ഒരാൾ തന്റെ കുട്ടിയെ പ്രഹരിച്ചെന്നറിഞ്ഞപ്പോൾ ഹുസൂർ(അ) അയാളെ വിളിപ്പിച്ച് ഇപ്രകാരം പ്രഭാഷണം നൽകി:
കുട്ടികളെ ഇപ്രകാരം മർദ്ദിക്കുന്നത് ശിർക്കിൽ ഉൾപ്പെടുന്നുവെന്നാണ് എന്റെ അഭിപ്രായം. എങ്ങനെയെന്നാൽ പ്രഹരിക്കുന്ന ക്ഷിപ്രകോപിയായ ഒരുവൻ മാർഗ്ഗദർശനത്തിലും രക്ഷാകർതൃത്ത്വത്തിലും താനും (ദൈവത്തോടൊപ്പം) പങ്കുകാരനാകാൻ ഉദ്ദേശിക്കുകയാണ് ചെയ്യുന്നത്. അവ്വിധം ദുരാവേശം മൂത്ത ഒരു വ്യക്തി ശാരീരികമായ ശിക്ഷ നൽകുമ്പോൾ അയാളിലുണ്ടാകുന്ന കോപവും താപവും വർദ്ധിച്ചുവരികയും അവസാനം ഒരു ശത്രുവിന്റെ രൂപം പ്രാപിക്കുകയും ചെയ്യുന്നു. അപ്പോൾ തെറ്റിന്റെ തോതിനേക്കാൾ എത്രയോ മടങ്ങ് ശിക്ഷ മുന്നോട്ട് പോകുന്നു. എന്നാൽ ഒരുവൻ ആത്മനിയന്ത്രണമുള്ളവനും പൂർണ്ണമായും സഹനം കൈക്കൊള്ളുന്നവനും ദയാലുവും ശാന്തിയിൽ തന്നെ നിർത്താൻ കഴിവുള്ളവനും തന്റെ നിലകളെ പരിഗണിക്കുന്നവനും ആണെങ്കിൽ അവന് തീർച്ചയായും ഏതെങ്കിലും സമുചിതമായ സന്ദർഭത്തിൽ കുട്ടികൾക്ക് ഒരുപരിധിയോളം ശിക്ഷ നൽകാനോ ശാസിക്കുവാനോ അർഹതയുണ്ട്. എന്നാൽ മുൻകോപിയും അതിക്രമിയും വിവേകശൂന്യനുമായ ഒരുവന് കുട്ടികളുടെ ശിക്ഷണത്തിനുള്ള ഉത്തരവാദിത്ത്വമേറ്റെടുക്കാൻ ഒരിക്കലും അവകാശമില്ല. അഹോ! ശിക്ഷനൽകാൻ മുതിരുന്ന അത്രത്തോളം തന്നെ ശക്തിചെലുത്തിക്കൊണ്ട് ദുആയിൽ മുഴുകുകയും കുട്ടികൾക്കുവേണ്ടി വേദനയോടെ പ്രാർത്ഥിക്കുന്നത് ഒരു ദിനചര്യയാക്കുകയും ചെയ്തിരുന്നെങ്കിൽ എത്ര ഉത്തമമായിരിന്നു! എന്തുകൊണ്ടെന്നാൽ സന്താനങ്ങൾക്കു വേണ്ടിയുള്ള മാതാപിതാക്കളുടെ പ്രാർത്ഥനയിൽ പ്രത്യേക സ്വീകാര്യത വെക്കപ്പെട്ടിരിക്കുന്നു. ഞാൻ ദിനേന ചില ദുആകൾ ഉപേക്ഷ കൂടാതെ ചെയ്യാറുണ്ട്:
(ചില ദുആകൾ)
1) എന്റെ നഫ്സിനു വേണ്ടി, അതായത് ദയാവാരിധിയായ അല്ലാഹു തന്റെ അന്തസ്സും ശക്തിപ്രഭാവവും പ്രകടമാകുന്ന പ്രവൃത്തികൾ എന്നിലൂടെ ചെയ്യിക്കുവാനും അവന്റെ തൃപ്തിക്കു പൂർണ്ണപാത്രമാകാൻ തൗഫീഖ് നൽകുവാനും വേണ്ടി ദുആ ചെയ്യുന്നു.
2) അതിനുശേഷം എന്റെ വീട്ടിലുള്ളവർക്ക് വേണ്ടി, അതായത്, അവർ മുഖാന്തരം കണ്ണിനു കുളിർമ ലഭിക്കുവാനും അവരെ അല്ലാഹു തന്റെ തൃപ്തിയുടെ മാർഗ്ഗത്തിൽ നടത്തുവാനും വേണ്ടി പ്രാർത്ഥിക്കുന്നു.
3) അനന്തരം എന്റെ സന്താനങ്ങൾക്കുവേണ്ടി, അവരെല്ലാവരും ദീനിന്റെ സേവകരായിത്തീരാൻ ദുആ ചെയ്യുന്നു.
4) പിന്നെ, എന്റെ ആത്മാർഥ സുഹൃത്തുകൾക്ക് വേണ്ടി പേരെടുത്തുകൊണ്ട് ദുആ ചെയ്യുന്നു.
5) ശേഷം, ഈ ജമാഅത്തുമായി ബന്ധമുള്ള മറ്റുള്ളവർക്കു വേണ്ടിയും ദുആ ചെയ്യുന്നു. അവർ എനിക്ക് പരിചയമുള്ളവരോ അല്ലാത്തവരോ ആയാലും ശരി.
..യഥാർഥ ഹിദായത്തും തർബിയ്യതും നൽകൽ അല്ലാഹുവിന്റെ പ്രവൃത്തിയാണ്. പരുഷതയോടെ കുട്ടികളെ പിന്തുടരലും അതിരുവിട്ട് ഏതെങ്കിലും കാര്യത്തിന് അവരിൽ നിർബന്ധം ചെലുത്തലും – അതായത്, തൊട്ടതിനെല്ലാം കുട്ടികളെ തടയുകയും പ്രഹരിക്കുകയും ചെയ്യുന്നതുമൊക്കെ തന്നെ – വെളിവാക്കുന്നത് ഞങ്ങൾ തന്നെയാണ് അവരുടെ മാർഗദർശനത്തിന് പൂർണ്ണാവകാശികൾ എന്നമട്ടിൽ അവരെ തങ്ങളുടെ ഹിതാനുസൃത പാതയിൽ നടത്താനുള്ള ശ്രമമാണ്. ഇത് ഒരുതരത്തിലുള്ള ഗോപ്യമായ ശിർക്കാകുന്നു. ഇതിൽനിന്നും നമ്മുടെ ജമാഅത്ത് അംഗങ്ങൾ വിട്ടുനിൽക്കേണ്ടതാണ്. നാമാണെങ്കിൽ നമ്മുടെ കുട്ടികൾക്കായി പ്രാർത്ഥിക്കുകയാണ് ചെയ്യാറ്. തുടർന്ന് നിയമങ്ങളുടെയും മര്യാദകളുടെയും പാഠങ്ങൾ അവരെ ലഘുവായ രീതിയിൽ അനുസരിപ്പിക്കുന്നു. അത്രമാത്രം; അനന്തരം നാം അല്ലാഹുവിലാണ് പൂർണ്ണ പ്രത്യാശ വെക്കുന്നത്. ആരുടെയെങ്കിലും അകതാരിൽ സൗഭാഗ്യത്തിന്റെ ബീജമടങ്ങിയിട്ടുണ്ടെങ്കിൽ സമയമാകുമ്പോൾ അത് തളിരണിയുകയും വളരുകയും ചെയ്യും.
(മൽഫൂദാത്, വാ.2, പേ. 4)