[ശഫാഅത്ത് (ശിപാര്‍ശ) എന്ന പദം ‘ശഫ്ഉന്‍’ എന്ന പദത്തില്‍നിന്ന് നിഷ്പന്നമാണെന്നും അത് ‘ഇണ’ക്കായാണ് പറയുന്നതെന്നും തുടങ്ങി സൂക്ഷ്മമായ വിശദീകരണങ്ങള്‍ ശഫാഅത്തിനു നല്കിയ ശേഷം ഹദ്റത്ത് മസീഹ് മൗഊദ്(അ) തുടര്‍ന്ന് അരുൾ ചെയ്യുന്നു:]
ചുരുക്കത്തില്‍, അല്ലാഹു ഇപ്രകാരം ആദമിനു അല്ലാഹുവിനോടും മനുഷ്യകുലത്തോടും ഉണ്ടാകേണ്ടതായ രണ്ടുതരത്തിലുള്ള ബന്ധവും പ്രകൃതിസഹജമായിത്തന്നെ (ആദമില്‍) സൃഷ്ടിക്കുകയുണ്ടായി. അതിനാല്‍ ഈ പ്രസംഗത്തില്‍നിന്ന് വ്യക്തമായും പ്രകടമാകുന്നത്, ഈ രണ്ടു ബന്ധങ്ങളിലും പൂര്‍ണ്ണമായും ഭാഗഭാക്കായ ഒരു വ്യക്തിക്ക് മാത്രമേ ശിപാര്‍ശ ചെയ്യാൻ യോഗ്യതയുള്ള സമ്പൂർണ്ണ മനുഷ്യനാകാൻ സാധിക്കുകയുള്ളൂ എന്നാകുന്നു. ഈ രണ്ടുതരത്തിലുള്ള പൂര്ണ്ണതകൂടാതെ മനുഷ്യന് പൂര്‍ണ്ണനാകുന്നില്ല. അതുകൊണ്ട് ആദമിനുശേഷം അല്ലാഹുവിന്റെ നടപടി എപ്രകാരം തുടക്കം കുറിച്ചുവെന്നാല്, ശഫീയ് അഥവാ ശിപാര്ശക്കാരന് ആകാനിടയുള്ള സമ്പൂര്‍ണ്ണ മനുഷ്യന് ഈ രണ്ടു ബന്ധങ്ങളും ഉണ്ടാകേണ്ടത് നിര്‍ബന്ധമാക്കിയിരിക്കുന്നു. അതായത്, ഒന്നാമതായി അവനില്‍ സ്വർഗീയാത്മാവ് ഊതപ്പെട്ടു എന്ന ബന്ധം. അല്ലാഹു അവനില്‍ ഇറങ്ങിവന്നതുപോലെ അവനുമായി കൂടിച്ചേര്‍ന്നു. രണ്ടാമതായി ഇണകള്‍ തമ്മിലുള്ള ചേര്‍ച്ചയാണ്. അത് ഹവ്വായിലും ആദമിലും പരസ്പര സ്നേഹത്തോടും സഹതാപത്തോടും കൂടി സുസ്ഥാപിതമാക്കപ്പെടുകയും അവരിലത് ഏറ്റവും കൂടുതല്‍ പ്രശോഭിതമാക്കപ്പെടുകയും ചെയ്തിരുന്നു. ഈ പ്രചോദനത്താല്‍ അവര്‍ക്ക് ഭാര്യമാരോടും താല്പര്യമുണ്ടായി. അവരില്‍ മനുഷ്യകുലത്തോടുള്ള സഹതാപത്തിന്റെ ബീജമുണ്ടെന്നുള്ള കാര്യത്തിനു ഒന്നാമത്തെ ലക്ഷണമാണിത്. ഇതിലേക്കാണ് ‘ഖൈറുക്കും ഖൈറുക്കും ബി അഹ്ലിഹീ’ എന്ന ഹദീസ് സൂചന നല്‍കുന്നത്. നിങ്ങളില്‍ തന്റെ ഭാര്യയോട് ആദ്യം നന്മ ചെയ്യുന്നവനു മാത്രമേ മനുഷ്യകുലത്തിന് ഏറ്റവും കൂടുതല്‍ നന്മ ചെയ്യാന്‍ സാധിക്കുകയുള്ളൂ. എന്നാല്‍ തന്റെ ഭാര്യയോട് അക്രമത്തോടും ദ്രോഹത്തോടും കൂടി പെരുമാറുന്നവന് മറ്റുള്ളവരോട് നന്മ ചെയ്യുക എന്നത് സംഭവ്യമേ അല്ല. കാരണം അല്ലാഹു ആദമിനെ സൃഷ്ടിച്ചുകൊണ്ട് ഏറ്റവുമാദ്യം ആദമിന്റെ സ്നേഹത്തിനുള്ള സാക്ഷ്യം അദ്ദേഹത്തിന്റെ ഭാര്യയെത്തന്നെയാക്കി. അതുകൊണ്ട് ഭാര്യയെ സ്നേഹിക്കാത്തവന് അഥവാ ഭാര്യതന്നെ ഇല്ലാത്തവന് സമ്പൂര്‍ണ്ണ മനുഷ്യന് ആകേണ്ട നിലയില്‍ നിന്നുതന്നെ വീണുകിടക്കുന്നവനത്രെ. ശഫാഅത്തിന്റെ രണ്ട് നിബന്ധനകളില്‍ ഒരു നിബന്ധന അവനെ സംബന്ധിച്ചിടത്തോളം നഷ്ടപ്പെട്ടുപോയി. അതുകൊണ്ട് ‘ഇസ്മത്ത്’ അഥവാ പരിശുദ്ധി അവനില്‍ ഉണ്ടെങ്കില്‍തന്നെയും അവന് ശിപാര്‍ശ ചെയ്യാന്‍ അര്‍ഹനല്ല. എന്നാല്‍, നിക്കാഹ് ചെയ്യുന്നവന് തനിക്കുവേണ്ടി മനുഷ്യകുലത്തോടുള്ള സഹാനുഭൂതിയുടെ അടിത്തറയിടുകയാണ് ചെയ്യുന്നത്. കാരണം ഭാര്യ അനേകം ബന്ധങ്ങള്‍ക്ക് കാരണക്കാരിയായിത്തീരുന്നു. കുട്ടികള്‍ ഉണ്ടാകുന്നു; അവരുടെ ഭാര്യമാര്‍ വരുന്നു; കുട്ടികളുടെ മാതാമഹികളും കുട്ടികളുടെ അമ്മാവന്മാരും ഉണ്ടാകുന്നു. ഈ രീതിയില്‍ അത്തരം വ്യക്തി അങ്ങനേയും സ്നേഹത്തിന്റേയും സഹതാപത്തിന്റേയും ശീലക്കാരനായിത്തീരുന്നു. അവന്റെ ഈ ശീലത്തിന്റെ വൃത്തം വിശാലമായി സകലരിലേക്കും തന്റെ സഹാനുഭൂതിയിൽനിന്ന് വിഹിതം നല്കുന്നു.
(ഇസ്വ്മത്തെ അമ്പിയാ അലൈഹിസ്സലാം. റൂഹാനി ഖസായിന്‍ വാ. 18, പേ.661)