കർപൂര സത്തിന്റെ പാനീയം കുടിക്കുന്ന അവസ്ഥയായിരുന്നു മേൽ വിവരിച്ചത്. അടുത്ത ഘട്ടം സഞ്ചബീൽ അഥവാ ചുക്കിന്റെ ചേരുവയുള്ള പാനീയം സേവിക്കുന്ന അവസ്ഥയാണ്. “വയുസ്ഖൗന ഫീഹാ കഅ്സൻ കാന മിസാജുഹാ സഞ്ചബീലാ” (അദ്ദഹർ 18) ‘തുടർന്ന് അവർക്ക് നൽകപ്പെടുന്ന ചഷകത്തിന്റെ ചേരുവ ചുക്കാകുന്നു.’
അങ്ങനെയുള്ളൊരു ഘട്ടം തനിക്ക് അപ്രാപ്യമാണെന്ന് മനുഷ്യൻ ഒരിക്കലും ചിന്തിച്ചുപോകരുത്. ഇതെല്ലാം തന്നെ ലഭിക്കുന്നവയാണ്. ലഭിച്ചുകൊണ്ടിരിക്കുകയും ചെയ്യുന്നു. ഈ സ്ഥാനമാനങ്ങളും ദർജകളും പ്രാപിച്ചുകഴിഞ്ഞവരും ഒടുക്കം മനുഷ്യർ തന്നെയാണല്ലോ.
സംഗതിയിതാണ്, തന്റെ തെറ്റുകുറ്റങ്ങളുടെ ഒരു നീണ്ട പട്ടിക കൺമുന്നിൽ കാണുമ്പോൾ മനുഷ്യൻ ഉൽക്കണ്ഠാകുലനാവുകയും അതിൽനിന്ന് രക്ഷപ്പെടാൻ പ്രയാസമാണെന്ന് ധരിക്കുകയും ചെയ്യുന്നു. എന്നാൽ, ഇത് അവന്റെ മാനുഷിക ദൗർബല്യത്തിന്റെ പരിണിതിയാണ്. യൂറോപ്പിലും ഇതേ ചിന്താഗതിയുള്ള നിരവധി ജനങ്ങളുണ്ട്. അവർ പറയുന്നു, പ്രവാചകന്മാരുടെ അദ്ധ്യാപനങ്ങൾകൊണ്ട് കേവലം ഇത്രമാത്രമാണ് ഉദ്ദേശ്യം, അതായത്, മനുഷ്യൻ ആ അദ്ധ്യപനങ്ങൾ അനുസരിച്ച് പ്രവർത്തിക്കാൻ അപ്രാപ്തനും അശക്തനുമാണെന്ന് ഏറ്റുപറയുക! അത്തരക്കാർ അല്ലാഹുവിന്റെ ഖുദ്റത്തുകളെയും ശക്തിവിലാസങ്ങളെയും സംബന്ധിച്ച് അജ്ഞരാണ്. അവർ സ്വയം തങ്ങൾ കടന്നുപോയിട്ടുള്ള അവസ്ഥാന്തരങ്ങളെയും വിപ്ലവങ്ങളെയും കുറിച്ച് ചിന്തിച്ചിരുന്നെങ്കിൽ ഇവ്വിധത്തിലുള്ള വാക്കുകൾ നാവിൽ കൊണ്ടുവരില്ലായിരുന്നു. എന്നാൽ അവരുടെ ജ്ഞാനത്തിലും തിരിച്ചറിവിലുമുള്ള ന്യൂനതകൾ അവർക്ക് അങ്ങനെ ചിന്തിക്കാൻ അവസരമുണ്ടാക്കി.
മനുഷ്യനിൽ എത്രമാത്രം വിപ്ലവങ്ങളുണ്ടാകുന്നുവെന്ന് നോക്കുക. അവൻ ഒന്നുമല്ലായിരുന്ന നുഥ്ഫയുടെ (രേതസ്സിന്റെ) ഒരു കാലവും അവനുണ്ടായിരുന്നു. അത് നിലത്തോ വസ്ത്രത്തിലോ ആണ് വീണിരുന്നതെങ്കിൽ നിമിഷങ്ങൾക്കകം ഉണങ്ങിപ്പോകുമായിരുന്നു. പിന്നെ അല്പം കട്ടിയുള്ള അലഖ (രക്തപിണ്ഡം) ആയിത്തീർന്നു. അപ്പോഴും അവന് ഒരസ്തിത്വമില്ലായിരുന്നു. തുടർന്ന് ‘മുദ്ഗ’യായി. പിന്നീട് പിറവിയോടടുത്ത അവസ്ഥയിൽ അവനിൽ ജീവൻ വന്നു. പിന്നെ അവൻ ജനിക്കുകയും മുലപ്പാൽ കുടിക്കുന്ന കാലഘട്ടവും കടന്ന് യുവത്വം പ്രാപിക്കുകയും ചെയ്തു. അങ്ങനെ.. അങ്ങനെ.
ഇനി നല്ലപോലെ ചിന്തിക്കുക! ഏതൊരു സർവ്വശക്തനായ ദൈവം മനുഷ്യനെ ഈവിധത്തിലുള്ള വിവിധ വിപ്ലവങ്ങളിലൂടെ കടത്തിക്കൊണ്ടുപോയി മനുഷ്യനാക്കി മാറ്റിയോ – എന്തിൽനിന്ന് എന്തായിത്തീർന്നുവെന്ന് അവനിപ്പോൾ ആലോചിച്ചാൽ തന്നെ അത്ഭുതപരതന്ത്രനായിത്തീരും. പിന്നീട് പരോക്ഷമായ പഞ്ചേന്ദ്രിയങ്ങളും മറ്റുള്ള അവയവങ്ങളും ശക്തികളും അവന് ദൈവം സമ്മാനിച്ചു. ചുരുക്കത്തിൽ, മനുഷ്യന്റെ നുഥ്ഫയുടെ അവസ്ഥതൊട്ട് ഏതൊരു സർവ്വശക്തനായ ദൈവം തന്റെ പലവിധ കരസ്പർശങ്ങളിലൂടെ മനുഷ്യനെ മനുഷ്യനാക്കി മറ്റിയോ – ആ ദൈവത്തിന് അവനെ പരിശുദ്ധമായ അവസ്ഥയിലേക്ക് കൊണ്ടുപോകാനും ദുർവികാരങ്ങളിൽനിന്ന് വിമുക്തനാക്കാനും എന്താണ് പ്രയാസം? ഏതൊരുവൻ ഇക്കാര്യങ്ങളിൽ പരിചിന്തനം നടത്തുന്നുവോ അവൻ അനിയന്ത്രിതം പറഞ്ഞുപോകുന്നതാണ് “ഇന്നല്ലാഹ അലാ കുല്ലി ശൈയിൻ ഖദീർ”
അലാഹു തആല വിശുദ്ധ ഖുർആനിൽ അരുൾ ചെയ്തിരിക്കുന്നു, പാപികളെ നരകത്തിലേക്ക് ഇട്ടുകൊണ്ടിരിക്കുമ്പോൾ അല്ലാഹു പറയും, നിങ്ങളുടെ ഒരേയൊരു പാപം ഏറ്റവും വലുതാകുന്നു; അത് നിങ്ങൾ അല്ലാഹുവിൽ ദുർഭാവന വെച്ചുപുലർത്തി എന്നതാണ്. ആ ദുർഭാവന നിങ്ങൾ വെച്ചില്ലായിരുന്നെങ്കിൽ പരിപൂർണ്ണ സത്യവിശ്വാസിയായിക്കൊണ്ട് നിങ്ങൾ വരുമായിരുന്നു. വാസ്തവത്തിൽ മനുഷ്യൻ അല്ലാഹുവിൽ തെറ്റായ ധാരണ വെച്ചുപുലർത്തുക എന്നത് ബൃഹത്തായ പാപമാകുന്നു. ബാക്കിയുള്ള സകല പാപങ്ങളും ഇതിൽനിന്ന് ഉത്ഭവിക്കുന്നവയത്രെ. അല്ലാഹുവിനെ യഥാർഥ അന്നദാതാവായി വിശ്വസിച്ചിരുന്നെങ്കിൽ അപഹരണം, വഞ്ചന, തട്ടിപ്പ് തുടങ്ങിയവയിലൂടെ അന്യരുടെ ധനമെന്തിന് തട്ടിയെടുക്കണം? കഷ്ടം! ബുദ്ധിശൂന്യരായ മനുഷ്യൻ വിചാരിക്കുന്നത്, ‘എയ്ഹ ജഹാൻ മിഠാ അഗ്ലാ കിസ്നെ ഡിട്ടാ’ എന്നാണ്. (വിവക്ഷ: ഈ ലോകത്തിൽ ആവുന്നത്ര ആസ്വദിക്കുക അടുത്തലോകം ആരു കണ്ടു?) ഇതും അല്ലാഹുവിൽ വെച്ചുപുലർത്തുന്ന ദുർഭാവനയാകുന്നു. അവൻ (വാക്കിൽ) സത്യസന്ധത പാലിക്കുന്നവനാണെന്ന ദൃഢവിശ്വാസമുണ്ടായിരുന്നെങ്കിൽ അങ്ങനെയല്ല അവർ പറയുക. പ്രത്യുത, ‘ദുനിയാ റോസെ ചന്ദ് ആഖിർ ബാഖുദാവന്ദ്’ എന്നായിരിക്കും. മാത്രമല്ല,
ദുനിയാവ് അല്പനാളുകൾക്കുള്ളതാണെന്ന് ദൃഢമായി വിശ്വസിച്ചുകൊണ്ട് അതിലെ കെട്ടിടങ്ങളെയും ആഡംബരങ്ങളെയും സകല സമ്പാദ്യങ്ങളെയും ഹൃദയത്തോട് അവർ ഇണക്കുമായിരുന്നില്ല. മറിച്ച് സർവദാ മരണനിമിഷത്തെ ഓർത്ത് ഭയചകിതരായി തങ്ങളുടെ പര്യവസാനത്തെ കുറിച്ച് ചിന്തിക്കുകയും ഒടുക്കം അല്ലാഹുവിന്റെ സന്നിധിയിലേക്ക് മടങ്ങാനുള്ള തയ്യാറെടുപ്പുകൾ നടത്തുകയും ചെയ്യുമായിരുന്നു.
(മൽഫൂദാത്ത് വാ. 8, പേ. 378-380)
ത്വാലിബെ ദുആ: അബൂ അയ്മൻ