വരാനുള്ള മസീഹ് കഴിഞ്ഞുപോയ മസീഹില്‍ ന്ന് വ്യത്യസ്തനായ ആളാണെന്ന് മേല്പറഞ്ഞ രേഖകള്‍ കൊണ്ട് സൂര്യപ്രകാശം പോലെ തെളിയുന്നുണ്ട്. എല്ലാ ഖലീഫമാരും മുസ്ലിംകളില് നിന്നു തന്നെയുള്ളവരായിരിക്കുമെന്ന് വിശുദ്ധഖുര്ആന് സാക്ഷി പറയുന്നു. വാഗ്ദാനം ചെയ്യപ്പെട്ട മസീഹ് ഇതേ ഉമ്മത്തില്‍ നിന്നുള്ള ഒരു വ്യക്തിയായിരിക്കുമെന്ന് ഹദീഥ് വിളിച്ചോതുന്നു. കൂടാതെ നബിതിരുമേനി (സ) രണ്ട് മസീഹുമാരുടെയും വെവ്വേറെയുള്ള രൂപം നമ്മുടെ മുമ്പില്‍ വെച്ചുകൊണ്ട് കൂടുതല്‍ തെളിവ് ആവശ്യമില്ലാതാക്കിത്തീര്ത്തിരിക്കുന്നു. എന്നാല്‍, ഒരു സംശയം തീര്‍ച്ചയായും അവശേഷിക്കുന്നുണ്ട്.
അത് മസീഹ് മൗഊദ് അഥവാ വാഗ്ദാനം ചെയ്യപ്പെട്ടെ മസീഹ് ഈ ഉമ്മത്തില്‍ നിന്നുതന്നെ വരേണ്ട ആളാണെങ്കില്‍ അദ്ദേഹത്തെ സംബന്ധിച്ചു ‘നുസൂല്‍’ എന്ന പദവും ‘ഇബ്നു മര്‍യം’ എന്ന പദവും എന്തിനുപയോഗിച്ചു എന്നതാണ്. ‘നുസൂല്‍’ എന്ന പദം മസീഹ് മൗഊദ് ആകാശത്തില്‍ നിന്ന് ഇറങ്ങുമെന്നും ഇബ്നുമര്‍യം എന്ന പദം ഈസാനബി താന്‍ തന്നെ വരുമെന്നുമാണല്ലോ പ്രകാശിപ്പിക്കുന്നത്? എന്നാല്‍, ഇതുസംന്ധിച്ച് നല്ലതുപോലെ ഓര്‍മ്മവെക്കേണ്ട ഒരു സംഗതി, സ്വഹീഹായ ഹദീഥുകളിലൊന്നിലും തന്നെ ‘നുസൂല്‍’ എന്ന പദത്തോടു കൂടി ‘സമാഅ്'(ആകാശം) എന്ന പദം ഉപയോഗിച്ചിട്ടില്ലെന്നുള്ളതാണ്. അതുകൊണ്ട് ‘ഇറങ്ങല്‍’ ആകാശത്തില്നിന്നാണെന്ന് അര്‍ത്ഥമെടുക്കാന്‍ നിവൃത്തിയില്ല. കൂടാതെ ‘നുസൂല്‍’ എന്ന പദത്തിന്റെ അര്‍ത്ഥത്തെപ്പറ്റിയും ചിന്തിക്കേണ്ടതുണ്ട്. അറിയില് ഈ പദത്തിന് പ്രത്യക്ഷപ്പെടുക വരിക എന്നും കൂടി അര്‍ത്ഥമുണ്ട്. വിശുദ്ധ ഖുര്‍ആന്‍ പറയുന്നത് നോക്കുക:
قَدۡ اَنۡزَلَ اللّٰہُ اِلَیۡکُمۡ ذِکۡرًا ﴿ۙ۱۱﴾ رَّسُوۡلًا یَّتۡلُوۡا عَلَیۡکُمۡ اٰیٰتِ اللّٰہِ
അല്ലാഹു നിങ്ങളുടെ അടുത്തേക്ക് ഒരു ഉല്‍ബോധകനെ ഇറക്കിയിരിക്കുന്നു, അതായത് ഒരു ദൂതനെ. അദ്ദേഹം നിങ്ങള്‍ക്ക് അല്ലാഹുവിന്റെ വ്യക്തമായ ദൃഷ്ടാന്തങ്ങള്‍ വ്യക്തമായി വിവരിച്ചു തരുന്നു……..(വി.ഖു. 65: 11,12).
ഈ വചനത്തില്‍ നബി തിരുമേനിയെ സംബന്ധിച്ച് ‘നുസുല്‍’ എന്ന പദമാണ് ഉപയോഗിച്ചിട്ടുള്ളത്. എന്നാല്‍, അദ്ദേഹം ആകാശത്തില്‍നിന്ന് ഇറങ്ങിയതല്ല, ഭൂമിയില്‍ ജനിച്ചു വളര്‍ന്നതാണ് എന്ന് എല്ലാവര്‍ക്കുമറിയാം. വീണ്ടും വിശുദ്ധഖുര്ആന് പറയുന്നു:
وَ اَنۡزَلۡنَا الۡحَدِیۡدَ فِیۡہِ بَاۡسٌ شَدِیۡدٌ وَّ مَنَافِعُ لِلنَّاسِ
പടക്കോപ്പുകള്‍ നിര്മ്മിക്കാനുപയോഗിക്കുന്നതും മറ്റു പലവിധത്തില്‍ ജനങ്ങള്‍ക്ക് പ്രയോജനകരവുമായ ഇരുമ്പ് നാം ഇറക്കിത്തന്നിരിക്കുന്നു (വി.ഖു. 57:26).
ഭൂമിയില്‍നിന്ന് കുഴിച്ചെടുക്കുന്ന ഇരുമ്പിനെപ്പറ്റിയും ഇറക്കിയെന്നാണ് ഇവിടെ പറഞ്ഞിരിക്കുന്നത്. നുസൂലിന്റെ അര്‍ത്ഥം എപ്പോഴും ‘മുകളിൽ നിന്ന് കീഴ്പോട്ട് ഇറക്കുക’ എന്നതായിരിക്കണമെന്നില്ലെന്ന് ഈ വാക്യങ്ങളില്‍ നിന്ന് നല്ലതുപോലെ വ്യക്തമാകുന്നുണ്ട്.
‘നുസുല്‍’ എന്ന പദം അല്ലാഹുവിൽ നിന്ന് മനുഷ്യനു അനുഗ്രഹമായി സിദ്ധിക്കുന്ന വസ്തുക്കളെ സംബന്ധിച്ചും പലപ്പോഴും ഉപയോഗിക്കാറുണ്ട്. അതിനാല്‍, നുസൂല്‍ എന്ന പദം ഉപയോഗിച്ചതുകൊണ്ട് മസീഹ് ആകാശത്തില്‍നിന്ന് ഇറങ്ങുമെന്ന് അനുമാനിക്കുന്നത് തികച്ചും തെറ്റാണ്. കൂടാതെ, അറബിയില്‍ ആഗതര്‍ക്ക് ‘നസീല്‍’ എന്നും അവര്‍ തങ്ങുന്ന സ്ഥലങ്ങള്‍ക്ക് ‘മന്‍സില്‍’ എന്നും പറയാറുണ്ട്. പോരെങ്കില്‍ ഹദീഥുകളില്തന്നെ മസീഹിന്റെ ആഗമനം സംബന്ധിച്ച് ‘ഖുറൂജ്’, ‘ബഅഥ്’ എന്നീ പദങ്ങളും പ്രയോഗിക്കപ്പെട്ടു കാണുന്നു. ആ സ്ഥിതിക്ക് ‘ഖുറൂജ്’, ‘ബഅഥ്’, ‘നുസൂല്‍’ എന്നീ മൂന്നു പദങ്ങള്‍ക്കും ഒരുപോലെ യോജിക്കുന്ന അര്‍ത്ഥമാണ് ഉദ്ദേശിക്കപ്പെട്ടതെന്ന് തീര്ച്ചപ്പെടുത്തുകയേ നിവൃത്തിയുള്ളൂ.