പരിപൂർണ്ണ രീതിയിൽ പരിശുദ്ധിയാർജ്ജിക്കാൻ കേവലം ദിവ്യജ്ഞാനം മതിയായതല്ല. പ്രത്യുത അതിനോടൊപ്പം വ്യസനനിർഭരമായ പ്രാർഥനകളുടെ പരമ്പരയും ഉണ്ടായിരിക്കേണ്ടത് അനിവാര്യമാണ്. എന്തുകൊണ്ടെന്നാൽ അല്ലാഹു തആല പരാശ്രയരഹിതനും സ്വയം പര്യാപ്തനുമാകുന്നു; അവന്റെ അനുഗ്രഹങ്ങളെ നമ്മിലേക്ക് സ്വാംശീകരിക്കുന്നതിനുവേണ്ടി നമ്മുടെ പ്രാർഥനകൾ വിലാപത്തോടും സൽഹൃദയത്തോടും നിസ്സ്വാർഥതയോടും കൂടിയുള്ള വേദനാനിർഭരമായ അർത്ഥനകളാൽ നിറഞ്ഞതായിരിക്കണം. നിങ്ങൾ കാണുന്നു, പാലൂട്ടുന്ന തന്റെ മാതാവിനെ ശിശു നല്ലവണ്ണം തിരിച്ചറിയുകയും അവളെ സ്നേഹിക്കുകയും ചെയ്യുന്നു; മാതാവ് തിരിച്ചും കുട്ടിയെ സ്നേഹിക്കുന്നു. എങ്കിൽ തന്നെയും മാതാവിന്റെ മാറിടത്തിൽ പാൽ ചുരത്തപ്പെടുന്നതിന് ശിശുവിന്റെ വിലാപത്തിന് വലിയൊരു പങ്കുണ്ട്. ഒരുവശത്ത് കുട്ടിയുടെ വിശപ്പിനാലുള്ള നൊമ്പരം നിറഞ്ഞ വിലാപമുണ്ടാകുമ്പോൾ മറുവശത്ത് ആ കരച്ചിൽ മാതാവിന്റെ മനസ്സിൽ തട്ടി മാറിടത്തിൽ പാൽ നിറഞ്ഞൊഴുകാൻ നിമിത്തമാകുന്നു. അപ്രകാരംതന്നെ അല്ലാഹു തആലയുടെ ആത്മീയ പീയൂഷം ഇറങ്ങിവരാനും മതിവരോളം പാനം ചെയ്യാനും അവന്റെ സവിധത്തിൽ എല്ലാ അന്വേഷകരും തങ്ങളുടെ അത്മീയ ദാഹവിശപ്പുകൾക്കുള്ള തെളിവ് ദീനരോദനത്താൽ അവതിരിപ്പിക്കേണ്ടത് അനിവാര്യമാകുന്നു.
ചുരുക്കിപ്പറഞ്ഞാൽ, പരിശുദ്ധിയാർജ്ജിക്കാൻ ദിവ്യജ്ഞാനം മാത്രം മതിയായതല്ല, പ്രത്യുത പൈതങ്ങളെ പോലെ കരഞ്ഞുവിലപിക്കേണ്ടതും അനിവാര്യമാണ്.
നിരാശരാകാതിരിക്കുക. ഞങ്ങളുടെ ആത്മാവ് പാപപങ്കിലമാണ്; പ്രാർത്ഥനകൾക്കൊണ്ട് എന്ത് പ്രയോജനം? അവ എന്ത് സ്വാധീനമുണ്ടാക്കും? എന്നൊക്കെ നിങ്ങൾ ചിന്തിക്കാതിരിക്കുക. എന്തെന്നാൽ മനുഷ്യന്റെ ആത്മാവ് യഥാർത്ഥത്തിൽ അല്ലാഹുവിനോടുള്ള അനുരക്തിക്കുവേണ്ടിയാണ് സൃഷ്ടിക്കപ്പെട്ടത്. അത് പാപങ്ങളുടെ അഗ്നിയിൽ എത്രതന്നെ എരിയപ്പെട്ടാലും അതിനകത്ത് ആ അഗ്നിയെ ശമിപ്പിക്കാൻ കഴിവുള്ള തൗബ എന്ന ശക്തിയുണ്ട്. ഏതുപോലെയെന്നാൽ നിങ്ങൾ കാണുന്നു, വെള്ളത്തെ അഗ്നികൊണ്ട് എത്ര തിളപ്പിച്ചാലും നാം ആ വെള്ളം അഗ്നിയിലേക്ക് ചൊരിയുന്നപക്ഷം അത് അഗ്നിയെ അണയ്ച്ചുകളയുന്നുവല്ലോ.
(ബറാഹീനെ അഹ്മദിയ്യാ വാള്യം 5)