ഈസാ നബിയുടെ മരണം: സൂറ ബനീ ഇസ്റാഈൽ ആയത്ത് 94.
قُلۡ سُبۡحَانَ رَبِّیۡ ہَلۡ کُنۡتُ اِلَّا بَشَرًا رَّسُوۡلًا
പരിഭാഷ: പറയുക, എന്റെ നാഥൻ പരിശുദ്ധനാണ്. ഞാൻ ഒരു ദൂതനായ മനുഷ്യൻ മാത്രമാണ്. (ബനീ ഇസ്റായീൽ: 94)
വാഗ്ദത്ത മസീഹ് ഹദ്റത് മീർസാ ഗുലാം അഹ്മദ് ഖാദിയാനി (അ) പറയുന്നു:
“അതായത് നിഷേധികൾ പറയുന്നു. നീ ആകാശത്തേക്ക് കയറിപ്പോയി കാണിക്കുകയാണെങ്കിൽ ഞങ്ങൾ വിശ്വസിക്കാം. അവരോട് പറയുക, ഈ പരീക്ഷണഗേഹത്തിൽ അത്തരത്തിലുള്ള സ്പഷ്ടമായ തെളിവുകൾ കാണിക്കുന്നതിൽ നിന്നും അല്ലാഹു പരിശുദ്ധനാകുന്നു. ഞാൻ കേവലം ഒരു മനുഷ്യൻ മാത്രമാകുന്നു. ഈ വചനത്തിൽ നിന്നും വ്യക്തമായി മനസ്സിലാക്കാൻ സാധിക്കുന്നത്, നിഷേധികൾ നബി തിരുമേനി (സ) യോട് ആകാശത്തിലേക്ക് കയറിപ്പോകുന്ന അടയാളം ആവശ്യപ്പെട്ടിരുന്നു എന്നാണ്. എന്നാൽ ഒരു ജഢികശരീരത്തെ ആകാശത്തേക്ക് കൊണ്ടു പോകുക എന്നത് അല്ലാഹുവിന്റെ ചര്യയിലുള്ളതല്ല എന്ന മറുപടിയാണ് അവർക്ക് ലഭിച്ചത്. ഇനി അഥവാ ഇബ്നു മർയം ജഢികശരീരത്തോടു കൂടി ആകാശത്തേക്ക് കയറിപ്പോയി എന്നത് വാസ്തമാണെന്ന് അംഗീകരിക്കുകയാണെങ്കിൽ മേൽപറഞ്ഞ മറുപടി അങ്ങേയറ്റം ആക്ഷേപാർമായിത്തീരുന്നതാണ്. മാത്രമല്ല ദൈവീകവചനത്തിൽ വൈരുദ്ധ്യവും ഭിന്നതയും വരുന്നതാണ്. അതിനാൽ ഹദ്റത് മസീഹ് ജഢികശരീരത്തോടു കൂടി ആകാശത്തേക്ക് പോയിട്ടില്ല, പ്രത്യുത മരണാനന്തരമാണ് ആകശത്തേക്കുയർത്തപ്പെട്ടത് എന്നത് സ്പഷ്ടവും വ്യക്തവുമാകുന്നു. നാം അവരോട് ചോദികുകയാണ്, മരണാനന്തരം ഹദ്റത് യഹ്യാ, ഹദ്റത് ആദം, ഹദ്റത് ഇദ്രീസ്, ഹദ്റത് ഇബ്റാഹിം, ഹദ്റത് യൂസുഫ് തുടങ്ങിയവർ ആകാശത്തേക്കുയർപ്പെട്ടോ ഇല്ലയോ? അഥവാ ഉയർത്തപ്പെട്ടില്ലായെങ്കിൽ മിഅറാജിന്റെ രാത്രിയിൽ നബി (സ) തിരുമേനി അവരെയെല്ലാം ആകാശത്ത് എങ്ങിനെയാണ് കണ്ടത്? അഥവാ ഉയർത്തപ്പെട്ടിട്ടുണ്ടെങ്കിൽ പിന്നെ അനാവശ്യമായി മസീഹിബ്നു മർയമിന്റെ ഉയർത്തപ്പെടലിനെ വേരൊരർഥത്തിൽ എന്തിനാണ് എടുക്കുന്നത്? അൽഭുതം തന്നെ, സ്പഷ്ടമായ നിലയിൽ മരണത്തെ കുറിക്കുന്ന തവഫ്ഫ എന്ന പദം പലയിടങ്ങളിലായി അദ്ദേഹവുമായി ബന്ധപ്പെട്ട് ഉപയോഗിച്ചിരിക്കുന്നു. ഉയർത്തപ്പെട്ടതിന്റെ മാതൃക വ്യക്തമാക്കപ്പെട്ടിരിക്കുന്നു. കാരണം അദ്ദേഹത്തിനു മുമ്പ് ഉയർത്തപ്പെട്ടവരിൽ അദ്ദേഹത്തെയും കാണുകയുണ്ടായി. ഇനി അഥവാ അവർ ഉയർത്തപ്പെട്ടിട്ടില്ല എന്ന് പറയുകയാണെങ്കിൽ ഞാൻ ചോദിക്കുന്നു, പിന്നെങ്ങിനെയാണ് അവർ ആകാശത്തിലേക്കെത്തിയത്. ഉയർത്തപ്പെട്ടതിനാലല്ലെ ആകാശത്തിലേക്കെത്തിയത്. നിങ്ങൾ പരിശുദ്ധഖുർആനിൽ വറഫഅനാഹു മകാനൻ അലിയ്യ (മർയം:58) എന്ന വചനം വായിക്കുന്നില്ലേ? ഇത് മസീഹിനെ സംബന്ധിച്ച് വന്നിട്ടുള്ള അതേ റഫഅ് തന്നെയല്ലേ? അതിന് ഉയർത്തപ്പെട്ടു എന്നർഥം തന്നെയല്ലേ ഉള്ളത്? ഫഅന്നാ തുസ്റഫൂൻ.“
(ഇസാലയെ ഔഹാം, റൂഹാനി ഖസാഇൻ: വാള്യം 3, പേജ് 437 438)
ഹദ്റത് ഖലീഫത്തുൽ മസീഹ് റാബിഅ് (റഹ്) യുടെ വ്യാഖ്യാനം:
“ഒരു മനുഷ്യൻ ജീവനോടെ ആകാശത്തേക്ക് പോകുക എന്നത് അല്ലാഹുവിന്റെ ചര്യയും വാഗ്ദാനത്തിനും വിരുദ്ധമാണെന്നതും സ്വയം തന്റെ തീരുമാനങ്ങളെ ലംഘിക്കുന്നതിൽ നിന്ന് അവൻ പരിശുദ്ധനാണെന്നും ഈ വചനത്തിൽ അല്ലാഹു സ്പഷ്ടമായി വ്യക്തമാക്കിയിരിക്കുന്നു. ചിന്തിച്ചു നോക്കുക, അറേബ്യയിലെ നിഷേധികൾ നബി തിരുമേനി (സ)യോട് ആകാശത്തേക്ക് കയറിപ്പോകുന്ന അടയാളം ആവശ്യപ്പെടുന്നു. അത്തരത്തിലുള്ള ദൃഷ്ടാന്തം കാണിക്കുകയാണെങ്കിൽ വിശ്വസിക്കുന്നതാണെന്ന വാഗ്ദാനവും നൽകുന്നു. എന്നാൽ താൻ കേവലം ഒരു മനുഷ്യനാണെന്നും ഒരു മനുഷ്യനും തന്നെ ജീവനോടെ ആകാശത്തേക്ക് കയറിപ്പോകുവാൻ സാധ്യമല്ലെന്നുമുള്ള മറുപടി നൽകപ്പെടുന്നു. ഈയൊരു വചനമുണ്ടായിരുന്നിട്ടും കൃസ്ത്യാനികൾ മസീഹ് ആകാശത്തേക്ക് കയറിപ്പോയിരിക്കുന്നു എന്നു പറയുന്നെങ്കിൽ പറഞ്ഞുകൊള്ളട്ടെ. എന്നാൽ മസീഹ് (അ) നെ ഒരു മനുഷ്യനായും നബി (സ) തിരുമേനിയേക്കാൾ പദവിയിൽ വളരെ താണതായും വിശ്വസിക്കുന്ന മുസ്ലിം എന്ന് പറയുന്ന ഒരാൾക്ക് ഒരു നിമിഷത്തേക്ക് പോലും ഹദ്റത് മസീഹ് നാസിരി (അ) സ്വന്തം ശീരത്തോടുകൂടി ആകാശത്ത് പോയി ഇരിക്കുകയാണെന്ന് അംഗീകരിക്കുക അസാധ്യമാകുന്നു.”