ഹസ്രത്ത് മിർസാ ഗുലാം അഹ്മദ് ഖാദിയാനി (അ)

അഹ്മദിയ്യാ മുസ്‌ലിം ജമാഅത്തിന്‍റെ അഭിവന്ദ്യസ്ഥാപകര്‍ ഹദ്‌റത്ത് മിര്‍സാ ഗുലാം അഹ്മദ് ഖാദിയാനി(അ) 1835 ഫെബ്രുവരി 13 വെള്ളിയാഴ്ച രാവിലെ ഇന്ത്യയിലെ പഞ്ചാബ് സംസ്ഥാനത്ത് ഖാദിയാന്‍ എന്ന സ്ഥലത്താണ് ഭൂജാതരായത്. അദ്ദേഹത്തിന്‍റെ പിതാവിന്‍റെ പേര് മിര്‍സാ ഗുലാം മുര്‍ത്തളാ എന്നും, മാതാവിന്‍റെ പേര് ചിറാഗ് ബീബി എന്നുമായിരുന്നു. പിതാമഹന്‍ മിര്‍സാ അത്വാമുഹമ്മദും, പ്രപിതാമഹന്‍ മിര്‍സാ ഗുല്‍മുഹമ്മദും ആണ്. മുഗള്‍ കുടുംബത്തിലെ ബര്‍ലാസ് എന്ന വംശത്തിലാണ് ആ മഹാത്മന്‍ ഉള്‍പെടുന്നത്. ഈ വിഭാഗത്തെ തിരിച്ചറിയുന്ന പേരാണ് ‘മിര്‍സാ’. ഈ കുടുംബത്തിലെ മിര്‍സാ ഹാദിബേഗ് എന്നു പേരുള്ള ഒരു മഹാന്‍ ക്രിസ്ത്വാബ്ദം 16ആം നൂറ്റാണ്ടിന്‍റെ (ഹിജ്‌റ 10ആം നൂറ്റാണ്ട്) അവസാനം, ബാബര്‍ ചക്രവര്‍ത്തിയുടെ കാലത്ത്, തന്‍റെ സ്വദേശമായ ഖുറാസാനില്‍നിന്ന്, ഏകദേശം 200 പേരോടൊപ്പം ഇന്ത്യയിലെത്തി. ബിയാസ് നദിക്കടുത്താണ് അവര്‍ താവളമാക്കിയത്. ഇവിടെ അവര്‍ ഒരു ഗ്രാമത്തിന് അടിത്തറയിട്ടു. അതിന്‍റെ പേര് ഇസ്‌ലാംപൂര്‍ എന്നായിരുന്നു. ഇത് പിന്നീട് ‘ഇസ്‌ലാംപൂര്‍ ഖാസി മാജി’ എന്ന് പ്രസിദ്ധമായി. പിന്നെി പിന്നെ ജനങ്ങള്‍ ‘ഖാസിമാജി’ എന്ന് പറയാന്‍ തുടങ്ങി. തുടര്‍ന്ന് ‘മാജി‘ ഇല്ലാതായി. ഖാസി മാത്രമായി. ഖാസി  പിന്നീട് ഖാദിയും, ഖാദി ഖാദിയാനും ആയിമാറി.

വാഗ്ദത്ത മസീഹായ ഹദ്‌റത്ത് മിര്‍സാ ഗുലാം അഹ്മദ്(അ)ന്‍റെ കുടുംബം മുഗള്‍കാലഘട്ടത്തില്‍ ഒട്ടേറെ വിശിഷ്ടപദവികളില്‍ ഉപവിഷ്ഠരായിരുന്നു. മുഗള്‍ സാമ്രാജ്യം ക്ഷയിച്ചപ്പോള്‍ ഈ കുടുംബം ഖാദിയാനും, ഏകദേശം 60 മൈല്‍ ചുറ്റുവട്ടത്തുള്ള പ്രദേശത്തും സ്വതന്ത്രമായി ഭരണം നടത്തി. സിക്കുകാരുടെ കാലത്ത് അതും ദുര്‍ബ്ബലമായി. ഒരുപാട് പ്രദേശങ്ങള്‍ കൈവിട്ടുപോവുകയും ചെയ്തു. എന്തിനധികം, ഏകദേശം 16 വര്‍ഷം ഈ കുടുംത്തിന് ഖാദിയാനില്‍നിന്ന് ഹിജ്‌റത്ത് ചെയ്ത് കപൂര്‍ത്തലയില്‍ താമസിക്കേണ്ടിവന്നു. പിന്നീട് മഹാരാജാ രഞ്ജിത്ത് സിംഗിന്‍റെ കാലത്താണ് ഈ കുടുംബം വീണ്ടും ഖാദിയാനില്‍ എത്തിയത്. ബ്രിട്ടീഷുകാരുടെ ഭരണകാലത്ത് ഈ കുടുംത്തിന്‍റെ മറ്റ് സ്വത്തുക്കളും കണ്ടുകെട്ടി. എങ്കിലും ഖാദിയാനിലും, അതിന്‍റെ ചുറ്റുവട്ടത്തുമുള്ള പ്രദേശങ്ങളിലും ഇവരുടെ ഉടമസ്ഥാവകാശം നിലനിന്നിരുന്നു.

ജനനവും കുട്ടിക്കാലവും

ഹദ്‌റത്ത് മിര്‍സാ ഗുലാം അഹ്മദ്(അ) 1835 ഫെബ്രുവരി 13ന് സുബ്ഹി നമസ്‌കാരത്തിന്‍റെ സമയത്താണ് ജനിച്ചത്. യുഗ്മജനായാണ് അദ്ദേഹം ജനിച്ചത്. അതായത് അദ്ദേഹത്തോടൊം ഒരു പെണ്‍കുട്ടിയും ജനിച്ചിരുന്നു. ആ കുട്ടിയുടെ പേര് ജന്നത്ത് ബീബി എന്നായിരുന്നു. വളരെ ചെറുപ്പത്തില്‍ത്തന്നെ വഫാത്തായി.

ഹദ്‌റത്ത് അഹ്മദ്(അ)ന് 6, 7 വയസ് പ്രായമായാപ്പോള്‍ അദ്ദേഹത്തെ പഠിപ്പിക്കുന്നതിനുവേണ്ടി ഒരു അദ്ധ്യാപകനെ നിശ്ചയിച്ചു. അദ്ദേഹത്തില്‍നിന്നാണ് വിശുദ്ധഖുര്‍ആനും അക്കാലത്തെ രീതിയനുസരിച്ച് ചില ഫാര്‍സി ഗ്രന്ഥങ്ങളും പഠിച്ചത്. തുടര്‍ന്ന് മറ്റു രണ്ട് അദ്ധ്യാപകരില്‍ നിന്ന് ഫാര്‍സിയും അറബിയും പഠിച്ചുകൊണ്ടിരുന്നു. വൈദ്യശാസ്ത്ര ഗ്രന്ഥങ്ങള്‍ പഠിച്ചത്, വലിയൊരു ഭിഷഗ്വരനായിരുന്ന സ്വന്തം പിതാവില്‍ നിന്നുതന്നെയാണ്. ഏതെങ്കിലും അദ്ധ്യാപകരില്‍ നിന്ന് കൃത്യമായി ദീനീ വിദ്യാഭ്യാസമൊന്നും ആര്‍ജ്ജിച്ചിരുന്നില്ല. സ്വന്തം നിലയ്ക്ക് മതഗ്രന്ഥങ്ങള്‍ പാരായണം ചെയ്തിരുന്നു. വിശുദ്ധ ഖുര്‍ആന്‍ പാരായണം ചെയ്യാനും അതിൽ പരിചിന്തനം ചെയ്യാനും തുടക്കം മുതലേ അദ്ദേഹത്തിന് അതീവ താല്‍പര്യമായിരുന്നു.

സ്വഭാവം

ഹദ്‌റത്ത് അഹ്മദ്(അ)ന്‍റെ കുട്ടിക്കാലം അതീവ ലളിതവും പരമപരിശുദ്ധവും ആയിരുന്നു. ഒരു ഉന്നതകുലജാതനായിരുന്നിട്ടു കൂടി അദ്ദേഹം അനാവശ്യ കളികളിലോ നേരം പോക്കുകളിലോ ഏര്‍പ്പെട്ടിരുന്നില്ല. പക്ഷേ, പ്രയോജനപ്രദവും ഗുണപ്രദവുമായ കളികളില്‍ തീര്‍ച്ചയായും പങ്കെടുത്തിരുന്നു. ചെറുപ്പത്തില്‍ത്തന്നെ നീന്താന്‍ പഠിച്ചു. കുതിരസവാരിയിലും നിപുണനായിരുന്നു. അദ്ദേഹത്തിന്‍റെ സല്‍സ്വഭാവങ്ങളും ലാളിത്യവും പരിശുദ്ധിയും അന്യരെ ഹഠാദാകര്‍ഷിച്ചിരുന്നു. ഒരു വലിയ സൂഫിവര്യനും വലിയുല്ലായുമായിരുന്ന മൗലവി ഗുലാം റസൂല്‍ സാഹിബ് ഒരിക്കല്‍ ആ കുട്ടിയുടെ ശിരസ്സില്‍ തലോടിക്കൊണ്ട് പറഞ്ഞു. ”ഇക്കാലഘട്ടത്തില്‍ ആരെങ്കിലും നബിയാകുമെങ്കില്‍ ഈ കുട്ടി നുബുവ്വത്തിന് യോഗ്യനാണ്.” (ഹയാത്തെത്വയ്യിബ, പേജ് 14)

യുവത്വം

15 16 വയസ് പ്രായമായപ്പോള്‍ അദ്ദേഹത്തിന്‍റെ വിവാഹം മാതുലന്‍റെ പുത്രി ഹുര്‍മത്ത് ബീവി സാഹിബയുമായി നടന്നു. ഈ വിവാഹത്തില്‍ അദ്ദേഹത്തിന് രണ്ട് കുട്ടികള്‍ ജനിച്ചു.

(1) ഹദ്‌റത്ത് മിര്‍സാ സുല്‍ത്താന്‍ അഹ്മദ് സാഹിബ്, ഉന്നത സര്‍ക്കാര്‍ ഉദ്യോഗങ്ങളില്‍ ഉപവിഷ്ഠനായിരുന്നു. രണ്ടാം ഖിലാഫത്ത് കാലത്ത് ബയ്അത്ത് ചെയ്തു. 1931ല്‍ അദ്ദേഹം വഫാത്തായി.

(2) മിര്‍സാ ഫസ്ല്‍ അഹ്മദ് സാഹിബ് ഹദ്‌റത്ത് മസീഹ് മൗഊദ് (അ)ന്‍റെ കാലത്തു തന്നെ വഫാത്തായിരുന്നു.

വിവാഹത്തിനു ശേഷവും ആ മഹാത്മാവിന്‍റെ ജീവിതത്തിലധിക സമയവും ദൈവസ്‌തോത്രത്തിലും ദൈവസ്മരണയിലുമാണ് കഴിഞ്ഞത്. അദ്ദേഹത്തിന്‍റെ പിതാവ്, മകന് ഒരു ഭൗതികജോലി നേടി കൊടുക്കണമെന്നും അതില്‍ അഭിവൃദ്ധിപ്പെടണമെന്നും അതിയായി ആഗ്രഹിച്ചിരുന്നു. പക്ഷേ, അദ്ദേഹം അത് ഇഷ്ടെപ്പെട്ടതേയില്ല. എങ്കിലും പിതാവിന്‍റെ ആഗ്രഹപ്രകാരവും അദ്ദേഹത്തെ അനുസരിച്ചുകൊണ്ടും ഭൂമി സംന്ധമായ ചില കേസുകള്‍ക്ക് പോയിക്കൊണ്ടിരുന്നു. 1864ല്‍ സിയാല്‍ക്കോട്ടില്‍ നാലുവര്‍ഷം സര്‍ക്കാര്‍ ജോലിയും ചെയ്തു. പക്ഷേ, അദ്ദേഹത്തിന് ആ ജോലിയോട് ഒരു പ്രതിപത്തിയും ഇല്ലായിരുന്നു. ‘ഇവിടെ എനിക്ക് കാരാഗൃഹമായിതോന്നുന്നു’ എന്നാണ് അദ്ദേഹം പറഞ്ഞിരുന്നത്. ഒഴിവു സമയങ്ങളധികവും വിശുദ്ധ ഖുര്‍ആന്‍ പാരായണത്തിലും, ഇബാദത്തുകളിലും, ക്രിസ്ത്യാനികളുമായി ഇസ്‌ലാമിന്‍റെ സത്യത്തെക്കുറിച്ചുള്ള ചര്‍ച്ചകളിലുമാണ് അദ്ദേഹം ചെലവഴിച്ചത്. 1867ല്‍ അദ്ദേഹം, പിതാവിന്‍റെ നിര്‍ദ്ദേശപ്രകാരം സര്‍ക്കാര്‍ ഉദ്യോഗം രാജിവെച്ച് ഖാദിയാനില്‍ തിരിച്ചെത്തി. ഈ വര്‍ഷം തന്നെയാണ് മാതാവ് മരണപ്പെട്ടതും. മാതൃവിയോഗ വേദന അദ്ദേഹം അക്ഷോഭ്യനായി നേരിട്ടു.

ഇല്‍ഹാം

1868-69ല്‍ ഒരാള്‍ ഹദ്‌റത്ത് അഹ്മദ് (അ)നെ മൗലവി മുഹമ്മദ് ഹുസൈന്‍ ബട്ടാലവിയുമായി ചര്‍ച്ച നടത്താന്‍ കൊണ്ടുപോയി. മൗലവി അഹ്‌ലെ ഹദീസ് കക്ഷിക്കാരനായിരുന്നു. അക്കാലത്ത് ഈ വിഭാഗത്തിന് ശക്തമായ എതിര്‍പ്പുകളാണ് ഉണ്ടായിരുന്നത്. ബട്ടാലവിയുടെ വാദങ്ങളെ തെറ്റാണെന്ന് സ്ഥാപിച്ചു കാട്ടാനായിരുന്നു ഹദ്‌റത്ത് അഹ്മദി(അ)നെ ചര്‍ച്ചക്ക് കൊണ്ടുപോയത്. ആ മഹാത്മന്‍, ബട്ടാലവിയോട് അദ്ദേഹത്തിന്‍റെ വിശ്വാസപ്രമാണങ്ങള്‍ എന്താണെന്ന് ചോദിച്ചു. തന്‍റെ വിശ്വാസപ്രമാണങ്ങള്‍, ഇസ്‌ലാമിക വിശ്വാസപ്രമാണങ്ങള്‍ തന്നെയാണെന്ന് ബട്ടാലവി പറഞ്ഞപ്പോള്‍ ആ മഹാത്മാവ് നിറഞ്ഞ സദസ്സിനോട് പറഞ്ഞു: ”ഈ പ്രമാണങ്ങള്‍ ശരിയായവയാണ്, ഇതിനോട് വാദപ്രതിവാദം നടത്താന്‍ സാധ്യമല്ല.” അദ്ദേഹത്തെ കൂട്ടിക്കൊണ്ടുപോയവര്‍ക്ക് നീരസമുണ്ടായി. അവര്‍ പറഞ്ഞു താങ്കള്‍ ഞങ്ങളെ അപമാനിച്ചിരിക്കുകയാണ്. അതു കേട്ടപ്പോള്‍ ഹദ്‌റത്ത് അഹ്മദ്(അ) അവരോട് പറഞ്ഞു, ഞാന്‍ ചെയ്തതെല്ലാം അല്ലാഹുവിനെ മുന്‍നിര്‍ത്തിക്കൊണ്ട് മാത്രമാണ്. ഞാന്‍ ജനങ്ങളുടെ പ്രശംസയേയോ പ്രകോപനത്തേയോ ഗൗനിക്കുന്നില്ല. ഈ സംഭവത്തില്‍ അല്ലാഹു സന്തോഷം പ്രകടിപ്പിച്ചുകൊണ്ട് അദ്ദേഹത്തിന് ഇപ്രകാരം ഇല്‍ഹാം അറിയിച്ചു.

”അല്ലാഹു നിന്‍റെ ഈ പ്രവൃത്തിയില്‍ സന്തുഷ്ടനായിരിക്കുന്നു. അവന്‍ നിനക്ക് അനുഗ്രഹത്തിനുമേല്‍ അനുഗ്രഹം നല്‍കും. ഏതുവരെയെന്നാല്‍ രാജാക്കന്മാര്‍ നിന്‍റെ വസ്ത്രത്തില്‍നിന്ന് അനുഗ്രഹം തേടും.” (ബറാഹീനെ അഹ്മദിയ്യാ, ഭാഗം 4, പേജ് 520)

1875-76ല്‍ ദൈവിക നിര്‍ദ്ദേശപ്രകാരം 8,9 മാസത്തോളം അദ്ദേഹം തുടര്‍ച്ചയായി നോമ്പനുഷ്ഠിച്ചു. ഭക്ഷണം പരമാവധി കുറക്കുകയും ആത്മീയകാര്യങ്ങളില്‍ കൂടുതല്‍ ശ്രദ്ധാലുവാകുകയും ചെയ്തു. അനേകം ആത്മീയാനുഗ്രഹങ്ങള്‍ക്ക് അദ്ദേഹം പാത്രീഭൂതനായി. സ്വപ്നത്തിലും കശ്ഫി (ജാഗ്രതാദര്‍ശനം)ലുമായി മുന്‍കടന്ന നിരവധി പ്രവാചകന്മാരുമായും വരിഷ്ഠാത്മാക്കളുമായും കൂടിക്കാഴ്ചയ്ക്കും അവസരം ലഭിച്ചു.

പിതാവിന്‍റെ മരണം

1876ല്‍ പിതാവ് മരണപ്പെട്ടു. എന്തെന്തെല്ലാം പ്രശ്‌നങ്ങളാണ് ഇനി അഭിമുഖീകരിക്കേണ്ടി വരികയെന്ന് ചിന്തിച്ച് അദ്ദേഹം വ്യാകുലനായി. അപ്പോള്‍ അല്ലാഹു അദ്ദേഹത്തിന് ഇങ്ങനെ ഇല്‍ഹാം അറിയിച്ചു. “അലയ്‌സല്ലാഹു ബികാഫിന്‍ അബ്ദഹൂ“. അല്ലാഹു തന്‍റെ ദാസന് മതിയായവനല്ലേ? (കിതാബുല്‍ ബരിയ്യ, അടിക്കുറിപ്പ്, പേ 159).

ഈ ഇല്‍ഹാം അദ്ദേഹത്തിന് സമാധാനവും ആശ്വാസവും പ്രദാനം ചെയ്തു. പിതാവിന്‍റെ മരണത്തിനു ശേഷം കുടും സ്വത്തുക്കളുടെ കൈകാര്യകര്‍ത്താവ് അദ്ദേഹത്തിന്‍റെ ജ്യേഷ്ഠസഹോദരന്‍ മിര്‍സാ ഗുലാം ഖാദിര്‍ സാഹിബായിരുന്നു. തന്‍റെ സ്വത്ത്‌വിഹിതം വേര്‍പ്പെടുത്തി ഹദ്‌റത്ത് അഹ്മദ്(അ)ന് സ്വസ്ഥമായി ജീവിതം തള്ളിനീക്കാമായിരുന്നെങ്കിലും അദ്ദേഹമത് ഇഷ്ടപ്പെട്ടില്ല. ജ്യേഷ്ഠന്‍ നല്‍കുന്നതില്‍ തൃപ്തനായി ജീവിച്ചുപോന്നു. ഈ കാലഘട്ടം വളരെ ബുദ്ധിമുട്ടിയാണ് അദ്ദേഹത്തിന് കഴിച്ചുകൂട്ടേണ്ടിവന്നത്. ചെറിയ ചെറിയ ജീവിതാവശ്യങ്ങള്‍ സാധിക്കുന്നതിനു പോലും വളരെ വിഷമിച്ചു. എങ്കിലും ക്ഷമയോടു കൂടിയും അല്ലാഹുവിനോട് നന്ദി കാണിച്ചുകൊണ്ടും ഈ ഘട്ടവും അദ്ദേഹം തരണം ചെയ്തു. തന്‍റെ ഭക്ഷണമധികവും സാധുക്കള്‍ക്കിടയില്‍ വിതരണം ചെയ്യുകയും സ്വയം വളരെ കുറച്ചു മാത്രം ഭക്ഷിക്കുകയുമായിരുന്നു പതിവ്.

ബറാഹീനെ അഹ്മദിയ്യാ

ഇക്കാലത്ത് ഹദ്‌റത്ത് അഹ്മദ്(അ) ഇസ്‌ലാമിന്‍റെ സത്യത സ്ഥാപിച്ചുകൊണ്ട് പത്രങ്ങളില്‍ ലേഖനങ്ങള്‍ എഴുതാന്‍ തുടങ്ങി. ഈ ലേഖനങ്ങള്‍ ഒരുപാട് ചര്‍ച്ചകള്‍ക്ക് ഹേതുവായി. കാരണം ഇസ്‌ലാമിന്‍റെ സത്യസാക്ഷ്യത്തിലേക്ക് അദ്ദേഹം സമര്‍പ്പിച്ച നിരവധിതെളിവുകള്‍ക്കുമുമ്പില്‍ ശത്രുക്കള്‍ പകച്ചു നില്‍ക്കുകയായിരുന്നു. കുറച്ചു കാലത്തിനുശേഷം, വിശുദ്ധ ഖുര്‍ആന്‍റെയും ഹദ്‌റത്ത് നബി(സ) തിരുമേനിയുടേയും സത്യസാക്ഷ്യത്തിനുള്ള അനിഷേധ്യ തെളിവുകള്‍ നിരത്തിക്കൊണ്ട് ഒരു ഗ്രന്ഥപരമ്പര എഴുതാനാരംഭിച്ചു. ‘ബറാഹീനെ അഹ്മദിയ്യാ’ എന്ന പേരില്‍ പ്രസിദ്ധമായ ഈ ഗ്രന്ഥസമാഹാരത്തിന്‍റെ മുഴുവന്‍ പേര് ‘അല്ലാഹുവിന്‍റെ ഗ്രന്ഥമായ ഖുര്‍ആന്‍റെയും മുഹമ്മദീ നുബുവ്വത്തിന്‍റെയും സത്യത്തിലേക്കുള്ള അഹ്മദിയ്യാ പ്രമാണങ്ങള്‍’ എന്നാണ്. ഈ ഗ്രന്ഥത്തിന്‍റെ ആദ്യഭാഗം 1880ലും, രണ്ടാംഭാഗം 1881ലും, മൂന്നാംഭാഗം 1882ലും, നാലാം ഭാഗം 1884ലും പ്രസിദ്ധപ്പെടുത്തി.

ഈ ഗ്രന്ഥരചന ഹദ്‌റത്ത് അഹ്മദ്(അ)നെ രാജ്യമൊട്ടുക്കും പ്രസിദ്ധനാക്കി. ശത്രുക്കളും മിത്രങ്ങളും ഒരുപോലെ അദ്ദഹത്തിന്‍റെ കഴിവുകളെ അംഗീകരിക്കാന്‍ നിര്‍ബന്ധിതരായി. മുസ്‌ലിംകള്‍ അത്യധികം സന്തോഷിച്ചു. പ്രസിദ്ധ മുസ്‌ലിം പണ്ഡിതന്‍ മൗലവി മുഹമ്മദ് ഹുസൈന്‍ ബട്ടാലവി (ഇദ്ദേഹം പിന്നീട് ഹദ്‌റത്ത് അഹ്മദ് (അ)ന്‍റെ ബദ്ധവൈരിയായി മാറി) ഈ ഗ്രന്ഥത്തെക്കുറിച്ച് പറഞ്ഞത് ഇങ്ങനെയാണ്. ”നമ്മുടെ അഭിപ്രായത്തില്‍ ഇക്കാലഘട്ടത്തില്‍ നിലവിലുള്ള സ്ഥിതിഗതികളുടെ അടിസ്ഥാനത്തില്‍ ഈ ഗ്രന്ഥത്തിന് തത്തുല്യമായ ഒന്ന് ഇസ്‌ലാമില്‍ ഇന്നേവരെ രചിക്കപെട്ടിട്ടില്ല. (ഇശാഅത്തുസുന്നഃ)

ഇസ്‌ലാമിന്‍റെ ശത്രുക്കളിലും ഈ ഗ്രന്ഥരചന പ്രഭാവം ചെലുത്തി. ഈ ഗ്രന്ഥത്തിന് മറുപടി എഴുതുന്നവര്‍ക്ക് സമ്മാനത്തുക വാഗ്ദാനം ചെയ്യുകയും ഇസ്‌ലാമിന്‍റെ നിറന്നസാക്ഷ്യങ്ങളെ ഖണ്ടിക്കാന്‍ അമുസ്‌ലിംകളെ വെല്ലുവിളിക്കുകയും ചെയ്തു. പക്ഷേ, ഒരൊറ്റ ശത്രുവിനും രംഗത്തുവരാന്‍ ധൈര്യമുണ്ടായില്ല. എങ്കിലും ഹദ്‌റത്ത് അഹ്മദ്(അ)ന് എതിരില്‍ അവരുടെ ശത്രുത നാള്‍ക്കുനാള്‍ വര്‍ദ്ധിച്ചു. വിവിധതരത്തില്‍ അദ്ദേഹത്തെ ഉപദ്രവിക്കാന്‍ അവര്‍ ഉപായങ്ങള്‍ മെനഞ്ഞു. പക്ഷേ, അവരുടെ എല്ലാ പദ്ധതികളും അമ്പേ പരാജയപ്പെടുകയാണുണ്ടായത്.

തപാല്‍കേസ്

1877ല്‍ റലിയറാം എന്നുപേരുള്ള ഒരു ക്രിസ്ത്യന്‍ വക്കീല്‍ ഹദ്‌റത്ത് അഹ്മദ്(അ)ന് എതിരില്‍ ഒരു കേസ് ഫയല്‍ ചെയ്തു. ഈ കേസ് ജമാഅത്തിന്‍റെ ചരിത്രത്തില്‍ ‘മുഖദ്ദിമ ഡാക്ക് ഘാനാ’ (തപാല്‍ കേസ്) എന്ന പേരില്‍ അറിയപ്പെടുന്നു. ഹദ്‌റത്ത് അഹ്മദ്(അ) ഹിന്ദുക്കളിലെ ആര്യസമാജ വിഭാഗത്തിന്നെതിരില്‍ ഇസ്‌ലാമിന്‍റെ സത്യസാക്ഷ്യങ്ങള്‍ ഉള്‍പെടുത്തിക്കൊണ്ട് ഒരു ലേഖനമെഴുതി അമൃത്‌സറിലെ ഒരു പ്രസ്സിലേക്ക് കവറിലാക്കി അയച്ചുകൊടുത്തു. അതോടൊപ്പം ഒരു കത്തും വച്ചിരുന്നു. അക്കാലത്തെ തപാല്‍ നിയമമനുസരിച്ച് ഇത്തരം കവറുകളില്‍ കത്തയക്കുന്നത് കുറ്റകരമായിരുന്നു. അതിനുകൊടുത്തിരുന്ന ശിക്ഷ 500 രൂപ പിഴയോ 6 മാസം തടവോ ആയിരുന്നു. പ്രസ്സിന്‍റെ ഉടമസ്ഥനായിരുന്ന റലിയറാം ഇസ്‌ലാമിന്‍റെ ശത്രുത കാരണം തപാല്‍ അധികൃതരെ വിവരമറിയിച്ചു. അതിന്‍റെ ഫലമായി ഹദ്‌റത്ത് അഹ്മദ്(അ)നെതിരില്‍ കേസ് രജിസ്റ്റര്‍ ചെയ്യപ്പെട്ടു. ഈ ദിവസങ്ങളില്‍ അദ്ദേഹം, റലിയറാം ഒരു പാമ്പിനെ തന്നെ കൊത്താന്‍ വിടുന്നതായും പക്ഷേ താന്‍ രക്ഷപ്പെടുന്നതായും ഒരു സ്വപ്നത്തില്‍ കണ്ടിരുന്നു.

കേസ് കോടതിയിലെത്തിയപ്പോള്‍ കേസില്‍നിന്ന് രക്ഷപ്പെടാന്‍ അഭിഭാഷകര്‍ ഹദ്‌റത്ത് അഹ്മദ്(അ)നെ ഉപദേശിച്ചത് താനങ്ങനെയൊരു കത്ത് പ്രസ്തുത കവറില്‍ വെച്ചിട്ടില്ലെന്നും റലിയാറാം തന്നോടുള്ള ശത്രുത നിമിത്തം താനങ്ങനെ ചെയ്തുവെന്ന് പറയുകയാണെന്നും കോടതിയില്‍ മൊഴി നല്‍കിയാല്‍ മതിയെന്നാണ്. പക്ഷേ ആ സത്യാത്മാവ് അതിനു കൊടുത്ത മറുപടി താന്‍ പ്രസ്തുത കവറില്‍ കത്തുവെച്ചിരിക്കെ ശിക്ഷയില്‍നിന്ന് രക്ഷപ്പെടുന്നതിനുവേണ്ടി അത് നിഷേധിക്കാന്‍ സാധ്യമല്ലെന്നും കള്ളംപറയാന്‍ കഴിയില്ലെന്നുമായിരുന്നു. ഹദ്‌റത്ത് അഹ്മദ്(അ)ന്‍റെ മറുപടി കേട്ടപ്പോള്‍ എങ്കില്‍ പിന്നെ രക്ഷപെടാന്‍ വഴികളൊന്നും കാണുന്നില്ലെന്നായിരുന്നു അഭിഭാഷകര്‍ പറഞ്ഞത്. അദ്ദേഹം പറഞ്ഞു, നമുക്ക് കാത്തിരുന്ന് കാണാം. ഏതായാലും ഞാന്‍ കള്ളം പറയാന്‍ തയ്യാറല്ല.

കവറില്‍ താങ്കളാണോ കത്ത് വച്ചതെന്ന് കോടതി ചോദിച്ചപ്പോള്‍ അദ്ദേഹം പറഞ്ഞു. അതെ, ഞാന്‍ തന്നെയാണ് വെച്ചത്. പക്ഷേ, അത് തപാല്‍ നിയമത്തിനെതിരാണെന്ന് എനിക്കറിയില്ലായിരുന്നു. ഹദ്‌റത്ത് അഹ്മദ്(അ) തെറ്റ് സമ്മതിച്ചപ്പോള്‍ ശത്രുക്കള്‍ ആഹ്ലാദഭരിതരാകുകയും ശിക്ഷാ വിധി കേള്‍ക്കാന്‍ അവര്‍ കാതുകൂര്‍പ്പിക്കുകയുമായിരുന്നു. ആകാശത്ത് വിധിക്കപ്പെട്ടതല്ലാതെ മറ്റൊന്നും ഭൂമിയില്‍ നടക്കില്ലെന്ന് അവര്‍ മനസ്സിലാക്കിയിരുന്നില്ല. ദൈവിക പിന്തുണ ആ സത്യാത്മാവിനോടൊമുണ്ടയിരുന്നു. ന്യായാധിപന്‍ ഹദ്‌റത്ത് അഹ്മദ്(അ)ന്‍റെ സത്യസന്ധതയിലും നന്മയിലും വളരെയധികം പ്രഭാവിതനായി അദ്ദേഹത്തെ നിരുപാധികം ആദരപൂര്‍വ്വം വെറുതെവിട്ടു.

ജ്യേഷ്ഠന്‍റെ മരണം

1881ല്‍ അദ്ദേഹത്തിന്‍റെ ജ്യേഷ്ഠസഹോദരന്‍ മിര്‍സാ ഗുലാം ഖാദിര്‍ സാഹിബ് വഫാത്തായി. അദ്ദേഹത്തിന് മക്കളുണ്ടായിരുന്നില്ല. അതുകൊണ്ടുതന്നെ ഹദ്‌റത്ത് അഹ്മദ്(അ) ആയിരുന്നു സ്വത്തിന്‍റെ അവകാശി. പക്ഷേ, ആ മഹാത്മാവ് ജ്യേഷ്ഠന്‍റെ വിധവയുടെ സന്തോഷത്തെ മുന്‍നിര്‍ത്തി സ്വത്തുക്കള്‍ കൈവശെടുത്തിയില്ല. ഈ സ്വത്തുക്കള്‍ ഒരു നീണ്ടകാലം മറ്റു കുടുംബക്കാരുടെ അധീനതയിലായിരുന്നു.

രണ്ടാം വിവാഹം

ഹദ്‌റത്ത് അഹ്മദ്(അ)ന്‍റെ രണ്ടാം വിവാഹം 1884ല്‍ ദൈവിക നിര്‍ദ്ദേശപ്രകാരവും ഇല്‍ഹാമിന്‍റെ അടിസ്ഥാനത്തിലും ഡല്‍ഹിയിലെ സുപ്രസിദ്ധമായ ഒരു സയ്യിദ് കുടുംത്തിലെ പരിശുദ്ധവതിയായ മഹിളാരത്‌നം, ഹദ്‌റത്ത് സയ്യിദ നുസ്‌റത്ത് ജഹാന്‍ ബീഗം സാഹിബയുമായി നടന്നു. ഒരു ഇല്‍ഹാമിന്‍റെ നിറപുലര്‍ച്ചകൂടിയായിരുന്നു അത്. ആ ഇല്‍ഹാം ഇപ്രകാരമായിരുന്നു. ”നിന്‍റെ മറ്റൊരു വിവാഹം നടത്തണമെന്ന് ഞാന്‍ ആഗ്രഹിക്കുന്നു. ഈ എല്ലാ കാര്യങ്ങളും ഞാന്‍തന്നെ ഒരുക്കുന്നതാണ്.” (ഹയാത്തെ ത്വയ്യിബ, പേജ്73).

ഹദ്‌റത്ത് അഹ്മദ്(അ)ന്‍റെ ശ്വശുരന്‍റെ പേര് ഹദ്‌റത്ത് മീര്‍ നാസിര്‍ നവാബ് സാഹിബ് എന്നായിരുന്നു. അദ്ദേഹം വളരെ പരിശുദ്ധനായ ഒരു മഹാത്മാവായിരുന്നു. 1884ല്‍ നവംബര്‍ 17ന് ഡല്‍ഹിയിലെ സുപ്രസിദ്ധ പണ്ഡിതനായ സയ്യിദ് നദീര്‍ ഹുസൈന്‍ സാഹിബ് മുഹദ്ദിസ് ദഹ്‌ലവി, ഹദ്‌റത്ത് അഹ്മദ്(അ)ന്‍റെ നിക്കാഹ് ഖുത്ബ നിര്‍വ്വഹിച്ചു. ഈ വിവാഹം ദൈവിക വാഗ്ദാനപ്രകാരം അനുഗ്രഹപൂര്‍ണ്ണമായിരുന്നു. ഇതില്‍ ഒട്ടേറെ സുവാര്‍ത്തകളാല്‍ അനുഗൃഹീതരായ പരിശുദ്ധസന്താനങ്ങള്‍ ഹദ്‌റത്ത് അഹ്മദ്(അ)ന് ലഭിച്ചു. പ്രസ്തുത സുവാര്‍ത്തകളുടെ പൂര്‍ത്തീകരണം ഇന്നും ലോകം കണ്ടുകൊണ്ടിരിക്കുന്നു.

സുവാര്‍ത്ത നല്‍കപ്പെട്ട സന്താനങ്ങള്‍

ഈ വിവാഹത്തില്‍ ഹദ്‌റത്ത് അഹ്മദ്(അ)ന് 10 സന്താനങ്ങളെ ലഭിച്ചു. അവരില്‍ അഞ്ചുപേര്‍ ചെറുപ്രായത്തില്‍ത്തന്നെ വഫാത്തായി.

 1. സാഹിബ് സാദി ഇസ്മത്ത് (1886 മെയ് – 1891 ജൂലായ്)
 2. ബശീര്‍ അവ്വല്‍ (7.8.1887 – 4.11.1888)
 3. ഹ. മിര്‍സാ ബശീറുദ്ദീന്‍ മഹ്മൂദ് അഹ്മദ് (12.1.1889 – 8.11.1965)
 4. സാഹിബ് സാദി ശൗക്കത്ത് (1891 – 1892)
 5. ഹ. മിര്‍സാ ബശീര്‍ അഹ്മദ് (20.4.1893 – 2.9.1963)
 6. ഹ. മിര്‍സാ ശരീഫ് അഹ്മദ് (24.5.1895 – 26.12.1961)
 7. ഹ. നവാബ് മുബാറക്കബേഗം (6.3.1897 – 23.5.1977)
 8. ഹ. മിര്‍സാ മുബാറക് അഹ്മദ് (14.6.1899 – 16.9.1907)
 9. സാഹിബ് സാദി അമത്തുന്നസീര്‍ (28.1.1903 – 3.12.1903)
 10. ഹ. അമത്തുല്‍ ഹഫീസ് ബേഗം (25.6.1904 – 1987)

മുജദ്ദിദ്

1885ന്‍റെ ആരംഭത്തില്‍ ഹദ്‌റത്ത് അഹ്മദ്(അ) ഒരു വിജ്ഞാപനം ഇറക്കി. അതില്‍ അദ്ദേഹം ഇസ്‌ലാമിക ശത്രുക്കളെ, ഇസ്‌ലാമിന്‍റെ പുതിയ പുതിയ ദൃഷ്ടാന്തങ്ങള്‍ കാണാന്‍ ആഗ്രഹിക്കുന്നുവെങ്കില്‍ തന്‍റെ അടുത്തുവന്ന് ആ ആകാശീയ ദൃഷ്ടാന്തങ്ങള്‍ കാണാന്‍ ക്ഷണിച്ചിരുന്നു. കൂടാതെ അല്ലാഹു തന്നെ ഇസ്‌ലാമിന്‍റെയും റസൂലുല്ലാഹ്(സ)ന്‍റെയും സത്യത വെളിപെടുത്തുന്നതിനുവേണ്ടി ഇക്കാലഘട്ടത്തില്‍ മുജദ്ദിദും ദൈവനിയോഗിതനുമായി നിശ്ചയിച്ചിരിക്കുകയാണെന്നും വിളംബരപ്പെടുത്തിയിരുന്നു. ഈ നോട്ടീസ് 20,000 കോടികളാണ് അച്ചടിച്ചത്.

ബയ്അത്ത് വിളംബരം

1888 ഡിസംബര്‍ 1ന് ദൈവിക നിര്‍ദ്ദേശപ്രകാരം അദ്ദേഹം ഒരു വിളംബരം പ്രസിദ്ധീകരിച്ചു. സത്യസന്ധമായ വിശ്വാസവും ശരിയായ പരിശുദ്ധിയും ആര്‍ജ്ജിക്കുന്നതിനു വേണ്ടി താനുമായി ബയ്അത്ത് ചെയ്യാനും അങ്ങനെ ദൈവികാനുഗ്രഹങ്ങള്‍ക്ക് പാത്രീഭൂതരാകാനും അദ്ദേഹം ജനങ്ങളെ ക്ഷണിച്ചു. 1889 ജനുവരി 12ന് മറ്റൊരു വിജ്ഞാപനത്തിലൂടെ ബയ്അത്തിന്‍റെ 10 നിബന്ധനകളും വിളംബരപ്പെടുത്തി.

അതിന്‍റെ സംക്ഷിപ്തം ഇതാണ്: തനിക്ക് ബയ്അത്ത് ചെയ്യാനാഗ്രഹിക്കുന്നവര്‍ അല്ലാഹുവിന്‍റെയും റസൂല്‍(സ)ന്‍റെയും ആജ്ഞകളനുസരിക്കുന്നതാണ്. ശിര്‍ക്ക്, കളവ്, അക്രമം, കുഴപ്പം,  അഹങ്കാരം,  മിഥ്യാഭിമാനം തുടങ്ങിയ സകലതികളില്‍നിന്നും വിട്ടുനില്‍ക്കുന്നതാണ്. കൃത്യമായി നമസ്‌കാരങ്ങള്‍ അനുഷ്ഠിക്കുന്നതാണ്. അല്ലാഹുവിനുവേണ്ടി സകല പ്രയാസങ്ങളും സഹിക്കുന്നതാണ്. എല്ലാവരോടും നല്ലരീതിയില്‍ വര്‍ത്തിക്കുന്നതാണ്. ദീനീസേവനങ്ങളെ ഏറ്റവും പ്രിയപ്പെട്ടതായി ഗണിക്കുന്നതാണ്. സകലജനങ്ങളോടും അനുകമ്പാപൂര്‍വ്വം വര്‍ത്തിക്കുന്നതാണ്. മറ്റാരോടും കാണിക്കാത്ത സ്‌നേഹബന്ധം ഹദ്‌റത്ത് അഹ്മദു(അ)മായി പുലര്‍ത്തുന്നതും മരണംവരെയും പ്രസ്തുത 10 നിബന്ധനകളിലും ഉറച്ചുനില്‍ക്കുന്നതുമാണ്.

അഹ്മദിയ്യാ മുസ്‌ലിം ജമാഅത്ത്

1889 മാര്‍ച്ച് 23ന് ലുധിയാനയിലെ മര്‍ഹൂം സൂഫി അഹ്മദ്ജാന്‍ സാഹിബിന്‍റെ ഭവനത്തില്‍വെച്ച് ഹദ്‌റത്ത് അഹ്മദ്(അ) 40 പേരില്‍നിന്ന് ആദ്യമായി ബയ്അത്ത് സ്വീകരിച്ചു. അങ്ങനെ അഹ്മദിയ്യാ മുസ്‌ലിം ജമാഅത്തിന് അടിത്തറയിട്ടു. ഏറ്റവുമാദ്യം ബയ്അത്ത് ചെയ്യാന്‍ ഭാഗ്യം ലഭിച്ചത് ഹദ്‌റത്ത് മൗലാനാ ഹകീം നൂറുദ്ദീന്‍ സാഹിബ് (റ) നായിരുന്നു. സ്ത്രീകളില്‍ നിന്ന് ആദ്യമായി ബയ്അത്ത് ചെയ്തത് ഹദ്‌റത്ത് സുഗ്‌റ ബേഗം സാഹിബ (റ) ആയിരുന്നു. ഇവര്‍ ഹദ്‌റത്ത് മൗലാനാ ഹകീം നൂറുദ്ദീന്‍ സാഹിബിന്‍റെ സഹധര്‍മ്മിണിയും, സൂഫി അഹ്മദ്ജാന്‍ സാഹിബിന്‍റെ മകളുമാണ്. അന്ന് ബയ്അത്ത് ചെയ്ത മറ്റു ചിലര്‍ ഇവരാണ്.

ഹദ്‌റത്ത് മൗലവി അബ്ദുല്ലാഹ് സാഹിബ് സെന്നൗരി (റ),

ഹദ്‌റത്ത് ചൗദ്ദരി റുസ്തം അലി സാഹിബ് (റ),

ഹദ്‌റത്ത് മുന്‍ശി അരോഡേഖാന്‍ സാഹിബ് (റ),

ഹദ്‌റത്ത് മുന്‍ശി സഫര്‍ അഹ്മദ് സാഹിബ് (റ),

ഹദ്‌റത്ത് മുന്‍ശി ഹബീബുര്‍റഹ്മാന്‍ സാഹിബ് (റ),

ഹദ്‌റത്ത് ഖാദി സിയാഉദ്ദീന്‍ സാഹിബ് (റ),

ഹദ്‌റത്ത് മീര്‍ ഇനായത്ത് അലി സാഹിബ് (റ).

1901 ല്‍ ഹദ്‌റത്ത് അഹ്മദ്(അ) തന്‍റെ ജമാഅത്തിന് മുസ്‌ലിം ഫിര്‍ഖഃ അഹ്മദിയ്യാ (അഹ്മദിയ്യാ മുസ്‌ലിം ജമാഅത്ത്) എന്ന പേര് നല്‍കി.

മുസ്‌ലിഹ് മൗഊദ്

1886ന്‍റെ തുടക്കത്തില്‍ ദൈവേച്ഛയനുസരിച്ച് ഹദ്‌റത്ത് അഹ്മദ്(അ) ഹോശിയാര്‍പൂരിലേക്ക് പോയി. അവിടെ ഒരു വീട്ടില്‍ 40 ദിവസത്തോളം പ്രാര്‍ത്ഥനാനിരതനായി കഴിച്ചുകൂട്ടി. ഇത് ‘ചില്ലാകശി’ (തപോയജ്ഞം) എന്ന പേരിലറിയപ്പെടുന്നു. ഇസ്‌ലാമിന്‍റെ പുരോഗതിക്കും പ്രചാരണത്തിനും വേണ്ടി ആ മഹാത്മന്‍ പ്രത്യേക ദുആകളില്‍ വ്യാപൃതനായി. ഈ ദുആകളുടേയും ഇബാദത്തുകളുടേയും ഫലമായി അല്ലാഹു ഒരു വാഗ്ദത്ത പുത്രനെക്കുറിച്ച് ഹദ്‌റത്ത് അഹ്മദ്(അ)ന് സുവാര്‍ത്ത നല്‍കി. ഇത് ‘പേശ്‌ഗോയി മുസ്‌ലിഹ് മൗഊദ്’ (മുസ്‌ലിഹ് മൗഊദിനെക്കുറിച്ചുള്ള പ്രവചനം) എന്ന പേരില്‍ പ്രസിദ്ധമാണ്. ഈ സുവാര്‍ത്തയില്‍ ഹദ്‌റത്ത് അഹ്മദ്(അ)ന് 9 വര്‍ഷങ്ങള്‍ക്കകം ഒരു പുത്രന്‍ ജനിക്കുമെന്നും ആ സുപുത്രന്‍ മുഖേന ഇസ്‌ലാമിനും അഹ്മദിയ്യത്തിനും അനിതര സാധാരണമാംവിധം പുരോഗതി ലഭ്യമാകുമെന്നും വാഗ്ദത്തപുത്രന്‍ ലോകത്തിന്‍റെ കോണുകളോളം പ്രസിദ്ധിയാര്‍ജ്ജിക്കുമെന്നും അല്ലാഹു അറിയിച്ചിരുന്നു. പ്രവചനത്തിലെ ചില ഭാഗങ്ങള്‍ താഴെ ചേര്‍ക്കുന്നു. ”നീ ചോദിച്ചതിന്‍പ്രകാരം ഞാന്‍ നിനക്ക് കാരുണ്യത്തിന്‍റെ  ഒരടയാളം നല്‍കുന്നു. അത്ഭുതശക്തിയുടേയും ഔദാര്യത്തിന്‍റെയും സാമീപ്യത്തിന്‍റെയും അടയാളം നിനക്ക് നല്‍കുന്നു. വരപ്രസാദത്തിന്‍റെയും ഔദാര്യത്തിന്‍റെയും അടയാളം നിനക്ക് നല്‍കപ്പെടുന്നു. വിജയങ്ങളുടെ കുഞ്ചിക നിനക്ക് ലഭ്യമാകുകയാണ്. അവനോടൊം അനുഗ്രഹമുണ്ട്. അത് അവന്‍റെ വരവോടുകൂടി വരുന്നതണ്. അവന്‍ പ്രതാപവും പ്രഭാവവും ഐശ്വര്യവുമുള്ളവനായിരിക്കും. അവന്‍ ലോകത്തുവന്ന് തന്‍റെ മസീഹീഗുണവും റൂഹുല്‍ ഹഖിന്‍റെ (സത്യത്തിന്‍റെ ആത്മാവ്) അനുഗ്രഹവും മുഖേന അനേകരുടെ രോഗത്തെ സുഖപ്പെടുത്തും. അവന്‍ കലിമതുല്ലാഹ് (അല്ലാഹുവിന്‍റെ വചനം) ആകുന്നു. എന്തുകൊണ്ടെന്നാല്‍ അല്ലാഹുവിന്‍റെ അനുഗ്രഹവും അഭിമാനവും അവനെ മഹത്വത്തിന്‍റെ വചനത്താല്‍ അയച്ചിരിക്കുന്നു. അവന്‍ വലിയ ബുദ്ധിശാലിയും കാര്യജ്ഞനുമായിരിക്കും; ഹൃദയാത്മാവിനാ സഹിഷ്ണുതയുള്ളവനും. അവന്‍ ആത്മീയവും ഭൗതികവുമായ വിദ്യകളാല്‍ നിറക്കപ്പെടും. പ്രകാശം വരുന്നു. ദൈവം അവനെ തന്‍റെ അഭീഷ്ടത്തിന്‍റെ പരിമളം കൊണ്ട് പരിലിപ്തനാക്കിയിരിക്കുന്നു. നാം അവനില്‍ നമ്മുടെ ആത്മാവ് ഇടുന്നതാണ്. അവന്‍റെ തലയ്ക്കുമീതെ ദൈവത്തിന്‍റെ നിഴലുണ്ടായിരിക്കും. അവന്‍ വേഗം വേഗം വളരുകയും ബന്ധനസ്ഥരുടെ മോചനത്തിന് കാരണമാകുകയും ചെയ്യും. ഭൂമിയുടെ കോണുകളോളം കീര്‍ത്തിപ്രാപിക്കും. ജാതികള്‍ അവനില്‍നിന്ന് അനുഗ്രഹം തേടും….” (വിളംബരം 1886, ഫെബ്രുവരി 20)

ഈ ദൈവിക സുവാര്‍ത്തയനുസരിച്ച് 9 വര്‍ഷങ്ങള്‍ക്കകം തന്നെ ആ വാഗ്ദത്ത സുപുത്രന്‍ ഹദ്‌റത്ത് മിര്‍സാ ബശീറുദ്ദീന്‍ മഹ്മൂദ് അഹ്മദ് സാഹിബ് ഭൂജാതനായി. ഹദ്‌റത്ത് മസീഹ് മൗഊദ്(അ), ‘സിറാജെ മുനീര്‍’ എന്ന തന്‍റെ ഗ്രന്ഥത്തില്‍ വാഗ്ദത്ത സുപുത്രന്‍ ജനിച്ചിരിക്കുന്നതായി വിളംബരം ചെയ്തിട്ടുണ്ടായിരുന്നു. മുസ്‌ലിഹ് മൗഊദ് എന്ന പേരില്‍ വിശ്വവിഖ്യാതനായിത്തീര്‍ന്ന ഈസുപുത്രനാണ് അഹ്മദിയ്യാ മുസ്‌ലിം ജമാഅത്തിന്‍റെ രണ്ടാം ഖലീഫയായി തിരഞ്ഞെടുക്കപ്പെട്ടത്. 52 വര്‍ഷക്കാലം നീണ്ട പ്രസ്തുത ഖിലാഫത്ത് ഹദ്‌റത്ത് അഹ്മദ്(അ)ന് വാഗ്ദത്തപുത്രനെ കുറിച്ച് ലഭിച്ച 52 സുലക്ഷണങ്ങളുടെയും 7 ഉദ്ദേശ്യങ്ങളുടെയും നിറപുലര്‍ച്ചയായിരുന്നു.

മസീഹ് മൗഊദ് (വാഗ്ദത്ത മസീഹ്)

1890ന്‍റെ അവസാനത്തില്‍ അല്ലാഹു, ഹദ്‌റത്ത് അഹ്മദ്(അ)ന് ഈസാനബി (അ) മറ്റ് പ്രവാചകന്മാരെ പോലെ മരണമടഞ്ഞതായി അറിയിച്ചുകൊടുക്കുകയുണ്ടായി. ഈസാ നബി(അ) ഇന്നും സ്ഥൂലശരീരത്തോടുകൂടി ജീവിച്ചിരിക്കുന്നുവെന്ന വിശ്വാസം വിശുദ്ധ ഖുര്‍ആനും  തിരുനബിവചനങ്ങള്‍ക്കും ബുദ്ധിക്കും നിരക്കാത്തതാണ്. 1891ന്‍റെ ആരംഭത്തില്‍ ഈസാനബി(അ) മരിച്ചുപോയിരിക്കുന്നുവെന്നും അദ്ദേഹം ഇനി തിരിച്ചുവരികയില്ലെന്നും നബി(സ) തിരുമേനി പ്രവചനം ചെയ്ത വാഗ്ദത്ത മസീഹും മഹ്ദിയുമായി അല്ലാഹു, തന്നെ നിയോഗിച്ചിരിക്കുന്നുവെന്നും ഈ ലോകത്തിന്‍റെ പരിഷ്‌കരണത്തിനും ഇസ്‌ലാമിന്‍റെ ശരിയായ അദ്ധ്യാപനങ്ങളെ നിലനാട്ടുന്നതിനും പ്രചരിപ്പിക്കുന്നതിനും വേണ്ടി മസീഹി-ഗുണത്തോടുകൂടി അല്ലാഹു തന്നെ അയച്ചിരിക്കുന്നുവെന്നും ആ മഹാത്മാവ് പ്രഖ്യാപിച്ചു. ഈ വിളംബരത്തോടുകൂടി ഒരു ഭാഗത്ത് സല്‍പ്രകൃതരും സത്‌വൃത്തരുമായ ആളുകള്‍ അദ്ദേഹത്തില്‍ വിശ്വസിക്കാന്‍ തയ്യാറായപ്പോള്‍ മറുഭാഗത്ത് എതിര്‍പ്പിന്‍റെ തീകാറ്റ് ആഞ്ഞുവീശാനും തുടങ്ങി. മിത്രങ്ങള്‍ ശത്രുക്കളായി മാറി. മുസ്‌ലിംപണ്ഡിത പരിഷകള്‍ കുഫ്ര്‍ ഫത്‌വകള്‍ ഇറക്കി. ക്രിസ്ത്യാനികളുടെ ഭാഗത്തുനിന്ന് ഉണ്ടായ എതിര്‍പ്പും തീഷ്ണമായിരുന്നു. കാരണം, ഈസാനബി മരിച്ചുവെന്ന പ്രഖ്യാപനം ത്രിയേകത്വത്തിന്‍റെ അടിത്തറയെതന്നെ പിടിച്ചുലക്കുകയായിരുന്നു.

സംവാദങ്ങള്‍

ശത്രുപക്ഷത്തെ മൗലവിമാരുമായും ക്രിസ്ത്യന്‍ പാതിരിമാരുമായും നിരവധി സംവാദങ്ങള്‍ അരങ്ങേറി. 1891ല്‍ മൗലവി മുഹമ്മദ് ഹുസൈന്‍ ബട്ടാലവി, മൗലവി സയ്യിദ് നദീര്‍ ഹുസൈന്‍ ദഹ്‌ലവി, മൗലവി മുഹമ്മദ് ബശീര്‍ ഭോപാലവി എന്നിവരുമായും 1892ല്‍ മൗലവി അബ്ദുല്‍ ഹക്കീം കലാനൂരിയുമായും സംവാദങ്ങള്‍ നടന്നു. 1893ല്‍ പ്രസിദ്ധ ക്രിസ്ത്യന്‍ പാതിരി അബ്ദുല്ലാഹ് ആഥിമുമായി നടന്ന സംവാദവും ഹദ്‌റത്ത് അഹ്മദ്(അ)ന്‍റെ സത്യസാക്ഷ്യത്തിനുള്ള വലിയൊരു ദൃഷ്ടാന്തമായിരുന്നു. ഈ സംവാദങ്ങളുടെ ഫലമായി വളരെയേറെ സത്യാന്വേഷികള്‍ക്ക് ഹദ്‌റത്ത് അഹ്മദ്(അ)ന് ബയ്അത്ത് ചെയ്യാന്‍ അവസരം ലഭിച്ചു.

ജല്‍സാ സാലാന

1891ല്‍ ഹദ്‌റത്ത് മസീഹ് മൗഊദ്(അ) ജല്‍സാ സാലാന (വാര്‍ഷികസമ്മേളനം)ക്ക് അടിത്തറയിട്ടു. 1891 ഡിസംബര്‍ മാസം ചേര്‍ന്ന ആദ്യത്തെ ജല്‍സാ സാലാനയില്‍ 75 പേരാണ് പങ്കെടുത്തത്. ഈ ജല്‍സ ഖാദിയാനിലെ മസ്ജിദ് അഖ്‌സയിലാണ് സംഘടിപ്പിച്ചത്. 1892ലെ ജല്‍സയില്‍ 327 പേര്‍ പങ്കെടുത്തു. ഏതാനും ചില വര്‍ഷങ്ങളൊഴികെ എല്ലാ വര്‍ഷവും ജല്‍സ സാലാന സംഘടിപ്പിച്ചുവരുന്നു. പതിനായിരങ്ങള്‍ പങ്കെടുക്കുന്ന ജല്‍സകള്‍ ഖാദിയാനെ പോലെതന്നെ വിവിധ രാഷ്ട്രങ്ങളിലും എല്ലാ വര്‍ഷവും ഉമ്മത്തെവാഹിദയുടെ അനുപമദൃശ്യം പ്രകടമാക്കിക്കൊണ്ട് അരങ്ങേറുന്നു.

പാതിരി അബ്ദുല്ലാഹ് ആഥിമിനെക്കുറിച്ചുള്ള പ്രവചനം

1893ല്‍ അമൃത്‌സറില്‍വെച്ച് മെയ് 22 മുതല്‍ ജൂണ്‍ 5വരെ പ്രസിദ്ധ ക്രിസ്ത്യന്‍ പാതിരി അബ്ദുല്ലാഹ് ആഥിമുമായി ലിഖിതരൂപേണ നേര്‍ക്കുനേര്‍ സംവാദം നടന്നു. ഈ സംവാദം പിന്നീട് ‘ജംഗെ മുഖദ്ദസ്’ എന്ന പേരില്‍ പ്രസിദ്ധീകരിച്ചിട്ടുണ്ട്. വിജയകരമായ ഈ സംവാദത്തിനിടയില്‍ തന്നെ പലര്‍ക്കും ബയ്അത്ത് ചെയ്ത് അഹ്മദിയാകാനുള്ള സൗഭാഗ്യം ലഭിക്കുകയുണ്ടായി.

സംവാദത്തിനിടയില്‍ രസകരമായൊരു സംഭവമുണ്ടായി. ക്രിസ്ത്യാനികള്‍ ഒരു അന്ധനേയും മുടന്തനേയും ഊമയേയും ഹദ്‌റത്ത് അഹ്മദ്(അ)ന് മുന്നില്‍ നിറുത്തിക്കൊണ്ട്, ഞങ്ങളുടെ ഈസാമസീഹ് അന്ധനേയും ഊമയേയും മുടന്തനേയും സുഖപ്പെടുത്തിയിരുന്നുവെന്നും വാഗ്ദത്തം ചെയ്യപ്പെട്ട മസീഹാണെന്ന താങ്കളുടെ വാദം സത്യമാണെങ്കില്‍ ഇവരെ സുഖപ്പെടുത്തിക്കാണിക്കുക എന്ന് പറഞ്ഞു. ക്രിസ്ത്യാനികള്‍ മതിമറന്ന് ആഹ്ലാദിക്കുകയായിരുന്നു. മിര്‍സാ സാഹിബ് ലജ്ജിതനാകാന്‍ പോകുന്നുവെന്ന് അവര്‍ കരുതി. എന്നാല്‍, ക്രിസ്ത്യാനികളുടെ നിര്‍ദ്ദേശം സുസ്‌മേരവദനനായി ശ്രവിച്ച ഹദ്‌റത്ത് അഹ്മദ്(അ) പറഞ്ഞു. ‘ഈസാമസീഹ് അന്ധനേയും ഊമയേയും സുഖപ്പെടുത്തിയതായി നിങ്ങളുടെ ഇഞ്ചീലിലാണ് ഉള്ളത്. ഞങ്ങളുടെ ഖുര്‍ആന്‍ ഒരിക്കലും അതു പറഞ്ഞിട്ടില്ല. അതുകൊണ്ടുതന്നെ ഞങ്ങളിക്കാര്യത്തിന്‍റെ വക്താക്കളുമല്ല. ഇഞ്ചീലില്‍ മറ്റൊന്നുകൂടി പറയുന്നുണ്ട്. അതായത്, യേശു ശിഷ്യരോട് പറഞ്ഞത്, നിങ്ങള്‍ക്ക് കടുകുമണിയോളം വിശ്വാസമുണ്ടെങ്കില്‍ അത്യത്ഭുതകൃത്യങ്ങള്‍ ചെയ്യാന്‍ കഴിയുമെന്നും മലയെപ്പോലും നീക്കാന്‍ കഴിയുമെന്നുമാണ്. ആയതിനാല്‍ ഈ രോഗികളെ നിങ്ങള്‍ക്കു മുമ്പില്‍തന്നെ സമര്‍പ്പിച്ചുകൊണ്ട് എനിക്ക് പറയാനുള്ളത് കടുകുമണിയോളം വിശ്വാസമെങ്കിലും നിങ്ങളിലുണ്ടെങ്കില്‍ ഇവരെ സുഖപ്പെടുത്തിക്കൊണ്ട് നിങ്ങളുടെ വിശ്വാസം തെളിയിക്കുക.’

ഹദ്‌റത്ത് അഹ്മദ്(അ)ന്‍റെ ഈ അപ്രതീക്ഷിതമായ മറുപടി ശത്രു പക്ഷത്തെയാകമാനം നിരുദ്ധകണ്ഠരാക്കി. ഹദ്‌റത്ത് അഹ്മദി(അ)നെ ജനങ്ങള്‍ക്കു മുന്നില്‍ നാണം കെടുത്താന്‍ മെനഞ്ഞ ഉപായം അവര്‍ക്കു തന്നെ വിനയായിമാറി.

ഈ സംവാദത്തിന്‍റെ അവസാനത്തില്‍ ഹദ്‌റത്ത് മസീഹ് മൗഊദ്(അ) ഒരു പ്രവചനം നടത്തുകയുണ്ടായി. അതായത്, സംവാദത്തില്‍ മനഃപൂര്‍വ്വം അസത്യത്തെ സ്വീകരിക്കുകയും സത്യദൈവത്തെകൈയൊഴിഞ്ഞ് ഒരു ദുര്‍ബലമനുഷ്യനെ ദൈവമാക്കിവയ്ക്കുകയും നബി(സ)നെ അധിക്ഷേപിക്കുകയും ചെയ്യുന്ന ആഥിം 15 മാസത്തിനകം ‘ഹാവിയാ’യില്‍ (അഗ്നികുണ്ഠം) അകപ്പെടുന്നതാണ്. സത്യത്തിലേക്ക് തിരിയാത്തപക്ഷം ദൈവം അയാളെ അതിനിന്ദ്യതയിലാഴ്ത്തുകയും ചെയ്യും. നബി(സ) തിരുമേനി (നഊദുബില്ലാഹ്) ദജ്ജാലാണെന്ന് ആഥിം എഴുതിയിട്ടുണ്ടായിരുന്നു. ഹദ്‌റത്ത് മസീഹ് മൗഊദ്(അ)ന്‍റെ പ്രവചനം കേട്ടപ്പോള്‍ അബ്ദുല്ലാഹ് ആഥിം ഭയന്നു. ഈ നിശ്ചിത 15 മാസവും ആഥിം കടുത്ത നിശ്ശബ്ദത പാലിച്ചു. ഇസ്‌ലാമിനെതിരിലുള്ള ആരോപണങ്ങളില്‍നിന്നും ആക്ഷേപങ്ങളില്‍നിന്നും പിന്മാറി. അല്ല, പ്രവചനം കേട്ട് അയാളുടെ കൈകള്‍ വിറക്കാന്‍ തുടങ്ങി. മുഖം കരുവാളിച്ചു. മറ്റൊരുവിധത്തില്‍ പറഞ്ഞാല്‍ ആഥിമില്‍ മാനസാന്തരമുണ്ടായി. തല്‍ഫലമായി പ്രവചനത്തില്‍ പറയട്ടെ 15 മാസവും ആഥിം ജീവിച്ചിരുന്നു. മറുഭാഗത്ത് പ്രവചനം പോളിഞ്ഞെന്നു പറഞ്ഞ് ശത്രുക്കള്‍ കോലാഹലങ്ങള്‍ നടത്തി. കഴിഞ്ഞ 15 മാസത്തിനുള്ളില്‍ തനിക്ക് മാനസാന്തരം ഉണ്ടായിട്ടില്ലെന്നും ഇസ്‌ലാമിന്‍റെ മഹിമാപ്രഭാവം തന്നെ ഭയപ്പെടുത്തിയിട്ടില്ലെന്നും സത്യം ചെയ്യാന്‍ ആഥിമിനോട് ഹദ്‌റത്ത് അഹ്മദ്(അ) ആവശ്യപ്പെട്ടു. അങ്ങനെ സത്യം ചെയ്തതിനുശേഷവും ആഥിം ജീവിച്ചിരിക്കുന്നപക്ഷം 1000 രൂപ ഇനാമായി നല്‍കാമെന്നും അദ്ദേഹം പറഞ്ഞു. സമ്മാനത്തുക നാലായിരം വരെയായി ഉയര്‍ത്തിയെങ്കിലും ആഥിം മുന്നോട്ടുവരാന്‍ ധൈര്യപ്പെട്ടില്ല. മറിച്ച്, സത്യത്തെ മറച്ചുപിടിച്ചുകൊണ്ട് ജനങ്ങളെ വഞ്ചിക്കുകയായിരുന്നു. 1894ല്‍ ഒക്ടോബര്‍ 27 ന് ഇറക്കിയ വിജ്ഞാപനത്തില്‍ ജനങ്ങളെ വഞ്ചിച്ചുകൊണ്ടിരിക്കുന്ന ആഥിം ദൈവികശിക്ഷയുടെ കരാത്മാവിസ്തത്തില്‍ അകപ്പെടുകതന്നെ ചെയ്യുമെന്ന് അദ്ദേഹം പ്രഖ്യാപിക്കുകയുണ്ടായി. ഈ വിളംബരത്തിനുശേഷം ആഥിം തികച്ചും നിശ്ശബ്ദനായി. പ്രവചനപ്രകാരം 1896 ജൂലൈ 27ന് ആഥിം ഈ ലോകത്തുനിന്ന് നിഷ്‌കാസനം ചെയ്യപ്പെട്ടു. അങ്ങനെ ഇസ്‌ലാമിന് ഉജ്ജ്വലമായ ഒരു വിജയം കൂടി ലഭ്യമായി.

അറബിയില്‍ പൊരുതാന്‍ ക്ഷണം

1893ല്‍ ഹദ്‌റത്ത് അഹ്മദ്(അ) അറബിഭാഷയില്‍ പ്രബന്ധ രചനയ്ക്ക് അനഹ്മദി പണ്ഡിതരെ വെല്ലുവിളിക്കുകയുണ്ടായി. ആ മഹാത്മാവ്‌ പറഞ്ഞു. അല്ലാഹു എനിക്ക് അറബി ഭാഷയില്‍ അതീവ പ്രാഗത്ഭ്യം തന്നനുഗ്രഹിച്ചിരിക്കുന്നു. അതുകൊണ്ടുതന്നെ ഇക്കാര്യത്തില്‍ ഒരാള്‍ക്കും തന്നെ എന്നെ എതിരിടാന്‍ സാധ്യമല്ല. അദ്ദേഹം കൂടെക്കൂടെ പണ്ഡിതരെ വെല്ലുവിളിച്ചെങ്കിലും മുന്നോട്ടുവരാന്‍ ആരും ധൈര്യപ്പെട്ടില്ല.

സൂര്യചന്ദ്ര ഗ്രഹണം

നബിതിരുമേനി(സ) ഇമാം മഹ്ദിയെക്കുറിച്ച് ചെയ്ത ഒരു പ്രവചനം ദാറുഖുത്‌നിയില്‍ രേഖപ്പെട്ടുകിടക്കുന്നു. ഹദ്‌റത്ത് ഇമാം ബാഖിര്‍(റഹ്) ആണ് നിവേദകന്‍. ഹദീസ് ഇപ്രകാരമാണ്. നമ്മുടെ മഹ്ദിക്ക് രണ്ടടയാളങ്ങളുണ്ട്. ആകാശഭൂമികള്‍ സൃഷ്ടിക്കപ്പെട്ടതു മുതല്‍ ഇത്തരം അടയാളങ്ങള്‍ വെളിപ്പെട്ടിട്ടില്ല. റമദാന്‍ മാസത്തില്‍ ചന്ദ്രന് അതിന്‍റെ നിശ്ചിതദിവസങ്ങളില്‍ ആദ്യ ദിവസവും, സൂര്യന് അതിന്‍റെ ഗ്രഹണദിവസങ്ങളില്‍ മധ്യദിവസവും ഗ്രഹണം സംഭവിക്കും. ഈ അടയാളം 1894ല്‍ പൂര്‍ത്തിയായി. ഹുസൂര്‍(അ) മഹ്ദിയാണെന്നുള്ള വാദം പുറപ്പെടുവിച്ച കാലമായിരുന്നു അത്. പ്രവചനപ്രകാരം ഹിജ്‌റ വര്‍ഷം 1311 റമദാന്‍ 13 (1894 മാര്‍ച്ച് 21)ന് ചന്ദ്രഗ്രഹണവും അതേ റമദാനില്‍ 28ആം  തിയ്യതി (ഏപ്രില്‍ 6) സൂര്യഗ്രഹണവും ഉണ്ടായി. വിശുദ്ധഖുര്‍ആനിലെ സൂറഃ ഖിയാമയിലെ സൂചകങ്ങളും ഇഞ്ചീലിലെ പ്രവചനങ്ങളും ഈ ഗ്രഹണങ്ങളോടെ പുലര്‍ന്നു. ഇത് ഹദ്‌റത്ത് മസീഹ് മൗഊദ്(അ)ന്‍റെ സത്യസാക്ഷ്യത്തിനുള്ള ഉജ്ജ്വലമായ ദൃഷ്ടാന്തമായിരുന്നു.

അറബീ ഭാഷകളുടെ ജനനി

1895ല്‍ ഹദ്‌റത്ത് അഹ്മദ്(അ) അല്ലാഹുവില്‍നിന്ന് ലഭ്യമായ അറിവുകളുടെ വെളിച്ചത്തില്‍ അറബി ഭാഷ ലോകത്ത് നിലവിലുള്ള സകല ഭാഷകളുടേയും ജനനിയാണെന്നും അവയെല്ലാം അറബിയില്‍നിന്ന് ഉത്ഭൂതമാണെന്നും പ്രഖ്യാപിക്കുകയുണ്ടായി. ഈ വാദത്തിന് ഉപോല്‍ബലകമായി അദ്ദേഹം സമര്‍പ്പിച്ച ശക്തമായ തെളിവുകളെ ഖണ്ടിക്കാന്‍ ആര്‍ക്കും കഴിഞ്ഞില്ല. ഭാഷാ ലോകത്തെയാകമാനം പ്രകമ്പനം കൊള്ളിച്ച ഈ വാദമുഖം 1895ല്‍ അറബിയില്‍ രചിച്ച ‘മിനനുര്‍ റഹ്മാന്‍’ എന്ന ഗ്രന്ഥത്തിലാണ് ആ മഹാത്മാവ് ഉന്നയിച്ചത്. ഹദ്‌റത്ത് അഹ്മദ്(അ)ന്‍റെ ഈ വാദഗതി അംഗീകരിക്കാന്‍ ഭാഷാപടുക്കള്‍ നിര്‍ബന്ധിതരാകുന്നകാലം അനതിവിദൂരമല്ല.

ഹദ്‌റത്ത് ബാബാനാനക് (റഹ്)

1895 നവംര്‍ 10ന് പ്രസിദ്ധീകരിച്ച ‘സത് വചന്‍’ എന്ന തന്‍റെ ഗ്രന്ഥത്തില്‍ ഹദ്‌റത്ത് അഹ്മദ് (അ), സിക്ക് മതസ്ഥാപകന്‍ ഹദ്‌റത്ത് ബാബാഗുരുനാനക് സാഹിബ് (റഹ്) ഒരു ഹിന്ദുഗൃഹത്തിലാണ് പിറന്നതെങ്കിലും പിന്നീട് മുസ്‌ലിമായി ഏകദൈവ വിശ്വാസത്തില്‍ അടിയുറച്ച് നിന്നിരുന്നതായുള്ള തന്‍റെ ഗവേഷണം പ്രസിദ്ധപ്പെടുത്തുകയുണ്ടായി. ഗുരുനാനക് ദൈവാഭീഷ്ടം സിദ്ധിച്ച ആളായിരുന്നുവെന്നും റസൂല്‍(സ) തിരുമേനിയുടെ പ്രകാശത്താല്‍ പ്രഭാപൂരിതനായിരുന്നുവെന്നും സ്ഥാപിക്കുകയും ചെയ്തു. നാനക് സൂക്ഷിച്ചിരുന്ന ‘ഛോല’ (മേല്‍കുപ്പായം) ഹദ്‌റത്ത് അഹ്മദ്(അ)ന്‍റെ വാദഗതികളെ സ്ഥിരീകരിച്ചുകൊണ്ട് ‘ദേരാ ബാബാ നാനാക്ക്’ല്‍ ഇന്നും സുരക്ഷിതമാണ്.

സര്‍വ്വമത സമ്മേളനം

1896ന്‍റെ അവസാനത്തില്‍ ലാഹോറില്‍ ഒരു സര്‍വ്വമത മഹാസമ്മേളനം നടന്നു. അതില്‍ എല്ലാ മതങ്ങളുടേയും പ്രതിനിധികളെ പങ്കെടുപ്പിച്ചുകൊണ്ട് ഓരോ മതക്കാരും അവരവരുടെ മതത്തിന്‍റെയും അദ്ധ്യാപനങ്ങളുടേയും സവിശേഷതകള്‍ വിവരിക്കണമെന്ന് ആവശ്യപ്പെട്ടിരുന്നു. ഇതിന്നായി 5 ചോദ്യങ്ങള്‍ക്കുള്ള മറുപടികള്‍ സ്വമതഗ്രന്ഥങ്ങളില്‍നിന്ന് വിശദീകരിക്കാനാണ് നിര്‍ദ്ദേശിച്ചിരുന്നത്. പ്രസ്തുത ചോദ്യങ്ങളുടെ ചുരുക്കം ഇപ്രകാരമാണ്.

(1) മനുഷ്യന്‍റെ ശാരീരികം, ധാര്‍മ്മികം, ആദ്ധ്യാത്മികം എന്നീ അവസ്ഥകള്‍

(2) മരണാനന്തര ജീവിതത്തില്‍ മനുഷ്യന്‍റെ അവസ്ഥ

(3) ഐഹികജീവിതോദ്ദേശ്യവും അതു പ്രാപിക്കാനുള്ള മാര്‍ഗ്ഗവും

(4) ധര്‍മ്മാനുസാരണം മൂലം ഇഹപരജീവിതത്തിലുള്ള ഫലം

(5) ദൈവജ്ഞാനം കരസ്ഥമാക്കാനുള്ള മാര്‍ഗ്ഗങ്ങള്‍.

വിവിധ മതങ്ങളുടെ ഉന്നതരായ പണ്ഡിതര്‍ പങ്കെടുത്ത ഈ സമ്മേളനത്തില്‍ ഇസ്‌ലാമിനെ പ്രതിനിധാനം ചെയ്ത് പങ്കെടുത്തതിലൊരാള്‍ ഹദ്‌റത്ത് അഹ്മദ്(അ) ആയിരുന്നു. ഈ സമ്മേളനത്തിനു വേണ്ടി ഹദ്‌റത്ത് അഹ്മദ്(അ ) ‘ഇസ്‌ലാമി ഉസൂല്‍ കി ഫിലാസഫി’ (ഇസ്‌ലാം മതതത്വജ്ഞാനം) എന്ന ഉപന്യാസം എഴുതി തയ്യാറാക്കി. വിശുദ്ധഖുര്‍ആന്‍റെ ഇരുന്നൂറോളം ആയത്തുകള്‍ക്കുള്ള സമുജ്ജ്വല വ്യാഖ്യാനം കൂടിയായിരുന്നു അത്. ഗ്രന്ഥരചനയുടെ പ്രാരംഭത്തില്‍തന്നെ ‘മസ്മൂന്‍ ബാലാരഹാ’ (ഉപന്യാസം മുന്തിനിന്നു) എന്ന ഇല്‍ഹാം ഉണ്ടാകുകയും അത് അദ്ദേഹം നേരത്തെ തന്നെ  വിളംബരം ചെയ്യുകയും ചെയ്തിരുന്നു.

1896 ഡിസംര്‍ 26,27,28 തിയ്യതികളില്‍ ലാഹോറില്‍ സംഘടിപ്പിച്ച ഈ മത മഹാസമ്മേളനത്തില്‍ ഹദ്‌റത്ത് അഹ്മദ്(അ)ന്‍റെ പ്രീതശിഷ്യന്‍ ഹദ്‌റത്ത് മൗലാനാ അബ്ദുല്‍ കരീം സാഹിബ് സിയാല്‍കോട്ടിയാണ് പ്രൗഢഗംഭീരസ്വരത്തില്‍ ഉപന്യാസം വായിച്ചുകേള്‍പ്പിച്ചത്. നേരത്തെയുള്ള ദൈവികസുവാര്‍ത്ത പോലെതന്നെ ഈ ഉപന്യാസം മറ്റെല്ലാത്തിനേക്കാളും മുന്തിനിന്നു.

വധോദ്യമകേസ്

ഹദ്‌റത്ത് അഹ്മദ്(അ) പുരോഗതിയുടെ പുതിയ പുതിയ മേഖലകളിലേക്ക് കുതിക്കുന്നത് കണ്ട് അത്ഭുതസ്തീലരായ പാതിരിമാര്‍ തെളിവുകളുടെ രണാങ്കണത്തില്‍ ഹദ്‌റത്ത് അഹ്മദി(അ)നെ പരാജയപ്പെടുത്താന്‍ സാധ്യമല്ലെന്ന് മനസ്സിലാക്കുകയും പുതിയ ആയുധങ്ങളുമായി രംഗത്തു വരികയും ചെയ്തു. 1897ല്‍ പ്രസിദ്ധ ക്രിസ്ത്യന്‍ പാതിരി ഡോ. ഹെന്‍ട്രി മാര്‍ട്ടിന്‍ ക്ലാര്‍ക്ക് ഹദ്‌റത്ത് അഹ്മദ്(അ)നെതിരില്‍ ഒരു വധോദ്യമ കേസ് ഫയല്‍ ചെയ്തു. ബ്രിട്ടീഷ് ഡെപ്യൂട്ടി കമ്മീഷണര്‍ ക്യാപ്റ്റന്‍ ഡഗ്ലസ് ആയിരുന്നു ന്യായാധിപന്‍. ഡോ. ക്ലാര്‍ക്കിനെ വധിക്കുന്നതിനായി, ഹദ്‌റത്ത് അഹ്മദ്(അ), അബ്ദുല്‍ ഹമീദ് എന്നൊരാളെ പറഞ്ഞു വിട്ടു എന്നതായിരുന്നു ഹദറ്ത്ത് അഹമദ്(അ)നെതിരില്‍ ഉന്നയിച്ച ആരോപണം. പക്ഷേ അല്ലാഹു ഈ കേസില്‍ അത്ഭുതകരമായ രീതിയില്‍ ആ മഹാത്മാവിനെ സഹായിച്ചു. ശത്രുക്കളുടെ നിരന്തരമായ പരിശ്രമങ്ങളുമുണ്ടായിട്ടും കോടതി ഹദ്‌റത്ത് അഹ്മദ്(അ)നെ തടങ്കലില്‍ വെക്കാന്‍ തയ്യാറായില്ല. മാത്രമല്ല, വിശദമായ അന്വേഷണത്തിനൊടുവില്‍ അബ്ദുല്‍ ഹമീദ് സത്യം തുറന്നുപറഞ്ഞു, താന്‍ ഹദ്‌റത്ത് അഹ്മദിനെതിരില്‍ എതിരാളികളുടെ പ്രേരണയ്ക്ക് വശംവദനായാണ് രംഗത്ത് വന്നതെന്ന്! അങ്ങനെ ക്യാപ്റ്റന്‍ ഡഗ്ലസ്, ആ മഹാത്മാവിനെ അന്തസോടുകൂടി നിരപരാധിയാണെന്ന് വിധിച്ചു. ക്രിസ്ത്യന്‍പാതിരിമാര്‍ക്ക് എല്ലാവിധ സഹായങ്ങളുമായി ഹിന്ദുമുസ്‌ലിം നേതാക്കാരും സന്നിഹിതരായിരുന്നു. പക്ഷേ, അല്ലാഹു സര്‍വ്വരേയും പരാജിതരും പരിക്ഷീണരുമാക്കി മാറ്റി.

ലേഖ്‌റാമിന്‍റെ പതനം

ഹദ്‌റത്ത് മസീഹ് മൗഊദ്(അ)നെതിരില്‍ രംഗത്തുവന്ന ആര്യസമാജ നേതാവായിരുന്നു പണ്ടിറ്റ് ലേഖ്‌റാം പിശാവരി. ‘ബറാഹീനെ അഹ്മദിയ്യാ’യില്‍ ഹദ്‌റത്ത് മസീഹ് മൗഊദ്(അ) സമര്‍പ്പിച്ച വെല്ലുവിളി അതേരൂപത്തില്‍ സ്വീകരിക്കാന്‍ തയ്യാറാവാതെ ഇസ്‌ലാമിനേയും റസൂല്‍തിരുമേനി(സ)യേയും അധിക്ഷേപിച്ചുകൊണ്ട് അയാള്‍ മുസ്‌ലിം വികാരങ്ങളെ വ്രണെടുത്തുകയായിരുന്നു. വേദങ്ങളുടെ സത്യസന്ധത സ്ഥാപിച്ചുകാട്ടാനുള്ള ലേഖ്‌റാമിന്‍റെ നിതാന്തപരിശ്രമങ്ങള്‍ ഫലപ്രദമായതേയില്ല. ഹദ്‌റത്ത് അഹ്മദ്(അ) ഇസ്‌ലാമിനോടും റസൂൽ തിരുമേനിയോടുമുള്ള സ്‌നേഹത്തില്‍ വിലയം പ്രാപിച്ച മഹാത്മാവായിരുന്നു. ലേഖ്‌റാമിന്‍റെ വിഷജല്‍പനങ്ങള്‍ ആ പ്രേമാനുരാഗിയുടെ ഹൃദയത്തെ അത്യധികം വേദനിപ്പിച്ചു. റസൂല്‍ തിരുമേനിയെ തെറിപറയുന്നതിൽ നിന്ന് പിന്മാറുന്നില്ലെങ്കില്‍ ദൈവികശിക്ഷയുടെ അതിഭയാനകമായ നാളിനെക്കുറിച്ച് കരുതിയിരിക്കാന്‍ ആ മഹാത്മാവ് ഉപദേശിച്ചു. പക്ഷേ, അയാള്‍ പിന്മാറാന്‍ തയ്യാറായില്ലെന്നു മാത്രമല്ല കൂടുതലാവേശത്തോടെ നബി(സ)നെ പരിഹസിച്ചുകൊണ്ടേയിരുന്നു. വരുന്ന 6 വര്‍ഷങ്ങള്‍ക്കകം ലേഖ്‌റാം നിന്ദിതനും നിരാശനുമായി ദൈവികഹസ്തങ്ങളാല്‍ നിഷ്‌കാസനം ചെയ്യെടുമെന്ന് ദൈവിക നിര്‍ദ്ദേശപ്രകാരം ആ മഹാത്മാവിന്‍ പ്രഖ്യാപിച്ചു. മറുഭാഗത്ത് ലേഖ്‌റാം പറഞ്ഞത് വരുന്ന 3 വര്‍ഷങ്ങള്‍ക്കകം മിര്‍സാ സാഹിബ് മരണപ്പെടുമെന്നും മക്കളാരും ബാക്കിയാവുന്നതല്ലെന്നുമായിരുന്നു. പ്രവചനത്തിന്‍റെ 3 വര്‍ഷം കടന്നുപോയി. പക്ഷേ, ഹദ്‌റത്ത് അഹ്മദ്(അ)ന് ഒന്നും സംഭവിച്ചില്ല. അങ്ങനെ ലേഖ്‌റാമിനെക്കുറിച്ച് ഹദ്‌റത്ത് അഹ്മദ്(അ) ചെയ്ത പ്രവചനത്തിന്‍റെ 5ആം വര്‍ഷം സമാഗതമായി. ക്രുദ്ധരായ ചില മലക്കുകള്‍ ലേഖ്‌റാമിനെ അന്വേഷിച്ചുവരുന്നതായി താന്‍ ദര്‍ശനത്തില്‍ കണ്ടുവെന്നും ഭയാനകമായ ആ സത്വങ്ങള്‍ ലേഖ്‌റാമിന്‍റെ മരണവാറണ്ടുമായി വന്നവരാണെന്നും അദ്ദേഹം വിളംബരപ്പെടുത്തി. പ്രവചനത്തിന്‍റെ 5 വര്‍ഷം കഴിഞ്ഞപ്പോള്‍ മുറവിളികൂട്ടിയ ശത്രുക്കളോട് ആ മഹാത്മാവിന്‍ അക്ഷോഭ്യനായി പറഞ്ഞത്, നിശ്ചിത കാലാവധിക്കകം തന്നെ ലേഖ്‌റാമിന്‍റെ പതനം തീര്‍ച്ചയായും സംഭവിക്കുമെന്നു തന്നെയായിരുന്നു. ഹദ്‌റത്ത് മസീഹ് മൗഊദ്(അ)ന്‍റെ പ്രവചനത്തില്‍ ഈദിനോടടുത്ത് വീണ്ടുമൊരു ഈദെന്നും പറഞ്ഞിട്ടുണ്ടായിരുന്നു. കൂടാതെ മൂസാനബിയുടെ അഭാവത്തില്‍ സാമിരി ഉണ്ടാക്കിയ പശുക്കുട്ടിയുടെ ഗതിയായിരിക്കും ലേഖ്‌റാമിനുണ്ടാകുകയെന്നും ദൈവികവെളിപാടുകളില്‍ സുവ്യക്തമായിരുന്നു. അങ്ങനെ ദൈവവിധിയുടെ ആ ദിവസവും വന്നെത്തി. ലേഖ്‌റാമിന്‍റെ വീട്ടില്‍ വരികയും അവിടെ താമസിക്കുകയും ചെയ്ത ഒരജ്ഞാതന്‍ 1897 മാര്‍ച്ച് 6ആം തിയ്യതി ലേഖ്‌റാമിനെ കുത്തിക്കൊല്ലുകയായിരുന്നു. കൊലയാളിയെ ഇന്നുവരെയും കണ്ടെത്താന്‍ കഴിഞ്ഞിട്ടില്ലെന്നത്, അതൊരു ദൈവികദൃഷ്ടാന്തമാണെന്നതിലേക്ക് അനിഷേധ്യമായ തെളിവാണ്. സാമിരിയുടെ പശുക്കുട്ടി കരഞ്ഞതുപോലെ മരണസമയത്ത് കരയുകയും ശേഷം, അതിനെ ചുട്ടെരിച്ചതുപോലെ ഹിന്ദു ആചാരവിധിപ്രകാരം കത്തിച്ച് ചാമ്പലാക്കി നദിയിലൊഴുക്കുകയും ചെയ്തു! ലേഖ്‌റാമിന്‍റെ മരണത്തെതുടര്‍ന്ന് ഹദ്‌റത്ത് അഹ്മദ്(അ) ഉച്ചൈസ്ഥരം പ്രഖ്യാപിച്ചത് ലേഖ്‌റാമിന്‍റെ മരണം തന്‍റെ പ്രാര്‍ത്ഥനാഫലമായിരുന്നുവെന്നാണ്. അതേതുടര്‍ന്ന് ഹദ്‌റത്ത് അഹ്മദ്(അ)നെതിരില്‍ ആര്യസമാജികള്‍ ഇളകിമറിയുകയും അദ്ദേഹം ആളെവിട്ട് കൊലപാതകം നടത്തിയതാണെന്ന് ആരോപണം ഉന്നയിക്കുകയും ചെയ്തു. ഹദ്‌റത്ത് അഹ്മദ്(അ) ഇക്കാര്യത്തില്‍ തന്‍റെ നിരപരാധിത്വം പ്രഖ്യാപിച്ചുകൊണ്ട് പറഞ്ഞത്, ആരോപണമുന്നയിക്കുന്നവര്‍ അക്കാര്യം പ്രഖ്യാപിക്കുകയാണെങ്കില്‍ അയാളും ദൈവികശിക്ഷയുടെ കരാത്മാവിസ്തങ്ങളാല്‍ നിഷ്‌കാസിതനാകുമെന്നും അല്ലാത്തപക്ഷം ഒരു കൊലയാളിക്കു നല്‍കാവുന്ന ഏതു ശിക്ഷയും സ്വീകരിക്കാന്‍ താന്‍ സന്നദ്ധനായിരിക്കുമെന്നുമാണ്. ഈ സിംഹഗര്‍ജ്ജനത്തിനു മുന്നില്‍ എഴുന്നേറ്റുനില്‍ക്കാന്‍ ഒരൊറ്റ ശത്രുവിനും ധൈര്യമുണ്ടായില്ല!

തഅ്‌ലീമുല്‍ ഇസ്‌ലാം സ്‌കൂള്‍

1898ന്‍റെ ആരംഭത്തില്‍ ഹദ്‌റത്ത് മസീഹ് മൗഊദ്(അ) തഅ്‌ലീമുല്‍ ഇസ്‌ലാം സ്‌കൂള്‍ ആരംഭിച്ചു. ഇതിന്‍റെ ആദ്യത്തെ ഹെഡ്മാസ്റ്റര്‍ ഹദ്‌റത്ത് ശേഖ് യഅ്ഖൂബ് അലി സാഹിബ് ഇര്‍ഫാനീ(റ) ആയിരുന്നു. അഹ്മദീ വിദ്യാര്‍ത്ഥികള്‍ ഭൗതികവിദ്യാഭ്യാസത്തോടൊം ദീനീവിജ്ഞാനം ആര്‍ജ്ജിക്കണമെന്നും വലുതാകുമ്പോള്‍ സത്യസന്ധരായ യഥാര്‍ത്ഥ മുസ്‌ലിംകളായിത്തീരണമെന്നതുമാണ് സ്‌കൂളിന്‍റെ സ്ഥാപനോദ്ദേശ്യം.

അല്‍ഹക്കം, ബദര്‍

1897ല്‍ ആരംഭിച്ച ‘അല്‍ഹക്കം’ ആയിരുന്നു ജമാഅത്തിന്‍റെ ആദ്യത്തെപത്രം. ഇതിന്‍റെ മാനേജരും എഡിറ്ററുമായി ഹദ്‌റത്ത് ശേഖ് യഅ്ഖൂബ് അലി സാഹിബ് ഇര്‍ഫാനീ(റ) നിയമിതനായി. ആദ്യം ഇത് അമൃത്‌സറില്‍ നിന്നാണ് ഇറങ്ങിയത്. 1898 മുതല്‍ ഖാദിയാനിൽ നിന്ന് പ്രസിദ്ധീകരിച്ചു തുടങ്ങി. 1902ല്‍ ബദര്‍ എന്ന പേരില്‍ മറ്റൊരു പത്രംകൂടി ആരംഭിച്ചു. ഹദ്‌റത്ത് മുഫ്തി മുഹമ്മദ് സാദിഖ് സാഹിബായിരുന്നു എഡിറ്റര്‍. ഹദ്‌റത്ത് മസീഹ് മൗഊദ്(അ)ന്‍റെ ഇല്‍ഹാമുകള്‍, പ്രഭാഷണങ്ങള്‍, സംഭാഷണങ്ങള്‍, ജമാഅത്തിന്‍റെ ആദ്യകാല ചരിത്രസംഭവങ്ങള്‍ എന്നിവയെല്ലാം ഈ പത്രങ്ങളില്‍ സുരക്ഷിതമാണ്.

20,000 രൂപയുടെ ഇനാം

ഈസാനബി (അ) സ്ഥൂലശരീരത്തോടുകൂടി ആകാശത്തേക്ക് കരേറിയെന്നും അദ്ദേഹം ഒരുകാലത്ത് ഭൂമിയിലേക്കിറങ്ങുമെന്നും റസൂല്‍(സ) പറഞ്ഞിട്ടുള്ളതായി ഏതെങ്കിലുമൊരു ഹദീസ് ഉദ്ധരിക്കാന്‍ ഹദ്‌റത്ത് അഹ്മദ്(അ) 1898 ജനുവരിയില്‍ പ്രസിദ്ധം ചെയ്ത തന്‍റെ ‘കിതാബുല്‍ ബരിയ്യ’ എന്ന ഗ്രന്ഥത്തില്‍ ശത്രുക്കളെ വെല്ലുവിളിച്ചു. അപ്രകാരം തെളിയിക്കുന്നവര്‍ക്ക് 20,000 രൂപ ഇനാം നല്‍കുന്നതാണെന്നും അദ്ദേഹം പ്രഖ്യാപിച്ചു. ഈ വെല്ലുവിളി നൂറുവര്‍ഷമായി ഇന്നും നിലനില്‍ക്കുന്നു. പക്ഷേ,  തെളിവു ഹാജരാക്കി സമ്മാനം കൈപറ്റാന്‍ ശത്രുപക്ഷത്ത് ആര്‍ക്കും കഴിയുന്നില്ല. ഇമാം മഹ്ദി ധനം വിതരണം ചെയ്യുമെന്നും വാങ്ങാന്‍ ആളുണ്ടാകുകയില്ലെന്നും പറഞ്ഞ ഹദീസിന്‍റെ പുലര്‍ച്ച കൂടിയാണിത്.

പ്ലേഗിന്‍റെ ഭീകര താണ്ഡവം

1898 ഫെബ്രുവരി മാസം ഹദ്‌റത്ത് അഹ്മദ്(അ)ന് ഒരു ദര്‍ശനം ഉണ്ടായി. അതിപ്രകാരമായിരുന്നു.”അല്ലാഹുവിന്‍റെ മലക്കുകള്‍ പഞ്ചാബിന്‍റെ വിവിധ സ്ഥലങ്ങളില്‍ കറുത്ത നിറത്തിലുള്ള ചെടികള്‍ നടുകയാണ്. ആ മരം വളരെയേറെ വിരൂപവും കടും കറുത്തനിറമുള്ളതും ഭയാനകവും കുറിയതുമായിരുന്നു. ഇതെന്തു മരമാണെന്ന് അത് നടുന്നവരോട് ഞാന്‍ ചോദിച്ചു. ഇത് പ്ലേഗിന്‍റെ മരങ്ങളാണെന്നും അത് സമീപഭാവിയില്‍ രാജ്യത്ത് പരക്കുമെന്നും അവര്‍ പറഞ്ഞു.” (അയ്യാമുസ്സുല്‍ഹ്, പേജ് 121).

ഖാദിയാന്‍ ഈ പ്ലേഗില്‍നിന്ന് സുരക്ഷിതമായിരിക്കുമെന്നും അഹ്മദികള്‍ പ്രതിരോധ കുത്തിവെപ്പ് എടുക്കേണ്ടെന്നും അദ്ദേഹം നിര്‍ദ്ദേശിച്ചു. പറഞ്ഞതു പോലെ തന്നെ ഖാദിയാന്‍ സുരക്ഷിതമായി നിലനിന്നു. തങ്ങളുടെ നാടുകളെക്കുറിച്ചും ഇത്തരത്തില്‍ പ്രവചനം നടത്താന്‍ ഹദ്‌റത്ത് അഹ്മദ് (അ) ശത്രുനേതാക്കളെ വെല്ലുവിളിച്ചെങ്കിലും ആര്‍ക്കും മുന്നോട്ടു വരാന്‍ ധൈര്യമുണ്ടായില്ല.

ഹദ്‌റത്ത് അഹ്മദ്(അ)ന്‍റെ പ്രവചനപ്രകാരം തൊട്ടടുത്തവര്‍ഷം വസന്തകാലത്ത് പഞ്ചാബിന്‍റെ വിവിധ പ്രദേശങ്ങളില്‍ പ്ലേഗ് പടര്‍ന്നു പിടിക്കാന്‍ തുടങ്ങി. പിന്നീട് ഏതാനും വര്‍ഷങ്ങളോളം അത് വിതച്ച നാശം അതിഭയാനകമായിരുന്നു. ഈയ്യലുകളെപോലെ ജനങ്ങള്‍ ചത്തുവീണു. ആയിരക്കണക്കിന് ഗ്രാമങ്ങളും, നാട്ടിന്‍പുറങ്ങളും, പട്ടണങ്ങളും ജനശൂന്യമായി. പ്രവചനപുലര്‍ച്ചയില്‍ ഒരുപാടാളുകള്‍ ഹദ്‌റത്ത് അഹ്മദ്(അ)ന് ബയ്അത്ത് ചെയ്തു.

മിനാരത്തുല്‍ മസീഹ്

1900 മെയ് 28ന് ഹദ്‌റത്ത് അഹ്മദ്(അ), നബി(സ) തിരുമേനിയുടെ ഒരു ഹദീസിന്‍റെ വെളിച്ചത്തില്‍ ഖാദിയാനിലെ മസ്ജിദ് അഖ്‌സയില്‍ ഒരു മിനാരം നിര്‍മ്മിക്കുന്നതിന് ജമാഅത്തിനോട് ആഹ്വാനം ചെയ്തു. അതിനുവേണ്ടി പൈസയും സ്വരുക്കൂട്ടാൻ തുടങ്ങി. 1903ന്‍റെ അവസാനത്തില്‍ ആ മഹാത്മാവ് അതിന് അടിത്തറയിട്ടു. പിന്നീട് സാമ്പത്തിക ബുദ്ധിമുട്ടുകള്‍ കാരണം അദ്ദേഹത്തിന്‍റെ കാലത്ത് നിര്‍മ്മാണം പൂര്‍ത്തിയാക്കാന്‍ കഴിഞ്ഞില്ല. രണ്ടാം ഖിലാഫത്ത് കാലത്ത് 1914ല്‍ വീണ്ടും പണിയാരംഭിക്കുകയും 1916 ഡിസംബറില്‍ പൂര്‍ത്തിയാക്കുകയും ചെയ്തു. ഇത് ‘മിനാരത്തുല്‍ മസീഹ്’ എന്ന പേരിലാണ് അറിയപ്പെടുന്നത്.

ഖുത്ബ ഇല്‍ഹാമിയ

1900 ഏപ്രില്‍ 11ന് ഹദ്‌റത്ത് അഹ്മദ്(അ) പ്രത്യേക ദൈവികനിര്‍ദ്ദേശപ്രകാരം വലിയ പെരുന്നാള്‍ ഖുത്ബ അറബിയില്‍ നിര്‍വ്വഹിച്ചു. ഖുത്ബ ആദ്യന്തം ഇല്‍ഹാമായിരുന്നു. അന്നേവരെ അറബി ഭാഷയില്‍ പ്രഭാഷണം നടത്തിയിട്ടില്ലാത്ത ഹദ്‌റത്ത് അഹ്മദ്(അ)ന്‍റെ ഈ ഇല്‍ഹാമീ ഖുത്ബ ഒരു അത്ഭുതദൃഷ്ടാന്തം തന്നെയാണ്.ഹദ്‌റത്ത് അഹ്മദ്(അ)ന്‍റെ ഗ്രന്ഥസമാഹാരമായ ‘റൂഹാനീ ഖസായി’നില്‍ ഖുത്ബ ഇല്‍ഹാമിയ എന്ന ഗ്രന്ഥവും ഉള്‍പ്പെടുന്നു.

ഹദ്‌റത്ത് ശഹ്‌സാദാ സയ്യിദ് അബ്ദുല്‍ലത്തീഫ് സാഹിബ് ശഹീദ്(റ)

ഹദ്‌റത്ത് ശഹ്‌സാദാ സയ്യിദ് അബ്ദുല്‍ലത്തീഫ് സാഹിബ് അഫ്ഗാനിസ്ഥാനിലെ ഖോസ്ത് എന്ന പ്രദേശത്താണ് ജീവിച്ചിരുന്നത്. അദ്ദേഹത്തിന് ആയിരക്കണക്കിന് ശിഷ്യന്മാരുണ്ടായിരുന്നു. അഫ്ഗാനില്‍ എല്ലാവരാലും അദ്ദേഹം ആദരിക്കപ്പെട്ടിരുന്നു. അഫ്ഗാന്‍ ഭരണാധികാരികളുടെ കിരീടാധാരണം നടത്തിയിരുന്നത് സയ്യിദ് സാഹിബ് ആയിരുന്നു.

ഹദ്‌റത്ത് മസീഹ് മൗഊദ്(അ)ന്‍റെ ചില ഗ്രന്ഥങ്ങള്‍ വായിക്കാനിടയായ സയ്യിദ് സാഹിബ് അതില്‍ ആകൃഷ്ടനായി. 1902ല്‍ ഹദ്‌റത്ത് മസീഹ് മൗഊദ്(അ)നെ സന്ദര്‍ശിക്കുന്നതിനായി അദ്ദേഹം ഖാദിയാനിലെത്തി. ഹദ്‌റത്ത് അഹ്മദ്(അ)നെ കണ്ടമാത്രയില്‍ത്തന്നെ ആ പരിശുദ്ധ മുഖ കമലം അദ്ദേഹത്തില്‍ പ്രഭാവം ചെലുത്തി. ഹദ്‌റത്ത് അഹ്മദ്(അ)ന്‍റെ ആ ഭക്തദാസന്‍ മാസങ്ങളോളം ഖാദിയാനില്‍ത്തന്നെ തങ്ങി. ഖാദിയാന്‍ വാസത്തിനിടയില്‍ അദ്ദേഹത്തിന് നിരന്തരമുണ്ടായ ദിവ്യവെളിപാടുകള്‍ അദ്ദേഹത്തോടാവശ്യപ്പെട്ടത് അഹ്മദിയ്യത്തിന്‍റെ മാര്‍ഗ്ഗത്തില്‍ ബലിയാകാന്‍ തയ്യാറാകുക എന്നായിരുന്നു.

ഒടുവില്‍ ഹദ്‌റത്ത് അഹ്മദ്(അ)ല്‍ നിന്ന് അനുവാദം വാങ്ങി അദ്ദേഹം സ്വദേശമായ അഫ്ഗാനില്‍ തിരിച്ചെത്തി. സയ്യിദ് സാഹിബ് അഹ്മദിയ്യായെന്ന വാര്‍ത്തയറിഞ്ഞ കാബൂള്‍ അമീര്‍ ഹബീബുല്ലാഹ്ഖാന്‍ അദ്ദേഹത്തെ കല്‍തുറുങ്കിലടച്ചു. നാലുമാസത്തോളം ഈ കാരാഗൃഹവാസം നീണ്ടുനിന്നു. അദ്ദേഹത്തെ അഹ്മദിയ്യത്തില്‍നിന്ന് പിന്തിരിപ്പിക്കാന്‍ കാബൂള്‍ അമീറും കൂട്ടരും കിണഞ്ഞു പരിശ്രമിച്ചുകൊണ്ടിരുന്നു. പക്ഷേ, ആ മഹാത്മന്‍ അവര്‍ക്കെല്ലാം കൊടുത്ത മറുപടി താന്‍ മനസ്സിലാക്കിയ സത്യത്തെ തനിക്ക് നിരാകരിക്കാന്‍ കഴിയുകയില്ല എന്നായിരുന്നു. പിന്തിരിപ്പിക്കാനുള്ള ശ്രമങ്ങള്‍ പരാജയെട്ടതോടെ, അഫ്ഗാന്‍ മതപണ്ഡിതര്‍ അദ്ദേഹത്തെ കാഫിറെന്ന് മുദ്രകുത്തി കല്ലെറിഞ്ഞുകൊല്ലാന്‍ ഫത്‌വ നല്‍കി. അങ്ങനെ മൂക്ക് ഛേദിച്ച് കയറിട്ട് തെരുവീഥികളിലൂടെ അദ്ദേഹത്തെ വലിച്ചിഴച്ചുകൊണ്ട് വധസ്ഥലിയിലെത്തിച്ചു. അവിടെ അരയോളം ആഴമുള്ള ഒരു കുഴിയിലേക്ക് അദ്ദേഹത്തെ ഇറക്കി. അവസാനനിമിഷം കാബൂള്‍ അമീര്‍ അദ്ദേഹത്തോട് പറഞ്ഞു.”ഇപ്പോഴും രക്ഷപ്പെടാന്‍ അവസരമുണ്ട്. അഹ്മദിയ്യത്തില്‍ നിന്ന് പിന്മാറുന്നു എന്ന് എന്നോട്മാത്രം പറഞ്ഞാല്‍ മതി. സകലവിധ ബഹുമാനാദരങ്ങളോടും കൂടി താങ്കള്‍ക്ക് ജീവിക്കാം. ഭാര്യാമക്കളെ ഓര്‍ത്തെങ്കിലും താങ്കള്‍ ഈ അവസരം പ്രയോജനപെടുത്തണം.” പക്ഷേ വിശ്വാസസ്ഥൈര്യത്തിന്‍റെ ആ ജീവല്‍പ്രതീകം കാബൂള്‍ അമീറിന്‍റെ അവസാന പ്രലോഭനത്തേയും നിരസിക്കുകയാണ് ചെയ്തത്. തുടര്‍ന്ന് കാബൂള്‍ അമീറും മുഫ്തിയും വന്‍ കല്‍കൂമ്പാരത്തില്‍ നിന്ന് കല്ലുകളെടുത്ത് ആ മഹാത്മാവിന്‍റെ നെറ്റിത്തടത്തിലേക്കെറിഞ്ഞു. തുടര്‍ന്ന് നാലുഭാഗത്തുനിന്നും കല്ലുകള്‍ പ്രവഹിക്കാന്‍ തുടങ്ങി. ആ കല്‍കൂമ്പാരത്തിനുള്ളില്‍ ആ ഭക്തദാസന്‍ അചഞ്ചലമായ ദൈവവിശ്വാസത്തിന്‍റെയും ദീനി സ്‌നേഹത്തിന്‍റെയും സമാനതയില്ലാത്ത അദ്ധ്യായങ്ങള്‍ രചിച്ചുകൊണ്ട് ശഹീദായി. ഇന്നാലില്ലാഹി വ ഇന്നാ ഇലയ്ഹി റാജിഊന്‍. അങ്ങനെ ഇദ്ദേഹം സയ്യിദുശ്ശുഹദാഅ് (ശഹീദുമാരുടെ നേതാവ്) എന്ന പേരിനര്‍ഹനായിത്തീര്‍ന്നു. നേരത്തെ സയ്യിദ് സാഹിബിന്‍റെ ശിഷ്യന്‍ ഹദ്‌റത്ത് അബ്ദുര്‍റഹ്മാന്‍ സാഹിബിനേയും ശത്രുക്കള്‍ വധിച്ചിരുന്നു. അങ്ങനെ ഹദ്‌റത്ത് മസീഹ് മൗഊദ്(അ)ന്‍റെ ‘ശാതാനീ തുസ്ഹാനീ’ (രണ്ട് ആടുകള്‍ അറുക്കെടും) എന്ന ഇല്‍ഹാം സുതരാം പുലര്‍ന്നു. ഹദ്‌റത്ത് അഹ്മദ്(അ), ഹദ്‌റത്ത് അബ്ദുല്‍ ലത്തീഫ് (റ) ന്‍റെ രക്തസാക്ഷിത്വത്തെ എടുത്തുദ്ധരിച്ചുകൊണ്ട് പറയുന്നു:’ ‘അല്ലയോ അബ്ദുല്‍ലത്തീഫ്, താങ്കള്‍ക്കുമേല്‍ ആയിരമായിരം അനുഗ്രഹങ്ങള്‍ വര്‍ഷിക്കുമാറാകട്ടെ. താങ്കള്‍, എന്‍റെ ജീവിതകാലത്തു തന്നെ സത്യസന്ധതയുടെയും അര്‍ണബോധത്തിന്‍റെയും മഹത്തായ മാതൃകയാണ് കാണിച്ചത്. യാതൊരു കാരണവുമില്ലാതെയാണ് ഈ വധം നടന്നിരിക്കുന്നത്. ആകാശത്തിന്‍കീഴില്‍ ഇത്തരം രക്തസാക്ഷിത്വത്തിന് സമാനതയില്ല. അഹോ, കഷ്ടം! ഈ വിവരദോഷിയായ അമീര്‍ എന്താണ് ചെയ്തത്. ഈ നിഷ്‌കളങ്കനായ വ്യക്തിയെ നിര്‍ദ്ദാഷിണ്യം വധിച്ചുകൊണ്ട് സ്വയം നാശത്തില്‍ ആപതിച്ചു. ഓ കാബൂള്‍, നീ സാക്ഷിയായിരിക്കുക. നിന്‍റെ വിരിമാറില്‍ വച്ചാണ് ഈ അരുംകൊല നടത്തിയിരിക്കുന്നത്. ഓ ഭാഗ്യംകെട്ട ഭൂപ്രദേശമേ, ദൈവദൃഷ്ടിയില്‍ നീ തരംതാണുപോയിരിക്കുന്നു. ഈ കൊടുംപാതകത്തിന്‍റെ കര്‍മ്മരംഗം നിന്‍റെ നിലമാണല്ലോ. (തദ്കിറത്തുശഹാദത്തയ്ന്‍)

ഈ പ്രവചനത്തിനുശേഷം ലോകം കണ്ടത് അത്ഭുതങ്ങളായിരുന്നു. അമീറിന്‍ന്‍റെയും മുഫ്തിയുടേയും കുടുംബങ്ങളെ ദൈവികശിക്ഷ കൊടുംപ്രഹരമേല്‍പ്പിച്ചു. ഹബീബുല്ലാഹ്ഖാനും, നസറുല്ലാഹ്ഖാനും കൊല ചെയ്യപ്പെട്ടു. പിന്നീട് ശേഷിക്കുന്നവര്‍ നാടുകടത്തപ്പെട്ടു.

ഹദ്‌റത്ത് അബ്ദുല്‍ ലത്തീഫ് സാഹിബ്(റ) ശഹീദാക്കപ്പെട്ടതിന്‍റെ പിറ്റേന്നുതന്നെ കാബൂളില്‍ ശക്തമായ കോളറബാധയുണ്ടായി. ഇതില്‍ രാജകുടുംത്തിലെ പ്രമുഖരടക്കം നിരവധി ശത്രുക്കള്‍ മരണപ്പെട്ടു. കഴിഞ്ഞ നൂറുവര്‍ഷമായി കാബൂളിനും അഫ്ഗാനും പറയാനുള്ളത് രക്തച്ചൊരിച്ചിലിന്‍റെ ഭീകരകഥകള്‍ മാത്രമാണ്.

മദ്‌റസ അഹ്മദിയ്യ

1905ല്‍ ജമാഅത്തിലെ പ്രമുഖ പണ്ഡിതരായ ഹദ്‌റത്ത് മൗലാനാ അബ്ദുല്‍കരീം സാഹിബ് സിയാല്‍കോട്ടി(റ),  ഹദ്‌റത്ത് മൗലാനാ ബുര്‍ഹാനുദ്ദീന്‍ സാഹിബ് ജഹ്‌ലമി(റ) എന്നിവരുടെ വിയോഗം പുതിയ പുതിയ പണ്ഡിതരെ വാര്‍ത്തെടുക്കേണ്ടുന്നതിലേക്ക് ഹദ്‌റത്ത് അഹ്മദ്(റ)ന്‍റെ ശ്രദ്ധ ക്ഷണിച്ചു. അങ്ങനെ ജമാഅത്തുമായി കൂടിയാലോചിച്ച ശേഷം അദ്ദേഹം തഅ്‌ലീമുല്‍ ഇസ്‌ലാം ഹൈസ്‌കൂളിനോടനുബന്ധിച്ച് ദീനീ വിദ്യാഭ്യാസത്തിനുവേണ്ടി മദ്‌റസ അഹ്മദിയ്യ സ്ഥാപിച്ചു.

കാങ്കടയിലെ ഭൂകമ്പം

ഹദ്‌റത്ത് മസീഹ് മൗഊദ്(അ)ന് ഉണ്ടായ “അഫത്തിദ്ദിയാറു മഹില്ലുഹാ വമഖാമുഹാ” എന്ന ഇല്‍ഹാമിന്‍റെ വെളിച്ചത്തില്‍ 1905 ഏപ്രില്‍ 4ന് ഹിമാചലിലെ കാങ്കട എന്ന സ്ഥലത്ത് ശക്തമായ ഭൂമികുലുക്കമുണ്ടായി. ഇതില്‍ ആയിരക്കണക്കിന് വീടുകള്‍ നിലംപരിശാകുകയും അനേകായിരങ്ങള്‍ക്ക് ജീവഹാനി സംഭവിക്കുകയും ചെയ്തു.

അല്‍വസിയ്യത്ത്

ഹദ്‌റത്ത് അഹ്മദ്(അ)ന് തന്‍റെ മരണത്തെക്കുറിച്ച് 1905ന്‍റെ അവസാനത്തില്‍ ഇല്‍ഹാമുകളിലൂടെ അറിയിപ്പുകളുണ്ടായിക്കൊണ്ടിരുന്നു. ഒരിക്കല്‍ രണ്ടു മൂന്നു കവിള്‍ വെള്ളം ദര്‍ശനത്തില്‍ കണ്ടു. അതോടൊപ്പം ആബേസിന്‍ദഗി (ജീവജലം) എന്ന ഇല്‍ഹാമും ഉണ്ടായി. അതായത് രണ്ടുമൂന്ന് വര്‍ഷംകൂടി മാത്രമേ ജീവിതമുള്ളൂവെന്ന് താല്‍പര്യം. മറ്റൊരിക്കല്‍ ഖറുബ അജലുകല്‍മുഖദ്ദര്‍ (നിന്‍റെ മരണം സമീപസ്ഥമായി) എന്നും ഇല്‍ഹാമുണ്ടായി. നിരന്തരമുണ്ടായ ഇത്തരം ഇല്‍ഹാമുകളെ തുടര്‍ന്ന് ആ ധന്യാത്മാവ് ജമാഅത്തിനെ ഉപദേശിച്ചുകൊണ്ട് അല്‍വസിയ്യത്ത് എന്ന ഗ്രന്ഥം രചിച്ചു. അതില്‍ അല്ലാഹു തന്‍റെ പ്രവാചകന്മാര്‍ മുഖേന രണ്ടാം ഖുദ്‌റത്ത് വെളിപ്പെടുത്താറുണ്ടെന്നും പ്രവാചകാരുടെ വിയോഗശേഷം ഖിലാഫത്തിലൂടെയാണ് ഈ രണ്ടാം ഖുദ്‌റത്ത് പ്രകടമാകുകയെന്നും അദ്ദേഹം വ്യക്തമാക്കിയിരുന്നു. നബി(സ)ന്‍റെ കാലത്ത് സംഭവിച്ചതും അതായിരുന്നു. അത് തന്നെയാണ് ഇക്കാലത്തും ഉണ്ടാകുക. ഹദ്‌റത്ത് അഹ്മദ്(അ) പറയുന്നു.”ഞാന്‍ നിങ്ങളോട് പറഞ്ഞ ഇക്കാര്യങ്ങളില്‍ നിങ്ങള്‍ വ്യസനിക്കരുത്. നിങ്ങളുടെ ഹൃദയങ്ങള്‍ പരിഭ്രാന്തമാവരുത്. കാരണം രണ്ടാം ഖുദ്‌റത്ത് (ഖിലാഫത്ത്) കാണേണ്ടതും നിങ്ങള്‍ക്കനിവാര്യമാണ്.” ആ പുണ്യാത്മാവ് തന്‍റെ മരണത്തിനുശേഷം ഖിലാഫത്ത് ഉണ്ടാകുമെന്നുള്ള സുവാര്‍ത്തകളാണ് നല്‍കിയത്.

ബിഹിശ്തി മഖ്ബറ

അല്‍വസിയ്യത്ത് എന്ന ഗ്രന്ഥത്തില്‍ ഹദ്‌റത്ത് അഹ്മദ്(അ) തനിക്ക് ലഭ്യമായ സുവാര്‍ത്തകളുടെയും ദിവ്യെവളിപാടുകളുടെയും വെളിച്ചത്തില്‍ ബിഹിശ്തി മഖ്‌ബറ (സ്വര്‍ഗ്ഗീയ ശ്മശാനം)യെ സംബന്ധിച്ചും വിളംബരപ്പെടുത്തിയിട്ടുണ്ട്. ദിവ്യവെളിപാടുകളുടെ അടിസ്ഥാനത്തില്‍ ആ മഹാത്മന്‍ ഇപ്രകാരമെഴുതി. ”സത്യസന്ധനും പരിശുദ്ധനും ഭയഭക്തിയുള്ളവനും എല്ലാതരം ശിര്‍ക്കില്‍നിന്നും മറ്റെല്ലാ അനാശാസ്യകാര്യങ്ങളില്‍ നിന്നും വിട്ടുനില്‍ക്കുന്നവനും മാത്രമേ ഇവിടെ മറയടക്കപ്പെടുകയുള്ളൂ.” കൂടാതെ തന്‍റെ സ്വത്തിന്‍റെയും വരുമാനത്തിന്‍റെയും പത്തിലൊന്ന് ജമാഅത്തിന് കൊടുക്കാനും വസിയ്യത്ത് ചെയ്തയാള്‍ നിര്‍ബന്ധിതനാണ്. വസിയ്യത്ത് ചെയ്ത പുരുഷന്‍ ‘മൂസി’ എന്നും സ്ത്രീ ‘മൂസിയ’ എന്നും അറിയപ്പെടുന്നു.

ഹതാശനായ ഡോ. ഡൂയി

അമേരിക്കയില്‍ ഡോ. അലക്‌സാണ്ടര്‍ ഡൂയി എന്നൊരാള്‍ പ്രവാചകനാണെന്നു വാദിച്ചുകൊണ്ട് ക്രിസ്തുമതം പ്രചരിപ്പിക്കാനുള്ള ദൗത്യപ്രഖ്യാപനവുമായി രംഗത്തുവന്നു. ഇസ്‌ലാമിനെ നശിപ്പിക്കുമെന്ന് വീരവാദം മുഴക്കി. അയാള്‍ പ്രവാചക പ്രഭു ഹദ്‌റത്ത് മുഹമ്മദ് മുസ്തഫാ (സ)നെ അവഹേളിച്ചും പരിഹസിച്ചും കൊണ്ട് ചുവടുറപ്പിക്കാന്‍ ശ്രമിക്കുകയായിരുന്നു. ഇതറിഞ്ഞ ഹദ്‌റത്ത് മസീഹ് മൗഊദ് (അ) അയാളെ വെല്ലുവിളിച്ചു കൊണ്ടു പറഞ്ഞു ”ഡൂയിയുടെ ദൈവം ജീവല്‍ദൈവമാണോ എന്ന് മനസ്സിലാക്കുന്നതിനുള്ള ഒരെളുപ്പമാര്‍ഗ്ഗമുണ്ട്. ഡൂയി ഓരോ മുസ്‌ലിമിനെപറ്റിയും കൂടെക്കൂടെ മരണത്തെക്കുറിച്ച് പ്രവചനം നടത്താതെ എന്നിലേക്ക് മാത്രം ശ്രദ്ധ കേന്ദ്രീകരിച്ചുകൊണ്ട് ഞങ്ങളിരുവരില്‍ ആരാണോ കള്ളവാദി അയാള്‍ ആദ്യം മരണെടട്ടെ എന്ന് പ്രാര്‍ത്ഥിക്കേണ്ടതാണ്.” (റിവ്യൂ ഓഫ് റിലീജിയന്‍സ്, സെപ്തംബര്‍ 2) ”ഡൂയി ഇതില്‍നിന്ന് പിന്തിരിഞ്ഞാലും അയാളുടെ സിയോണ്‍ (ഡൂയി ഉണ്ടാക്കിയ പട്ടണം) നഗരത്തില്‍ ഉടന്‍തന്നെ ആപത്തുകള്‍ വര്‍ഷിക്കപ്പെടുന്നതാണ്” എന്നും ഹദ്‌റത്ത് അഹ്മദ്(അ) പറഞ്ഞു. (ഹഖീഖത്തുല്‍ വഹ്‌യ്, പേജ് 71)

ഹദ്‌റത്ത് അഹ്മദ് (അ)ന്‍റെ വെല്ലുവിളികള്‍ക്കു മുന്നില്‍ എന്തുകൊണ്ട് നില്‍ക്കുന്നില്ല എന്ന ജനങ്ങളുടെ ചോദ്യത്തിന് മറുപടി നല്‍കിക്കൊണ്ട് അയാള്‍ ധാര്‍ഷ്ട്യത്തോടെ പറഞ്ഞത് ‘ഞാനീ കൊതുകുകള്‍ക്കും ഈച്ചകള്‍ക്കുംമേല്‍ കാലുവെച്ചാല്‍ അവ ചതഞ്ഞരഞ്ഞുപോകും’ എന്നാണ്.അധികം കഴിയേണ്ടിവന്നില്ല ഡൂയി ദൈവശിക്ഷക്ക് വിധേയനായി. അയാള്‍ക്ക് പക്ഷാഘാതം പിടിപെടുകയും സംസാരശേഷി നഷ്ടമാകുകയും ചെയ്തു. അയാള്‍ മദ്യപാനിയും വിശ്വാസവഞ്ചകനുമാണെന്നു തിരിച്ചറിഞ്ഞ അനുയായികള്‍ അയാളെ കൈയ്യൊഴിഞ്ഞു. അയാളുടെ സിയോണ്‍ നഗരം നിലംപൊത്തി. 1907 മാര്‍ച്ചുമാസം ഹതാശനും നിരാലംബനും ദുഃഖിതനുമായ ഡൂയി അന്ത്യശ്വാസംവലിച്ചു. ഹദ്‌റത്ത് മസീഹ് മൗഊദ്(അ)ന്‍റെ പ്രവചനം പ്രോജ്ജ്വലമായി പുലര്‍ന്നു.

ലാഹോര്‍ യാത്രയും വഫാത്തും

1908 ഏപ്രില്‍ 27ന് ഹദ്‌റത്ത് അഹ്മദ്(അ) കുടുംബത്തോടൊപ്പം ലാഹോറിലേക്കു പോയി. അവിടെ അദ്ദേഹം നിരവധി പ്രഭാഷണങ്ങള്‍ നല്‍കുകയും അന്യമതസ്ഥരുമായി സംഭാഷണങ്ങള്‍ നടത്തുകയും ചെയ്തു. ഇക്കാലത്തുതന്നെയാണ് അദ്ദേഹം തന്‍റെ വിശ്വവിഖ്യാതമായ ‘പൈഗാമെ സുല്‍ഹ്’ (മൈത്രി സന്ദേശം) എന്ന കൃതി രചിച്ചത്. ഈ ലാഹോര്‍ വാസത്തിനിടയില്‍ ആ മഹാത്മാവിന് തന്‍റെ മരണത്തെക്കുറിച്ചുള്ള ദൈവിക അറിയിപ്പുകളും ലഭിച്ചുകൊണ്ടിരുന്നു. ഒരു സന്ദര്‍ഭത്തില്‍ അദ്ദേഹം തന്‍റെ ധര്‍മ്മപത്‌നിയോടു പറഞ്ഞത്, ഇനി അല്ലാഹു കൊണ്ടുപോകുമ്പോഴേ നമ്മള്‍ ഖാദിയാനില്‍ പോകൂ എന്നാണ്. 1908 മെയ് 20ന് അദ്ദേഹത്തിന് ഇപ്രകാരം ഇല്‍ഹാമുണ്ടായി. ”അര്‍റഹീലു സുമ്മര്‍റഹീലു വല്‍മൗതു ഖരീബൂന്‍” (പോകാനുള്ള സമയം അടുത്തെത്തിയിരിക്കുന്നു, മരണം സമീപസ്ഥമാണ്). 25ആം തിയ്യതി അര്‍ദ്ധരാത്രി ഹദ്‌റത്ത് അഹ്മദ്(അ) രോഗഗ്രസ്തനായി. 26ന് രാത്രി 10 മണിക്ക് ആ മഹാത്മാവ് തന്‍റെ യഥാര്‍ത്ഥ നാഥനും പ്രേമഭാജനവുമായ അല്ലാഹുവിങ്കലേക്ക് യാത്രയായി. ഇന്നാലില്ലാഹി വഇന്നാ ഇലയ്ഹി റാജിഊന്‍. അവസാന സമയത്ത് ഹദ്‌റത്ത് അഹ്മദ്(അ)ന്‍റെ നാവുകളില്‍ ഉണ്ടായിരുന്ന വാചകം, ”അല്ലാഹ്, മേരെ പ്യാരെ അല്ലാഹ്!” (അല്ലാഹുവേ, എന്‍റെ പ്രിയപ്പെട്ട അല്ലാഹുവേ!) എന്നായിരുന്നു.

മരണസമയത്ത് ആ മഹാത്മാവിന്‍റെ പ്രായം ക്രിസ്ത്വാബ്ദപ്രകാരം 73 വയസും ഹിജ്‌റാബ്ദപ്രകാരം 76 വയസുമായിരുന്നു. ഹദ്‌റത്ത് അഹ്മദ്(അ)ന്‍റെ ജനാസ ലാഹോറില്‍നിന്ന് റെയില്‍മാര്‍ഗ്ഗം ബട്ടാലവരേയും ബട്ടാലയില്‍നിന്ന് സഹാബാക്കള്‍ ചുമലിലേറ്റി. ഖാദിയാനിലും എത്തിച്ചു. മെയ് 27ന് ഹദ്‌റത്ത് മൗലാനാ ഹക്കീം നൂറുദ്ദീന്‍ സാഹിബ് (റ) ഖലീഫത്തുല്‍ മസീഹുല്‍ അവ്വല്‍ ആയി ഐക്യകണ്‌ഠ്യേന തിരെഞ്ഞടുക്കപ്പെട്ടു. അദ്ദേഹത്തിന്‍റെ നേതൃത്വത്തില്‍ ബിഹിശ്തി മഖ്‌റയില്‍ മെയ് 27ന് വൈകിട്ട് 6 മണിക്ക് ഹദ്‌റത്ത് അഹ്മദ് (അ)ന്‍റെ ജനാസ നമസ്‌കാരവും ഖബറടക്കവും നടന്നു.

ഹദ്‌റത്ത് അഹ്മദ്(അ)ന്‍റെ രൂപവിശേഷം

ഹദ്‌റത്ത് അഹ്മദ്(അ)ന്‍റെ ശരീരം വല്ലാതെ മെലിഞ്ഞതോ അധികം തടിച്ചതോ അല്ലായിരുന്നു. ഉയരം ഇടത്തരം. തോളും നെഞ്ചും വിശാലം. നിറം വെള്ളകലര്‍ന്ന കോതമ്പ്. മുഖം പ്രകാശമാനവും തൂമന്ദഹാസമുള്ളതും. തലമുടി കട്ടികുറഞ്ഞതും നീണ്ടതും ആയിരുന്നു. താടി കനമുള്ളതും സുന്ദരവും. കണ്ണുകള്‍ കറുപ്പ് നിറം കലര്‍ന്ന മഞ്ഞ. ദൃഷ്ടികള്‍ ഏതുസമയത്തും കീഴ്‌പോട്ടായിരുന്നു. നെറ്റിത്തടം വിശാലവും നേരെയും. വസ്ത്രം ലളിതമായിരുന്നു. കുര്‍ത്ത, ഖമീസ്, പൈജാമ, കോട്ട്, തലാപ്പാവ് എന്നിവ ധരിച്ചിരുന്നു. ബനിയന്‍ ധരിച്ചിരുന്നില്ല. നാടന്‍ ചെരുപ്പുകളാണ് ഉപയോഗിച്ചിരുന്നത്. പുറത്തേക്കിറങ്ങുമ്പോള്‍ കയ്യില്‍ വടി കരുതുമായിരുന്നു. ഭക്ഷണവും ലളിതമായിരുന്നു. വളരെക്കുറച്ച് സാവധാനത്തില്‍ എടുത്താണ് കഴിച്ചിരുന്നത്.

ഗ്രന്ഥങ്ങള്‍

ഹദ്‌റത്ത് അഹ്മദ്(അ) രചിച്ചിട്ടുള്ള എണ്‍പതിലധികം ഗ്രന്ഥങ്ങള്‍ റൂഹാനി ഖസായിന്‍ എന്ന പേരില്‍ 23 ഭാഗമായി പ്രസിദ്ധീകരിച്ചിട്ടുണ്ട്. അദ്ദേഹം വിവിധ സന്ദര്‍ഭങ്ങളില്‍ നടത്തിയ ചെറുപ്രഭാഷണങ്ങള്‍, ഉപദേശങ്ങള്‍, കൂടിക്കാഴ്ചകള്‍ തുടങ്ങിയവ അദ്ദേഹത്തിന്‍റെ സ്വഹാബാക്കള്‍ അക്കാലത്തു തന്നെ സ്വരൂപിച്ചിട്ടുണ്ട്. മല്‍ഫൂസാത്ത് എന്ന പേരില്‍ ഇത് 5 ഭാഗമായി ഇപ്പോള്‍ പ്രസിദ്ധീകരിച്ചിട്ടുണ്ട്. അദ്ദേഹത്തിന്‍റെ കത്തിടപാടുകള്‍ മക്തൂബാത്തെ അഹ്മദിയ്യ എന്നും,  വിളംബരങ്ങള്‍ ഇശ്തിഹാറാത്ത് (3 ഭാഗം) എന്നും അറിയപെടുന്നു. ഹദ്‌റത്ത് അഹ്മദ്(അ) വിവിധ ഗ്രന്ഥങ്ങളില്‍ എഴുതിയിട്ടുള്ള വിശുദ്ധഖുര്‍ആന്‍ ആയത്തുകളുടെ വിശദീകരണങ്ങള്‍ തഫ്‌സീര്‍ ഹദ്‌റത്ത് മസീഹ് മൗഊദ് (അ) എന്ന പേരിലും (3 ഭാഗം) വഹ്‌യ്കളും ഇല്‍ഹാമുകളും ദര്‍ശനങ്ങളും തദ്കിറ എന്ന പേരിലും പ്രസിദ്ധീകരിച്ചിട്ടുണ്ട്. ഹദ്‌റത്ത് അഹ്മദ്(അ)ന്‍റെ വിവിധ ഗ്രന്ഥങ്ങളിലുള്ള ഉര്‍ദു, ഫാര്‍സി പദ്യങ്ങള്‍ ദുര്‍റെസമീന്‍ എന്ന പേരിലും അറബിപദ്യങ്ങള്‍ അല്‍ഖസായിദത്തുല്‍ അഹ്മദിയ്യ എന്ന പേരിലും പ്രസിദ്ധീകരിച്ചിട്ടുണ്ട്.

ഹദ്‌റത്ത് അഹ്മദ്(അ) ന്‍റെ ഗ്രന്ഥങ്ങള്‍

 1. ഏക് ഈസായീകെ തീന്‍ സവാലാത്ത്കാ ജവാബ്
 2. പുരാനി തഹ്‌രീറേന്‍
 3. ബറാഹീനെ അഹ്മദിയ്യാ
 4. സുര്‍മ ചശ്മ ആര്യ
 5. ശഹ്‌നയെ ഹഖ്
 6. സബ്‌സ് ഇശ്തിഹാര്‍
 7. ഫത്‌ഹെ ഇസ്‌ലാം
 8. തൗസീഹെ മറാം
 9. ഇസാലെ ഔഹാം
 10. അല്‍ഹഖ് ലുധിയാനാ
 11. അല്‍ഹഖ് ദിഹിലി
 12. ആസ്മാനി ഫയ്‌സലാ
 13. നിശാനെ ആസ്മാനി
 14. ആയിനയെ കമാലാത്തെ ഇസ്‌ലാം
 15. ബറക്കാത്തുദ്ദുആ
 16. സച്ചായീകാ ഇസ്ഹാര്‍
 17. ഹുജ്ജത്തുല്‍ ഇസ്‌ലാം
 18. ജംഗെ മുഖദ്ദസ്
 19. ശഹാദത്തുല്‍ ഖുര്‍ആന്‍
 20. തുഹ്ഫയെ ബഗ്ദാദ്
 21. കറാമാത്തുസ്സ്വാദിഖീന്‍
 22. ഹമാമത്തുല്‍ ബുശ്‌റാ
 23. നൂറുല്‍ ഹഖ്
 24. ഇത്മാമെ ഹുജ്ജത്ത്
 25. സിര്‍റുല്‍ ഖിലാഫഃ
 26. അന്‍വാറുല്‍ ഇസ്‌ലാം
 27. മിനനുര്‍ റഹ്മാന്‍
 28. സിയാഉല്‍ ഹഖ്
 29. നൂറുല്‍ ഖുര്‍ആന്‍
 30. മിഅ്‌യാറുല്‍ മദാഹിബ്
 31. ആര്യ ധറം
 32. സത് ബജന്‍
 33. ഇസ്‌ലാമീ ഉസൂല്‍കീ ഫിലാസഫി
 34. അഞ്ചാമെ ആഥിം
 35. സിറാജെ മുനീര്‍
 36. ഇസ്തിഫ്താ
 37. ഹുജ്ജത്തുല്ലാഹ്
 38. തുഹ്ഫയെ ഖയ്‌സിരിയ്യഃ
 39. ജല്‍സയെ അഹ്ബാബ്
 40. മഹ്മൂദ് കീ ആമീന്‍
 41. സിറാജുദ്ദീന്‍ ഇസായീകെ ചാര്‍ സവാലോംകാ ജവാബ്
 42. കിതാബുല്‍ ബരിയ്യഃ
 43. അല്‍ബലാഗ്
 44. സറൂറത്തുല്‍ ഇമാം
 45. നജ്മുല്‍ ഹുദാ
 46. റാസെ ഹഖീഖത്ത്
 47. കശ്ഫുല്‍ഗത്ത്വാ
 48. അയ്യാമുസ്സുല്‍ഹ്
 49. ഹഖീഖത്തുല്‍ മഹദി
 50. മസീഹ് ഹിന്ദുസ്ഥാന്‍മേം
 51. സിത്താരയെ ഖയ്‌സിരിയ്യഃ
 52. തിര്‍യാഖുല്‍ ഖുലൂബ്
 53. തുഹ്ഫയെ ഗസ്‌നവിയ്യഃ
 54. റൂയിദാദ് ജല്‍സ ദുആ
 55. ഖുത്ബ ഇല്‍ഹാമിയ
 56. ലുജ്ജത്തുന്നൂര്‍
 57. ഗവ:അംഗ്രേസ്ഔര്‍ ജിഹാദ്
 58. തുഹ്ഫയെ ഗോള്‍ഡവിയാ
 59. അര്‍ ബഈന്‍
 60. ഇഅ്ജാസുല്‍ മസീഹ്
 61. ഇക് ഗലത്തി കാ ഇസാലാ
 62. ദാഫിഉല്‍ ബലാ
 63. അല്‍ഹുദാ
 64. നുസൂലുല്‍ മസീഹ്
 65. കിശ്തിനൂഹ്
 66. തുഹ്ഫത്തുന്നദ്‌വ
 67. ഇഅ്ജാസെ അഹ്മദി
 68. റിവ്യൂ ബര്‍ മുബാഹിസാ ബട്ടാലവി വ ചക്ടാലവി
 69. മവാഹിബുര്‍ റഹ്മാന്‍നസീമെ ദഅ്‌വത്ത്
 70. സനാതന്‍ ധറം
 71. തദ്കിറത്തു ശഹാദത്തൈന്‍
 72. സീറത്തുല്‍ അബ്ദാല്‍
 73. ലക്ച്ചര്‍ ലാഹോര്‍
 74. ലക്ച്ചര്‍ സിയാല്‍കോട്ട്
 75. അഹ്മദി വ ഗയ്ര്‍ അഹ്മദിമേം ഫര്‍ഖ്
 76. ലക്ച്ചര്‍ ലുധിയാന
 77. അല്‍വസിയ്യത്ത്
 78. ചശ്മയെ മസീഹീ
 79. തജല്ലിയാത്തെ ഇലാഹിയാ
 80. ഖാദിയാന്‍കെ ആര്യ ഔര്‍ഹം
 81. ഹഖീഖത്തുല്‍ വഹ്‌യ്
 82. ചശ്മയെ മഅ്‌രിഫത്ത്
 83. പൈഗാമെ സുല്‍ഹ്