🔸” നീതിയോടും നിഷ്പക്ഷതയോടുംകൂടി മുൻകഴിഞ്ഞ പ്രവാചകന്മാരെപ്പറ്റി സൂക്ഷ്മപഠനം നടത്തിയാൽ അവരിൽ വെച്ച് ഏറ്റവും ഉന്നതനിലയിലുള്ള വീരപുരുഷനായ നബി, ജീവിച്ചിരിക്കുന്ന നബി, അല്ലാഹുവിന്റെ ഉന്നത പദവിയിലുള്ള ഏറ്റവും പ്രിയപ്പെട്ട നബിയായി ഒരാളെ മാത്രമേ നാം അറിയുകയുള്ളൂ, നബിമാരുടെ നേതാവും ദൈവദൂതന്മാരുടെ അഭിമാനവും എല്ലാ ദൂതന്മാരുടേയും യജമാനനുമായ വ്യക്തി, ആ മഹാത്മാവിന്റെ പേരു മുഹമ്മദ് മുസ്തഫാ അഹ്മദ് മുജ്തബാ (സ) എന്നാകുന്നു. മുമ്പേ ആയിരം വർഷങ്ങൾക്കൊണ്ട് ലഭിക്കാനിടയില്ലാതിരുന്ന ആ വെളിച്ചം ആ മഹാത്മാവിന്റെ തണലിലൂടെ പത്തുദിവസം നടക്കുന്നത് മുഖേന ലഭ്യമാകുന്നതാണ്.”
(സിറാജെ മുനീർ, R.K. 12.p.82)
🔸”എന്റെ മതം ഇതാണ്, നബി(സ) തിരുമേനിയെ മാറ്റി നിർത്തുകയും ഇതേവരെ കഴിഞ്ഞുകടന്നിട്ടുള്ള എല്ലാ നബിമാരും ഒത്തുചേർന്നുകൊണ്ട് നബി(സ) തിരുമേനി ചെയ്ത പ്രവൃത്തിയും വരുത്തിയ പരിവർത്തനവും ഉണ്ടാക്കാൻ ആഗ്രഹിച്ചാലും ഒരിക്കലും അവർക്കത് ചെയ്യാൻ സാധിക്കുകയില്ല. അവരിൽ ആരിലും നമ്മുടെ നബി(സ) തിരുമേനിക്ക് ലഭിച്ചിരുന്ന ആ മനസ്സും ശക്തിയും ഇല്ലായിരുന്നു. ഇത് നബിമാരെ (മആദല്ലാഹ്) അപകീർത്തിപ്പെടുത്തുന്നതാണെന്ന് ആരെങ്കിലും പറഞ്ഞാൽ ആ അജ്ഞൻ എന്നിൽ കള്ളം ആരോപിക്കുകയായിരിക്കും ചെയ്യുന്നത്. നബിമാരെ ആദരിക്കുകയും ബഹുമാനിക്കുകയും ചെയ്യുന്നത് ഈമാന്റെ ഭാഗമായി ഞാൻ മനസ്സിലാക്കുന്നു. പക്ഷേ, നബികരീം(സ) യുടെ ശ്രേഷ്ഠത എല്ലാനബിമാരേക്കാളും എന്റെ ഈമാന്റെ ഏറ്റവും വലിയ ഭാഗമാകുന്നു. എന്റെ നാഡീ ഞരമ്പുകളിൽ അലിഞ്ഞു ചേർന്നിട്ടുള്ള കാര്യമാണിത്. അതിനെ പുറത്തെടുക്കുക എന്നത് എന്റെ കഴിവിൽപെട്ടതല്ല. നിർഭാഗ്യവാനും കണ്ണില്ലാത്തവനുമായിട്ടുള്ള എതിരാളി എന്തുവേണമെങ്കിലും പറഞ്ഞുകൊള്ളട്ടെ. തനിച്ചോ കൂട്ടം ചേർന്നോ ആർക്കും ചെയ്യാൻ പറ്റാത്തത്ര ജോലികളാണ് നമ്മുടെ നബി(സ) തിരുമേനി ചെയ്തിട്ടുള്ളത്”
(മൽഫൂസാത് v.1, p.420)
🔸” മനുഷ്യകുലത്തിനു ഭൂലോകത്ത് വിശുദ്ധ ഖുർആനല്ലാതെ വേറൊരു ഗ്രന്ഥവുമില്ല. ആദം സന്തതികൾക്ക് മുഹമ്മദ് മുസ്തഫാ(സ) തിരുമേനിയല്ലാതെ ഒരു റസൂലോ ശിപാർശക്കാരനോ ഇല്ല. അതിനാൽ ഈ പ്രതാപശാലിയായ നബിയോട് നിങ്ങൾ ഹൃദയംഗമമായ സ്നേഹം പുലർത്താൻ ശ്രമിക്കുക. നബി(സ) തിരുമേനിയേക്കാൾ ശ്രേഷ്ഠത്വം മറ്റൊരാളിലും കല്പിക്കരുത്. ഉപരിലോകത്ത് നിങ്ങൾ മോക്ഷം പ്രാപിച്ചവരാണെന്ന് എഴുതപ്പെടുന്നതിനു വേണ്ടി. മോക്ഷം എന്നത് മരിച്ചശേഷം മാത്രം വെളിവാകുന്ന എന്തോ ഒന്നല്ലെന്ന് ഓർത്തുകൊൾവിൻ. മറിച്ച് യഥാർത്ഥമായ മോക്ഷം ഈ ലോകത്ത് വെച്ചുതന്നെ അതിന്റെ വെളിച്ചം കാട്ടുന്നതാകുന്നു. ആരാണ് മോക്ഷം പ്രാപിച്ചവർ? ദൈവം സത്യമാണെന്നും മുഹമ്മദ് നബി(സ) ആ ദൈവത്തിന്റേയും മുഴുവൻ സൃഷ്ടിജാലത്തിന്റേയും ഇടയിലുള്ള ശിപാർശക്കാരനാണെന്നും ആകാശത്തിനു കീഴിൽ ആ പുണ്യാത്മാവിന്റെ പദവിയിലുള്ള മറ്റൊരു നബിയും ഇല്ലെന്നും വിശുദ്ധ ഖുർആനോട് കിടപിടിക്കാൻ മറ്റൊരു ഗ്രന്ഥവുമില്ലെന്നും അല്ലാഹു ആരേയും ചിരഞ്ജീവിയാക്കാൻ ഉദ്ദേശിച്ചിട്ടില്ലെങ്കിലും ഈ വരിഷ്ഠനായ നബി കാലാകാലത്തേക്കും ജീവിച്ചിരിക്കുന്നവനാണെന്നും വിശ്വസിക്കുന്നവൻതന്നെ. (അതായത്) ഈ വരിഷ്ഠനായ നബി കാലാകാലത്തേക്കും ജീവിച്ചിരിക്കുന്നതിനുവേണ്ടി അവിടത്തെ ശരീഅത്തോടുകൂടി ആത്മീയ പിന്തുടർച്ച ഖിയാമത്ത് നാൾവരെ നിലനിൽക്കുന്നതിനുള്ള അടിത്തറ അല്ലാഹു ഇട്ടിരിക്കുന്നുവെന്നും, ഒടുവിലായി അവിടത്തെ ആത്മീയ അനുഗ്രഹപ്രാപ്തി മുഖേന ഇസ്ലാമികസൗധത്തിന്റെ സമ്പൂർത്തീകരണത്തിനായി ഈ വാഗ്ദത്ത മസീഹിനെ ലോകത്തിലേക്ക് അയച്ചിരിക്കുന്നുവെന്നും ദൃഢമായി വിശ്വസിക്കുന്നവനത്രെ മോക്ഷം പ്രാപിച്ചവൻ.”
(കശ്തിയെ നൂഹ്)
ജീവിച്ചിരിക്കുന്ന നബി നമ്മുടെ നബി(സ) തിരുമേനി.
🔹”ഇത് അത്ഭുതകരമായ കാര്യമാണ്. അതായത് ലോകം അവസാനിക്കാൻ പോകുകയാണ്. എന്നാൽ, ഈ പരിപൂർണനായ നബിയുടെ അനുഗ്രഹങ്ങളുടെ ജ്വാലകൾ ഇന്നുവരെ അവസാനിച്ചിട്ടില്ല. അല്ലാഹുവിന്റെ ഗ്രന്ഥമായ വിശുദ്ധ ഖുർആൻ വിലക്കുന്നില്ലായിരുന്നെങ്കിൽ ഈ നബി മാത്രമാണ് ഇന്നുവരെ സ്ഥൂലശരീരത്തോടെ ആകാശത്ത് ജീവിച്ചിരിക്കുന്നതെന്ന് നമുക്ക് പറയാമായിരുന്നു. കാരണം നാം ആ മഹാത്മാവ് ജീവിച്ചിരിക്കുന്നു എന്നതിനു വ്യക്തമായ അടയാളങ്ങൾ കണ്ടിരിക്കുന്നു. ആ മഹാത്മാവിന്റെ ദീൻ ജീവിച്ചിരിക്കുന്നു. ആ മഹാത്മാവിനെ അനുഗമിക്കുന്നവർ ജീവനുള്ളവരായിത്തീരുന്നു. ആ മഹാത്മാവ് മുഖേന ജീവനുള്ള ദൈവത്തെ ലഭിക്കുന്നു. അല്ലാഹു അവിടത്തേയും അവിടത്തെ ദീനിനേയും സ്നേഹിക്കുന്നവരെ സ്നേഹിക്കുന്നത് നാം കാണുന്നു.
ഓർമിച്ചുകൊൾവിൻ, യഥാർത്ഥത്തിൽ അവിടുന്ന് ജീവിച്ചിരിക്കുന്നു. ദൈവിക സവിധത്തിൽ എല്ലാവരേക്കാളും അങ്ങയുടെ സ്ഥാനം ഉയർന്നതാണ്. പക്ഷേ, നശിച്ചുപോകുന്ന ഈ ഭൗതിക ശരീരത്താലല്ല. പ്രത്യുത മറ്റൊരു പ്രകാശനീയമായ ശരീരത്തോടെ. അത് അസ്തമിക്കാത്തതാണ്. ആകാശത്ത് തന്റെ ബഹുമാന്യനായ ദൈവത്തിന്റെ അടുക്കൽ.”
(ഹഖീഖത്തുൽ വഹ്’യ്,)
🔹” മനുഷ്യരിൽ വെച്ച് ഏറ്റവും പരിപൂർണ്ണനായ മനുഷ്യനു പ്രദാനം ചെയ്യപ്പെട്ട ആ അതിമഹത്തായ പ്രകാശം മലക്കുകളിലോ നക്ഷത്രങ്ങളിലോ സൂര്യനിലോ സമുദ്രത്തിലോ നദിയിലോ ഉണ്ടായിരുന്നില്ല. വൈഡൂര്യങ്ങളിലോ മാണിക്യക്കല്ലുകളിലോ രത്നങ്ങളിലോ മുത്തുകളിലോ അതു കണ്ടെത്താവുന്നതായിരുന്നില്ല. അതു മനുഷ്യനിൽ മാത്രമേയുള്ളൂ; പരിപൂർണനായ മനുഷ്യനിൽ. എന്നുവച്ചാൽ, അതിശ്രേഷ്ഠവും പരിപൂർണവും ഉദാത്തവും സർവോത്തമവും അത്യുൽകൃഷ്ടവുമായ സ്ഥാനത്ത് വിരാജിക്കുന്ന വ്യക്തിയിൽ. അതായത്, നബിനായകരും ആത്മീയമായി ജീവിച്ചിരിക്കുന്നവരുടേയെല്ലാം നേതാവുമായ ഹദ്റത്ത് മുഹമ്മദു മുസ്തഫാ(സ) തിരുമേനിയിൽ മാത്രമാണ് തികവാർന്ന നിലയിൽ അതു വെളിപ്പെട്ടത്.”
(ആയിനയെ കമാലാതെ ഇസ്ലാം)
🔹 “നബി(സ) തിരുമേനിയുടെ 13 വർഷക്കാലത്തെ മക്കാജീവിതത്തിൽ അവിടന്ന് സഹിച്ച കഷ്ടപ്പാടും പ്രയാസങ്ങളും നമുക്ക് അനുമാനിക്കാൻ പോലും സാധ്യമല്ല. അത് ആലോചിക്കുമ്പോൾ ഹൃദയം വിറകൊള്ളുന്നു. അതിൽനിന്ന് നബി(സ) തിരുമേനിയുടെ ഉന്നതമായ മനോദാർഢ്യവും വിശാല മനസ്കതയും സ്ഥൈര്യവും ദൃഢനിശ്ചയവും സ്ഥിരചിത്തതയും മനസ്സിലാകുന്നു. എത്രമാത്രം പാറപോലെ സ്ഥൈര്യം കാണിച്ച മനുഷ്യനാകുന്നു. പ്രയാസങ്ങളുടെ മലതന്നെ പൊട്ടിച്ചിതറി വീഴുന്നു. പക്ഷേ, അതിനു അല്പം പോലും ഇളക്കമുണ്ടാക്കാൻ കഴിയുന്നില്ല. തന്റെ ലക്ഷ്യം നിറവേറ്റുന്നതിൽ ഒരു നിമിഷം പോലും അലസനോ ഖിന്നനോ ആയില്ല. ആ പ്രയാസങ്ങൾക്ക് അവിടത്തെ ലക്ഷ്യങ്ങളെ മാറ്റാനും കഴിഞ്ഞില്ല.”
(അൽ-ഹക്കം 1901 ജൂൺ 30)