ദരിദ്രഭാവത്തോടും നിസ്സഹായതയോടുംകൂടി ജീവിക്കുക എന്നത് മുത്തഖികൾക്കുള്ള നിബന്ധനയാണ്. ഇത് തഖ്വയുടെ ഒരു ശാഖയാകുന്നു. ഇതുമുഖേന നമുക്ക് അനുവദനീയമല്ലാത്ത അരിശത്തോട് പോരാടേണ്ടതുണ്ട്. വലിയ വലിയ ദൈവജ്ഞാനികൾക്കും സിദ്ധീഖുമാർക്കും തരണം ചെയ്യേണ്ടതായ അവസാനത്തേതും ദുഷ്കരവുമായ ഘട്ടം കോപത്തിൽനിന്നുള്ള കരകയറ്റം തന്നെയാണ്. അഹങ്കാരവും അഹന്തയും കോപത്തിൽനിന്നാണ് ഉത്ഭവിക്കുന്നത്. അപ്രകാരംതന്നെ ചിലപ്പോൾ കോപം അഹങ്കാരത്തിന്റേയും അഹന്തയുടേയും അനന്തരഫലവുമാകുന്നു.
മനുഷ്യൻ സ്വാർഥ താല്പര്യത്തിന് മറ്റുള്ളവർക്കുമേൽ മുൻഗണന നൽകുമ്പോഴാണ് അരിശമുണ്ടാകുന്നത്. എന്റെ ജമാഅത്തിലുള്ളവർ പരസ്പരം ചെറിയവർ വലിയവർ എന്ന വിവേചനബുദ്ധ്യാ പെരുമാറുന്നതും അന്യോന്യം പൊങ്ങച്ചം കാണിക്കുന്നതും നിന്ദാദൃഷ്ടിയോടെ വീക്ഷിക്കുന്നതും ഞാൻ ഒരിക്കലും ഇഷ്ടപ്പെടുന്നില്ല. വലിയവനാരെന്നും ചെറിയവനാരെന്നും അറിയുന്നവൻ അല്ലാഹുവാകുന്നു. ഇതൊരുതരം അവമതിക്കലാണ്. ഇതിന്റെ ഉള്ളിലൊരു നിന്ദ്യതയുണ്ട്. അതൊരു ബീജം പോലെ വളരുമോ എന്നും നാശത്തിനു കാരണമാകുമോ എന്നും ഞാൻ ഭയക്കുന്നു.
ചില മനുഷ്യർ വലിയവരെ കണ്ടുമുട്ടുമ്പോൾ അങ്ങേയറ്റത്തെ ആദരവ് പ്രകടിപ്പിക്കുന്നു. എന്നാൽ ഏതൊരുവൻ അഗതിയുടെ വാക്കുകൾ അലിവോടെ കേൾക്കുകയും അവനെ ആഹ്ലാദിപ്പിക്കുകയും അവന്റെ കാര്യത്തെ ആദരിക്കുകയും അവനെ വിഷമിപ്പിക്കുന്ന ഒരു കുത്തുവാക്കും പറയാതിരിക്കുകയും ചെയ്യുന്നുവോ അവനാകുന്നു യഥാർഥ വലിയവൻ. അല്ലാഹു പറയുന്നു, ‘വലാ തനാബസൂ ബിൽ അൽഖാബി ബിഅ്സൽ ഇസ്മുൽ ഫുസൂഖു ബഅദൽ ഈമാൻ; വമൻലം യതുബ് ഫഉലായിക ഹുമുള്ളാലിമൂൻ’ (49:12) (…നിങ്ങൾ പരസ്പരം ചീത്തപ്പേരു വിളിക്കുകയുമരുത്. സത്യവിശ്വാസത്തിനുശേഷം ദുഷ്പേരിന്റെ കറപുരളുന്നത് അങ്ങേയറ്റം അശുഭമാകുന്നു. പശ്ചാത്തപിച്ച് മടങ്ങാത്തവരാരോ അവരത്രെ കൊടിയ അക്രമികൾ) ഈ പ്രവർത്തി ആജ്ഞാലംഘകരുടേയും കുറ്റവാളികളുടേതുമാണ്. ആരാണോ പരിഹസിക്കുന്നത് അവൻ സ്വയം അതുപോലുള്ള അവസ്ഥയിൽ അകപ്പെടാതെ മരണമടയുന്നില്ല. നിങ്ങളുടെ സഹോദരങ്ങളെ നിന്ദ്യരായി മനസ്സിലാക്കാതിരിക്കുക. ഒരേ അരുവിയിൽ നിന്ന് എല്ലാവരും വെള്ളം കുടിക്കുന്ന സ്ഥിതിക്ക് കൂടുതൽ വെള്ളം കുടിക്കാനുള്ള സൗഭാഗ്യം ഏതൊരുവനാണെന്ന് ആർക്കറിയാം. ബഹുമാന്യതയും മഹത്വവും ഭൗതീകമായ നിയമങ്ങളാൽ ഉണ്ടാകുന്നതല്ല. മുത്തഖിയാണ് അല്ലാഹുവിന്റെ പക്കൽ വലിയവൻ. ‘ഇന്ന അക്രമകും ഇന്ദല്ലാഹി അത്ഖാക്കും; ഇന്നല്ലാഹ അലീമുൽ ഖബീർ’ (49:14)
(മൽഫൂദാത് വാള്യം 1 പേ.22)