ഭൗതീക ചിന്തയിലും വിചാരങ്ങളിലും നിങ്ങൾ ശക്തിയുക്തം നിങ്ങളുടെ ബുദ്ധിശക്തിയേയും അഭിപ്രായ സ്ഥൈര്യത്തേയും കുറിച്ച് അവകാശവാദം പുറപ്പെടുവിച്ചാലും നിങ്ങളുടെ പ്രഭാവവും ബുദ്ധിസാമർത്ഥ്യവും നിങ്ങളുടെ ക്രാന്തദർശിത്വവുമെല്ലാം ദുനിയാവിന്റെ അതിരുകളിൽ അവസാനിക്കുന്നു. ഏതൊരിടത്തെ ശാശ്വതനിവാസത്തിനുവേണ്ടി നിങ്ങളുടെ ആത്മാക്കളെ സൃഷ്ടിച്ചിരിക്കുന്നുവോ അതിന്റെ ഓരത്തെത്താൻ പോലും നിങ്ങളുടെ ബുദ്ധിശക്തി മുഖേന നിങ്ങൾക്കാവുന്നില്ല!
എന്നെന്നും നിലനിൽക്കുന്ന വസ്തുവിൽ ആരെങ്കിലും സംതൃപതനായിരിക്കുന്നതുപോലെ ഈ ലോക ജീവിതത്തിൽ നിങ്ങൾ തൃപ്തിപ്പെട്ടിരിക്കുകയാണോ? എന്നാൽ, ഏതൊരിടത്തെ ആനന്ദാനുഭൂതികൾ സംതൃപ്തികൊള്ളാൻ തികച്ചും അർഹവും ശാശ്വതവുമാണോ ആ പരലോകത്തെ പറ്റി മുഴുവൻ ജീവിതത്തിനിടയിൽ ഒരിക്കൽപോലും നിങ്ങൾക്കോർമ വരുന്നില്ലല്ലോ! എന്തൊരു നിർഭ്യാഗ്യം! അതിപ്രാധാനമായ കാര്യത്തിൽ നിങ്ങൾ പറ്റെ അശ്രദ്ധരായി കണ്ണുകൾ അടച്ചുകൂടുകയാണല്ലോ! നശ്വരവും അഗണ്യവുമായ കാര്യങ്ങൾ മോഹിച്ച് നിങ്ങൾ ദിനരാത്രങ്ങൾ തലയിട്ടടിക്കുന്നു! നിങ്ങളുടെ ജീവിതത്തിനും നിങ്ങളുടെ സകല ആശങ്കകൾക്കും ഒറ്റയടിക്ക് വിരാമമിടുന്ന ഒരു മുഹൂർത്തം എന്തായാലും വന്നെത്താനുണ്ടെന്ന് നിങ്ങൾക്കറിയുമോ? എന്തൊരാശ്ചര്യം!
എന്തൊരു ഹൃദയകാഠിന്യം! ഈ അറിവുണ്ടായിട്ടും കാലമത്രയും ദുനിയാവ് നേടുന്നതിനു വേണ്ടിത്തന്നെ നശിപ്പിച്ചുകളയുന്നുവല്ലോ!
ഈ ഭൗതീക നേട്ടങ്ങൾക്കായുള്ള ശ്രമങ്ങൾ അനുവദനീയമായ മാർഗങ്ങളിൽ ഒതുക്കുന്നതിനു പകരം അനഭിലഷണീയമായ എല്ലാ മാർഗങ്ങളും കള്ളം, ചതി തുടങ്ങി അന്യായമായ കൊല വരെ നിങ്ങൾ അനുവദനീയമായി മാറ്റിയിരിക്കുന്നു! നിങ്ങളിൽ വ്യാപിച്ചിരിക്കുന്ന ലജ്ജാവഹമായ എല്ലാ കുറ്റങ്ങളോടുമൊപ്പം ദിവ്യമായ പ്രകാശവും സ്വർഗീയമായ സംവിധാനവും നമുക്ക് ആവശ്യമില്ലെന്നും നിങ്ങൾ പറയുന്നു. നിങ്ങൾ അതിന് നേരെ കടുത്ത ശത്രുത പുലർത്തുന്നു. അല്ലാഹുവിന്റെ ദിവ്യ പ്രസ്ഥാനത്തെ വളരെ ദുർബലം എന്ന് നിങ്ങൾ കരുതിയിരിക്കുകയാണ്. അതിനെ പറ്റി സ്മരിക്കുമ്പോൾ, നിങ്ങളുടെ നാവുകളെ നിന്ദാഭരിതമായ വാക്കുകളാൽ അഹങ്കാരത്തോടും അവജ്ഞയോടും ചലിപ്പിക്കുകയും പരിഹസിക്കുകയും ചെയ്യാൻ നിങ്ങൾ ധൃഷ്ടരാകുന്നു. ഈ പ്രസ്ഥാനം എന്തിനു അല്ലാഹുവിൽനിന്നുള്ളതാണെന്ന് കരുതണമെന്ന് നിങ്ങൾ ആവർത്തിച്ചാവർത്തിച്ച് ചോദിക്കുന്നു. ഞാൻ അതിനുള്ള മറുപടി നൽകിക്കഴിഞ്ഞു. ഈ വൃക്ഷത്തെ അതിന്റെ ഫലങ്ങൾ നോക്കിയും ഈ നക്ഷത്രത്തെ അതിന്റെ തിളക്കം നോക്കിയും തിരിച്ചറിഞ്ഞുകൊള്ളണമെന്നാണ് എനിക്ക് പറയാനുള്ള മറുപടി. ഞാൻ ഒരിക്കൽ നിങ്ങൾക്ക് ഈ സന്ദേശം എത്തിച്ചുകഴിഞ്ഞു. ഇനി അതിനെ തള്ളുകയോ കൊള്ളുകയോ ചെയ്യുന്നത് നിങ്ങളുടെ ഇഷ്ടം! എന്റെ വാക്കുകൾ നിങ്ങൾ ഓർമ്മിച്ചുകൊള്ളുവിൻ! അല്ലെങ്കിൽ നിങ്ങൾ സ്മൃതിതലത്തിൽ നിന്ന് മായിച്ചുകൊൾവിൻ! നിങ്ങൾക്കിഷ്ടമുള്ളത് ചെയ്യാൻ നിങ്ങൾക്ക് സ്വാതന്ത്ര്യമുണ്ട്.
“ജീതേജീ ഖദർ ബശർ കീ നഹീഹോതീ പ്യാരോ
യാദ് ആയേംഗേ തുമേ മേരേ സുഖൻ മേരേ ബഅദ്”
“പ്രിയന്മാരേ! ജീവിച്ചിരിക്കുമ്പോൾ ഒരാളുടെ മഹത്വം അറിയുവാൻ സാധിക്കുകയില്ല. ഞാൻ കാലഗതി പ്രാപിച്ചാൽ എന്റെ വചസ്സുകൾ നിങ്ങൾ ഓർക്കാൻ തുടങ്ങും”
(ഫത്ഹെ ഇസ്ലാം)