ഏതൊന്നിനാൽ മനുഷ്യൻ പ്രക്ഷാളനം ചെയ്യപ്പെട്ടുകൊണ്ട് പരിശുദ്ധനാക്കപ്പെടുന്നുവോ ആ യഥാർത്ഥ തഖ്വ ലോകത്തുനിന്ന് അപ്രത്യക്ഷമായിരിക്കുന്നു. പ്രവാചകന്മാരുടെ ആഗമനോദ്ദേശ്യവും ആ തഖ്വ ഒന്നുതന്നെയാണ്. എന്തെങ്കിലും സംഭവിക്കുന്നുവെങ്കിൽ അത് ‘ഖദ് അഫ്ലഹ മൻ സക്കാഹാ’ (ആത്മാവിനെ ശുദ്ധീകരിച്ചവന് വിജയം വരിക്കുക തന്നെ ചെയ്തിരിക്കുന്നു – അശ്ശംസ് 10) എന്നതിന്റെ സാക്ഷാൽക്കാരമായിക്കൊണ്ട് മാത്രമായിരിക്കും സംഭവിക്കുക. പരിശുദ്ധിയും പവിത്രതയും ഉൽകൃഷ്ട കാര്യമാകുന്നു. മനുഷ്യൻ നിർമ്മലനും നിർവ്യാജനുമായിത്തീരുമ്പോൾ മലക്കുകൾ അവന് ഹസ്തദാനം ചെയ്യുന്നു. ജനങ്ങൾക്കിതിന്റെ വിലയറിയില്ല. മറിച്ചായിരുന്നെങ്കിൽ അവരുടെ ആനന്ദത്തിനുള്ള എല്ലാ വസ്തുക്കളും ഹലാലായ വഴികളിലൂടെ അവർക്ക് സുലഭമാകുമായിരുന്നു. മോഷ്ടാവ് ധനം കരസ്ഥമാക്കാൻ മോഷണം നടത്തുന്നു. എന്നാൽ അവൻ ക്ഷമ കൈകൊണ്ടിരുന്നെങ്കിൽ അല്ലാഹു അവനെ അന്യമാർഗത്തിലൂടെ സമ്പന്നനാക്കുമായിരുന്നു. അപ്രകാരം വ്യഭിചാരി വ്യഭിചരിക്കുന്നു. എന്നാൽ അവൻ സഹനം കൈകൊണ്ടിരുന്നെങ്കിൽ ദൈവം തന്റെ തൃപ്തിയുൾക്കൊണ്ട മറ്റ് വഴിയിലൂടെ അവന്റെ ആഗ്രഹം പൂർത്തീകരിക്കുമായിരുന്നു. ഹദീഥിൽ വന്നിട്ടുണ്ട്, ഒരാൾ വിശ്വാസി ആയിരിക്കെ ഒരിക്കലും മോഷണം നടത്തുകയില്ല. അതുപോലെ വിശ്വാസിയായ അവസ്ഥയിൽ വ്യഭിചരിക്കുകയുമില്ല. ആടിന്റെ മുന്നിൽ സിംഹം നിൽക്കുന്ന അവസ്ഥയിൽ അതിന് പുല്ല് തിന്നാൻ സാധ്യമല്ല. ഹലാലായ ഭക്ഷണം പോലും അത് വിസ്മരിക്കുന്നു. എന്നിട്ടല്ലേ, അന്യരുടെ പാടത്ത് പോയി മേയാൻ. എങ്കിൽ ഒരാടിന്റെ അത്രത്തോളം പോലും വിശ്വാസം ജനങ്ങൾക്കില്ലേ?
യഥാർത്ഥ തായ്വേരും ഉദ്ദേശ്യവും തഖ്വയാകുന്നു. അത് നൽകപ്പെടുന്നവനാരോ അവന് എല്ലാം സുലഭമായി. അതുമുഖേനയല്ലാതെ ചെറുതും വലുതുമായ പാപങ്ങളിൽനിന്ന് രക്ഷപ്പെടാൻ സാധ്യമല്ല. മനുഷ്യ ഭരണകൂടങ്ങളുടെ കല്പനകൾക്ക് ഒരുവനെ പാപങ്ങളിൽനിന്ന് രക്ഷിക്കാൻ കഴിയില്ല. അധികാരികളെന്നും പൊതുജനങ്ങൾക്കൊപ്പം കറങ്ങിനടക്കാത്തതിനാൽ അവർ ഭയപ്പെടുന്നില്ല. താൻ തനിച്ചാണെന്ന് മനുഷ്യൻ വിചാരിക്കുമ്പോഴാണ് പാപങ്ങൾ ചെയ്യുന്നത്. അല്ലാത്തപക്ഷം ഒരിക്കലും ചെയ്യില്ല. താനൊറ്റയ്ക്കാണെന്ന് അവൻ മനസ്സിലാക്കുമ്പോൾ നാസ്തികനായിത്തീരുന്നു. എന്റെ ദൈവം എന്റെ കൂടെത്തന്നെയുണ്ടെന്നും എന്നെ കാണുന്നുണ്ടെന്നും അവൻ വിചാരിക്കുന്നില്ല. അവനങ്ങനെ ധരിച്ചിരുന്നില്ലെങ്കിൽ ഒരിക്കലും പാപംചെയ്യില്ലായിരുന്നു. തഖ്വയിൽനിന്നാണ് എല്ലാമുണ്ടാകുന്നത്. വിശുദ്ധ ഖുർആൻ ആരംഭിക്കുന്നത് തന്നെ തഖ്വ കൊണ്ടാണ്, ‘ഇയ്യാക നഅ്ബുദു വഇയ്യാക നസ്തഈന്’ എന്നതിന്റെ വിവക്ഷയും തഖ്വയാകുന്നു. മനുഷ്യൻ സ്വയം സുകൃതങ്ങൾ ചെയ്യുന്നുണ്ടെങ്കിലും ഭയം നിമിത്തം അവ സ്വന്തം പേരിൽ ചേർക്കാൻ ധൈര്യം കാണിക്കുന്നില്ല. അവ ദൈവസഹായത്താൽ ചെയ്യപ്പെട്ടതായി വിചാരിക്കുന്നു. അനന്തരം അവനിൽ നിന്നുതന്നെ ഭാവിക്കുവേണ്ടി സഹായമഭ്യർത്ഥിക്കുന്നു. രണ്ടാമത്തെ സൂറത്തും ‘ഹുദല്ലിൽ മുത്തഖീനി’ ൽ ആരംഭിക്കുന്നു. നമസ്കാരം, വ്രതം, സക്കാത്ത് തുടങ്ങിയവ മനുഷ്യനിൽനിന്ന് സ്വീകരിക്കപ്പെടുന്നത് അവൻ മുത്തഖി ആയിത്തീരുമ്പോൾ മാത്രമാണ്. അന്നേരം പാപത്തിലേക്ക് ക്ഷണിക്കുന്ന എല്ലാതരം കാര്യങ്ങളേയും അല്ലാഹു ഉയർത്തിക്കളയുന്നു. ഭാര്യയുടെ ആവശ്യമുണ്ടെങ്കിൽ ഭാര്യയെ നൽകുന്നു; മരുന്നാണാവശ്യമെങ്കിൽ മരുന്ന് നൽകുന്നു. ആവശ്യമുള്ളതെന്തും നൽകപ്പെടുന്നു. അവൻ പ്രതീക്ഷിക്കാത്ത ഭാഗത്തുനിന്നു അവന്റെ ഉപജീവനം എത്തിച്ചേരുന്നു.
(മൽഫൂദാത് വാ. 4, പേ. 251)