സയ്യിദുനാ ഹദ്റത്ത് അമീറുൽ മുഅ്മിനീൻ ഖലീഫത്തുൽ മസീഹ് അൽ ഖാമിസ് അയ്യദുല്ലാഹു തആല ബിന്നസ്രിൽ അസീസ് 30 ജുലൈ 2021 നു യു കെ ഇസ്ലാമാബാദിലെ, മുബാറക്ക് മസ്ജിദിൽ നിർവഹിച്ച ജുമുഅ ഖുത്ബയുടെ സംഗ്രഹം.
തശഹ്ഹുദ്, തഅവ്വുദ്, സൂറ ഫാത്തിഹ എന്നിവ ഓതിയ ശേഷം ഹുസൂർ തിരുമനസ്സ് (അയ്യദഹുല്ലാഹ്) പറഞ്ഞു,
ഹദ്റത്ത് ഉമർ(റ)ന്റെ ഖിലാഫത്ത് കാലഘട്ടത്തിൽ നടന്ന യുദ്ധങ്ങളെ കുറിച്ചായിരുന്നു വിവരിച്ചു വന്നിരുന്നത് ഹദ്റത്ത് മിർസാ ബശീർ അഹ്മദ് സാഹിബ് മദായിൻ വിജയവുമായി ബന്ധപ്പെട്ടുള്ള റസൂലുല്ലാഹ് (സ)യുടെ പ്രവചനങ്ങളെ കുറിച്ച് സീറത്ത് ഖാത്തമുന്നബിയ്യീൻ എന്ന തന്റെ ഗ്രന്ഥത്തിൽ ഇപ്രകാരം എഴുതിയിരിക്കുന്നു, സ്വഹാബാക്കൾ കിടങ്ങു കുഴിക്കുന്ന നേരത്ത് ഒരു പാറക്കല്ല് പുറത്തുവന്നു. അത് എങ്ങനെയും പൊട്ടുന്നുണ്ടായിരുന്നില്ല. സഹാബാക്കൾ ആണെങ്കിൽ തുടർച്ചയായ മൂന്നു ദിവസത്തെ പട്ടിണി കാരണത്താൽ ക്ഷീണിതരുമായിരുന്നു. അവസാനം അവർ നിർവാഹമില്ലാതെ തിരുനബി(സ)യുടെ സമക്ഷം ഹാജരായി. അപ്പോൾ റസൂലുല്ലാഹ്(സ)യും വിശപ്പിന്റെ കാഠിന്യം കാരണത്താൽ വയറിൽ കല്ലുകെട്ടി വച്ചിരിക്കുകയായിരുന്നു. കാര്യമറിഞ്ഞതും തിരുനബി(സ) പെട്ടെന്നുതന്നെ അങ്ങോട്ടേക്ക് പോകുകയും അല്ലാഹുവിന്റെ നാമം ഉച്ചരിച്ചു കൊണ്ട് ആ കല്ലിനെ മഴു കൊണ്ട് പ്രഹരിക്കുകയും ചെയ്തു. കല്ലിൽ ലോഹം പതിച്ച കാരണത്താൽ ഒരു തീപ്പൊരിയുണ്ടായി. അതുകണ്ടപ്പോൾ തിരുനബി അല്ലാഹു അക്ബർ എന്ന് ഉറക്കെ ചൊല്ലി. എന്നിട്ട് പറഞ്ഞു, എനിക്ക് സിറിയൻ ഭരണകൂടത്തിന്റെ താക്കോലുകൾ നല്കപ്പെട്ടിരിക്കുന്നു. അതുപോലെ അവിടെയുള്ള ചുവന്ന മണിമാളികകൾ ഇപ്പോൾ എന്റെ കൺമുമ്പാകെയുണ്ട്. രണ്ടാമതും തിരുനബി(സ) കല്ലിന്മേൽ മഴു കൊണ്ട് ആഞ്ഞു വെട്ടുകയും, എനിക്ക് ഇപ്പോൾ പേർഷ്യൻ സാമ്രാജ്യത്തിന്റെ താക്കോലുകൾ നല്കപ്പെട്ടിരിക്കുന്നെന്നും മദായിന്റെ വെളുത്ത കൊട്ടാരങ്ങൾ എനിക്ക് കാണാനാകുന്നെന്നും പറയുകയുണ്ടായി. മൂന്നാമതും തിരുനബി(സ) കല്ലിന്മേൽ മഴു എടുത്തു വെട്ടുകയും എനിക്ക് ഇപ്പോൾ യമന്റെ താക്കോലുകൾ നല്കപ്പെട്ടിരിക്കുന്നെന്നും സൻആയുടെ വാതിലുകൾ എനിക്ക് കാണാമെന്നും പറയുകയുണ്ടായി.
തിരുനബി(സ)ക്ക് അതെല്ലാം തന്നെ കശ്ഫ് അഥവാ ജാഗ്രതാദർശനമായി കാണപ്പെട്ടതായിരുന്നു. ആ പ്രയാസഭരിതമായ കാലഘട്ടത്തിൽ മുസ്ലീങ്ങൾ നേടാനിരിക്കുന്ന ഭാവികാല വിജയങ്ങളെയും പ്രതാപങ്ങളെയും കുറിച്ചുള്ള ദൃശ്യം കാണിച്ചുകൊടുക്കുകയും അവർക്ക് പ്രതീക്ഷയ്ക്കും പ്രത്യാശയ്ക്കും വകനല്കുകയും ചെയ്തു. മദായിൻ വിജയത്തെക്കുറിച്ചുള്ള വാഗ്ദാനം ഹദ്റത്ത് ഉമറിന്റെ കാലഘട്ടത്തിൽ ഹദ്റത്ത് സഅദിന്റെ കരങ്ങളാൽ പൂർത്തിയായി. ഖാദിസിയ വിജയത്തിനു ശേഷം ഇപ്പോഴുള്ള ഇറാഖിലെ പുരാതന പട്ടണമായ ബാബിലോണിയ മുസ്ലീങ്ങൾ കീഴടക്കി.
അനന്തരം അതിനടുത്തുള്ള കൂസ എന്ന പ്രദേശത്ത് അവരെത്തി. ഹദ്റത്ത് ഇബ്രാഹീമിനെ നിംറൂദ് തടങ്കലിലാക്കിയ സ്ഥലമായിരുന്നു കൂസ. ആ ജയിലറകളുടെ സ്ഥലം അന്നും സുരക്ഷിതമായിരുന്നു. ഹദ്റത്ത് സഅദ് അവിടെയെത്തി തടവറകൾ കണ്ടപ്പോൾ പരിശുദ്ധ ഖുർആനിലെ ഈ പറയുന്ന വചനങ്ങൾ ഓതി, “തിൽക്കൽ അയ്യാമു നുദാവിലുഹാ ബെനന്നാസി” അതായത് അത് അവരുടെ ഇടയിൽ നാം മാറ്റിമറിക്കുന്ന ദിനങ്ങളാണിത്. അവർ ഉപദേശം കരസ്ഥമാക്കുന്നതിനുവേണ്ടി. തുടർന്ന് കൂസയിൽ നിന്നും ഇസ്ലാമിക സൈന്യം ബഹർ സേറിലെത്തി. അവിടെ ഇറാനികൾ സീസർ രാജാവിന്റെ വേട്ടപ്പുലിയെ ഇസ്ലാമിക സൈന്യത്തിന് നേരെ അക്രമിക്കാനായി വിട്ടു. ഹദ്റത്ത് സഅദ് (റ)ന്റെ സഹോദരൻ ഹാഷിം ബിൻ അബീ വഖാസ് വാളുകൊണ്ട് ഒറ്റവെട്ടിന് ആ പുലിയുടെ കഥ കഴിച്ചു. സീസറിന്റെ ഭരണ ആസ്ഥാനമായ മദായിൻ ബാഗ്ദാദിൽ നിന്നും തെക്കുഭാഗത്തേക്ക് അല്പം അകന്നു ടെഗ്രിസ് നദീതീരത്താണ് സ്ഥിതി ചെയ്യുന്നത്. മുസ്ലീം സൈന്യത്തിന് ആ നദി കടക്കാനുള്ള മാർഗം ലഭിക്കുന്നുണ്ടായിരുന്നില്ല.
ഒരു രാത്രി ഹദ്റത്ത് സഅദ്(റ) മുസ്ലീങ്ങളുടെ കുതിരകൾ ആ നദിയിലേക്ക് പ്രവേശിക്കുന്നത് സ്വപ്നം കണ്ടു. അതിന്റെ അടിസ്ഥാനത്തിൽ അദ്ദേഹം അപ്രകാരം ചെയ്തപ്പോൾ അദ്ദേഹത്തെ അനുധാവനം ചെയ്തുകൊണ്ട് ബാക്കിയുള്ള കുതിരപ്പടകളും അതിലേക്ക് എടുത്തു ചാടി. ആ അമ്പരപ്പുളവാക്കുന്ന ദൃശ്യം കണ്ടു ശത്രസൈന്യം ഭയചകിതരായി അലമുറ കൂട്ടി. പരിഭ്രാന്തരായ അവർ രാക്ഷസന്മാർ വരുന്നേ രാക്ഷസന്മാർ വരുന്നേ എന്ന് വിളിച്ചു പരക്കം പാഞ്ഞു. മുസ്ലീങ്ങൾ കൂടുതൽ മുതൽ മുന്നേറ്റം നടത്തിക്കൊണ്ട് സീസറിന്റെത് ഉൾപ്പെടെ പട്ടണത്തിലുള്ള മാളികകളെല്ലാം പിടിച്ചടക്കി. അപ്രകാരം അഹ്സാബ് യുദ്ധവേളയിൽ തിരുനബി(സ) ചെയ്ത പ്രവചനം സാക്ഷാത്കൃതമായി.
രാജകീയ ഖജനാവടക്കം അമൂല്യരത്നം ശേഖരങ്ങളൊക്കെ ഒരുമിച്ചു കൂട്ടാൻ ഹദ്റത്ത് സഅദ്(റ) സൈന്യത്തിന് കല്പന നല്കി. മുസ്ലീങ്ങൾ അങ്ങേയറ്റത്തെ വിശ്വസ്തതയോടെ എല്ലാ സാധനങ്ങളും ഒരുമിച്ചു കൂട്ടി. അപ്രകാരം യുദ്ധമുതലുകൾ എല്ലാം തന്നെ വിതരണം ചെയ്യപ്പെടുകയും അഞ്ചിൽ ഒരോഹരി ഖിലാഫത്തിന് മുമ്പാകെ സമർപ്പിക്കപ്പെടുകയും ചെയ്തു.
ഹിജ്റ വർഷം 16നാണ് ജലൗല യുദ്ധം നടന്നത്. മദായിനിൽ പരാജയം നേരിട്ടതിനുശേഷം ഇറാനികൾ ബഗ്ദാദിനും ഖുറാസാനിനും ഇടയിൽ സ്ഥിതി ചെയ്യുന്ന ജലൗല പട്ടണത്തിൽ ഒരുമിച്ചുകൂടി അടുത്ത യുദ്ധത്തിനുള്ള തയ്യാറെടുപ്പുകൾ തുടങ്ങി. ഹദ്റത്ത് ഉമർ(റ)ന്റെ കല്പനാനുസരണം ഹദ്റത്ത് സഅദ്(റ) ഹാശിം ബിൻ അത്ബയെ 12,000 പട്ടാളക്കാരുടെ നേതൃത്വത്തിൽ ജലൗലയിലേക്ക് അയച്ചു. മുസ്ലീങ്ങൾ മാസങ്ങളോളം ആ പട്ടണത്തെ ഉപരോധിച്ചു വച്ചു. അതിനിടെ ഏതാണ്ട് 80 തവണ ഏറ്റുമുട്ടലുകളുണ്ടായി.
ജലൗല വിജയത്തിനു ശേഷം അജ്മികളെ പിന്തുടർന്ന് പിടികൂടുന്നതിന് ഹദ്റത്ത് ഉമർ(റ) വിലക്കുകയും യുദ്ധമുതൽ വാരിക്കൂട്ടുന്നതിനേക്കാൾ പ്രധാനം മുസ്ലീങ്ങളുടെ സുരക്ഷയാണ് എന്ന് പറയുകയും ചെയ്തു. യുദ്ധമുതലിൽ നിന്നും അഞ്ചിൽ ഒരോഹരി ഹദ്റത്ത് ഉമർ(റ)നു സമർപ്പിക്കപ്പെട്ടപ്പോൾ അതിലുണ്ടായിരുന്ന അമൂല്യരത്ന ശേഖരങ്ങൾക് അദ്ദേഹം പൊട്ടിക്കരഞ്ഞു. എന്നിട്ട് പറഞ്ഞു, ഇവയൊക്കെ നല്കപ്പെടുന്ന ജനതയിൽ പരസ്പരം അസൂയയും വിദ്വേഷവും ഉടലെടുക്കുന്നതാണ്.
ഹുസൂർ തിരുമനസ്സ് പറയുന്നു, വളരെ അധികം അധികം ചിന്തനീയമായതും ഒരുപാട് ഇസ്തിഗ്ഫാർ ചെയ്യേണ്ടതുമായ ഒരു കാര്യമാണിത്. മുസ്ലീങ്ങൾക്ക് സമ്പത്തും ധനവും ഏറിവരുമ്പോഴൊക്കെ അവരുടെ ഇടയിൽ അസൂയയും ശത്രുതയും വർദ്ധിച്ചു വന്നതായാണ് നമ്മൾ കാണുന്നത്. ഹദ്റത്ത് സഅദ്(റ) മദായിനിൽ തന്നെ താമസം തുടരുന്ന സമയത്ത് ഇറാനികൾ സമതലഭൂമിയിലേക്ക് സൈനിക മുന്നേറ്റം നടത്തുന്നതായി വിവരം ലഭിച്ചു. ഹദ്റത്ത് ഉമർ(റ)ന്റെ നിർദേശാനുസരണം സറാർ ബിൻ ഖത്താബിന്റെ നേതൃത്വത്തിൽ ഒരു സൈന്യത്തെ അദ്ദേഹം അയച്ചു. മാസ് ബദാൻറെ സമതല പ്രദേശമായ ഹന്ദഫിൽ വച്ച് യുദ്ധം നടക്കുകയും ഇറാനികൾ പരാജയമേറ്റു വാങ്ങുകയും ചെയ്തു.
ഹിജ്റ വർഷം പതിനാലിന് ഹദ്റത്ത് ഉമർ(റ) സൈനിക വീക്ഷണത്തിൽ ഫലപ്രദമാണെന്ന് കണ്ടുകൊണ്ട് ഇറാഖിൽ ചെറിയതോതിൽ മറ്റൊരു സൈനിക കേന്ദ്രം തുടങ്ങി. അപ്രകാരം ബസറ പട്ടണത്തിൽ കന്റോൺമെൻറ് സ്ഥാപിക്കുന്നതിനുള്ള നാന്ദി കുറിക്കപ്പെട്ടു. ഇറാനികളുടെ പോഷക സൈന്യം അവിടെയെത്തുന്നത് തടയുകായിരുന്നു അത്തരമൊരു സൈനികത്താവളം നിർമ്മിച്ചതിന്റെ മുഖ്യലക്ഷ്യം. മുസ്ലീങ്ങൾ ഖോസിസ്ഥാന്റെ മുഖ്യ നഗരമായ അഹ്-വാദ് പിടിച്ചടക്കിയപ്പോൾ അവിടത്തെ പൗരപ്രമാണി ബേർവാസ് മുസ്ലീങ്ങളുമായി സന്ധി ചെയ്തു. അവിടെ അരങ്ങേറിയ യുദ്ധത്തിൽ മുസ്ലീങ്ങൾ ശത്രു സൈന്യത്തിൽ നിന്നുമുള്ള ഒരുപാട് പേരെ പിടികൂടി അടിമകളാക്കിയിരുന്നു. എന്നാൽ പിന്നീട് ഹദ്റത്ത് ഉമർ(റ)ന്റെ ഉത്തരവ് പ്രകാരം അവരെയൊക്ക മോചിപ്പിക്കുകയുണ്ടായി.
ചെആ പ്രദേശത്തേക്കുള്ള രണ്ടു വഴികളിലൂടെ ഇറാനികൾ മുസ്ലിം സൈന്യത്തെ നിരന്തരം ആക്രമിച്ചു കൊണ്ടിരുന്നു. എന്നാൽ താമസിയാതെ മുസ്ലിങ്ങൾ ആ രണ്ടു വഴികളും തങ്ങളുടെ നിയന്ത്രണത്തിലാക്കി ഹുസൂർ തിരുമനസ്സ് പറയുന്നു, മുസ്ലീങ്ങൾ നിരന്തരം ഉപദ്രവിക്കുകയും ആക്രമിക്കപ്പെടുകയും ചെയ്യുമ്പോഴായിരുന്നു അവർ ശത്രുക്കളെ പ്രത്യാക്രമണം ചെയ്യുകയും അവരുടെ പ്രദേശങ്ങൾ കയ്യേറുകയും ചെയ്തിരുന്നത് എന്നാണ് മിക്ക സ്ഥലങ്ങളിലും നമുക്ക് കാണാൻ സാധിക്കുന്നത്.
ജലൗലയിൽ മുസ്ലീങ്ങൾക്ക് വിജയം ലഭിച്ചതിനുശേഷം ഹർമസാന്റെ നേതൃത്വത്തിൽ ഇറാനികൾ റാംഹർമസിൽ ഒത്തുകൂടി. ഹദ്റത്ത് ഉമർ(റ)ന്റെ നിർദേശാനുസരണം ഹദ്റത്ത് സഅദ്(റ) നുഅ്മാൻ ബിൻ മുഖ്രിനെ കൂഫയിലേക്കും അബു മൂസ അശ്അരിയെ ബസ്റയിലേക്കും സൈന്യവുമായി അയച്ചു. എന്നിട്ട് ഇരു സൈന്യങ്ങളും ഒരുമിച്ചാൽ പിന്നെ അബു സബ്റത്തബിൻ റുഹം ആയിരിക്കും കമാൻഡർ എന്ന നിർദേശവും നല്കി. നുഅ്മാൻ ബിൻ മുഖ്രിനിന്റെ സൈന്യവുമായി ഹർമസാൻ യുദ്ധം ചെയ്തു. അവസാനം അയാൾ പരാജയപ്പെട്ടു തിസ്ത്തറിലേക്ക് ഓടി രക്ഷപ്പെട്ടു. നീണ്ടകാലത്തെ ഉപരോധത്തിനു ശേഷം ആ പട്ടണം മുസ്ലീങ്ങൾ അധീനപ്പെടുത്തി. ഹർമസാൻ കീഴടങ്ങുന്നതിനായി തന്റെ കാര്യം ഹദ്റത്ത് ഉമർ(റ)ന്റെ തീരുമാനത്തിന് വിടണമെന്ന നിബന്ധനവച്ചു.
ഹദ്റത്ത് അബൂ മൂസ അശ്അരി(റ) അയാളെ ഹദ്റത്ത് ഉമർ(റ)ന്റെ സമക്ഷം മദീനയിലേക്ക് അയച്ചു. പട്ടാളം മദീനയിൽ പ്രവേശിച്ചപ്പോൾ ഹർമസാനെ അയാളുടെ സ്വർണഖചിതമായ പട്ടുവസ്ത്രവും രത്നങ്ങൾ പിടിപ്പിച്ച കിരീടവും ധരിപ്പിച്ചു. ഹദ്റത്ത് ഉമർ(റ)നോടൊപ്പം മുസ്ലീങ്ങളും അയാളുടെ യഥാർത്ഥ രൂപം കാണാൻ വേണ്ടിയായിരുന്നു അങ്ങനെ ചെയ്തത്. ഹദ്റത്ത് ഉമർ എവിടെയാണെന്ന് അവർ അന്വേഷിച്ചപ്പോൾ അദ്ദേഹം പള്ളിയിൽ ആണെന്ന് ജനങ്ങൾ പറഞ്ഞു. അവർ അവിടെയെത്തിയപ്പോൾ ഹദ്റത്ത് ഉമർ(റ) തന്റെ തലപ്പാവിൽ തലവെച്ച് കിടക്കുകയായിരുന്നു. ഹർമസാൻ ചോദിച്ചു, ഉമർ എവിടെ? ആളുകൾ പറഞ്ഞു, അദ്ദേഹം ഉറങ്ങുകയാണ്. ആ സമയത്ത് ഹദ്റത്ത് ഉമർ(റ)നെ കൂടാതെ മറ്റാരും തന്നെ പള്ളിയിൽ ഉണ്ടായിരുന്നില്ല. അപ്പോൾ അയാൾ ചോദിച്ചു, ഉമറിന്റെ അംഗരക്ഷകരും ദർബാറികളുമൊക്കെ എവിടെ? അദ്ദേഹത്തിന് അംഗരക്ഷകരുടെയോ ദർബാറികളുടെയോ മുൻഷിയുടെയോ ഒന്നുംതന്നെ ആവശ്യമില്ല എന്ന് ആളുകൾ പറഞ്ഞു. അതുകേട്ട് ഹർമസാൻ അനിയന്ത്രിതമായി പറഞ്ഞു, ഈ വ്യക്തി തീർച്ചയായും ഒരു നബി ആണെന്ന് തോന്നുന്നു. ജനങ്ങൾ പറഞ്ഞു, നബി അല്ലെങ്കിൽ കൂടി നിസ്സംശയം നബിമാരുടെ ഈ രീതി തന്നെയാണ് ഇദ്ദേഹം പിന്തുടരുന്നത്.
ഹദ്റത്ത് ഉമറിന്റെ ലാളിത്യം കണ്ട് ഹർമസാൻ വളരെയധികം പ്രഭാവിതനായി. അല്പനേരം സംഭാഷണം നടത്തിയ ശേഷം അയാൾ ഇസ്ലാം സ്വീകരിച്ചു മദീനയിൽ തന്നെ താമസമാക്കി. ഹദ്റത്ത് ഉമർ(റ) അയാൾക്ക് 2000 സ്റ്റൈപ്പൻഡ് നിശ്ചയിച്ചിരുന്നു. അഖ്ദുൽ ഫരീദിൽ ഇപ്രകാരം എഴുതിയിരിക്കുന്നു, ഹദ്റത്ത് ഉമർ(റ) ഇറാനിലേക്കുള്ള സൈനിക നീക്കങ്ങളിൽ പിന്നീട് ഹർമസാനോട് കൂടിയാലോചിക്കുകയും അയാളുടെ അഭിപ്രായം അനുസരിച്ച് പ്രവർത്തിക്കുകയും ചെയ്തിരുന്നു.
ഹദ്റത്ത് ഉമർ(റ)ന്റെ ശഹാദത്തിൽ ഹർമസാനു പങ്കുണ്ടെന്നെ് പൊതുവേ പ്രകടിപ്പിക്കപ്പെടാറുള്ള സംശയത്തെ ദൂരീകരിച്ചു കൊണ്ട് ഹദ്റത്ത് മുസ്ലിഹ് മൗഊദ്(റ) ഇപ്രകാരം പറഞ്ഞിരിക്കുന്നു, ഹദ്റത്ത് ഉമർ(റ)ന്റെ ഘാതകനായ ഫൈറോസ് ഹദ്റത്ത് ഉമർ(റ)നെ വധിക്കുന്നതിന് മുമ്പ് ഒരു ദിവസം ഹർമസാനുമായി കാണാനിടയായി. ഫൈറോസിന്റെ കയ്യിൽ കഠാര കപ്പോൾ അതിനുള്ള കാരണം തിരക്കി ഹർമസാൻ ആ കഠാര വാങ്ങി പരിശോധിച്ചു. ഇവരുടെ സംഭാഷണം നടക്കുന്ന സമയത്ത് മറ്റൊരാൾ ഇവരെ കാണുകയുണ്ടായി. ഹദ്റത്ത് ഉമർ(റ) ശഹീദായപ്പോൾ ആ വ്യക്തി ഹർമസാൻ ഫൈറോസിന് കഠാര നല്കിയതായി താൻ കണ്ടു വെന്നു മൊഴി നല്കുകയുണ്ടായി. അതുകേട്ടപ്പോൾ അപ്പോൾ ഹദ്റത്ത് ഉമർ(റ)ന്റെ ഇളയമകനായ ഉബെദുല്ലാഹ് കൂടുതൽ അന്വേഷിക്കാതെ സ്വയം ചെന്നു ഹർമസാനെ വധിക്കുകയുണ്ടായി.
ഹദ്റത്ത് ഉസ്മാൻ(റ) ഖലീഫ ആയപ്പോൾ അദ്ദേഹം ഹർമസാന്റെ മകനെ വിളിപ്പിക്കുകയും ഉബെദുല്ലായെ പിടിച്ച് അയാളെ ഏല്പിച്ചുകൊണ്ട് ഇവൻ നിന്റെ പിതാവിന്റെ ഘാതകനാണ് ഇവനെ നീ കൊണ്ടുപോയി വധിച്ചു കളയുക എന്ന് പറയുകയും ചെയ്തു. എന്നാൽ പിന്നീട് ജനങ്ങളുടെ ശുപാർശ കാരണം അയാൾ ഉബെദുല്ലായെ വധിച്ചില്ലെങ്കിൽ കൂടി ഘാതകരെ പിടികൂടുകയും ശിക്ഷ നല്കുകയും ചെയ്യാനുള്ള അധികാരം ഭരണകൂടത്തിന് മാത്രമാണെന്നാണ് ഇതിൽ നിന്നും തെളിയുന്നത്. ഹദ്റത്ത് ഉമർ(റ)നെ കുറിച്ചുള്ള വിവരണം തുടരുന്നതാണ് എന്ന് പറഞ്ഞുകൊണ്ട് ഹുസൂർ തിരുമനസ്സ് ചുവടെ ചേർത്തിരിക്കുന്ന മർഹൂമീങ്ങളെ കുറിച്ചുള്ള അനുസ്മരണം നടത്തുകയും അവരുടെ ജനാസ നമസ്കരിപ്പിക്കും എന്ന് അറിയിക്കുകയും ചെയ്തു.
പ്രാഫ. നസീമ സയീദ് സാഹിബ, ദാവൂദ് സുലെമാൻ സാഹിബ് ജർമനി, സാഹിദ പർവീൻ സാഹിബ, റാനാ അബ്ദുൽ വഹീദ് സാഹിബ്, മീർ മുഹമ്മദ് അലി സാഹിബ്, എന്നിവരെ അനുസ്മരിക്കുകയും അല്ലാഹു ഇവർക്ക് മഗ്ഫിറത്ത് നല്കാനും പദവികൾ ഉയർത്താനും വേണ്ടി ദുആ ചെയ്യുകയുമുണ്ടായി.