ഹദ്റത്ത് മസീഹ് മൗഊദ് (അ) തന്റെ എതിരാളികൾക്കെതിരിൽ കടുത്തവാക്കുകൾ പ്രയോഗിച്ചെന്ന ആക്ഷേപത്തിനു മറുപടിയെന്നോണം, താൻ അത്തരത്തിലുള്ള ഒരു ദൂഷ്യപ്രയോഗങ്ങളും എതിരാളികൾക്കെതിരിൽ നടത്തിയിട്ടില്ലെന്നും അവ യഥാർത്ഥത്തിൽ ഏതുരീതിയിലുള്ള പ്രയോഗങ്ങളാണെന്നും അവിടന്ന് വിശദീകരിച്ച് നൽകിയിട്ടുള്ള മറുപടിയിൽ നിന്ന് ഒരു ഹൃസ്വഭാഗം:
ഇതുസംബന്ധമായി മറുപടി നമ്മുടെ യജമാനൻ ഹദ്റത്ത് ഖതമുൽ മുർസലീൻ സയ്യദുൽ അവ്വലീൻ വൽ ആഖരീൻ (സ) നേരത്തേ തന്നെ നൽകിയിട്ടുള്ളതാണ്. അത് ഇപ്രകാരമാകുന്നു, അതായത്, ബഹുദൈവാരാധകർ മ്ലേച്ഛരും വൃത്തികെട്ടവരും സൃഷ്ടികളിൽ വെച്ച് ഏറ്റവും നികൃഷ്ടരും വിഡ്ഡികളും സാത്താന്റെ സന്തതികളുമാകുന്നു. അവരുടെ ആരാധനാമൂർത്തികൾ അഗ്നിയുടെ ഇന്ധനവും നരകത്തിന്റെ വിറകുമാകുന്നു, തുടങ്ങിയ (വിശേഷണങ്ങളടങ്ങിയ വിശുദ്ധ ഖുർആനിലെ) സൂക്തങ്ങൾ ഇറങ്ങിയപ്പോൾ അബൂതാലിബ് നബി തിരുമേനി സല്ലല്ലാഹു അലൈഹിവസ്സല്ലമയെ വിളിച്ചുകൊണ്ട് പറഞ്ഞു, ‘ഓ എന്റെ സഹോദരപുത്രാ നിന്റെ ഈ ആക്ഷേപവാക്കുകൾ കാരണം സമൂഹമിപ്പോൾ അങ്ങേയറ്റം കത്തിജ്വലിക്കുകയാണ്. താമസിയാതെ അവർ നിന്നെ നശിപ്പിച്ചുകളയാൻ സാധ്യതയുണ്ട്. കൂടെ എന്നെയും. നീ അവരുടെ ബുദ്ധിമാന്മാരെ വിഡ്ഡികളായി ചിത്രികരിച്ചു; അവരുടെ ആദരണീയ്യരെ സൃഷ്ടികളിൽ വെച്ച് ഏറ്റവും നികൃഷ്ടരാണെന്ന് പ്രഖ്യാപിച്ചു; അവരുടെ സമാരാധ്യരെ നരകത്തിലെ വിറകും ഇന്ധനങ്ങളുമാണെന്ന് പറഞ്ഞു; പൊതുവിൽ അവരേവരെയും മ്ലേച്ഛരും പിശാചിന്റെ സന്തതികളും ഹീനജാതരുമാണെന്നും കണക്കാക്കി.
ഞാൻ നിന്റെ ഗുണകാംക്ഷിയായിക്കൊണ്ട് പറയുകയാണ്, നീ നിന്റെ നാവിന് കടിഞ്ഞാണിടുക. ഈ ശത്രുതാ മനോഭാവത്തിൽ നിന്ന് പിന്മാറുക. അല്ലാത്തപക്ഷം എനിക്ക് സമൂഹത്തെ ചെറുത്തുനിൽക്കാനുള്ള കെൽപ്പുണ്ടായിരിക്കില്ല.’
നബി(സ) തിരുമേനി മറുപടിയെന്നോണം അരുൾ ചെയ്തു:
‘ഓ എന്റെ പിതൃവ്യാ, ഇത് എതിരാളികളെ ആക്ഷേപിക്കലല്ല. മറിച്ച് നിജസ്ഥിതിയുടെ നേരായ വിവരണമാകുന്നു. സത്യാവസ്ഥയുടെ സന്ദർഭോചിതമായ വെളിപ്പെടുത്തലാകുന്നു. ഇതേ പ്രവൃത്തിക്കുവേണ്ടിയാണ് ഞാൻ അയക്കപ്പെട്ടിട്ടുള്ളത്. ഇതുകാരണം എനിക്ക് മരണമാണ് അഭിമുഖീകരിക്കേണ്ടി വരുന്നതെങ്കിൽ ഞാൻ സസന്തോഷം മരണത്തെ ആശ്ലേഷിക്കുന്നതാണ്. എന്റെ ജീവിതം ഇതേ മാർഗ്ഗത്തിൽ സമർപ്പിക്കപ്പെട്ടിരിക്കുന്നു. മൃത്യുഭയത്താൽ സത്യത്തെ വെളിപ്പെടുത്തുന്നതിൽനിന്ന് എനിക്ക് പിന്മാറാനാകില്ല. അല്ലയോ പിതൃവ്യാ, താങ്കൾക്ക് താങ്കളുടെ ദൗർബല്യങ്ങളെ കുറിച്ചും നേരിടേണ്ടിവരുന്ന കഷ്ടപ്പാടുകളെ സംബന്ധിച്ചും ചിന്തകളുണ്ടെങ്കിൽ എനിക്ക് അഭയം തരുന്നത് അവസാനിപ്പിച്ചുകൊണ്ട് സർവ്വസ്വതന്ത്രനാവുക. അല്ലാഹുവാണെ എനിക്ക് താങ്കളുടെ യാതൊരു ആവശ്യവുമില്ല. ദൈവീകകല്പനകൾ എത്തിക്കുന്ന കാര്യത്തിൽ എന്റെ ദൗദ്യം ഒരിക്കലും നിലച്ചുപോകില്ല. എനിക്കെന്റെ യജമാനന്റെ കല്പനകൾ എന്റെ പ്രാണനേക്കാൾ പ്രിയങ്കരമാകുന്നു. അല്ലാഹുവാണെ സത്യം! ഞാൻ ഈ മാർഗത്തിൽ കൊല്ലപ്പെടുകയാണെങ്കിൽ പോലും വീണ്ടും വീണ്ടും ജീവിക്കുകയും ഈ മാർഗ്ഗത്തിൽ സദാ മൃത്യുവരിച്ചുകൊണ്ടിരിക്കുകയും ചെയ്യണമെന്നാണ് എന്റെ അതിയായ അഭിലാഷം. ഇത് ഭീതിയുടെ സ്ഥാനമല്ല; പ്രത്യുത എനിക്കവന്റെ മാർഗത്തിൽ വ്യസനം സഹിക്കുന്നതിൽ അതിരില്ലാത്ത ആനന്ദമാണുള്ളത്.’
നബി(സ) തിരുമേനി ഈ ഭാഷണം നടത്തിക്കൊണ്ടിരിക്കുമ്പോൾ അങ്ങയുടെ തിരുവദനം സത്യസന്ധതയാൽ മിന്നിത്തിളങ്ങുകയും ഭക്തിയുടെ സ്വച്ഛസമ്പൂർണ്ണമായ ദിവ്യപ്രകാശത്താൽ ജ്വലിക്കുകയും ചെയ്യുന്നുണ്ടായിരുന്നു. തിരുമേനി (സ) വാക്കുകൾ പൂർത്തിയാക്കിയപ്പോൾ ആ സത്യത്തിന്റെ പ്രൗഢഗംഭീരവും പ്രോജ്വലവുമായ പ്രകാശം കാണാനിടയായ അബൂതാലിബിന്റെ നയനങ്ങളിൽനിന്ന് അനിയന്ത്രിതമായി അശ്രുകണങ്ങൾ പൊഴിഞ്ഞുകൊണ്ടിരുന്നു. അദ്ദേഹം പറഞ്ഞു, ‘ഞാൻ നിന്റെ ഈ മഹനീയമായ അവസ്ഥയെ കുറിച്ച് അജ്ഞനായിരുന്നു. നീ തികച്ചും മറ്റൊരു വർണ്ണം പൂണ്ടുകഴിഞ്ഞവനും വ്യതിരിക്ത വൈഭവത്തിനുടമയായ വ്യക്തിയുമാകുന്നു. നീ പോയിക്കൊൾക! തന്റെ ജോലികളിൽ നിരതനാവുക! ഞാൻ ജീവിച്ചിരിക്കുവോളവും എനിക്ക് ശക്തിയുള്ളിടത്തോളവും നിന്നോടൊപ്പം തന്നെയുണ്ടാകുന്നതാണ്”
നബി (സ) തിരുമേനിയുടെ ആരാലും തിരുഞ്ഞുനോക്കപ്പെടാതിരുന്ന ബാല്യകാലം
അബൂതാലിബിനെ സംബന്ധിച്ചുള്ള ഉപര്യുക്ത വരികൾക്ക് കീഴിൽ നൽകിയ അടിക്കുറിപ്പിൽ ഹദ്റത്ത് മസീഹ് മൌഊദ്(അ) രേഖപ്പെടുത്തുന്നു:
അബൂതാലിബിന്റെ ഈ വൃത്താന്തം പുസ്തകങ്ങളിൽ രേഖപ്പെട്ടിട്ടുണ്ടെങ്കിലും മേൽപറയപ്പെട്ട മുഴുവൻ വാക്യങ്ങളും അല്ലാഹു ഈ വിനീതന്റെ ഹൃദയത്തിൽ ഇറക്കിത്തന്നിട്ടുള്ള വെളിപാടുകളാകുന്നു. അല്പം ചിലവാക്കുകൾ വിശദീകരണമെന്നോണം വിനീതന്റെ ഭാഗത്തുനിന്നുള്ളതാണ്. ഈ ഇൽഹാമിക വിവരണത്തിൽ നിന്ന് അബൂതാലിബിന്റെ നബി (സ) തിരുമേനിയോടുള്ള സഹാനുഭൂതിയും സഹതാപവും വെളിപ്പെടുന്നുണ്ട്. പക്ഷേ ആ അനുകമ്പ നുബുവ്വത്തിന്റെ തേജസ്സും അക്ഷീണപരിശ്രമത്തിന്റെ ലക്ഷണങ്ങളും ദർശിച്ചുകൊണ്ട് പിന്നീട് ഉണ്ടായിട്ടുള്ളതാണെന്ന് പൂർണ്ണ സ്പഷ്ടതയോടെ തെളിയുന്നുണ്ട്. നമ്മുടെ നേതാവും യജമാനനുമായ നബി(സ) തിരുമേനി – നാല്പത് വയസ്സ് വരെയുള്ള – ആയുസ്സിന്റെ വലിയൊരു ഭാഗം ദാരിദ്ര്യത്തിലും വ്യസനാവസ്ഥയിലും അനാഥത്ത്വത്തിലുമാണ് കഴിച്ചുകൂട്ടിയിരുന്നത്. ഒരു ബന്ധുവോ മിത്രമോ തന്നെ ആ ഏകാന്തവാസകാലത്ത് നബി(സ) തിരുമേനിക്ക് ബന്ധുത്വത്തിന്റെയും മൈത്രിയുടെയും കടമകൾ നിർവ്വഹിച്ചിരുന്നില്ല. ഏതുവരെയെന്നാൽ, ആ അത്മീയലോകത്തിന്റെ ചക്രവർത്തി തന്റെ ശൈശവകാലത്ത് അഗതിക്കുഞ്ഞുങ്ങളെ പോലെ ചില വനവാസികളും നാടോടികളുമായ സ്ത്രീകൾക്കേല്പിച്ചു കൊടുക്കപ്പെടുകയാണുണ്ടായത്. അതേ അശരണതയുടേയും ദാരിദ്ര്യത്തിന്റേയും അവസ്ഥയിലാണ് ആ ‘സർവ്വസൃഷ്ടികുലോത്തമൻ’ തന്റെ പാൽ കുടിക്കുന്ന പ്രായം പൂർത്തിയാക്കിയത്. പിന്നീട് തിരിച്ചറിവിന്റെ കാലത്തെത്തിയപ്പോൾ ആരോരുമില്ലാത്ത അനാഥരും അശരണരുമായ പൈതങ്ങളെ പോലെ ആ വനവാസികൾ അവരുടെ ആടുകളെ മേയ്ക്കുന്ന ചുമതല ആ സകലലോകങ്ങളാലും സേവിക്കപ്പെടേണ്ട മഹാനുഭാവനെ എല്പിച്ചു. ആ അരിഷ്ടതയുടെ നാളുകളിൽ തുച്ഛമായ ധാന്യങ്ങളും ആട്ടിൻപാലുമല്ലാതെ മറ്റൊന്നും ഭക്ഷണമായി ലഭിച്ചിരുന്നില്ല. വയസ്സ് പക്വതയുടെ ഘട്ടത്തിലെത്തിയപ്പോൾ നബി(സ) തിരുമേനി ഒന്നാംതരം സൗന്ദര്യവും വശ്യതയും നിറഞ്ഞുതുളുമ്പുന്ന ആളായിരുന്നിട്ടും ഏതെങ്കിലും പിതൃവ്യനോ മറ്റാരുമോ തന്നെ അങ്ങയുടെ വിവാഹത്തിന്റെ ഭാഗത്തേക്ക് ചിന്തിച്ചത് പോലുമില്ല. എന്നാൽ ഇരുപത്തിയഞ്ചാം വയസ്സിൽ യാദൃച്ഛികമായി കേവലം അല്ലാഹുവിന്റെ അനുഗ്രഹത്താൽ മക്കയിലെ ഒരു ധനാഢ്യയായ സ്ത്രീ നബി(സ) തിരുമേനിയെ തനിക്കായി സ്വയം ഇഷ്ടപ്പെട്ടുകൊണ്ട് വിവാഹം കഴിക്കുകയാണുണ്ടായത്. ആ സമയത്ത് നബി(സ) തിരുമേനിയുടെ യഥാർത്ഥ പിതൃസഹോദരങ്ങളായിരുന്ന അബൂതാലിബ്, ഹംസ, അബ്ബാസ് എന്നിവരൊക്കെ അവിടെ ഉണ്ടായിരുന്നു എന്നതാണ് എത്രയും ആശ്ചര്യജനകമായ വസ്തുത. പ്രത്യേകിച്ച് അബൂതാലിബ് മക്കയിലെ നേതാവും തന്റെ ഗോത്രത്തിന്റെ തലവനുമായിരുന്നു. ഭൗതിക ആസ്തിയും സമ്പത്തും പ്രൗഢിയും വേണ്ടുവോളം ഉണ്ടായിരുന്നു. എന്നാൽ അവരുടേയെല്ലാം ധനസമൃദ്ധിയുടെ അവസ്ഥയിൽ നബി(സ) തിരുമേനിയുടെ ആ ദിനങ്ങൾ പട്ടിണിയിലും പരിവട്ടത്തിലും നിർദ്ധനാവസ്ഥയിലുമാണ് കടന്നുപോയത്. ഏതുവരെയെന്നാൽ നാടോടികളുടെ ആടുകൾ മേയ്ക്കുന്ന അവസ്ഥയോളമെത്തി. ഈ വേദനാജനകമായ അവസ്ഥ കണ്ടിട്ട് ഒരാളുടെയും അശ്രു പൊഴിഞ്ഞില്ല. നബി(സ) തിരുമേനിയുടെ കൗമാരപ്രായമെത്തിയപ്പൊൾ പിതൃവ്യരിലാർക്കുംതന്നെ, നമ്മളും ഇവന്റെ പിതൃസ്ഥാനത്തുള്ളവരും വൈവാഹികവും മറ്റ് അവശ്യകാര്യങ്ങളെയും കുറിച്ച് ആലോചിക്കേണ്ടവരുമാണെന്ന ചിന്തയുണ്ടായില്ല. അതേസമയം അവരുടെയും മറ്റു ഉറ്റബന്ധുക്കളുടേയുമൊക്കെ വീടുകളിലാണെങ്കിൽ പെൺകുട്ടികൾ ഉണ്ടായിരുന്നുതാനും.
ഇവിടെ സ്വാഭാവികമായും ഒരു ചോദ്യമുയരുന്നു, ജനങ്ങളിൽ നിന്ന് ഇത്രയും അവഗണനയും അവജ്ഞയും വെളിപ്പെടാനുള്ള കാരണമെന്ത്? യഥാർത്ഥത്തിൽ അതിനൊരുത്തരമുണ്ട്, നമ്മുടെ യജമാനരായ തിരുതങ്ങളെ (സ) അവർ കണ്ടത് അഗതിയും മാതാപിതാക്കളില്ലാത്ത ഒരു അനാഥനായ നിർദ്ധന ബാലനുമായിട്ടായിരുന്നു. അവൻ യാതോരുവിധ കൂട്ടുകെട്ടുസംഘങ്ങളില്ലാത്ത ദരിദ്രനാണ്. അവന്റെ കൈകളിൽ ഒന്നും തന്നെയില്ല. ഇവ്വിധം കഷ്ടതകൾ അനുഭവിക്കുന്ന ഒരുത്തനോട് സഹാനുഭൂതി കാണിച്ചിട്ടെന്ത് പ്രയോജനം? അവനെ മരുമകനായി സ്വീകരിക്കുകയാണെങ്കിൽ അതു തങ്ങളുടെ പെൺമക്കളെ നാശത്തിലേക്ക് തള്ളിവിടലാകുമെന്ന് അവർ ചിന്തിച്ചു. എന്നാൽ അവൻ ഒരു രാജകുമാരനും, ലോകത്തുള്ള അഖില ഖജനവുകളുടേയും താക്കോലുകളേൽപ്പിക്കപ്പെടേണ്ട ആത്മീയ രാജാധിരാജനുമായിരുന്നുവെന്ന് അവർ അറിഞ്ഞിരുന്നില്ല.
(ഇസാലെ ഔഹാം. R.K. page 111 – 114)