“ഞാൻ എപ്പോഴും അത്ഭുത ദൃഷ്ടികളോടെയാണ് നോക്കിക്കാണുന്നത്, ‘മുഹമ്മദ്’ എന്ന് പേരുള്ള ഈ അറബി പ്രവാചകൻ (ആയിരമായിരം സലാത്തും സലാമും അവിടത്തെമേൽ വർഷിക്കുമാറാകട്ടെ) എത്രമേൽ ഉൽകൃഷ്ട പദവിയാർന്ന നബിയാണ്! അവിടത്തെ ഔന്നത്യത്തിന്റെ അറ്റം കണ്ടെത്തുക അസാധ്യം തന്നെ! അവിടത്തെ ദിവ്യശക്തിപ്രഭാവം കണക്കാക്കുക മനുഷ്യന്റെ കഴിവിൽപെട്ടതല്ല. അഹോ കഷ്ടം! അവിടത്തെ യഥാർത്ഥ പദവി അതർഹിക്കുംവിധം അംഗീകരിക്കപ്പെടുമാറായില്ല. ലോകത്തുനിന്നും തികച്ചും അപ്രത്യക്ഷമായിക്കഴിഞ്ഞിരുന്ന ‘തൗഹീദ്’ അഥവാ ഏകദൈവ വിശ്വാസം വീണ്ടും ഈ ലോകത്ത് തിരിച്ച് കൊണ്ടുവന്ന വീരാത്മാവ് അവിടുന്നത്രെ. അവിടന്ന് ദൈവത്തോട് അങ്ങേയറ്റത്തെ സ്നേഹം പുലർത്തി. മനുഷ്യകുലത്തോടുള്ള സഹാനുഭൂതിയിൽ ആ മഹാത്മാവ് ആത്മാർപണം ചെയ്തു. മുമ്പേയുള്ളവരും പിമ്പേയുള്ളവരുമായ സകല പ്രവാചകന്മാരേക്കാളും ശ്രേഷ്ഠത്വം അല്ലാഹു ആ ധന്യാത്മാവിനു നൽകുകയും അവിടത്തെ ആഗ്രഹങ്ങൾ അങ്ങയുടെ ജീവിതകാലത്തുതന്നെ സാധിച്ചുകൊടുക്കുകയും ചെയ്തു. സകല അനുഗ്രഹങ്ങളുടെയും ഉറവിടം ആ മഹാത്മാവ് തന്നെയാണ്.
ആ ദിവ്യാത്മാവ് ചെയ്ത ഉപകാരങ്ങൾ അംഗീകരിക്കാതെ ഏതെങ്കിലും മേന്മ തനിക്കുണ്ടെന്ന് വാദിക്കുന്നവൻ മനുഷ്യനല്ല. പ്രത്യുത ശയ്ത്താന്റെ സന്തതിയാകുന്നു. കാരണം എല്ലാ ശ്രേഷ്ഠതകളുടേയും താക്കോൽ അവിടെത്തേക്കാണ് നൽകപ്പെട്ടിട്ടുള്ളത്. അങ്ങ് മുഖാന്തരം അത് പ്രാപിക്കാത്തവൻ എന്നെന്നും നിർഭാഗ്യവാനത്രെ.
നമ്മുടെ പ്രസക്തിയെന്താണ്? നമുക്കെന്ത് യാഥാർത്ഥ്യമാണുള്ളത്? യഥാർത്ഥ തൗഹീദ് നാം ആ നബി മുഖേന പ്രാപിച്ചെന്ന് സമ്മതിക്കാത്തപക്ഷം നാം ദൈവീകാനുഗ്രഹങ്ങളുടെ നിശിത നിഷേധികളായിത്തീരും. ജീവനുള്ള ദൈവത്തെ നാം തിരിച്ചറിഞ്ഞതും ആ പ്രകാശം നാം നുകർന്നതും ആ സമ്പൂർണ്ണ നബി മുഖേന തന്നെയത്രെ. നമുക്ക് അല്ലാഹുവിന്റെ മുഖകമലം ദർശിക്കാൻ വഴിയൊരുങ്ങുമാറായ അവന്റെ ഭാഷണങ്ങളുടേയും സംബോധനകളുടേയും സൗഭാഗ്യവും ആ മഹാനായ നബി മുഖേനയാണ് നമുക്ക് ലഭിച്ചത്. ആ സന്മാർഗ സൂര്യന്റെ കിരണം വെയിലെന്ന പോലെ നമ്മിൽ പതിയുന്നു. നാം അതിനു അഭിമുഖമായി നിൽക്കുന്നിടത്തോളം നമുക്ക് പ്രശോഭിതരായിരിക്കാൻ സാധിക്കും.
അല്ലയോ അജ്ഞരേ! ദൈവത്തിന്റെ അസ്തിത്വത്തിൽ തികവുറ്റ വിശ്വാസം ഉണ്ടാകാത്തിടത്തോളം അവന്റെ തൗഹീദിൽ എങ്ങനെ വിശ്വാസമുണ്ടാകാനാണ്. തീർച്ചയായും മനസ്സിലാക്കുക, യഥാർത്ഥ തൗഹീദ് നബി മുഖേന മാത്രമേ ലഭിക്കുകയുള്ളൂ. നമ്മുടെ നബി തിരുമേനി (സ) നിരീശ്വരവാദികളേയും ചീത്തമതക്കാരേയും ആയിരക്കണക്കിനു അടയാളം കാണിച്ച് ദൈവത്തിന്റെ അസ്തിത്വത്തിൽ വിശ്വസിപ്പിച്ചിരിക്കുന്നു. ഇപ്പോഴും നബി(സ) തിരുമേനിയെ സത്യസന്ധവും സമ്പൂർണ്ണവുമായ നിലയിൽ പിൻപറ്റുന്നവർ ആ അടയാളങ്ങൾ നിരീശ്വരവാദികൾക്കു മുന്നിൽ സമർപിക്കുന്നു. സത്യമെന്തെന്ന് വെച്ചാൽ ജീവനുള്ള ദൈവത്തിന്റെ ജീവനുള്ള ശക്തികൾ ദർശിക്കുകയും ശയ്ത്താൻ അവന്റെ മനസ്സിൽനിന്ന് പുറത്തുപോകുകയും സത്യമായ തൗഹീദ് അവന്റെ മനസ്സിൽ പ്രവേശിക്കുകയും ചെയ്യുന്നില്ലെങ്കിൽ തികവുറ്റനിലയിൽ ദൈവത്തിന്റെ അസ്തിത്വത്തിൽ വിശ്വസിക്കുന്നവരാകുകയില്ല. ആ പരിപൂർണ്ണവും സമ്പൂർണ്ണവുമായ തൗഹീദ് നബി(സ) തിരുമേനി മുഖാന്തരം മാത്രമേ ലഭിക്കുകയുള്ളൂ.”
(ഹഖീഖത്തുൽ വഹിയ്)