ഏത് കൂട്ടുകെട്ടിലും സമ്മേളനത്തിലുമാണോ അധമ കാര്യങ്ങൾ ഉത്ഭവിക്കുന്നത് അവയിൽ നിന്ന് അകലേണ്ടത് അനിവാര്യമാണ്. മാത്രമല്ല അത്തരം സകല ചീത്തകാര്യങ്ങളുടെയും തരംതിരിവുകളെ സംബധിച്ച് ബോധവും ഉണ്ടായിരിക്കണം. എന്തെന്നാൽ വസ്തുക്കളെ സംബന്ധിച്ച ജ്ഞാനമുണ്ടായിരിക്കണമെന്നതാണ് പ്രഥമകാര്യം. ഏതെങ്കിലും വസ്തുവിനെ കുറിച്ച് അറിവില്ലെങ്കിൽ അതെങ്ങനെ കരസ്ഥമാക്കും? വിശുദ്ധ ഖുർആൻ (കാര്യങ്ങളെല്ലാം) ആവർത്തിച്ച് വിശദീകരിച്ചിട്ടുണ്ട്. അതുകൊണ്ട് വിശുദ്ധ ഖുർആൻ വീണ്ടും വീണ്ടും പാരായണം ചെയ്യുക. തുടർന്ന് നിങ്ങൾ ചീത്ത കാര്യങ്ങളെ കുറിച്ചുള്ള വിശദീകരണം രേഖപ്പെടുത്തിക്കൊണ്ടിരിക്കുക. അനന്തരം ആ പാപങ്ങളിൽ നിന്ന് രക്ഷപ്പെടാൻ അല്ലാഹുവിന്റെ അനുഗ്രഹവും സഹായവും മുഖേന പരിശ്രമിക്കുകയും ചെയ്യുക. ഇതാകുന്നു തഖ്വയുടെ പ്രഥമഘട്ടം. നിങ്ങൾ ഇങ്ങനെ പരിശ്രമിക്കുമ്പോൾ അല്ലാഹു തആല നിങ്ങൾക്ക് (തിന്മ വർജ്ജിക്കാനുള്ള) സൗഭാഗ്യം നൽകുകയും നിങ്ങളെ കർപൂര സത്തിന്റെ പാനീയം കുടിപ്പിക്കുകയും ചെയ്യും. തന്മൂലം നിങ്ങളിലെ പാപാസക്തികൾ തികച്ചും കെട്ടടങ്ങുമാറാകും. തുടർന്ന് നിങ്ങളിലൂടെ സുകൃതങ്ങൾ മാത്രമായിരിക്കും സംഭവിക്കുക. മനുഷ്യൻ മുത്തഖി ആയിത്തീരുന്നതുവരെ അവന് പ്രസ്തുത പാനീയത്തിന്റെ ചഷകം നൽകപ്പെടുന്നില്ല. അതുപോലെത്തന്നെ അവന്റെ ആരാധനകളും പ്രാർഥനകളും സ്വീകാര്യതയുടെ വർണ്ണം പ്രാപിക്കുന്നുമില്ല. എന്തെന്നാൽ അല്ലാഹു അരുൾ ചെയ്യുന്നു, “ഇന്നമാ യതഖബ്ബലുല്ലാഹു മിനൽ മുത്തഖീൻ” (അൽ മായിദ 28) അതായത്, നിസ്സംശയം അല്ലാഹു മുത്തഖികളുടെ ഇബാദത്തുകളാണ് സ്വീകരിക്കുന്നത്. നമസ്കാരങ്ങളും വ്രതങ്ങളും മുത്തഖികളുടേത് മാത്രമാണ് സ്വീകരിക്കപ്പെടുന്നതെന്ന വസ്തുത തികച്ചും പരമാർഥമാണ്.
ഇബാദത്തുകളുടെ സ്വീകാര്യത എന്നാൽ എന്താണ്?
ഓർമ്മിക്കേണ്ടതാണ്, നാം നമസ്കാരം സ്വീകരിക്കപ്പെട്ടു എന്ന് പറയുമ്പോൾ അതുകൊണ്ടുദ്ദേശിക്കുന്നത് നമസ്കാരത്തിന്റെ സൽഫലങ്ങളും അനുഗ്രഹങ്ങളും അനുഷ്ഠിക്കുന്നവനിൽ സംജാതമായിരിക്കുന്നു എന്നാണ്. ആ സൽഫലങ്ങളും അനുഗ്രഹങ്ങളും ഉണ്ടായിട്ടില്ലെങ്കിൽ അതുവരെയും നമസ്കാരങ്ങൾ മലക്കം മറിച്ചിൽ മാത്രമാണ്.
നമസ്കരിച്ച അതേ മസ്ജിദിൽ വെച്ചുതന്നെ അന്യരെ കുറിച്ച് പരാതിയും കുറ്റവും പറയുകയോ, രാത്രിയിൽ മോഷ്ടിക്കാനിറങ്ങുകയോ, ആരുടെയെങ്കിലും സൂക്ഷിപ്പുമുതലിൽ വിശ്വാസവഞ്ചന നടത്തുകയോ, ഒരുവന് അല്ലാഹു സമ്മാനിച്ച അന്തസ്സിനുമേൽ ലുബ്ധും അസൂയയും നിമിത്തം ആക്രമണം നടത്തുകയോ, ആരുടെയെങ്കിലും പ്രൗഢിയെ അധിക്ഷേപിക്കുകയോ ചെയ്യുന്നുവെങ്കിൽ അത്തരക്കാരുടെ നമസ്കാരവും നോമ്പും കൊണ്ട് എന്താണ് പ്രയോജനം? നിങ്ങൾ തന്നെ പറയുക, ഇവയിലൊക്കെ മുഴുകിയിരിക്കുന്നവന്റെ നമസ്കാരം അവന് എന്ത് ഗുണം ചെയ്തു?
നമസ്കരിക്കുന്നതോടെ അവൻ വ്യാപൃതനായിരുന്ന തെറ്റുകളും തിന്മകളുമെല്ലാം കുറഞ്ഞ് വരണമെന്നതാണ് സംഭവിക്കേണ്ടിയിരുന്നത്. നമസ്കാരം അതിനുള്ള ഉത്തമ മാർഗമാണ്.
ചുരുക്കത്തിൽ, മുഅ്മിൻ ആകാൻ ആഗ്രഹിക്കുന്ന മനുഷ്യനെ സംബന്ധിച്ചിടത്തോളം ഏറ്റവും ആദ്യത്തെ പടിയും വിഷമഘട്ടവും തിന്മകളെ വർജ്ജിക്കുക എന്നതാകുന്നു. അതിന്റെ പേരാണ് തഖ്വ എന്നത്.
(മൽഫൂദാത്ത് വാ. 8, പേ. 376)
ത്വാലിബെ ദുആ: അബൂ അയ്മൻ