പരോക്ഷമായ നിലയിൽ അല്ലാഹുവുമായി രഞ്ജിപ്പിലെത്തുന്നവനാരോ അവന്ന് അല്ലാഹു അന്തസ്സ് നൽകുന്നു. നിങ്ങൾ പരോക്ഷമായി അല്ലാഹുവിന് വേണ്ടി ചെയ്യുന്ന പ്രവൃത്തികൾ എക്കാലവും ഗോപ്യമായിത്തന്നെ ഇരിക്കുമെന്ന് ധരിക്കേണ്ട. ‘റിയാ’ (അഥവാ പരപ്രശംസാമോഹം അല്ലെങ്കിൽ പ്രകടനപരത) യെക്കേൾ ഭീമമായ സൽക്കർമ്മങ്ങളുടെ ശത്രു വേറെയില്ല. ഇത് ഉള്ളവരുടെ ഹൃദയത്തിൽ അതിന്റെ പൂർണ്ണ ഭാഗവും കവർന്നെടുക്കുന്നത് വരെ തണുപ്പ് സംഭവിക്കുന്നില്ല. എന്നാൽ, ഒന്നും അവശേഷിക്കാത്ത നിലയിൽ ‘റിയാ’ എല്ലാ ധനത്തേയും ചാമ്പലാക്കിക്കളയുന്നു.
റിയായിൽ നിന്ന് രക്ഷപ്പെടുന്നവനാണ് സൗഭാഗ്യവാൻ. ചെയ്യുന്നതെന്തും അല്ലാഹുവിന്നായിക്കൊണ്ട് ചെയ്യുക. റിയാ ഉള്ളവരുടെ അവസ്ഥ അതിശയകരമാണ്. അല്ലാഹുവിന്റെ മാർഗ്ഗത്തിൽ വല്ലതും ചെലവ് ചെയ്യേണ്ട സമയത്ത് മിതവ്യയശീലം കാണിക്കുന്നു. എന്നാൽ അത് ജനങ്ങൾ കാണുന്ന സന്ദർഭമാണെങ്കിൽ ഒന്നിനുപകരം നൂറ് വരെ നൽകാൻ അവർ തയ്യാറാണ്. മറിച്ചാണെങ്കിൽ അതേ ഉദ്ദേശത്തിനു വേണ്ടി ചില്ലറ നൽകിയാലും മതിയെന്ന് കരുതുന്നു. അതുകൊണ്ട് ഈ രോഗത്തിൽ നിന്ന് രക്ഷപ്പെടാൻ ദുആ ചെയ്തുകൊണ്ടിരിക്കുക.
അല്ലാഹു തആല എല്ലാം കാണുന്നവനും കേൾക്കുന്നവനുമാണെന്ന് വിശ്വസിക്കുന്ന കൂട്ടരാരോ അവർ ഇക്കാര്യങ്ങളെയൊന്നും ഗൗനിക്കുന്നില്ല. തങ്ങൾ നൽകിയ ധനത്തെ സംബന്ധിച്ച് ആരെങ്കിലും സ്മരിക്കുക പോലും ചെയ്യുന്നുണ്ടോ എന്നത് അവരുടെ ലക്ഷ്യമേ അല്ല. ദുനിയാവ് ‘അദ്ദുൻ’യാ മസ്റഅതുൽ ആഖിറ’ അതായത്, ഇഹലോകം പരലോകത്തേക്കുള്ള കൃഷിയിടമാകുന്നു. ഉണ്ടാക്കാനുള്ളതൊക്കെ ഈ ദുനിയാവിൽ തന്നെ ഉണ്ടാക്കണം. ആത്മീയ സമ്പാദ്യവും സ്വത്തും ഇവിടെ സ്വരുക്കൂട്ടുന്നവരാരോ അവരായിരിക്കും സ്വസ്ഥത പ്രാപിക്കുന്നവർ. അല്ലാത്തപക്ഷം ഇവിടെനിന്നുള്ള യാത്ര വെറുംകയ്യോടെയാവുകയും വലിയ ശിക്ഷയിൽ അകപ്പെടേണ്ടി വരികയും ചെയ്യും. അന്നേരത്ത് ദീനിന്റെ വശം വിട്ടുകളയാൻ നിദാനമായ ധനമോ, സന്താനങ്ങളോ, മറ്റു പ്രിയപ്പെട്ടവരോ ഒന്നും തന്നെ പ്രയോജനം ചെയ്യുകയില്ല.
ഇപ്പോൾ ഓർത്തുകൊള്ളുവിൻ! ആയിരത്തി മുന്നൂറ് വർഷങ്ങൾക്ക് മുമ്പ് ഈ കാലഘട്ടത്തെ കുറിച്ച് വിവരം നൽകിയിരുന്ന അതേ അല്ലാഹു തന്നെ ഇപ്പോൾ വിവരം തരികയാണ്, കാലം വളരെ സമീപസ്ഥമായിരിക്കുന്നു. വലിയ വലിയ അത്യാഹിതങ്ങൾ സംഭവിക്കുന്നതാണ്. അടയാളങ്ങളുടെ പൂർത്തീകരണത്തിനുള്ള കാത്തിരിപ്പും അതിനുശേഷം ആവേശം കാണിക്കാമെന്നുള്ള ചിന്തയുമാണെങ്കിൽ ഇന്ന് ലഭിക്കുന്ന പ്രതിഫലമായിരിക്കില്ല അന്ന് ലഭിക്കുക. തന്നെയുമല്ല അല്ലാഹു ഇങ്ങനെയും അരുളിയിട്ടുണ്ട്, ആ സമയത്ത് ആരെങ്കിലും തന്റെ വിശ്വാസം അവതരിപ്പിച്ചാൽ അതിനു തെല്ലുപോലും പരിഗണന നൽകപ്പെടുകയില്ല. കാരണം തദവസരത്തിൽ കടുത്ത അവിശ്വാസികൾ പോലും ഈ ദുനിയാവ് നശ്വരമാണെന്ന് മനസ്സിലാക്കിയിരിക്കും.
(മൽഫൂദാത്ത് വാ.8, പേ.390)
ത്വാലിബെ ദുആ: അബൂ അയ്മൻ