ദർസ് 87 : ജീവിതം വഖ്ഫ് ചെയ്യാനുള്ള വസിയ്യത്ത്

ഞാൻ ഇക്കാര്യത്തിൽ സ്വയം അനുഭവസ്ഥനും പരിചയസമ്പന്നനുമാകുന്നു, ‘ഈ വഖ്ഫിനുവേണ്ടി അല്ലാഹു എനിക്ക് അനുഗ്രഹിച്ചരുളിയ അഭിനിവേശത്തെ സംബന്ധിച്ച് പറയുകയാണെങ്കിൽ, വഖ്ഫ് ചെയ്യുന്നതുകൊണ്ട് നിനക്ക് യാതൊരു പ്രയോജനവും നേട്ടവും ലഭിക്കില്ല, പ്രത്യുത വേദനയും പ്രയാസവും മാത്രമായിരിക്കും പ്രതിഫലമെന്നാണ് എന്നോട് പറയപ്പെട്ടതെന്നുവന്നാൽ പോലും എനിക്ക് ഇസ്‌ലാമിനു വേണ്ടിയുള്ള സേവനങ്ങളിൽനിന്ന് തെല്ലും പിന്മാറാൻ സാധ്യമല്ല. അതിനാൽ ഞാനെന്റെ ജമാഅത്തിനോട് വസിയ്യത്ത് ചെയ്തുകൊണ്ട് ഇക്കാര്യം അവരിലെത്തിക്കുന്നത് എന്റെ നിർബന്ധ ബാധ്യതയായി മനസ്സിലാക്കുന്നു – ഭാവിയിൽ ഓരോരുത്തർക്കും ഇത് ഉൾക്കൊള്ളുവാനോ തള്ളുവാനോ സ്വാതന്ത്ര്യമുണ്ട് – അതായത്, മോക്ഷാർഹനും ‘ഹയാതെ ത്വയ്യിബ’ അഥവാ നശ്വര ജീവിതത്തിന്റെ അന്വേഷകനും ആയിത്തീരാൻ ആഗ്രഹിക്കുന്നവനാരോ അവൻ അല്ലാഹുവിനുവേണ്ടി തന്റെ ജീവിതം ‘വഖ്ഫ്’ ചെയ്തുകൊള്ളട്ടെ! ആ സ്ഥാനവും പദവിയും കരസ്ഥമാക്കാനുള്ള എല്ലാ പ്രയത്നങ്ങളിലും ചിന്തകളിലും അവൻ മുഴുകിക്കൊള്ളട്ടെ! അനന്തരം അവന് ഇപ്രകാരം പറയാൻ സാധിക്കുമാറാകണം, ‘എന്റെ ജീവിതവും, എന്റെ മരണവും, എന്റെ ത്വാഗങ്ങളും, എന്റെ നമസ്കാരങ്ങളുമെല്ലാം അല്ലാഹുവിനു വേണ്ടിയുള്ളതാകുന്നു’. ഹദ്രത്ത് ഇബ്രാഹിം (അ) നെ പോലെ അവന്റെ ആത്മാവ് വിളിച്ചുപറയട്ടെ, ‘അസ്‌ലംതു ലിറബ്ബിൽ ആലമീൻ’ (ഞാൻ റബ്ബുൽ ആലമീന് വേണ്ടി എന്റെ സർവ്വസ്വവും ഇതാ സമർപ്പിച്ചിരിക്കുന്നു)

മനുഷ്യൻ അല്ലാഹുവിൽ വിലയം പ്രാപിച്ചുകൊണ്ട് അവനിൽ ലയിക്കുകയും മൃത്യുവരിക്കുകയും ചെയ്യാത്തിടത്തോളം അവന്ന് പുതിയ ജീവിതം കരഗതമാക്കാൻ സാധ്യമല്ല. ഞാൻ അല്ലാഹുവിൽ ജീവിതം വഖ്ഫ് ചെയ്യുന്നതിനെ എന്റെ യഥാർഥ ജീവിതലക്ഷ്യമായി മനസ്സിലാക്കിയിരിക്കുന്നുവെന്ന് ഞാനുമായി ബന്ധം പുലർത്തുന്ന നിങ്ങൾ കാണുന്നുവല്ലോ, അപ്പോൾ നിങ്ങളും സ്വന്തം അകതാരിലേക്ക് കണ്ണോടിക്കുക, നിങ്ങളിൽ എത്രപേരാണ് എന്റെയീ പ്രവൃത്തിയെ തങ്ങൾക്കായി ഇഷ്ടപ്പെടുകയും അല്ലാഹുവിനുവേണ്ടി വഖ്ഫ് ചെയ്യുന്നത് പ്രിയങ്കരമായി ഗണിക്കുകയും ചെയ്യുന്നത്?

وَلَقَدْ ذَرَأْنَا لِجَهَنَّمَ كَثِيرًا مِّنَ الْجِنِّ وَالْإِنسِ ۖ

(ജിന്നിലും മനുഷ്യരിലും ധാരാളം പേരെ നരകത്തിലേക്കായി നാം സൃഷ്ടിച്ചിരിക്കുന്നു- അൽ അ’അറാഫ്-180)

അഹോ! മനുഷ്യൻ അല്ലാഹുവിനുവേണ്ടി ജീവിതം വഖ്ഫ് ചെയ്യുന്നില്ലെങ്കിൽ ഓർമ്മിച്ചുകൊൾവിൻ! അത്തരക്കാർക്ക് വേണ്ടിയാണ് അല്ലാഹു നരകം സൃഷ്ടിച്ചിട്ടുള്ളത്. ഈ ആയത്തിൽനിന്ന് സ്പഷ്ടമായും മനസ്സിലാകുന്നു, ചില ചപലചിന്താഗതിക്കാരും വിവരദോഷികളും മനസ്സിലാക്കിവെച്ചിരിക്കുന്നത് പോലെ, നരകത്തിൽ എല്ലാ ഓരോരുത്തർക്കും അനിവാര്യമായും പ്രവേശിക്കേണ്ടിവരുമെന്നത് അബദ്ധവിശ്വാസമാകുന്നു. തികച്ചും അസംബന്ധം.. അതെ ഒരു കാര്യം ശരിയാണ്, നരകശിക്ഷയിൽ നിന്ന് പരിപൂർണ്ണമായും പരിരക്ഷിക്കപ്പെട്ടവർ വളരെ പരിമിതമാണെന്നതിൽ സംശയമില്ല. അതിൽ അത്ഭുതപ്പെടാനില്ല. അല്ലാഹു പറയുന്നു; ‘ഖലീലുമ്മിൻ ഇബാദിയശ്ശകൂർ’ (സബാ-14) (നന്ദിയുള്ളവർ എന്റെ ദാസന്മാരിൽ വളരെ കുറവാണ്)

നരകമെന്താണ്?

നരകം എന്താണെന്നുള്ളത് കൂടി നിങ്ങൾ ഇനി അറിഞ്ഞിരിക്കണം. മരണാനന്തരം അല്ലാഹു വിധിച്ചിട്ടുള്ള നരകമാണ് ഒന്ന്. രണ്ടാമത്തേത് ഇഹലോക ജീവിതമാകുന്നു. അല്ലാഹുവിനു വേണ്ടിയല്ലാതാകുമ്പോൾ അതും ഒരു നരകം തന്നെയത്രെ. അത്തരം മനുഷ്യരെ അരിഷ്ടതകളിൽനിന്ന് രക്ഷിക്കാനും അവർക്ക് ആശ്വാസം പകരാനുമുള്ള ഉത്തരവാദിത്വം അല്ലാഹു ഏറ്റെടുക്കുന്നില്ല. ബാഹ്യമായ പ്രാപ്തിയോ പ്രതാപമോ സമ്പത്തോ സന്താനാധിക്യമോ ഒന്നുംതന്നെ ഒരാൾക്ക് എന്തെങ്കിലും തരത്തിലുള്ള സ്വൈര്യവും സ്വസ്ഥതയും സമാധാനവും പകരുന്നതിന് നിദാനമാകുമെന്ന് ധരിച്ചുപോകരുത്. ആ ഒറ്റപ്പെടൽ സ്വർഗ്ഗം തന്നെയെന്നോ? അല്ലേയല്ല. സ്വർഗ്ഗത്തിലെ അനുഗ്രഹങ്ങളായ സ്വൈര്യവും സ്വസ്ഥതയും സമാധാനവും ഇക്കാര്യങ്ങളാലൊരിക്കലും സംസിദ്ധമാകുന്നില്ല. അത് അല്ലാഹുവിൽ സ്വയം ജീവിക്കുകയും അല്ലാഹുവിൽ മരണമടയുകയും ചെയ്യുമ്പോൾ മാത്രമാണ് കരഗതമാകുന്നത്. അമ്പിയാക്കൾ പ്രത്യേകിച്ച് ഇബ്രാഹിം, യഅക്കൂബ് (അ) എന്നിവരുടെ വസിയ്യത്ത് തന്നെ ‘ലാതമൂത്തുന്ന ഇല്ലാ വഅൻതും മുസ്‌ലിമൂൻ’ എന്നതായിരുന്നു.

ഭൗതികലോകത്തിന്റെ സുഖാനുഭൂതികൾ ഒരുതരം അവിശുദ്ധമായ അത്യാർത്തി ജനിപ്പിച്ചുകൊണ്ട് തൃഷ്ണയേയും ദാഹത്തേയും വർദ്ധിപ്പിക്കുന്നു. ‘ഇസ്തിസ്ഖാ’ എന്ന രോഗത്തിനിരയായവനെ പോലെ സ്വയം നശിച്ചൊടുങ്ങുവോളം ദാഹം ഒരിക്കലും ശമിക്കുന്നില്ല. ചുരുക്കത്തിൽ, ഈ വ്യർഥമായ ആശകളുടെയും അത്യാഗ്രഹങ്ങളുടെയും അഗ്നിയും അതേ നരകാഗ്നിയുടെതന്നെ ഭാഗങ്ങളാണ്. അത് ഹൃദയത്തെ സ്വൈര്യവും സമാധാനവും കൈവരിക്കാനനുവദിക്കുന്നില്ല. മറിച്ച് മനുഷ്യനെ സന്ദേഹങ്ങളിലും പരവശതകളിലും ഞെളിപിരികൊള്ളുന്നവനായി വിടുകയാണ് ചെയ്യുന്നത്. അതുകൊണ്ട് എന്റെ സുഹൃത്തുക്കളേ! നിങ്ങളുടെ ദൃഷ്ടിയിൽനിന്ന് ഈ സംഗതി ഒരിക്കലും മാഞ്ഞുപോകരുത്, അതായത്, ധനം, സമ്പത്ത്, സ്ത്രീകൾ, സന്തതികൾ തുടങ്ങിയവയോടുള്ള അനുരാഗത്തിന്റെ ആവേശവും ലഹരിയും നിമിത്തം നിങ്ങൾക്കും നിങ്ങളുടെ അല്ലാഹുവിനുമിടയിൽ ഒരു തിരശ്ശീല ഉണ്ടായിത്തീരുവോളം ഭ്രാന്തനെപ്പോലെയും തന്നത്താൻ പിഴച്ചവനെപ്പോലെയും ആയിത്തീരാതെ സൂക്ഷിച്ചുകൊൾവിൻ. സമ്പത്തും സന്തതികളും ഫിത്‌നയാണെന്ന് അതുകൊണ്ടത്രെ പറയപ്പെട്ടിരിക്കുന്നത്. അവ മുഖാന്തരവും മനുഷ്യനുവേണ്ടി ഒരു നരകം തയ്യാറാക്കപ്പെടുന്നു. അവയിൽനിന്ന് വേർപെടുത്തപ്പെടുമ്പോൾ അതിയായ ഉത്കണ്ഠയും പരിഭ്രാന്തിയുമാണ്ടാകുന്നു. തദവസരത്തിൽ ‘നാറുല്ലാഹിൽ മൂഖദത്തുല്ലതീ തത്ത്വലിഉ അലൽ അഫ്ഇദ’ [അല്ലാഹുവിന്റെ ജ്വലിപ്പിക്കപ്പെടുന്ന അഗ്നിയാണത്; ഹൃദയങ്ങളെ അത് ആവരണം ചെയ്യും. 104: 7,8] എന്ന് പറയപ്പെട്ടിരിക്കുന്നതിന്റെ വാച്യരൂപം അനുഭവവേദ്യ രൂപമായി പരിണമിക്കുന്നതാണ്. മനുഷ്യഹൃദയങ്ങളെ ചുട്ടെരിച്ചുകളയുന്നതും അതിനെ കത്തിക്കരിഞ്ഞ അംഗാരത്തേക്കാൾ അന്ധകാരനിബിഡമാക്കുകയും ചെയ്യുന്നത് ഈ ദൈവേതരങ്ങളോടുള്ള അനുരാഗം തന്നെയത്രെ.

(മൽഫൂദാത് വാ.2, പേ.101)