തശഹ്ഹുദ്, തഅവ്വുദ്, സൂറ ഫാത്തിഹ, എന്നിവ ഓതിയ ശേഷം ഹുസൂർ തിരുമനസ്സ് (അയ്യദഹുല്ലാഹ്) പറഞ്ഞു, ഹദ്റത്ത് ഉമർ(റ)നെ കുറിച്ചായിരുന്നു മുൻ ഖുത്ബകളിൽ പരാമർശിച്ചിരുന്നത്.
അദ്ദേഹം പങ്കെടുത്ത യുദ്ധങ്ങളെയും സെനീക നീക്കങ്ങളെയും കുറിച്ച് വിവരിച്ചിരുന്നു. ഖുറെശികൾ ഉഹദ് യുദ്ധം കഴിഞ്ഞ് മക്കയിലേക്ക് മടങ്ങവെ ഈ യുദ്ധവിജയം മുതലാക്കി മദീനയ്ക്കു മേൽ ആക്രമണം നടത്തുന്ന കാര്യത്തെ കുറിച്ചുള്ള ചൂടുപിടിച്ച ചർച്ചയിലായിരുന്നു. ആവേശഭരിതരായ ചിലരുടെ അഭിപ്രായം ശരിവച്ചു കൊണ്ട് അവസാനം അവർ മദീനയിലേക്കു പോകാൻ തയ്യാറായി. ഈ വാർത്ത റസൂലുല്ലാഹ്(സ) അറിഞ്ഞപ്പോൾ തിരുനബി ഹദ്റത്ത് അൂബക്കർ(റ), ഹദ്റത്ത് ഉമർ(റ) എന്നിവരോട് അഭിപ്രായം തേടി. രണ്ടു പേരുടെയും അഭിപ്രായം ഖുറെശി സെന്യത്തെ തേടി പുറപ്പെടണമെന്നായിരുന്നു. ഉഹദിൽ പങ്കെടുത്തവരെല്ലാവരും ഉടൻ തയ്യാറാകണമെന്ന് തിരുനബി(സ) വിളംരപ്പെടുത്തി. പരിക്കേറ്റവരായിരുന്നു അവരിൽ ഭൂരിഭാഗവുമെങ്കിലും ആർമാദത്തോടെ അവർ തങ്ങളുടെ യജമാനനോടൊപ്പം അങ്കപ്പുറപ്പാടു നടത്തി.
എട്ടു മെലുകൾ താണ്ടി ഹംറാഉൽ അസദ് എത്തിയപ്പോൾ അവിടെ പരക്കെ തീകൊളുത്തി പ്രകാശം പരത്താൻ തിരുനബി(സ) കല്പന പുറപ്പെടുവിച്ചു. രാത്രിയുടെ അന്ധകാരത്തിൽ ആ അഞ്ഞൂറു അഗ്നിജ്വാലകൾ ദൂരത്തു നിന്നു കാണുന്നവരിൽ പോലും നടുക്കം ഉളവാക്കാൻ പോന്നവയായിരുന്നു. ആ സമയത്ത് ഖസാഅ് ഗോത്രജനായ മഅ്ദ് എന്ന പേരുള്ള മുശ്രിക്കീങ്ങളുടെ ഒരു പ്രമാണി തിരുനബി(സ)യുടെ സമക്ഷം ഹാജരാകുകയും ഉഹദിലെ രക്തസാക്ഷികളെ കുറിച്ച് അനുശോചനം അറിയിക്കുകയും ചെയ്തു. രണ്ടം നാൾ അയാൾ അബൂ സുഫിയാനെ ചെന്നു കാണുകയും മുസ്ലീങ്ങളുടെ പോരാട്ടവീര്യം വർദ്ധിതമായതിനെ കുറിച്ച് പറയുകയും ചെയ്തു. മഅ്ദിന്റെ വിവരണത്തിൽ പ്രഭാവിതരായി അബൂസുഫിയാനും കൂട്ടരും പരിഭ്രാന്തരായി ഉടൻ മക്കയിലേക്ക് മടങ്ങി.
ബനൂ മുസ്ത്വലിഖ് യുദ്ധം ഹിജ്റ 5, ശഅ്ബാനിലാണ് അരങ്ങേറിയത്. അതെ കുറിച്ച് മിർസാ ബശീർ അഹ്മദ് ഇപ്രകാരം പറയുന്നു, ഖുറെശികളുടെ ഏഷണികൾ കാരണം ഖസാഅ് ഗോത്രത്തിന്റെ ശാഖയായ ബനൂ മുസ്ത്വലിഖ് മദീന കടന്നാക്രമിക്കുന്നതിനുള്ള ഒരുക്കങ്ങൾ തുടങ്ങിയിരുന്നു. ഈ വാർത്ത അറിഞ്ഞ തിരുനബി(സ) സെനികനീക്കത്തിനുള്ള ഉത്തരവ് പുറപ്പെടുവിച്ചു. നിരവധി സഹാബാക്കളും വലിയ തോതിൽ മുനാഫിഖീങ്ങളും തിരുനബി(സ)യോടൊപ്പം പുറപ്പെട്ടു. യാത്രാമദ്ധ്യേ കാഫിരീങ്ങളുടെ ഒരു ചാരനെ അവർ പിടികൂടി. എതിർപക്ഷത്തെ സ്ഥിതിഗതികൾ അന്വേഷിച്ചപ്പോൾ അയാൾ ഒന്നും പറയാൻ കൂട്ടാക്കിയില്ല. നിലവിലെ യുദ്ധനയപ്രകാരം ഹദ്റത്ത് ഉമർ(റ) അയാളെ വധിച്ചു. ബനൂ മുസ്ത്വലിഖ് കരുതിയത് മദീനയിൽ മിന്നലാക്രമണം നടത്താനായിരുന്നു. എന്നാൽ മുസ്ലീങ്ങൾ അവരെ തേടി എത്തിയത് അറിഞ്ഞപ്പോൾ അവർ നന്നേ ഭയന്നുവെങ്കിലും ഖുറെശികൾ അവർക്കുള്ളിൽ മുസ്ലീങ്ങൾക്കെതിരെ വിഷം നിറച്ചിരുന്നതിനാൽ അവർ യുദ്ധത്തിൽ നിന്നും പിൻവാങ്ങിയില്ല. യുദ്ധം നടന്നെങ്കിലും റസൂലുല്ലാഹ്(സ)ന്റെ നയതന്ത്ര മികവു നിമിത്തം പത്തു കാഫിരീങ്ങളുടെയും ഒരു മുസ്ലിമിന്റെയും മാത്രം ജീവഹാനി സംഭവിച്ച ശേഷം ബനൂ മുസ്ത്വലിഖ് വളഞ്ഞ് ഉപരോധിക്കപ്പെടുകയും ആയുധം വച്ച് മുസ്ലീങ്ങൾക്കു കീഴടങ്ങുകുയം ചെയ്തു.
ബനൂ മുസ്ത്വലിഖ് യുദ്ധം കഴിഞ്ഞ് മടങ്ങവെ മുഹാജിരീങ്ങളിൽ പെട്ട ഒരു വ്യക്തി അൻസാരീങ്ങളിൽ പെട്ട ഒരു വ്യക്തിയുടെ മുതുകത്ത് മർദ്ദിച്ചു. അപ്പോൾ അവർ രണ്ടുപേരും അവരവരുടെ വിഭാഗക്കാരെ സഹായത്തിനായി വിളിച്ചു. ഇക്കാര്യം അറിഞ്ഞപ്പോൾ തിരുനബി(സ) അത്തരം കലഹങ്ങൾ അനാവശ്യമാണെന്നു പറഞ്ഞ് അപലപിക്കുകയും അതിനു വിരാമമിടുകയും ചെയ്തു. എന്നാൽ അതു കണ്ട് അബ്ദുല്ലാഹ് ഇബ്നു ഉബെ മുഹാജിരീങ്ങളുടെ പ്രവൃത്തിയിൽ രോഷം കൊള്ളുകയും മദീനയിൽ എത്തിയാൽ ഒരു ആദരണീയനായ വ്യക്തി (താൻ) ഒരു നീചനായ(നഊദുബില്ലാഹ്) വ്യക്തിയെ പുറത്താക്കുമെന്ന് പറയുകയും ചെയ്തു. നബിനിന്ദ കണ്ടപ്പോൾ ഹദ്റത്ത് ഉമർ (റ) അയാളെ വധിക്കാൻ അനുമതി ചോദിച്ചെങ്കിലും തിരുനബി(സ) അതിനു സമ്മതിച്ചില്ല. അബ്ദുല്ലാഹ് ഇബ്നു ഉബെയിന്റെ കാപട്യവും ഇസ്ലാമിനോടുള്ള വിരോധവും പരസ്യമായപ്പോൾ തിരുനബി(സ) ഹദ്റത്ത് ഉമർ(റ)നോട് ഇപ്രകാരം പറഞ്ഞു, അന്ന് അയാളെ വധിക്കാൻ സമ്മതിച്ചിരുന്നെങ്കിൽ മുഖം വീർപ്പിക്കുമായിരുന്ന അയാളുടെ കൂട്ടുകാർ ഇന്ന് എന്റെ കല്പനയുണ്ടായാൽ അയാളെ വധിക്കാനായി സ്വയം മുന്നോട്ടു വരുന്ന സ്ഥിതിയിൽ എത്തിയിരിക്കുന്നു.
തിരുനബി(സ) മുനാഫിഖീങ്ങളുടെ നേതാവ് അബ്ദുല്ലാഹ് ഇബ്നു ഉബെയിന്റെ ജനാസ നമസ്ക്കരിപ്പിക്കാൻ പോകുന്നതു കണ്ട് ഹദ്റത്ത് ഉമർ(റ) ചോദിച്ചു, മുനാഫിഖീങ്ങളുടെ ജനാസ നമസ്ക്കരിപ്പിക്കുന്നത് അല്ലാഹു താങ്കളെ വിലക്കിയതല്ലേ. അപ്പോൾ തിരുനബി(സ) പറഞ്ഞു, അവർക്കു വേണ്ടി പാപപ്പൊറുതി തേടുന്ന കാര്യം അല്ലാഹു എനിക്ക് വിട്ടു തന്നിരിക്കുന്നു. അങ്ങനെ ആ ജനാസ തിരുനബി(സ) നമസ്ക്കരിപ്പിക്കുകയുണ്ടായി. എന്നാൽ പിന്നീട് അല്ലാഹു അക്കാര്യം പൂർണമായും വിലക്കിയപ്പോൾ തിരുനബി(സ) മുനാഫിഖീങ്ങളുടെ ജനാസ നമസ്ക്കരിപ്പിക്കുന്നത് നിറുത്തി.
ഹുദെബിയ്യാ സമാധാന കരാർ വേളയിൽ തിരുനബി(സ) ഹദ്റത്ത് ഉമർ(റ)നെ പ്രതിനിധിയായി ഖുറെശി മുഖ്യന്മാരുടെ പക്കലേക്ക് അയക്കാൻ ആഗ്രഹിച്ചപ്പോൾ അദ്ദേഹം ഹദ്റത്ത് ഉസ്മാൻ(റ)ന്റെ പേരു നിർദേശിച്ചു കൊണ്ടു പറഞ്ഞു, ഖുറെശികളുടെ ഇടയിൽ ഹദ്റത്ത് ഉസ്മാനാണ് എന്നെക്കാൾ കൂടുതൽ ആദരണീയൻ.
തിരുനബി(സ) ഹദ്റത്ത് ഉമർ(റ)ന്റെ അഭിപ്രായം കെക്കൊണ്ടു. ഹുദെബിയ്യാ സമാധാന കരാറിന്റെ നിബന്ധനകൾ എഴുതപ്പെടുമ്പോൾ അവിടെ ഖുറെശികളടെ പ്രതിനിധിയായി വന്ന സുഹെലിന്റെ മകൻ അബൂജന്ദൽ കൂച്ചുവിലങ്ങും കയ്യാമവും കൊണ്ട് ബന്ധിതനായ നിലയിൽ അവിടെ എത്തി. അപ്പോൾ സുഹെൽ ഇപ്രകാരം നിബന്ധന എഴുതുകയായിരുന്നു, അതായത് മക്കയിൽ നിന്നും മുസ്ലീങ്ങളുടെ അടുത്തെത്തുന്നവരെ അത് മുസ്ലീങ്ങളായാലും ആരായാലും ശരി, തിരിച്ച് മക്കയിലേക്കു തന്നെ അയക്കേതാണ്. അബൂജന്ദലിനെ വിട്ടു തരാനായി ഇനിയും സമാധാന കരാർ പൂർത്തിയായിട്ടില്ലല്ലോ എന്ന് തിരുനബി(സ) പറഞ്ഞെങ്കിലും സുഹെൽ അതിനു സമ്മതിച്ചില്ല. ഔദാര്യവും സൽപെരുമാറ്റവുമെന്ന നിലയിലെങ്കിലും അബൂജന്ദലിനെ വിട്ടു തരണമെന്ന് പറഞ്ഞപ്പോഴും അയാൾ എതിർത്തു. തുടർന്ന് തിരുനബി(സ) അബൂജന്ദലിനോട് ക്ഷമ കെക്കൊള്ളാനായി ഉപദേശിച്ചുകൊണ്ട് അല്ലാഹുവിൽ പ്രതീക്ഷയർപ്പിക്കാനായി പറഞ്ഞു.
മുസ്ലീങ്ങളെ സംന്ധിച്ചിടത്തോളം ഈ ദൃശ്യം വളരെ വിഷമിപ്പിക്കുന്നതായിരുന്നു. അവസാനം ഹദ്റത്ത് ഉമർ(റ)നു സഹിക്കാനായില്ല. അദ്ദേഹം വിറയലോടെ ഇപ്രകാരം തിരുനബി(സ)നോടു ചോദിച്ചു, അങ്ങ് അല്ലാഹുവിന്റെ സത്യവാനായ റസൂലല്ലേ? നമ്മുടെ ശത്രുക്കൾ അസത്യത്തിലല്ലേ? എന്നിരിക്കെ നമ്മളെന്തിനാണ് ഈ അപമാനം സഹിക്കുന്നത്? തിരുനബി(സ) പറഞ്ഞു. ഞാൻ അല്ലാഹുവിന്റെ റസൂലാണ്. അല്ലാഹുവിന്റെ ഉദ്ദേശ്യം നന്നായി അറിയുന്നവനുമാണ്. അതുകൊണ്ട് എനിക്ക് അതിനെതിരെ പ്രവർത്തിക്കാനാകില്ല. ഹദ്റത്ത് ഉമർ(റ)നെ ഉപദേശിച്ചുകൊണ്ട് ഹദ്റത്ത് അബൂബക്കർ(റ) പറഞ്ഞു, ഉമറേ, റസൂലുല്ലാഹ് (സ)യുടെ അനുസരണവൃത്തിൽ നിന്നും പുറത്തു കടന്നു പോകാതിരിക്കാൻ സൂക്ഷിച്ചു ജീവിക്കുക.
ഹദ്റത്ത് ഖലീഫത്തുൽ മസീഹ് നാലാമൻ(റഹ്മഹുല്ലാഹു) ഖലീഫയാകുന്നതിനു മുമ്പ് ജൽസ സാലാനയിൽ നടത്തിയ ഒരു പ്രഭാഷണത്തിൽ ഇപ്രകാരം പറയുകയുണ്ടായി, ഹദ്റത്ത് ഉമർ(റ)ന്റെ ഹൃദയത്തിൽ നിന്നും ചോദ്യമായി ഉയർന്ന ആ ദീന രോദനം സത്യത്തിൽ ഒരുപാടു ഹൃദയങ്ങളിൽ വീർപ്പുമുട്ടലായി തങ്ങി നിന്നിരുന്നു. ഹദ്റത്ത് ഉമർ(റ) അത് പ്രകടമാക്കാനുള്ള ആർജവം കാണിച്ചപ്പോൾ അപരാധം സംഭവിച്ചു. അക്കാരണത്താൽ ശിഷ്ടകാലം മുഴുവൻ അദ്ദേഹത്തിന് ലജ്ജിതനായി കഴിയേണ്ടി വന്നു.
അദ്ദേഹം അതിനു പരിഹാരമെന്നോണം ഐച്ഛികമായി ഒരുപാടു നോമ്പുകളും ആരാധനകളും ദാനധർമങ്ങളും ഇസ്തിഗ്ഫാറും ചെയ്തു കൊണ്ടിരുന്നു. എന്നാൽ താൻ അന്നങ്ങനെ ചോദിച്ചില്ലായിരുന്നെങ്കിൽ ഹാ! എത്ര നന്നായേനെ എന്ന് അദ്ദേഹം എപ്പോഴും ആശിച്ചിരുന്നു. ഹുദെബിയ്യാ സമാധാന കരാറിന്റെ നിബന്ധനകൾ രേഖപ്പെട്ടപ്പോൾ അതിൽ ഒരു സാക്ഷിയായി ഹദ്റത്ത് ഉമറും ഒപ്പു വച്ചിരുന്നു. ഹുദൈബിയ്യയിൽ നിന്നുമുള്ള മടക്കയാത്രയിൽ സൂറാ അൽ ഫത്ഹിന്റെ വചനങ്ങൾ അവതീർണമായി. അപ്പോൾ റസൂലുല്ലാഹ് (സ) ഹദ്റത്ത് ഉമർ(റ)നെ വിളിപ്പിക്കുകയും ആ അധ്യായം തനിക്ക് ഈ ലോകത്ത് ഏറ്റവുമധികം പ്രിയങ്കരമാണ് എന്നു പറയുകയുമുണ്ടായി. ഈ സന്ധി ശരിക്കും ഇസ്ലാമിനു വിജയകരമാണോ എന്ന് ഹദ്റത്ത് ഉമർ(റ) ചോദിച്ചപ്പോൾ തീർച്ചയായും ഇത് നമ്മുടെ വിജയമാണ് എന്ന് റസൂലുല്ലാഹ് (സ) മറുപടി നല്കി.
ഹദ്റത്ത് ഉമർ(റ)നെ കുറിച്ചുള്ള ബാക്കി ഭാഗം പിന്നീടു വിവരിക്കുന്നതാണെന്ന് പറഞ്ഞു കൊണ്ട് ഹുസൂർ തിരുമനസ്സ് (അയ്യദഹുല്ലാഹു) ചില മർഹൂമീങ്ങളെ കുറിച്ച് സുസ്മരണ നടത്തുകയും അവരുടെ ജനാസ ഗായിബ് നമസ്ക്കരിക്കുമെന്നു വിളംരപ്പെടുത്തുകയും ചെയ്തു.
ആദ്യത്തെ അനുസ്മരണം വഖ്ഫെ സിന്ദഗിയായ ശുഅയ്ബ് അഹ്മദ് സാഹിബിന്റെതാണ്. ഖാദിയാനിലെ ബശീർ അഹ്മദ് സാഹിബ് കാലാ അഫ്ഗാനാ ദർവേശിന്റെ മകനായിരുന്നു അദ്ദേഹം. 56 വയസ്സിലാണ് വഫാത്തായത്. ഇന്നാ ലില്ലാഹി വഇന്നാ ഇലെഹി റാജിഊൻ. സദർ അഞ്ചുമൻ അഹ്മദിയ്യായുടെ വിവിധ ഓഫീസുകളിൽ ജീവനക്കാരനായും, ഓഫീസറായും, നാസിറായും അദ്ദേഹം സേവനമനുഷ്ഠിച്ചിട്ടുണ്ട്. ഇൻചാർജ് ഉലിയാ ഓഫീസ്, നാസിർ ബയ്ത്തുൽ മാൽ ഖർച്ച്, നാസിം വഖ്ഫെ ജദീദ് മാൽ, ഒഫീസർ ജൽസാ സാലാന, സദർ ഖുദ്ദാമുൽ അഹ്മദിയ്യാ ഭാരത് എന്നീ പദവികൾ അദ്ദേഹം അലങ്കരിച്ചിട്ടു്. അദ്ദേഹം ആരാധനാ കാര്യങ്ങളിൽ ദത്തശ്രദ്ധനായിരുന്നു. പതിവായി തഹജ്ജുദും നഫലുകളും നമസ്ക്കരിക്കുമായിരുന്നു. ഖിലാഫത്തിനോടുള്ള അനുസരണ കാര്യത്തിലും അദ്ദേഹത്തിന് ഉന്നത നിലവാരമായിരുന്നു. അദ്ദേഹത്തിന് പരിശുദ്ധ ഖുർആന്റെ നല്ല പരിജ്ഞാനം ഉണ്ടായിരുന്നു. ഹദ്റത്ത് മസീഹ് മൗഊദ് (അ)ന്റെയും ഖലീഫമാരുടെയും ഗ്രന്ഥങ്ങൾ വായിക്കുമായിരുന്നു. വളരെ വിപുലമായ ദീനീ പരിജ്ഞാനമായിരുന്നു. എല്ലാ വിഷയങ്ങളിലും പ്രസംഗിക്കാനുള്ള കഴിവുണ്ടായിരുന്നു. വളരെ നല്ല പെരുമാറ്റവും ജനസമ്പർക്കവുമായിരുന്നു. എല്ലാ തട്ടിലുമുള്ളവരോടും സ്നേഹബന്ധം നിലനിറുത്തിയിരുന്നു. അഗതികളെയും ആശ്രിതരെയും നന്നായി പരിഗണിച്ചിരുന്നു. ഖാദിയാനിലുള്ള എല്ലാവരും അദ്ദേഹത്തെ പ്രശംസിച്ചു സംസാരിക്കുന്നുണ്ട്. ധീരനും നന്ദിഭാവമുള്ളവനുമായിരുന്നു. മർഹൂം മൂസിയായിരുന്നു. സന്തപ്ത കുടുംത്തിൽ ഭാര്യയും രണ്ട് ആൺകുട്ടികളുമാണുള്ളത്. സദർ അഞ്ചുമൻ അഹ്മദിയ്യായുടെ സദർ ആയ ജലാലുദ്ദീൻ സാഹിബ് നെയ്യറുടെ മകളുടെ ഭർത്താവാണ്. അല്ലാഹു പരേതനു പൊറുത്തു കൊടുക്കുകയും കാരുണ്യമേകുകയും ചെയ്യട്ടെ.
അടുത്ത അനുസ്മരണം ഖാദിയാനിലെ മുബല്ലിഗായ മഖ്സൂദ് അഹ്മദ് സാഹിബിന്റെതാണ്. മെയ് 18 ന് 52 വയസ്സിലാണ് വഫാത്തായത്. ഇന്നാ ലില്ലാഹി വഇന്നാ ഇലെഹി റാജിഊൻ. ജമ്മു കാശ്മീരിലെ റജോരി ജില്ലയിലെ ചാർക്കോട്ട് ജമാഅത്ത് സ്വദേശിയാണ് അദ്ദേഹം. 30 വർഷമാണ് അദ്ദേഹത്തിന്റെ സേവനകാലയളവ്. അദ്ദേഹം അമീർ സോൺ ലക്നൗ അതുപോലെ മുല്ലിഗ് ഇൻചാർജ് ശ്രീനഗർ എന്നീ നിലയിലും സേവനമനുഷ്ഠിച്ചിട്ടുണ്ട്. 2017 മുതൽ വഫാത്താകുന്നതു വരെ മുഴുവൻ സമയ കേന്ദ്ര ഖാളിയായിരുന്നു അദ്ദേഹം. ഖളാ ഓഫീസിൽ വളരെ ആത്മാർഥതയോടും സജീവമായുമായിരുന്നു പ്രവർത്തിച്ചിരുന്നത്. അദ്ദേഹം ഡസൻ കണക്കിന് കേസുകൾക്ക് വിധി കല്പ്പിച്ചിട്ടുണ്ട്. ജോലികാര്യത്തിൽ വലിയ ഉത്തരവാദിത്വ ബോധമായിരുന്നു. കൊറോണ കാരണം ആശുപത്രിയിലായിരുന്നപ്പോഴും എപ്പോഴും ജോലിയെ കുറിച്ചായിരുന്നു ചിന്ത. വളരെ നല്ല പെരുമാറ്റവും ജനസമ്പർക്കവുമായിരുന്നു. അദ്ദേഹം ധീരനും കാര്യപ്രാപ്തനുമായ വഖ്ഫെ സിഗിയായിരുന്നു. മർഹൂം മൂസിയായിരുന്നു. സന്തപ്ത കുടുംബത്തിൽ ഭാര്യയും മൂന്ന് പെൺകുട്ടികളുമാണുള്ളത്. അല്ലാഹു പരേതനു പൊറുത്തു കൊടുക്കുകയും കാരുണ്യമേകുകയും ചെയ്യട്ടെ. അല്ലാഹു പരേതന്റെ പെൺകുട്ടികളെ സ്വയം സംരക്ഷിക്കുമാറാകട്ടെ. അവർക്ക് അദ്ദേഹത്തിന്റെ നന്മകൾ തുടർന്നു കൊണ്ടുപോകാനുള്ള സൗഭാഗ്യം നല്കുമാറാകട്ടെ.
ഇവരെ കൂടാതെ ഹുസൂർ തിരുമനസ്സ്, മലിക്ക് മുഹമ്മദ് യൂസുഫ് സാഹിബ്, ജാവേദ് ഇഖ്ബാൽ സാഹിബ് ഫേസലാബാദ്, ഘാനയിലെ മുറബ്ബിയായ നവാസ് സാഹിബിന്റെ പത്നി മദീഹ നവാസ് സാഹിബ എന്നിവരെയും സ്മരിക്കുകയും എല്ലാവർക്കും വേണ്ടി മഗ്ഫിറത്തിനും സ്വർഗത്തിൽ ഉന്നതസ്ഥാനത്തിനും വേണ്ടി ദുആ ചെയ്യുകയും ചെയ്തു.