ദീനീ സേവനത്തിന്റെ പ്രാധാന്യം
സത്യദീനിനു തുണയേകിക്കൊണ്ട് ആരെങ്കിലും തൂലികയെടുക്കുകയോ ആ വഴിയിൽ പരിശ്രമിക്കുകയോ ചെയ്യുമ്പോൾ വാഗ്ദത്ത മസീഹ് (അ) അതിനെ അങ്ങേയറ്റം മതിപ്പോടെ വീക്ഷിക്കുമായിരുന്നു. ഇത് സംബന്ധിച്ച് ഒരിക്കൽ അരുൾ ചെയ്തു:
ആരെങ്കിലും ദീനിന് തുണയായി ഭവിക്കും വിധം ഒരു വാചകം പോലും കണ്ടെത്തി നമുക്ക് പറഞ്ഞുതരികയാണെങ്കിൽ നാമതിനെ മുത്തുകളുടെയും പവിഴങ്ങളുടെയും കൂമ്പാരത്തേക്കാൾ മതിപ്പുള്ള വസ്തുവായി ഗണിക്കുന്നതായിരിക്കും. നമ്മുടെ സ്നേഹം പിടിച്ചുപറ്റണമെന്നും നമ്മുടെ പ്രാർത്ഥനകൾ വിനയത്തോടും വേദനയോടും കൂടി തങ്ങൾക്കനുകൂലമായി ദൈവത്തിങ്കലേക്ക് കയറിപ്പോകണമെന്നും ആരെങ്കിലും ആഗ്രഹിക്കുന്നുവെങ്കിൽ അവർ തങ്ങളുടെയുള്ളിൽ ദീനിന്റെ സേവകരായിത്തീരാനുള്ള ഗുണങ്ങളുണ്ടെന്ന് നമ്മെ ബോധ്യപ്പെടുത്തിക്കൊള്ളട്ടെ!
(ആവർത്തിച്ച് സത്യം ചെയ്തുകൊണ്ട് പറഞ്ഞു) നാം ഏതൊന്നിനോടും കേവലം അല്ലാഹുവിനുവേണ്ടിയാണ് സ്നേഹം പ്രകടിപ്പിക്കുന്നത്. സഹധർമ്മിണിയോ സന്താനങ്ങളോ സുഹൃത്തുക്കളോ ആകട്ടെ നമ്മുടെ ബന്ധം അല്ലാഹുവിനു വെണ്ടി മാത്രമുള്ളതാകുന്നു.’
സുഹൃദ്ബന്ധത്തിന്റെ കടമ
എന്നെ സംബന്ധിച്ച് പറയുകയാണെങ്കിൽ, ഞാനുമായി ഒരിക്കൽ ആരെങ്കിലും സൗഹൃദം സ്ഥാപിച്ചുകഴിഞ്ഞാൽ അത് ഏതുവിധത്തിലുള്ളതും എത്ര നിസ്സാരവുമാകട്ടെ ആ സൗഹൃദത്തിന്റെ കരാർ ഞാൻ പാലിക്കുന്നതാണ്. ആ ബന്ധം വിച്ഛേദിച്ചുകളയാൻ എനിക്കൊരിക്കലും സാധ്യമല്ല. എന്നാൽ, മറ്റുള്ളവർ സ്വയം ബന്ധം മുറിച്ചുകളയുമ്പോൾ എനിക്കും മറ്റ് മാർഗ്ഗമില്ലാതായിത്തീരുന്നു. അല്ലാത്തപക്ഷം എന്റെ ആദർശമിതാണ്, എന്റെ സുഹൃത്തുക്കളിലാരെങ്കിലും മദ്യപിച്ച് തെരുവിൽ വീണുകിടക്കുകയും ജനങ്ങൾ അവനു ചുറ്റുംകൂടി നിൽക്കുകയുമാണെങ്കിൽ ഞാൻ അധിക്ഷേപത്തെയോ അപമാനത്തെയോ ഭയക്കാതെ അവനെ തോളിലേറ്റി കൊണ്ടുവരുന്നതാണ്. സുഹൃദ്ബന്ധത്തിന്റെ കരാർ ഏറെ അമൂല്യമായ ഒന്നാകുന്നു. അതിനെ എളുപ്പമങ്ങ് പാഴാക്കിക്കളയരുത്. സുഹൃത്തുക്കളിൽനിന്ന് എത്രതന്നെ അനിഷ്ടകരമായ കാര്യങ്ങൾ നേരിട്ടാലും അത് കണ്ടില്ലെന്ന് വെക്കുകയും അങ്ങേയറ്റത്തെ സഹിഷ്ണുത പ്രകടിപ്പിക്കുകയുമാണ് വേണ്ടത്.
ഈമാൻ ഒരു രഹസ്യം
ഈമാൻ വിശ്വാസിക്കും അല്ലാഹുവിനും ഇടയിലുള്ള ഒരു രഹസ്യമാകുന്നു. അത് വിശ്വാസിയൊഴിച്ച് മറ്റു സൃഷ്ടികളിലാർക്കും അറിയാൻ സാധ്യമല്ല. ‘അന ഇന്തദ്ദ്വന്നി അബ്ദീ ബീ’ (ഞാൻ എന്റെ ദാസൻ സങ്കല്പിക്കുന്നത് പോലെത്തന്നെയാണ്) എന്ന് പറയപ്പെട്ടതിന്റെ സത്യാവസ്ഥയും ഇതുതന്നെയാണ്. സത്യരഹസ്യങ്ങളാലും ദിവ്യജ്ഞാനങ്ങളാലും ധന്യരാക്കപ്പെടാത്ത ആളുകൾ ചിലപ്പോൾ ഏതെങ്കിലും സത്യവിശ്വാസിയുടെ അല്ലാഹുവുമായുള്ള ബന്ധത്തെ കുറിച്ച് അജ്ഞത നിമിത്തം – ഉദാഹരണത്തിനു, അവരുടെ റിസ്ഖും ജീവിതമാർഗ്ഗവും മറ്റുമായി ബന്ധപ്പെട്ട കാര്യത്തിൽ – അത്ഭുതവും ആശ്ചര്യവും പ്രകടിപ്പിക്കുന്നു. ചിലപ്പോൾ ഈ ആശ്ചര്യം അവരെ തെറ്റിദ്ധാരണയിലും വഴികേടിലും കൊണ്ടെത്തിക്കുന്നു. അതുകാരണം അവരുടെ ദൃഷ്ടി തങ്ങളുടെതന്നെ പരിമിത കാര്യകാരണങ്ങളിൽ മാത്രമാണ്. അവർക്ക് സത്യവിശ്വാസിയുടെ അല്ലാഹുവുമായുള്ള സ്വകാര്യതയേയും രഹസ്യത്തേയും കുറിച്ച് ജ്ഞാനമില്ല. നമ്മുടെ സുഹൃത്തുക്കൾ അല്ലാഹുവുമായി തിരുസ്വഹാബാക്കൾക്ക് (റിദ്) ഉണ്ടായിരുന്നതുപോലുള്ള സ്വകാര്യബന്ധം ഉണ്ടാക്കിയെടുക്കണമെന്നാണ് എന്റെ ആഗ്രഹം.
(മൽഫൂദാത് വാ.2)