞാനും ഒരു സാക്ഷിയാണ്” (3:82)

ഈ ഖുര്‍ആന്‍ വാക്യത്തില്‍ പ്രസ്താവിക്കപ്പെട്ടിരിക്കുന്നത് മുമ്പു കഴിഞ്ഞുപോയ പ്രവാചകന്മാരോട് അല്ലാഹു ഒരു പ്രതിജ്ഞ വാങ്ങിയിട്ടുണ്ടായിരുന്നുവെന്നാണ്. അതായത്, അവര്‍ക്ക് ഗ്രന്ഥവും ജ്ഞാനവും അല്ലാഹു നല്‍കിയിട്ടുണ്ടെങ്കിലും അവയെ സത്യപ്പെടുത്തുന്ന ഒരു പ്രവാചകന്‍ പിന്നീട് വരുന്നതായാല്‍, അവര്‍ ആ പ്രവാചകനെ വിശ്വസിക്കുകയും സഹായിക്കുകയും ചെയ്യേണ്ടതാണ് എന്ന്.

തങ്ങളുടെ കയ്യില്‍ ഗ്രന്ഥവും ജ്ഞാനവും ഉള്ളതുകൊണ്ട് പിന്നീട് വരുന്ന പ്രവാചകാരെ വിശ്വസിക്കുകയും സഹായിക്കുകയും ചെയ്യണ്ടതില്ല എന്ന് ആരുംതന്നെ ധരിച്ചുപോകരുത്. അല്ലാഹു പ്രവാചകാരോട് ഇങ്ങനെ ഒരു ഉടമ്പടി വാങ്ങിയിട്ടുണ്ടായിരുന്നു എന്നു പറയുന്നതിന്റെ അര്‍ഥം ആ പ്രവാചകന്മാര്‍ മുഖാന്തരം അവരുടെ ജനതയോട് ഒരു ഉടമ്പടി വാങ്ങിയിട്ടുണ്ടെന്നായിരിക്കാനേ തരമുള്ളൂ. എന്തെന്നാല്‍, പിന്നീട് വരുന്ന പ്രവാചകന്റെ ആവിര്‍ഭാവകാലത്ത് മിക്കവാറും മുമ്പുവന്ന പ്രവാചകന്മാരല്ല അവരുടെ ജനതകളാണ് ശേഷിച്ചിരിക്കുക. അതുകൊണ്ട് ആ പിന്നീടുവരുന്ന പ്രവാചകനെ വിശ്വസിക്കുകയും അദ്ദേഹത്തിന്റെ അനുയായികളില്‍ ചേര്‍ന്നുകൊണ്ട് അദ്ദേഹത്തെ സഹായിക്കുകയും ചെയ്യേണ്ടത് ആ ജനതയാണ്. മുമ്പു വന്ന പ്രവാചകാര്‍ അല്ലാഹുവിന്റെ ആജ്ഞയനുസരിച്ച് തങ്ങളുടെ അനുയായികളോട്; പിറകെ വരുന്ന പ്രവാചകനെ വിശ്വസിക്കേണ്ടത് ആവശ്യമാണെന്നും അവരെ വിശ്വസിക്കേണ്ടതില്ലെന്ന പിഴച്ച ധാരണ അവര്‍ക്കുണ്ടാകരുതെന്നും ഉല്‍ബോധിപ്പിക്കുകയുണ്ടായിട്ടുണ്ടെന്ന് ഇതില്‍നിന്നു വ്യക്തമാകുന്നു.

യഹൂദിനസാറാക്കളെ കുറിച്ചുള്ള വൃത്താന്തങ്ങളെ തുടര്‍ന്നുകൊണ്ടാണ് ഖുര്‍ആന്‍ മേല്‍പ്രകാരം പറഞ്ഞതെന്നിരുന്നാലും, പൊതു നിലയിലാണ് ഉടമ്പടിയെക്കുറിച്ച് പ്രസ്താവിച്ചിട്ടുള്ളതെന്ന് മനസ്സിലാക്കാം. النَّبِیّٖنَ എന്നു പറഞ്ഞുകൊണ്ട് എല്ലാ ഓരോ പ്രവാചകനോടും ഉടമ്പടി വാങ്ങിയിട്ടുണ്ടെന്ന് അര്‍ഥം കല്പിച്ചേ തീരൂ എന്നില്ല. പ്രധാന പ്രചാചകന്മാരോടായാലും പ്രവാചകന്മാരോടു ഉടമ്പടി വാങ്ങിയിട്ടുണ്ടെന്ന് പറയാവുന്നതാണ്. ഈ അര്‍ഥത്തില്‍ ‘നബിയ്യീന്‍‘ എന്ന പദം ഖുര്‍ആനില്‍ പ്രയുക്തമായിട്ടുണ്ട്.

മേല്‍ ആയത്തില്‍ ”പിന്നെ നിങ്ങളുടെ അടുക്കല്‍ ഒരു റസൂല്‍ വന്നുവെങ്കില്‍” എന്നത്രെ പറഞ്ഞിട്ടുള്ളത്. ഒരു പ്രത്യേക റസൂലിനെക്കുറിച്ചല്ല ഇവിടെ ഉദ്ദേശിക്കപ്പെട്ടിരിക്കുന്നതെന്ന് ആ പദപ്രയോഗം തന്നെ മനസ്സിലാക്കിത്തരുന്നുണ്ട്. ആകയാല്‍ ഈ ആയത്തിന്റെ ഒന്നാമത്തെ വിവക്ഷ, ഒരു റസൂല്‍ മുഖേന ആ റസൂലിന്റെ ജനത്തിനു പിന്നീട് വരുന്ന റസൂലിന്റെ ആവിര്‍ഭാവത്തെക്കുറിച്ച് അല്ലാഹു മുന്നറിയിപ്പു നല്‍കിയിട്ടുണ്ടെങ്കില്‍, ആ റസൂല്‍ വന്നാല്‍, അദ്ദേഹത്തെ വിശ്വസിക്കുകയും സഹായിക്കുകയും വേണ്ടത് ആ ജനതയുടെ കടമയാണെന്നാകുന്നു. അതിന്നായിട്ടു തന്നെയാണല്ലോ ഒരു റസൂല്‍ മുഖേന ശേഷം വരുന്ന മറ്റൊരു റസൂലിനെക്കുറിച്ച് മുന്നറിവ് നല്‍കുന്നത്. അങ്ങനെ ഒരു നബിയെ സത്യവാദിയായി സ്വീകരിച്ച് ജനം മറ്റൊരു നബിയെക്കുറിച്ചുള്ള ആ റസൂലിന്റെ പ്രവചനത്തിന്റെ സത്യതയിലും സുദൃഢമായി വിശ്വസിക്കുകയും പ്രവചനപ്രകാരം പിന്നീട് പ്രത്യക്ഷനാകുന്ന പ്രവാചകനെ സ്വീകരിക്കുന്നതാണെന്ന് ഏറ്റുപറയുകയും ചെയ്യുന്നു. ഇതുതന്നെയാണ് യഥാര്‍ഥത്തില്‍ ഉടമ്പടി.

മേല്‍ ആയത്തില്‍ ثُمَّ جَآءَکُمۡ رَسُوۡلٌ ”പിന്നെ നിങ്ങളുടെ അടുക്കല്‍ ഒരു റസൂല്‍ വന്നു എങ്കില്‍” എന്നു പറഞ്ഞിട്ടുള്ളതിന്റെ താല്പര്യം തിരുനബി(സ) ആണെന്നതത്രെ പൊതുവെ ഖുര്‍ആന്‍ ഭാഷ്യകാരന്മാര്‍ പറഞ്ഞിട്ടുള്ളത്. അറബിഭാഷാ നിയമപ്രകാരം ചിലാപ്പോള്‍ ഒരാളുടെ സ്ഥാനമാഹാത്മ്യത്തെ കുറിക്കാന്‍വേണ്ടി ആ ആളെപ്പറ്റി പ്രത്യേകനാമം ഉപയോഗിക്കുന്നതിനുപകരം പൊതുനാമം ഉപയോഗിക്കാറുണ്ട്. അതനുസരിച്ച്, ഇവിടെ ”ഒരു റസൂല്‍ വരുന്നതാകയാല്‍” എന്നു പൊതുനിലയില്‍ പ്രസ്താവിച്ചിരിക്കുകയാണെങ്കിലും, അതിന്റെ വിവക്ഷ തിരുമേനി(സ) ആണെന്നാണ് അവര്‍ പറയുന്നത്. അപ്പോള്‍ മേല്‍ ആയത്തിന്റെ അര്‍ഥം മുന്‍കഴിഞ്ഞ പ്രവാചകന്മാര്‍ മുഖേന അല്ലാഹു അവരുടെ ജനതകളോട് തിരുനബി(സ)യെക്കുറിച്ച് ഒരു ഉടമ്പടി വാങ്ങിയിട്ടുണ്ടായിരുന്നു എന്നായി. അതായത്, തിരുനബി(സ) വന്നാല്‍, ആ ജനതകള്‍ തങ്ങളുടെ കൈയില്‍ ഗ്രന്ഥമുള്ളതുകൊണ്ട് തങ്ങള്‍ക്കു മറ്റൊരു പ്രവാചകനെ വിശ്വസിക്കേണ്ട ആവശ്യമില്ലെന്നു ധരിച്ചു തിരുമേനിയെ നിഷേധിച്ചു കളയരുതെന്നും ആ ദിവ്യാത്മാവ് അവരുടെ ഗ്രന്ഥങ്ങളിലുള്ള പ്രവചനങ്ങളേയും സത്യസിദ്ധാന്തങ്ങളേയും സത്യപ്പെടുത്തുന്നതിനും സാക്ഷീകരിക്കുന്നതിനും വേണ്ടിയുള്ള ആളായിരിക്കുന്നതിനാല്‍ തിരുനബി(സ)യെ വിശ്വസിക്കേണ്ടത് അവരുടെ ചുമതലയാണെന്നും ഖുര്‍ആന്‍ ഓര്‍മ്മെടുത്തിയിരിക്കുകയാണ്.

മൂസാ ഈസാ മുതലായ പ്രവാചകന്മാര്‍ ചെയ്ത പ്രവചനങ്ങളനുസരിച്ച് തൗറാത്ത്, ഇഞ്ചീല്‍ മുതലായ ഗ്രന്ഥങ്ങളിലുള്ള സത്യസിദ്ധാന്തങ്ങളെ സത്യപ്പെടുത്തിയ തിരുനബിയെ യഹൂദിനസാറാക്കള്‍, തങ്ങള്‍ക്കൊരാളെയും ആവശ്യമില്ലെന്നും തങ്ങളുടെ പക്കല്‍ ദിവ്യഗ്രന്ഥങ്ങളുണ്ടെന്നും പറഞ്ഞുകൊണ്ട് നിഷേധിച്ചുകളയുകയാണല്ലോ ചെയ്തത്. അങ്ങനെ അവര്‍ നിഷേധിച്ചപ്പോള്‍ തങ്ങളുടെ പ്രവാചകന്മാരില്‍ വിശ്വസിക്കവെ അവര്‍ ചെയ്തിട്ടുള്ള ഉടമ്പടിയെ ലംഘിക്കുകയാണ് ചെയ്തിരിക്കുന്നതെന്ന് അവര്‍ ചിന്തിക്കുകയുണ്ടായില്ല.

മേലുദ്ധരിച്ച ഖുര്‍ആന്‍ വാക്യത്തില്‍ തിരുനബി(സ)ക്കു മുമ്പു വന്ന പ്രവാചകന്മാരോട് അല്ലാഹു വാങ്ങിയ ഉടമ്പടിയെക്കുറിച്ചാണല്ലോ പ്രസ്താവിച്ചിരിക്കുന്നത്. ഇതേപ്രകാരം നബിതിരുമേനിയോടും അല്ലാഹു ഇപ്രകാരമുള്ള ഉടമ്പടി വാങ്ങിയിട്ടുണ്ടെന്ന് ഖുര്‍ആന്‍ പറഞ്ഞുതരുന്നുണ്ടോ എന്നാണ് നാമിനി നോക്കേണ്ടത്. ഉണ്ടെങ്കില്‍ ആ പിറകെവരുന്ന നബിയെ, വിശേഷിച്ചും അദ്ദേഹം തിരുനബി(സ)യുടെ ന്യായപ്രമാണത്തെ വരവണ്ണം സത്യപ്പെടുത്തുകയും, സാക്ഷീകരിക്കുകയും ചെയ്യാനുള്ള ആളാണെന്നു വരുമ്പോള്‍ വിശ്വസിക്കേണ്ടതും അദ്ദേഹത്തെ സഹായിക്കേണ്ടതും തിരുനബി(സ)യില്‍ വിശ്വസിക്കുന്നവര്‍ക്കു നിര്‍ബന്ധമായിത്തീരുന്നു.

അല്ലാഹു ഖുര്‍ആനില്‍ മറ്റൊരിടത്തു പറയുകയാണ്:

وَ اِذۡ اَخَذۡنَا مِنَ النَّبِیّٖنَ مِیۡثَاقَہُمۡ وَ مِنۡکَ وَ مِنۡ نُّوۡحٍ وَّ اِبۡرٰہِیۡمَ وَ مُوۡسٰی وَ عِیۡسَی ابۡنِ مَرۡیَمَ ۪ وَ اَخَذۡنَا مِنۡہُمۡ مِّیۡثَاقًا غَلِیۡظًا

”ഓര്‍ക്കുക, നാം പ്രവാചകന്മാരോട് അവരുടെ ഉടമ്പടി വാങ്ങി; നിന്നോടും, നൂഹ്, ഇബ്രാഹീം, മൂസാ, ഈസബ്‌നു മര്‍യം എന്നിവരോടും നാം ഉറച്ച പ്രതിജ്ഞ വാങ്ങി” (33:8)

ഈ വാക്യത്തില്‍ പ്രവാചകന്മാരോട് പ്രതിജ്ഞ വാങ്ങിയെന്നുള്ള പൊതുപ്രസ്താവനക്കുശേഷം അഞ്ചു പ്രവാചകാരോടു ഉടമ്പടി വാങ്ങിയതിനെപ്പറ്റി പ്രത്യേക നിലയില്‍ എടുത്തുപറഞ്ഞിരിക്കുകയാണ്. ഇതില്‍ തിരുനബിയോടു വാങ്ങിയിട്ടുള്ള ഉടമ്പടിയെക്കുറിച്ചാണ് ഒന്നാമതായിത്തന്നെ പറഞ്ഞിട്ടുള്ളതും! പ്രവാചകന്മാരോടു പൊതുവായും നാലു പ്രധാന പ്രവാചകന്മാരോടു പ്രത്യേകിച്ചും വാങ്ങിയതായി പറയുന്ന ഉടമ്പടി ഏതൊന്നിനെ കുറിച്ചാണോ അതിനെ സംബന്ധിച്ചതു തന്നെയായിരിക്കണം തിരുനബി(സ)യോടു വാങ്ങിയ ഉടമ്പടിയും.

മറ്റു പ്രവാചകന്മാരോടു വാങ്ങിയ ഉടമ്പടി അവര്‍ക്കു ശേഷം വരുന്ന പ്രവാചകനെ അവരുടെ ജനത സ്വീകരിക്കേണ്ടതാണ് എന്നായിരുന്നുവെങ്കില്‍ അതേപോലുള്ള ഉടമ്പടി തന്നെയായിരിക്കണം തിരുനബി(സ) മുഖേന തിരുനബിയുടെ ഉമ്മത്തില്‍ നിന്നും വാങ്ങിയിട്ടുണ്ടായിരിക്കുക. അപ്പോള്‍, തിരുനബി(സ)ക്കുശേഷം നബി വരുന്നതാണെന്നും ആ നബിയെ സ്വീകരിക്കേണ്ടത് തിരുനബി(സ)യുടെ ഉമ്മത്തിന്റെ ധര്‍മ്മമാണെന്നും തെളിയുന്നു.

ചുരുക്കത്തില്‍ അല്ലാഹു ചെയ്ത ഉടമ്പടിയെക്കുറിച്ചു പ്രസ്താവിച്ച മേല്‍ രണ്ട് ആയത്തുകള്‍ അര്‍ഥവത്തായിത്തീരണമെങ്കില്‍ നബിതിരുമേനിയോടു വാങ്ങിയ ഉടമ്പടിയനുസരിച്ച് തിരുനബി(സ)ക്കുശേഷം വരുന്ന പ്രവാചകനേയും വിശ്വസിക്കേണ്ടതാണെന്നു സിദ്ധിക്കുന്നു. മറ്റു പ്രവാചകന്മാരോട് വാങ്ങിയ ഉടമ്പടി അവര്‍ക്കുശേഷം വരുന്ന പ്രവാചകനെ വിശ്വസിക്കണമെന്നതാണെന്നും എന്നാല്‍, തിരുനബി(സ)യോടു വാങ്ങിയിട്ടുള്ളതാകട്ടെ. ആ ദിവ്യാത്മാവിനുശേഷം ഒരു നബിയും വരികയില്ലെന്നതാണെന്നും ആരെങ്കിലും പറയുന്നുവെങ്കില്‍ അത് കേവലം നിരര്‍ഥകമാണെന്നതു വ്യക്തമാണ്.

അങ്ങനെയാണെങ്കില്‍ ഇതേ സംഗതി ക്രിസ്ത്യാനികള്‍ക്കും യഹൂദികള്‍ക്കുമെല്ലാം എന്തുകൊണ്ട് പറഞ്ഞുകൂടാ? മറ്റു പ്രവാചകന്മാരോടു വാങ്ങിയ ഉടമ്പടി എന്തായിരുന്നുവോ അതേ പ്രകാരത്തിലുള്ള ഒരുടമ്പടിയാണ് തിരുനബി(സ)യില്‍ നിന്നു വാങ്ങിയിട്ടുള്ളതെന്നാണ് മേല്‍ ഖുര്‍ആന്‍ വാക്യത്തില്‍ നിന്നു സ്പഷ്ടമായി മനസ്സിലാക്കാന്‍ കഴിയുന്നത്. ആകയാല്‍, തിരുനബി(സ)യില്‍ നിന്നു വാങ്ങിയ കരാറ് ഇനിയൊരു നബിയും വരികയില്ലെന്നതാണെന്ന് പറയുന്നത് പ്രസ്തുത ദൈവവാക്യത്തിന്റെ താല്പര്യത്തിന് കടകവിരുദ്ധമായ ഒരഭ്യൂഹം മാത്രമാണ്.

ഇനി നാം നോക്കേണ്ടത് തിരുമേനി(സ)യോടു അല്ലാഹു ഇപ്രകാരം ഒരു ഉടമ്പടി വാങ്ങിയിട്ടുണ്ടോ എന്നാണ്. വിശുദ്ധ ഖുര്‍ആനില്‍ അല്ലാഹു പ്രസ്താവിച്ചിരിക്കുന്നതെല്ലാം ഒന്നാമതായിത്തന്നെ തിരുനിയോടാണല്ലോ. തിരുനബി(സ) മുഖേന ആ പുണ്യാത്മാവിന്റെ അനുയായികളോടും. വിശുദ്ധ ഖുര്‍ആനില്‍ ഒന്നോ രണ്ടോ നാലോ സ്ഥലങ്ങളിലല്ല അതിലധികം സ്ഥലങ്ങളില്‍ തിരുനബി(സ)ക്കുശേഷം പ്രവാചകന്മാരുടെ ആവിര്‍ഭാവം നിലച്ചുപോയിട്ടില്ലെന്ന് വ്യക്തമാക്കപ്പെട്ടിട്ടുണ്ട്. അങ്ങനെ ആവിര്‍ഭവിക്കുന്ന പ്രവാചകന്മാര്‍ തിരുനബിയുടെ അനുയായികളില്‍ നിന്നുള്ളവരായിരിക്കുമെന്നും ഖുര്‍ആന്‍ വ്യക്തമാക്കിത്തരുന്നു.

അവലമ്പം : പ്രവാചകത്വം ഖുർആനിൽ, മൗലാനാ ബി അബ്ദുല്ലാഹ് സാഹിബ് (റഹ്)

സുപ്രസിദ്ധ പണ്‌ഡിതന്‍ മുഹമ്മദ് അമാനി മൗലവിയുടെ ഖുർആൻ തഫ്സീറിൽ സൂറ അഹ്സാബിലെ ഈ ആയത്തിനെ സംബന്ധിച്ച് ഇപ്രകാരം പറയുന്നു.

“നബിമാരിൽനിന്നും അല്ലാഹു വാങ്ങിയ ഈ ഉറപ്പിനെ-കരാറിനെക്കുറിച്ചു ഇവിടെ വിശദീരിച്ചിട്ടില്ലെങ്കിലും, സൂ: ആലുഇംറാനിലും മറ്റും പ്രസ്താവിച്ചിട്ടുളളതിൽ നിന്നു നമുക്കതു ഏതാണ്ടു മനസ്സിലാക്കുവാൻ കഴിയും. അല്ലാഹു പറയുന്നു.

وَ اِذۡ اَخَذَ اللّٰہُ مِیۡثَاقَ النَّبِیّٖنَ لَمَاۤ
………………………………….

സാരം: നിങ്ങൾക്കു വല്ല വേദഗ്രന്ഥമോ, വിജ്ഞാനമോ ഞാൻ നൽകുകയും, പിന്നീടു നിങ്ങളുടെ വശമുളളതിനെ സത്യമായി സ്ഥാപിക്കുന്ന ഒരു റസൂൽ നിങ്ങൾക്കു വരുകയും ചെയ്യുന്നപക്ഷം, നിങ്ങൾ നിശ്ചയമായും അദ്ദേഹത്തിൽ വിശ്വസിക്കുകയും, അദ്ദേഹത്തെ സഹായിക്കുകയും ചെയ്യണമെന്നു അല്ലാഹു നബിമാരോടു കരാറു വാങ്ങിയ സന്ദർഭം! അവൻ പറഞ്ഞു: “നിങ്ങൾ സമ്മതിക്കുകയും അതിൻമേൽ എന്നോടുളള ഉത്തരവാദിത്തഭാരം ഏറ്റെടുക്കുകയും ചെയ്തുവോ!’ അവർ പറഞ്ഞു: “ ഞങ്ങൾ സമ്മതിച്ചിരിക്കുന്നു. (ആലുംഇംറാൻ: 81)“

തുടർന്ന് അദ്ദേഹം ഈ കരാർ തന്നെയാണ് തിരുദൂതർ (സ)യിൽ നിന്നും വാങ്ങിയത് എന്നും വിശദീകരിക്കുന്നു, പറയുന്നു:

“പ്രവാചകന്മാരിൽനിന്നു കരാർ വാങ്ങി എന്നു ആദ്യം പൊതുവിൽ പറഞ്ഞശേഷം അഞ്ചു പ്രവാചകൻമാരുടെ പേർ പ്രത്യേകം അല്ലാഹു ഇവിടെ എടുത്തുപറഞ്ഞിരിക്കയാണ്. അല്ലാഹുവിങ്കലും, ലോകചരിത്രത്തിലും അവർക്കുളള പ്രത്യേക പദവിയാണത് കുറിക്കുന്നത്. അതുകൊണ്ടുതന്നെയാണ് ഈ അഞ്ചു പ്രവാചകവര്യൻമാർക്കു ദൃഢചിത്തതയുളളവർ എന്ന കീർത്തിനാമം ലഭിച്ചിരിക്കുന്നതും. നൂഹ് (അ) ഇബ്റാഹീം (അ) മൂസാ (അ) ഈസാ(അ) എന്നീ നബിമാരുടെ പേരുകൾ അവരുടെ കാലക്രമം അനുസരിച്ചുതന്നെ അല്ലാഹു പ്രസ്താവിച്ചു. എന്നാൽ, ഏറ്റവും ഒടുവിലത്തെ പ്രവാചകവര്യനായ മുഹമ്മദു(സ) തിരുമേനിയുടെ പേരുപറഞ്ഞിട്ടില്ല. “നിന്നിൽ നിന്നും“ (مِنۡکَ) എന്ന വാക്കിലൂടെ സംബോധനാ രൂപത്തിൽ-ഒന്നാമനായിത്തന്നെ എടുത്തുപറഞ്ഞിരിക്കുകയാണ്. പ്രവാചകന്മാരിൽ വെച്ചു നബി (സ) തിരുമേനിക്കുള്ള ഏറ്റവും ഉൽകൃഷ്ടപദവിയെ ഇതു സൂചിപ്പിക്കുന്നു.

(അമാനി മൗലവിയുടെ വിശുദ്ധ ഖുർആൻ വിവരണം: സൂറ അഹ്സാബ്  7ആം ആയത്ത്)