رَأَيْتُ عِيسَى وَمُوسَى وَإِبْرَاهِيمَ، فَأَمَّا عِيسَى فَأَحْمَرُ جَعْدٌ عَرِيضُ الصَّدْرِ، وَأَمَّا مُوسَى فَآدَمُ جَسِيمٌ سَبْطٌ كَأَنَّهُ مِنْ رِجَالِ الزُّطِّ
ഞാൻ ഈസാ, മൂസാ എന്നീ നബിമാരെ (മിഅ്റാജിന്റെ ദർശനത്തിൽ) കണ്ടു, ഈസായുടെ നിറം ചുവപ്പായിരുന്നു. മുടിച്ചുരുണ്ടതും നെഞ്ചു വീതിയേറിയതുമായിരുന്നു. മൂസായുടെ നിറം ഗോതമ്പിന്റെതായിരുന്നു. ദേഹം തടിച്ചതും മുടി നീണ്ടതും. കണ്ടാൽ ഒരു സുത്തുവർഗ്ഗക്കാരനെപ്പോലെ തോന്നും (ബുഖാരി, കിതാബ് അഹാദീസുൽ അമ്പിയാഅ്, 3438)
ഈ ഹദീസിൽ ഈസാനബിയുടെ നിറം ചുവപ്പായിട്ടും മുടി ചുരുണ്ടതായിട്ടും വർണ്ണിക്കപ്പെട്ടിരിക്കുന്നു. ഇത് ബനൂഇസ്രായിലിലെ കഴിഞ്ഞുപോയ ഈസാ ആണെന്നതിന് ഈ ഹദീഥിൽ തന്നെ തെളിവുണ്ട്. എന്തെന്നാൽ, കഴിഞ്ഞുപോയ മൂസാനബിയോടു ചേർത്താണ് അദ്ദേഹത്തെപ്പറ്റി പറഞ്ഞിട്ടുള്ളത്. വായനക്കാർ ഈസാനബിയുടെ ഈ ലക്ഷണം നല്ലതുപോലെ ഓർമ്മവെക്കണം. ഇനി മറ്റൊരു ഹദീസിൽ നബിതിരുമേനി പറയുന്നത് നോക്കുക:
“ وَأَرَانِي اللَّيْلَةَ عِنْدَ الْكَعْبَةِ فِي الْمَنَامِ، فَإِذَا رَجُلٌ آدَمُ كَأَحْسَنِ مَا يُرَى مِنْ أُدْمِ الرِّجَالِ، تَضْرِبُ لِمَّتُهُ بَيْنَ مَنْكِبَيْهِ، رَجِلُ الشَّعَرِ، يَقْطُرُ رَأْسُهُ مَاءً، وَاضِعًا يَدَيْهِ عَلَى مَنْكِبَىْ رَجُلَيْنِ وَهْوَ يَطُوفُ بِالْبَيْتِ. فَقُلْتُ مَنْ هَذَا فَقَالُوا هَذَا الْمَسِيحُ ابْنُ مَرْيَمَ. ثُمَّ رَأَيْتُ رَجُلاً وَرَاءَهُ جَعْدًا قَطَطًا أَعْوَرَ عَيْنِ الْيُمْنَى كَأَشْبَهِ مَنْ رَأَيْتُ بِابْنِ قَطَنٍ، وَاضِعًا يَدَيْهِ عَلَى مَنْكِبَىْ رَجُلٍ، يَطُوفُ بِالْبَيْتِ، فَقُلْتُ مَنْ هَذَا قَالُوا الْمَسِيحُ الدَّجَّالُ ”
ഞാൻ രാത്രി കഅ്ബയിലാണെന്ന് സ്വപ്നം കണ്ടു. അവിടെ ഒരാൾ ഉണ്ടായിരുന്നു. അദ്ദേഹത്തിന്റെ നിറം ഗോതമ്പിന്റേയും മുടി ചുമലുവരെ നീണ്ടതുമായിരുന്നു. തലയിൽ നിന്ന് വെള്ളം ഇറ്റിറ്റു വീണിരുന്നു. അദ്ദേഹം തന്റെ രണ്ട് കയ്യും രണ്ടാളുകളുടെ ചുമലിൽ വെച്ച് കഅ്ബത്തിനെ ത്വവാഫ് ചെയ്യുകയാണ്. ഞാൻ ചോദിച്ചു: ഇതാരാണ്? ജനങ്ങൾ പറഞ്ഞു ഇത് മസീഹ് മർയം ആണ്. പിന്നെ ഞാൻ അദ്ദേ ഹത്തിന് പിന്നിൽ ഒരാളെ കണ്ടു. പരന്ന നെഞ്ചുള്ള അയാൾ ഒറ്റക്കണ്ണ നായിരുന്നു. ഇബ്നുഖമായി സാദൃശ്യമുണ്ടായിരുന്നു. തന്റെ കൈ ഒരാളുടെ ചുമലിൽ വെച്ച് കഅബയെ ത്വവാഫ് ചെയ്യുകയാണ്. ഞാൻ ചോദിച്ചു: ഇതാരാണ്? ജനങ്ങൾ പറഞ്ഞു: ഇത് മസീഹുദ്ദുജ്ജാൻ ആണ്. (ബുഖാരി, കിതാബ് അഹാദീസുൽ അമ്പിയാഅ്, 3439,3440)
ആദ്യം വിവരിക്കപ്പെട്ട ഹദീസ് തിരുനബി (സ) മിഅ്റാജ് രാവിൽ പൂർവികരായ പ്രവാചകന്മാരെ ദർശിച്ച കൂട്ടത്തിൽ ഹസ്രത്ത് ഈസനബി(അ) നെയും ഹസ്രത്ത് മൂസാനബി(അ)നെയും കണ്ട കാര്യമാണ് വിവരിക്കുന്നത്. അപ്പോൾ ദർശിച്ച ഈസാനബി ബനീ ഇസ്രായീലിലേക്ക് അയക്കപ്പെട്ട ഈസാബ്നു മർയമാണ് എന്ന് ആ ഹദീസിൽ നിന്നും വ്യക്തമാണ്. രണ്ടാമത്തെ ഹദീസിൽ നബിതിരുമേനി, വരാനിരിക്കുന്ന മസീഹിന്റെ ലക്ഷണമാണ് പറഞ്ഞിരിക്കുന്നത്. അദ്ദേഹത്തിന്റെ നിറം ഗോതമ്പി ന്റെതും മുടി നേരെയുള്ളതും നീണ്ടതുമാണെന്നാണ്. ഈ ഹദീസിൽ പറഞ്ഞ ഇബ്നുമർയം അവസാനകാലത്ത് വരാനിരിക്കുന്ന മസീഹാണെന്നതിനുള്ള തെളിവ്, അതിനെ തുടർന്നു ദജ്ജാലിന്റെ കാര്യമാണ് പറഞ്ഞിരിക്കുന്നത് എന്നുള്ളതാണ്. എന്തെന്നാൽ, അതെ സന്ദർഭത്തിൽ താൻ ദജ്ജാലിനെ കാണുകയുണ്ടായെന്നും നബി തിരുമേനി പറഞ്ഞിരിക്കുന്നു. അതുകൊണ്ട് സ്പഷ്ടമായി, ഈ പറഞ്ഞ മസീഹ് ദജ്ജാലിനെതിരായി ആവിർഭവിക്കുന്ന മസീഹാണെന്ന്.
ഇപ്പോൾ കാര്യം വളരെ വ്യക്തമായിരിക്കുന്നു. ബനൂഇസ്രായിലിൽ എഴുന്നേല്പിക്കപ്പെട്ട ഈസാനബിയുടെ ലക്ഷണം, നിറം ചുവപ്പും , മുടി ചുരുണ്ടതുമാണെന്നുള്ളതാണ്. ബനൂ ഇസ്രായീല്യർ പൊതുവേ ചുകപ്പും വെള്ളയും കലർന്ന തൊലിനിറമുള്ളവരാണല്ലോ, ഈസാനബിയുടെ ശരീരവർണ്ണം ചുവപ്പ് നന്നേ പ്രകടമാകും വിധം നിറമുള്ളതാണ് എന്നു വ്യക്തമായി എന്നാൽ, ദജ്ജാലിനെതിരായി അതായത് അവസാനകാലത്തെ ഫിത്നകൾക്ക് എതിരെ എഴുന്നേല്പിക്കപ്പെടുന്ന മസീഹിന്റെ ലക്ഷണം, നിറം ഗോതമ്പിന്റെതും, മുടി നേർക്കുള്ളതും നീണ്ടതുമായിട്ടാണ് വിവരിക്കപ്പെട്ടിരിക്കുന്നത്. ഗോതമ്പിൻ്റെ നിറം (brown skinned) എന്ന് ലോകർ പറയുന്നത് ഇന്ത്യകാരെപ്പറ്റിയാണ് എന്നും ഇവിടെ ശ്രദ്ധേയമായ കാര്യമാണ് രണ്ടു ലക്ഷണങ്ങളിലും വ്യത്യാസം പ്രത്യക്ഷമാണ്. അതിനെപ്പറ്റി വിവരിക്കേണ്ട ആവശ്യമില്ല. ചുവപ്പ് നിറവും ഗോതമ്പിന്റെ നിറവും ഒന്നാകുമോ? ചുരുളൻ മുടിയും നേർക്കുള്ള നീളൻ മുടിയും എങ്ങനെ ഒന്നാകും? ഇതിനേക്കാൾ കവിഞ്ഞൊരു വ്യക്തത എന്തുണ്ട്. രണ്ടു മസീഹുമാരുടെയും രൂപം വായനക്കാരുടെ മുമ്പിൽ വെച്ചു കഴിഞ്ഞിരിക്കുന്നു. അതുതന്നെ ഖാത്തമുന്നബിയ്യീൻ’ ഹദ്റത്ത് മുഹമ്മദ്(സ.അ) തിരുമേനിയാൽ വരയ്ക്കപ്പെട്ട രൂപം. ഈ രണ്ടു രൂപങ്ങളിലും ഒരേ വ്യക്തിയാണോ കാണപ്പെടുന്നതെന്ന് ഇനി വായനക്കാരൻത്തന്നെ തീരുമാനിക്കട്ടെ. അല്ലാഹു ഉൾക്കണ്ണു നല്കിയിട്ടുള്ളവർക്കാർക്കും ആ രണ്ടു രൂപവും ഒരാളുടേതാണെന്ന് പറയാൻ സാധിക്കുകയില്ല.