മനുഷ്യനു രണ്ട് കാര്യങ്ങൾ അനിവാര്യമാണ്. ഒന്ന് തിന്മയിൽ നിന്ന് രക്ഷപ്പെടലും രണ്ട് നന്മക്കു നേരെയുള്ള ഓട്ടവും. ‘തർകെ ശർ’ (ദൂഷ്യങ്ങളെ വർജിക്കൽ) ‘അഫാസയെ ഖൈർ’ (സുകൃതങ്ങൾ സമ്പാദിക്കൽ) എന്നീ നാമങ്ങളിലറിയപ്പെടുന്ന ഈ രണ്ട് വശങ്ങളാണ് നന്മയ്ക്കുള്ളത്. സുകൃതങ്ങൾ സമ്പാദിക്കാതെ കേവലം ദൂഷ്യങ്ങൾ വെടിഞ്ഞതുകൊണ്ട് മനുഷ്യൻ പൂർണ്ണനാകുന്നില്ല. മറുവാക്കിൽ പറഞ്ഞാൽ, മറ്റുള്ളവർക്ക് പ്രയോജനദായകമായി വർത്തിക്കേണ്ടതുമുണ്ട്. അതിൽ നിന്ന് തന്നിൽ എത്ര പരിവർത്തനമുണ്ടായി എന്ന് വിലയിരുത്താനാകും.
അല്ലാഹുവിന്റെ സിഫത്തുകളിൽ പൂർണ്ണ വിശ്വാസവും ജ്ഞാനവും കരസ്ഥമാകുമ്പോൾ മാത്രമാണ് ഈ പടവുകൾ സംസിദ്ധമാകുന്നത്. അതുവരെ മനുഷ്യന് (ആദ്യപടിയായ) തിന്മകളിൽ നിന്ന് രക്ഷപ്പെടൽ തന്നെ അസാധ്യമാണ്. അന്യർക്ക് ഉപകാരം ചെയ്യുക എന്നത് അതിലും ഉപരിയായ കാര്യമാണ്. നിരവധി ജനങ്ങൾ രാജാവിന്റെ പ്രതാപത്തേയും രാജ്യത്തിന്റെ ശിക്ഷാനിയമങ്ങളെയും ഭയന്നുകൊണ്ട് ഒരളവോളം നിയമം ലംഘിക്കാതിരിക്കുന്നു. അപ്പോൾ വിധികർത്താക്കളിൽ വെച്ച് ഏറ്റവും ഉത്തമനായ വിധികർത്താവിന്റെ നിയമങ്ങൾ ലംഘിക്കുന്നതിന് ധൈര്യപ്പെടാൻ കാരണമെന്താണ്? അതിൽ വിശ്വാസമില്ല എന്നതിനപ്പുറം അതിനു മറ്റുവല്ല കാരണവുമുണ്ടോ? അതുതന്നെയാണ് കാരണം.
ചുരുക്കത്തിൽ തിന്മകളിൽ നിന്ന് രക്ഷപ്പെടുക എന്ന ഘട്ടം ദൈവത്തിലുള്ള വിശ്വാസം ഉണ്ടായിത്തീരുമ്പോഴാണ് പൂർത്തിയാക്കാൻ സാധിക്കുക. രണ്ടാമത്തെ ഘട്ടം അല്ലാഹുവിന്റെ പ്രിയപ്പെട്ട ജനങ്ങൾ കടന്നുപോയ പാത അന്വേഷിക്കുക എന്നതാണ്. എത്രയോ സച്ചരിതരും മഹാത്മാക്കളുമായ മനുഷ്യർ ലോകത്ത് നടന്നുകൊണ്ട് അല്ലാഹുവിന്റെ അനുഗ്രഹങ്ങളാൽ ധന്യരായിത്തീർന്ന ഒരേയൊരു പാതയാണത്. അല്ലാഹു അവരോട് എങ്ങനെയാണ് പെരുമാറിയതെന്ന് മനുഷ്യൻ മനസ്സിലാക്കിയാൽ ഈ പാതയെ തിരിച്ചറിയാം.
തിന്മകളിൽ നിന്ന് രക്ഷപ്പെടുക എന്ന ആദ്യത്തെ ഘട്ടം അല്ലാഹുവിന്റെ ശൗര്യപ്രതാപഗുണത്തിന്റെ (അഥവാ ജലാലി സിഫത്തിന്റെ) പ്രഭാവത്താലാണ് സിദ്ധിക്കുന്നത്. അതായത്, അവൻ തിന്മ പ്രവർത്തിക്കുന്നവരുടെ ശത്രുവാകുന്നു. രണ്ടാമത്തെ ഘട്ടം അല്ലാഹുവിന്റെ സൗന്ദര്യപ്രതാപഗുണത്തിന്റെ (അഥവാ ജമാലി സിഫത്തിന്റെ) പ്രഭാവത്താലാണ് ലഭിക്കുനത്. ഒടുക്കം അല്ലാഹുവിൽ നിന്ന് – ഇസ്ലാമിക സാങ്കേതിക പ്രയോഗത്തിൽ പരിശുദ്ധാത്മാവ് (റൂഹുൽ ഖുദുസ്) എന്ന് വിളിക്കുന്ന – ശക്തിയും കഴിവും കരഗതമാകാത്തിടത്തോളം ഒന്നും സംഭവിക്കുന്നില്ല. ഇത് അല്ലാഹുവിൽ നിന്ന് ലഭിക്കുന്ന ഒരു ഊർജ്ജമാകുന്നു. അതിന്റെ ഇറക്കത്തോടുകൂടി ഹൃദയത്തിൽ ഒരു സമാധാനം സംജാതമാകുന്നു. സുകൃതങ്ങളോട് ഒരു അനുരാഗവും സ്നേഹവും ജനനം കൊള്ളുന്നു.
(മൽഫൂദാത്ത് വാ. 1, പേ. 466)