ഒരുവന് എത്രമാത്രം സാമീപ്യം കരസ്ഥമാക്കുന്നുവോ അത്രമാത്രം വിചാരണവിധേയനാവുമെന്ന് നാം ആവര്‍ത്തിച്ചു പറഞ്ഞു കഴിഞ്ഞതാണ്. അഹ്ലെ ബൈത്ത് കൂടുതല്‍ കണക്കെടുപ്പിനു വിധേയരാകുന്നവരാണ്. അകലെയുള്ളവര്‍ ചോദ്യം ചെയ്യപ്പെടുന്നവരല്ല; എന്നാല്‍ നിങ്ങൾ ചോദ്യം ചെയ്യപ്പെടുന്നവരാകുന്നു. നിങ്ങളില്‍ അവരെക്കാള്‍ വിശ്വാസാധിക്യമില്ലെങ്കില്‍ നിങ്ങളും അവരും തമ്മില്‍ എന്താണ് വ്യത്യാസം? ആയിരക്കണക്കിന് ആളുകള്‍ നിങ്ങളെ ശ്രദ്ധിക്കുന്നു. സര്‍ക്കാരിന്റെ ചാരന്മാരെപ്പോലെ നിങ്ങളുടെ ചലനങ്ങളെല്ലാം വീക്ഷിച്ചു കൊണ്ടിരിക്കുന്നു. അവര്‍ അങ്ങനെ ചെയ്യുന്നത് ശരിയാണു താനും. മസീഹിന്റെ കൂട്ടുകാര്‍ നബി(സ)തിരുമേനിയുടെ സഹാബാക്കളോട് കിടപിടിക്കുന്നവരാകയാല് നിങ്ങള്‍ അത്തരത്തിലുള്ളവരാണോ? നിങ്ങള്‍ അങ്ങനെയല്ലെങ്കില്‍ ശിക്ഷാര്‍ഹരാണ്. ഇത് പ്രാരംഭദശയാണെങ്കിലും മരണം വരുന്നത് എപ്പോഴെന്ന് ആര്‍ക്കറിയാം? മരണം ഒഴിച്ചുകൂടാനാവാത്തതാണ്. എല്ലാവര്ക്കും അതു സംഭവിക്കും. ഈയൊരവസ്ഥയില്‍ നാം എന്തിനാണ് അശ്രദ്ധരായിരിക്കുന്നത്. എന്നോട് ഒരാള്‍ ബന്ധം സ്ഥാപിക്കുന്നില്ലെങ്കില്‍ അതു വേറെ സംഗതിയാണ്. എന്നാല്‍ എന്റെയടുക്കല്‍ വരികയും എന്നെ സ്വീകരിക്കുകയും എന്നെ മസീഹായി അംഗീകരിക്കുകയും ചെയ്ത നിങ്ങള്‍ ഒരര്‍ഥത്തില്‍ സഹാബാക്കള്‍ക്ക് സമാനരാണെന്ന് വാദിച്ചിരിക്കുന്നു. വിശ്വാസത്തില്‍ നിന്നും കൂറില്‍ നിന്നും സഹാബാക്കള്‍ എന്നെങ്കിലും പിന്മാറുകയുണ്ടായോ? അവരില്‍ ആരെങ്കിലും അലസനായിരുന്നോ? അവര്‍ മനോവേദനയുണ്ടാക്കുന്നവരായിരുന്നുവോ? അവര്‍ക്ക് തങ്ങളുടെ വികാരങ്ങളെ നിയന്ത്രിക്കാന്‍ സാധിച്ചിരുന്നില്ലേ? അവര്‍ വിനയസ്വഭാവമുള്ളവരായിരുന്നില്ലേ? അതീവ വിനയാന്വിതരായിരുന്നു അവര്‍. അല്ലാഹു നിങ്ങള്‍ക്കും അതുപോലുള്ള തൗഫീഖ് നല്കാന് പ്രാര്‍ഥിക്കുക. എന്തെന്നാല്‍, അല്ലാഹു സഹായിക്കാതെ കണ്ട് വിനയത്തിന്റെയും താഴ്മയുടെയും ജീവിതം ആര്‍ക്കും അവലംബിക്കാനാവില്ല. നിങ്ങള്‍ ആത്മപരിശോധന നടത്തുക. നിങ്ങള്‍ കുട്ടികളെപ്പോലെ സ്വയം ദുര്‍ബലരെന്ന് കാണുന്നെങ്കില്‍ പരിഭ്രമിക്കരുത്. സഹാബാക്കളെപ്പോലെ ഇഹ്ദിനസ്സ്വിറാത്തല്‍ മുസ്തഖീം എന്ന പ്രാര്‍ഥന തുടര്‍ന്നു കൊണ്ടു പോവുക. ദൈവം നിങ്ങള്‍ക്ക് അവന്റെ മാര്‍ഗം കാണിച്ചു തരുന്നതിന് രാത്രിയില്‍ എഴുന്നേറ്റ് പ്രാര്‍ഥിക്കുക. നബി(സ)തിരുമേനിയുടെ സഹാബാക്കളും അനുക്രമമായിട്ടാണ് ശിക്ഷണം നേടിയത്. മുന്‍പ് അവരെന്തായിരുന്നു? കര്ഷകന് വിതറിയ വിത്തുകള്‍ പോലെ ആയിരുന്നു. പിന്നെ നബി(സ)തിരുമേനി അതിന് ജലസേചനം ചെയ്തു. അവിടുന്ന അവര്‍ക്കായി ദുആ ചെയ്തു. വിത്തും ഭൂമിയും നല്ലതായിരുന്നതു കൊണ്ട് ജലസേചനം കൊണ്ട് നല്ല കായ്ക്കനികള്‍ ഉണ്ടായി. നബി(സ)തിരുമേനി നടന്നിരുന്നതു പോലെത്തന്നെ അവരും നടന്നു. അവര്‍ രാപകല്‍ തിരുമേനിയെ അനുഗമിച്ചു. ആകയാല്‍, നിങ്ങള്‍ സത്യഹൃദയത്തോടെ തൗബ ചെയ്യുക. തഹജ്ജുദില്‍ എഴുന്നേറ്റ് ദുആ ചെയ്യുക. മനസ്സിനെ നേരെയാക്കുക. ന്യൂനതകളെ അകറ്റുക. സ്വന്തം വാക്കുകളെയും പ്രവൃത്തികളെയും ദൈവപ്രീതിക്ക് അനുസൃതമാക്കുക. ഓര്‍ക്കുക, ഈ ഉപദേശങ്ങളെ ഉരുവിടുകയും പ്രായോഗികമായി പ്രാര്‍ഥിക്കുകയും ദൈവസമക്ഷം കേഴുകയും ചെയ്യുന്നവന്റെ മേല്ദൈവം അനുഗ്രഹം ചൊരിയുന്നതാണ്. അവന്റെ ഹൃദയത്തില്‍ പരിവര്‍ത്തനം ഉണ്ടാകുന്നതാണ്. ദൈവത്തെസ്സംബന്ധിച്ച് നിരാശരാകരുത്. ബാ കരീമാന്‍ കാര്ഹാ ദുഷ്വാര്‍ നീസ്ത്. അതായത് ധീരനെ സംബന്ധിച്ചിടത്തോളം ഒരു ശ്രമവും പ്രയാസകരമല്ല.
ഞങ്ങളെന്താ വല്ല വലിയും ആകാന്‍ പോവുകയാണോ എന്ന് ചിലര്‍ ചോദിക്കുന്നു. അവര്‍ അതിനെ വിലമതിക്കാത്തത് ദു:ഖകരമാണ്. തീര്‍ച്ചയായും മനുഷ്യന് വലിയായിത്തീരേണ്ടതുണ്ട്. അവന് സദ്പന്ഥാവില്‍ ചരിക്കുകയാണെങ്കില്‍ അല്ലാഹുവും അവനിലേക്ക് വരുന്നതാണ്. പിന്നീട് ഒരിടത്ത് അവന് കണ്ടു മുട്ടുന്നതാണ്. അവന്റെ ഭാഗത്തു നിന്നുള്ള ചലനം സാവധാനത്തിലായാലും ശരി, അതിനെതിരില്‍ അല്ലാഹുവിന്റെ ചലനം വേഗതയുള്ളതായിരിക്കും. ഇതിലേക്കാണ് ഈ വചനം സൂചന നല്‍കുന്നത്: വല്ലദീന ജാഹദൂ ഫീനാ ലനഹ്ദിയന്നഹു സുബുലനാ.(അന്കബൂത്ത്:70).
അതുകൊണ്ട് ഞാനിന്ന് നിങ്ങള്‍ക്ക് നല്കിയ ഉപദേശങ്ങളെ നിങ്ങള്‍ ഓര്‍ത്തുവെയ്ക്കുക. ഇവയിലാണ് മോക്ഷം നിലകൊള്ളുന്നത്. ദൈവവുമായും അവന്റെ സൃഷ്ടികളുമായും ഇടപെടുമ്പോള്‍ ദൈവപ്രീതിമാത്രം നിഴലിച്ചു നില്ക്കട്ടെ. ഇതു മുഖേന നിങ്ങള്‍ “വ ആഖരീന മിന്‍ഹും.. .. ..” എന്ന വചനത്തിന്റെ സാക്ഷാത്ക്കാരമായിത്തീരുക.
(ജൽസ പ്രഭാഷണം, 1897 ഡിസംബർ 25)
പരിഭാഷ : ആരിഫ് മുഹമ്മദ് കോഴിക്കോട്