‘ദുറൂദ് ശരീഫ്’ (നബി (സ) തിരുമേനിക്ക് വേണ്ടി ചൊല്ലുന്ന സ്വലാത്ത്)
സ്ഥൈര്യം ലഭിക്കുന്നതിന് ഏറ്റവും പ്രോജ്വലമായ മാർഗ്ഗം ദുറൂദ് ശരീഫ് ആണ്. അത് ധാരാളമായി ചൊല്ലിക്കൊണ്ടിരിക്കുവിൻ.
എന്നാൽ കേവലമൊരു സമ്പ്രദായവും ശീലവും എന്ന നിലക്കല്ല, പ്രത്യുത റസൂൽ കരീ(സ) തിരുമേനിയുടെ സ്വഭാവ രമണീയതയും ഔദാര്യങ്ങളും മുന്നിൽ കണ്ടുകൊണ്ട് അവിടത്തെ സ്ഥാനമാനങ്ങളുടെ ഉന്നതിക്കും ഉയർച്ചക്കും അങ്ങയുടെ ദീനിന്റെ വിജയത്തിനും വേണ്ടി ചൊല്ലിക്കൊണ്ടിരിക്കുക.
അതിന്റെ ഫലമായി നിങ്ങൾക്ക് ദുആ സ്വീകാര്യതയുടെ സുരഭിലവും മധുരിക്കുന്നതുമായ ഫലം കരസ്ഥമാകുന്നതാണ്.
ദുആകളാണ് നമ്മുടെ ആയുധം
ദുആകളിൽ അല്ലാഹു തആല ഉജ്വല ശക്തിയാണ് വെച്ചിരിക്കുന്നത്. അല്ലാഹു എന്നോട് ആവർത്തിച്ച് ഇൽഹാമുകൾ മുഖേന പറഞ്ഞിരിക്കുന്നത്, ഏത് കാര്യമായാലും ദുആകൾ മുഖേന ആയിരിക്കും സംഭവിക്കുക എന്നാണ്. ദുആകളാകുന്നു നമ്മുടെ ആയുധം. അതല്ലാതെ മറ്റൊരായുധം നമ്മുടെ കയ്യിലില്ല. നാം ഗോപ്യമായി ആവിശ്യപ്പെടുന്നതൊക്കെ അല്ലാഹു പ്രകടമാക്കിക്കാണിക്കുന്നു. മുൻകടന്ന ചില നബിമാരുടെ കാലത്ത് അവരുടെ കയ്യാൽ ശത്രുക്കൾക്ക് ശിക്ഷകൾ നൽകപ്പെടാറുണ്ടായിരുന്നു. എന്നാൽ നാം ബലഹീനരും അശക്തരുമാണെന്ന് അല്ലാഹുവിനറിയാം. അതുകൊണ്ട് നമ്മുടെ മുഴുവൻ ജോലികളും അവൻ സ്വയം ഏറ്റെടുത്തിരിക്കകയാണ്. ഇസ്ലാമിനു വേണ്ടി ഇപ്പോൾ ഈയ്യൊരു (ദുആയുടെ) മാർഗ്ഗമാണുള്ളത്. ഇതിനെ ഒരു ശുഷ്കിച്ച തത്വമായി മനസ്സിലാക്കാൻ സാദ്ധ്യമല്ല. നമുക്ക് യുദ്ധത്തിന്റെ വഴിയാണ് തുറന്നിട്ടുണ്ടായിരുന്നതെങ്കിൽ അതിനുള്ള മുഴുവൻ കോപ്പുകളും ഒരുക്കപ്പെടുമായിരുന്നു. നമ്മുടെ ദുആകൾ ഒരു കേന്ദ്രബിന്ദുവിൽ എത്തിച്ചേരുന്നതോടുകൂടി കപടന്മാർ തന്നത്താൻ നാശമടയുമാറാകുന്നു. ഇക്കൂട്ടർക്ക് കിടന്നുറങ്ങുകയും തിന്നുകൊണ്ടിരിക്കുകയുമല്ലാതെ മറ്റ് ജോലികളൊന്നുമില്ലെന്ന് ഹൃദയം കടുത്തുപോയ അവിവേകികളായ ശത്രുക്കൾ ആക്ഷേപിക്കുന്നു. എന്നാൽ നമ്മുടെ പക്കൽ ദുആകളേക്കാൾ മൂർച്ചയുള്ള വേറൊരു ആയുധമില്ലതന്നെ. അല്ലാഹു ഇപ്പോൾ ദീനിനെ ഏതുമാർഗ്ഗത്തിലൂടെയാണ് ഉയർച്ച നൽകാൻ ആഗ്രഹിക്കുന്നതെന്ന് മനസ്സിലാക്കുന്നവരാണ് സൗഭാഗ്യവാന്മാർ.
നമ്മുടെ അനുകമ്പ
ഒരോ വ്യക്തിയുടേയും അനുകമ്പയുടെ നിറം വ്യത്യസ്ഥമായതായിരിക്കും. ഡോകടർക്ക് നിങ്ങളുടെ രോഗം മാറ്റാനുള്ള അനുകമ്പയായിരിക്കും, ഭരണാധികാരിക്ക് അക്രമികളുടെ ദ്രോഹങ്ങളിൽനിന്ന് നിങ്ങളെ രക്ഷിക്കാനുള്ള അനുകമ്പയായിരിക്കും. അപ്രകാരം ഒരോരാൾക്കും ഒരോ നിറത്തിലുള്ള അനുകമ്പയാണ്. നമ്മുടെ ഭാഗത്തുനിന്നുള്ള അനുകമ്പയെന്നോണം നാം നിങ്ങളെ ഉപദേശിക്കുന്നു: ഈ ദുനിയാവ് അല്പം ദിവസത്തേക്കുള്ളതാണ്. ഈ ചിന്ത മനസ്സിൽ ഉറച്ചു കഴിഞ്ഞാൽ വ്യർഥമായ സന്തോഷങ്ങൾ തകരുകയും മനുഷ്യൻ തന്റെ ഹൃദയത്തെ ദൈവവുമായി ചേർക്കുകയും ചെയ്യുന്നതാണ്. ജീവിതത്തിന്റെ നാളുകൾ എത്രയുണ്ടെന്ന ബോധം ഇല്ലാത്തതുകൊണ്ടാണ് മനുഷ്യൻ ദൈർഘ്യമേറിയ ആസൂത്രണങ്ങളും അനാവശ്യ പ്രവർത്തികളും ചെയ്യുന്നത്. മരണം മുന്നിൽ വന്നുനിൽക്കുന്നുവെന്ന് മനുഷ്യനറിയുമ്പോൾ പാപങ്ങൾ നിറഞ്ഞ പ്രവൃത്തികൾ അവസാനിക്കുന്നു. ദൈവഭക്തർ തങ്ങളെയും തങ്ങളുടെ സുഹൃത്തുക്കളെ സംബന്ധിച്ച് എന്തൊക്കെയാണ് വന്നുഭവിക്കാൻ പോകുന്നതെന്ന് ദിനേന അറിഞ്ഞുകൊണ്ടിരിക്കുന്നു. അക്കാരണത്താൽ ലൗകിക കാര്യങ്ങളിൽ സന്തുഷ്ടരാകാനോ അതിൽ സംതൃപ്തരാകാനോ അവർക്ക് സാധ്യമല്ല.
(മൽഫൂദാത്ത് വാ.9, പേ. 23 & 33)
ത്വാലിബെ ദുആ: അബൂ അയ്മൻ