വിശുദ്ധ ഖുർആനും ഹദീസുകളും ഈസാനബിയുടെ മരണത്തെപ്പറ്റി വ്യക്തമായ തെളിവു നല്കുമ്പോൾ അദ്ദേഹം ജീവിച്ചിരിക്കുകയാണെന്ന തെറ്റായ വിശ്വാസത്തിൽ എങ്ങനെ മുഴുവൻ സമുദായത്തിന്റെയും ഇജ്മാഅ് ഉണ്ടായി എന്ന ഒരു പ്രശ്നം ഇവിടെ ഉൽഭവിക്കുന്നുണ്ട്. ഇതിനുള്ള മറുപടി, ഈ തെറ്റായ വിശ്വാസത്തിൽ ഒരിക്കലും മുഴുവൻ സമുദായത്തിന്റെയും ഇജ്മാഅ് ഉണ്ടായിട്ടില്ല എന്നുള്ളതാണ്. ആദ്യകാല ഉലമാക്കളിൽ പലരും ഈസാനബി മരിച്ചു പോയെന്നു തുറന്നു സമ്മതിച്ചവരാണ്. സ്വഹാബികളും ആ വിശ്വാസക്കാരായിരുന്നു.
നബിതിരുമേനിയുടെ പിതൃവ്യ പുത്രനായ ഹദ്റത്ത് ഇബ്നു അബ്ബാസ് – ഇദ്ദേഹത്തിന് വിശുദ്ധ ഖുർആന്റെ ജ്ഞാനം നല്കുന്നതിനുവേണ്ടി നബി തിരുമേനി പ്രത്യേകം പ്രാർത്ഥിച്ചിട്ടുണ്ടായിരുന്നു. “മുത്തവഫിക്ക“ എന്ന പദത്തിനു “മുമീത്തുക്ക“ എന്ന് അർത്ഥം പറഞ്ഞുകൊണ്ട് ഈസാനബി മരിച്ചു എന്ന് അദ്ദേഹത്തിന്റെ വിശ്വാസം പ്രകടിപ്പിച്ചിട്ടുണ്ട്. (ബുഖാരി, കിത്താബുത്തഫ്സീർ).
ഹദീഥ് വിജ്ഞാതാക്കളുടെ സുസമ്മത നേതാവായ ഇമാം ബുഖാരി തന്റെ ഗ്രന്ഥത്തിൽ ഈ രിവായത്ത് ചേർത്തുകൊണ്ട് അതിനെ സത്യപ്പെടുത്തുകയും ആ അഭിപ്രായത്തോടുള്ള തന്റെ യോജിപ്പ് വിളംബരപ്പെടുത്തുകയും ചെയ്തിരിക്കുന്നു.
സ്വഹാബത്തിനെക്കഴിച്ചാൽ പിന്നെ താബിഈങ്ങളുടെ ജമാഅത്താണ്. അവരിലും ഈസാനബി മരിച്ചുപോയെന്ന വിശ്വാസക്കാരുണ്ടായിരുന്നു. “മജ്മഉൽ ബിഹാർ’ എന്ന ഗ്രന്ഥത്തിൽ പറയുകയാണ്.
والاكثران عيسى عليه السـلام لـم يـمــت و قال مالک مـات
അധികമാളുകളും ഈസാനബി മരിച്ചിട്ടില്ലെന്നു വിശ്വസിക്കുന്നു. എന്നാൽ, ഇമാം മാലിക് പറഞ്ഞിട്ടുള്ളത് അദ്ദേഹം മരിച്ചുപോയെന്നാണ്. (മജ്മഉൽ ബിഹാർ, ജിൽദ് , ഭാഗം 286)
ഈ വാക്യത്തിൽ നിന്ന് പ്രത്യേകം ശ്രദ്ധാർഹമായ ഒരു സംഗതി ഇതാണ്. അതായത്, മജ്മഉൽ ബിഹാറിന്റെ രചയിതാവ് പറയന്നു മുഴുവൻ സമുദായത്തിന്റെയും വിശ്വാസം ഈസാനബി മരിച്ചിട്ടില്ല എന്നല്ല, മറിച്ച് അധികമാളുകളുടെയും വിശ്വാസം അതാണന്നാകുന്നു എന്നാണ്. അദ്ദേഹത്തിന്റെ കാലംവരെയും മുഴുവൻ സമുദായത്തിന്റെയും വിശ്വാസമെന്നു പറയത്തക്കനിലയിൽ, ഈസാ നബി മരിച്ചിട്ടില്ല എന്ന അഭിപ്രായത്തിന് വ്യാപ്തിയുണ്ടായിരുന്നില്ലെന്നാണ് ഇതിൽ നിന്ന് മനസ്സിലാകുന്നത്. കൂടാതെ ‘ഇബ്നുഹസമി‘നെപ്പറ്റി ഇപ്രകാരം എഴുതപ്പെട്ടിരിക്കുന്നു.
وتمشک ابن حزم بطاهر الاية وقال بموته
“ഇബ്നുഹസം ആയത്തിന്റെ ബാഹ്യാർത്ഥത്തെ ആസ്പദമാക്കി ഈസാനബി മരിച്ചിരിക്കുന്നു എന്നു പറഞ്ഞിരിക്കുന്നു“ (കമാലയ്ൻ ഹാശിയ: ജലാലയ്ൻ).
ഇബ്നുഹസം തന്റെ സുപ്രസിദ്ധമായ ‘അൽമുഹല്ലാ’ എന്ന ഗ്രന്ഥത്തിലും ഈസാനബി മരിച്ചുപോയെന്ന് വ്യക്തമായി എഴു തീയിട്ടുണ്ട്. (അൽമുഹല്ല, ജിൽദ് 1, ഭാഗം 23). ഇബ്നു ഹസം ഒരു സാധാരണക്കാരനായിരുന്നില്ല. ഉന്നതസ്ഥാനത്തുള്ള ഒരു ഇമാമായിരുന്നു. അതുപോലെത്തന്നെ ‘മുഅത്തസില’ വിഭാഗത്തിന്റെയും വിശ്വാസം ഈസാനബി മരിച്ചുപോയെന്നാണ് (മജ്മഉൽ ബയാൻ, ജിൽദ് 1).