ഈസാനബി ജീവനോടുകൂടി ആകാശത്തിലേക്ക് ഉയർത്തപ്പെട്ടിട്ടില്ലെന്നും നേരെ മറിച്ച്, മരിച്ചുപോയിരിക്കുന്നുവെന്നുമാണ് വിശുദ്ധ ഖുർആൻ കൊണ്ടും ഹദീസുകൾകൊണ്ടും സ്ഥാപിതമായിട്ടുള്ളത. കൂടാതെ, നബിതിരുമേനിക്ക് മുമ്പേ കഴിഞ്ഞുപോയ പ്രവാചകൻമാരെല്ലാം മരിച്ചുപോയിരിക്കുന്നു എന്നാണ് സ്വഹാബത്ത് വിധി കല്പിച്ചിട്ടുള്ളതെന്നും ഈസാനബി ജീവിച്ചിരിക്കുയാണെന്ന വിശ്വാസം പിന്നീട് മുസ്ലിംകൾക്കിടയിൽ കടന്നുകൂടിയതാണെന്നും വ്യക്തമാക്കിക്കഴിഞ്ഞു. ഇനി നമുക്ക് പരിശോധിക്കാനുള്ളത് വാഗ്ദാനം ചെയ്യപ്പെട്ട മസീഹ് എവിടെ നിന്ന് വരേണ്ട ആളാണന്നാണ്. അങ്ങനെ നോക്കുമ്പോൾ ഈ ഉമ്മത്തിൽ നിന്ന് തന്നെയാണ് അദ്ദേഹം വരേണ്ടതെന്ന് വിശുദ്ധ ഖുർആൻ കൊണ്ടും ഹദീസുകൾകൊണ്ടും തെളിയുന്നതായി നമുക്ക് കാണുവാൻ കഴിയും. ഖുർആൻ പറയുന്നത് നോക്കുക:
وَعَدَ اللّٰہُ الَّذِیۡنَ اٰمَنُوۡا مِنۡکُمۡ وَ عَمِلُوا الصّٰلِحٰتِ لَیَسۡتَخۡلِفَنَّہُمۡ فِی الۡاَرۡضِ کَمَا اسۡتَخۡلَفَ الَّذِیۡنَ مِنۡ قَبۡلِہِمۡ ۪ وَ لَیُمَکِّنَنَّ لَہُمۡ دِیۡنَہُمُ الَّذِی ارۡتَضٰی لَہُمۡ وَ لَیُبَدِّلَنَّہُمۡ مِّنۡۢ بَعۡدِ خَوۡفِہِمۡ اَمۡنًا ؕ یَعۡبُدُوۡنَنِیۡ لَا یُشۡرِکُوۡنَ بِیۡ شَیۡئًا ؕ وَ مَنۡ کَفَرَ بَعۡدَ ذٰلِکَ فَاُولٰٓئِکَ ہُمُ الۡفٰسِقُوۡنَ
നിങ്ങളിൽ നിന്ന് വിശ്വസിക്കുകയും സൽക്കർമ്മങ്ങളനുഷ്ഠി ക്കുകയും ചെയ്യുന്നവരോട് അല്ലാഹു വാഗ്ദാനം നകിയിരിക്കുന്നു; ഏതുവിധം അവർക്കു മുമ്പേ കഴിഞ്ഞവരിൽ അവൻ ഖലീഫമാരെ എഴുന്നേല്പിച്ചുവോ അതേവിധം തീർച്ചയായും അവരിലും ഖലീഫമാരെ എഴുന്നേല്പിക്കുകയും അവർക്കുവേണ്ടി അല്ലാഹു ഇഷ്ടപ്പെട്ട അവരുടെ മതത്തെ അവൻ ബലപ്പെടുത്തുകയും ചെയ്യും (വി.ഖു. 24:56).
ഏതുപ്രകാരം ബനൂഇസ്രായീലിൽ മൂസാനബിക്കുശേഷം ഖലീഫമാരെ നിയോഗിച്ചുവോ അതുപ്രകാരം നബി തിരുമേനിക്ക് ശേഷവും ഖലീഫമാരെ നിയോഗിക്കുകയും അവർ മുഖേന മതത്തെ ശക്തിപ്പെടുത്തുകയും ചെയ്യുമെന്നാണ് അല്ലാഹു ഈ വാക്യത്തിൽ മുസ്ലിംകളോട് വാഗ്ദാനം ചെയ്യുന്നത്. മൂസാനബിക്കു ശേഷം ബനൂഇസ്രായീലിൽ അനേകം ഖലീഫമാർ വരികയും തൌറാത്തിനു സേവനമനുഷ്ഠിക്കുകയും ചെയ്തിരുന്നുവെന്നത് പ്രത്യക്ഷമാണ്. മൂസാനബിയുടെ ഖലീഫമാരുടെ ഈ ശൃംഖല ഈസാ നബിയുടെ ആഗമനത്തോടുകൂടി പരിപൂർത്തി പ്രാപിച്ചു. മുസ്ലിംകൾക്കും അത്തരം ഖലീഫമാരെക്കുറിച്ചാണ് വാഗ്ദാനം നല്കിയിരിക്കുന്നത്. അതിനാൽ, മൂസാനബിയുടെ ഖലീഫമാരിൽ ഒടുവിലത്തെ ആൾ ഇസ്രായീൽ മസീഹായിരുന്നതു പോലെ, മുസ്ലിം ഖലീഫമാരുടെ ശൃംഖലയ്ക്ക് പരിപൂർത്തി വരുത്തുന്ന ഒരു മസീഹ് അവസാനകാലത്ത് മുസ്ലിംകളിലും വരേണ്ടതാണെന്ന് നിശ്ചയിക്കപ്പെട്ടിരുന്നു. ഈ വിധത്തിൽ, ‘കമാ’ എന്ന പദം സൂചിപ്പിക്കുന്നതുപോലെ രണ്ട് ശൃംഖലകളെയും അല്ലാഹു സാദൃശ്യപ്പെടുത്തിയിരിക്കയാണ്. സാദൃശ്യത്തിന് ‘വിഭിന്നത’ എന്ന ഘടകം ഒഴിച്ചുകൂടാനാവാത്തതാണ്. അതുകൊണ്ട് മുഹമ്മദീയ ശൃംഖലയിലെ ഒടുവിലത്തെ ഖലീഫ അഥവാ മസീഹ് മൂസവി ശൃംഖലയിലെ മസീഹിൽ നിന്ന് വിഭിന്നനായ ഒരു വ്യക്തിയായിരിക്കുമെന്നും എന്നാൽ, അവർ തമ്മിൽ സാദൃശ്യമുണ്ടായിരിക്കുമെന്നും ഇതിൽ നിന്നും മനസ്സിലാക്കാം.
കൂടാതെ, പ്രസ്തുത വചനത്തിൽ അല്ലാഹു “മിൻകും’ (നിങ്ങളിൽനിന്ന്) എന്ന പദം പ്രയോഗിച്ചുകൊണ്ട് എല്ലാ തർക്കത്തിന്റെയും വേരറുക്കുകയും മുസ്ലിംകൾക്ക് വാഗ്ദാനം ചെയ്യപ്പെട്ട ഖലീഫമാർ അവരിൽ നിന്നു തന്നെയുള്ളവരായിരിക്കുമെന്നും പുറമെ നിന്നുള്ളവരായിരിക്കയില്ലെന്നും സ്പഷ്ടമാക്കുകയും ചെയ്തിരിക്കുന്നു. എന്നിരിക്കേ, മുഹമ്മദീയ ശൃംഖലയിലെ അവസാനത്തേതും ഏറ്റവും മഹാനുമായ ഖലീഫ ബനൂഇസ്രായീലിൽ നിന്നുള്ള ഒരാളായിരിക്കുമെന്ന് വാശിപിടിക്കുന്നതും അങ്ങനെ “മിൻകും” എന്ന പദം കൊണ്ട് അല്ലാഹു നല്കിയിട്ടുള്ള വാഗ്ദാനത്തെ ചവറ്റുകൊട്ടയിൽ എറിഞ്ഞുകളയുന്നതും എത്രവലിയ അന്യായമാണ്.
പോരെങ്കിൽ, വാഗ്ദാനം നല്കപ്പെട്ട മസീഹ് പുറമേനിന്നുള്ള ഒരാളായിരിക്കയില്ലെന്നും നേരെ മറിച്ച്, മുസ്ലിം സമുദായത്തിൽ നിന്നു തന്നെയുള്ള ഒരു വ്യക്തിയായിരിക്കുമെന്നും തിരുനബിയുടെ ഹദീസ് വ്യക്തമായി സ്ഥാപിക്കുന്നു. നബിതിരുമേനി പറയുന്നത് നോക്കുക:
(كيف انتم اذا نزل ابن مريم فيكم وامامكم منكم (بخاری و مسلم
നിങ്ങളിൽ നിന്ന് നിങ്ങൾക്ക് ഇമാമായി ഇബ്നുമർയം നിങ്ങളിൽ ഇറങ്ങുമ്പോൾ നിങ്ങളുടെ സ്ഥിതി എത്രമേൽ നന്നായിരിക്കുകയില്ല. (ബുഖാരി, മുസ്ലിം)
വാഗ്ദാനം ചെയ്യപ്പെട്ട മസീഹ് മുസ്ലിംകളിൽ നിന്നു തന്നെയുള്ള ഒരാളായിരിക്കുമെന്ന്, വ്യാഖ്യാനത്തിന്റെ ആവശ്യമൊന്നുമില്ലാത്ത നിലയിൽ, ഈ ഹദീസ് വ്യക്തമാക്കുന്നു.
മിൻകും’ എന്ന പദത്തിന് മറ്റൊരു അർത്ഥം കൽപിക്കുക സാധ്യമല്ല. വരാനിരിക്കുന്ന ആൾക്ക് ഇബ്നുമർയം എന്ന പേര് നല്കിയിട്ടുണ്ടെന്നുള്ളത് ശരിയായിരിക്കാം . പക്ഷേ, ആ ഇബ്നുമർയം മുമ്പ് കഴിഞ്ഞു പോയ ആളല്ലെന്നും മുസ്ലിംകളിൽ നിന്നുതന്നെയുള്ള ഒരാളായിരിക്കുമെന്നും, “മിൻകും” എന്ന പദം ഉച്ചസ്തരം വിളിച്ചോതുന്നുണ്ട്. മിൻകും’ എന്ന പദം ഉപയോഗിച്ചുകൊണ്ട് നബി തിരുമേനി, ഈസാനബി(അ) തന്നെ വീണ്ടും വരുമെന്ന വിശ്വാസത്തിന്റെ വേരാണ് അറുത്തിരിക്കുന്നത്. വാഗ്ദാനം ചെയ്യപ്പെട്ട മസീഹ് ഈ ഉമ്മത്തിൽ നിന്നുള്ള ആളായിരിക്കുമെന്ന് പ്രവാചക പ്രഭുവായ ഹദ്റത്ത് മുഹമ്മദ് നബി(സ) സ്പഷ്ടമായി പറഞ്ഞിരിക്കുന്നു. പക്ഷേ, മുസ്ലിംകൾ അവരുടെ ആത്മീയോദ്ധാരണത്തിനുവേണ്ടി ബനൂഇസ്രായിലിന്റെ പാദങ്ങളിൽ കുമ്പിട്ടു കൊണ്ട് ഈസാനബി(അ)യോട് സ്നേഹം കാണിക്കുന്നതിൽ ശിർക്കിന്റെ ചുവയാണുള്ളത്.