لو كان موسى وعيسى حيين لما وسعهما إلا اتباعي
ഹസ്രത്ത് നബിതിരുമേനി (സ) പറഞ്ഞു : “മൂസായും ഈസായും ജീവിച്ചിരിപ്പുണ്ടായിരുന്നുവെങ്കിൽ അവരിരുവർക്കും എന്നെ പിന്തുടരാതിരിക്കാൻ കഴിയുമായിരുന്നില്ല.“
(തഫ്സീറുൽ ഖുർആനുൽ അളീം, ഇബ്നു കസീർ – ‘മിത്തഖുൻ -നബിയ്യീൻ ‘ എന്ന വാക്യത്തിന് കീഴിൽ; അൽ-യവാഖിതു വൽ-ജവാഹിർ, വാല്യം 2, അൽ-മബസൂസ്-സാനി വഥ്-ഥലസുൻ എന്നതിനു കീഴിൽ; സർഖാനി ഷറഹ് മവാഹിബുൽ-ലുദുനിയഃ ; ഫത്ഹുൽ-ബയാൻ; അൽ-ബഹ്റുൽ-മുഹീത്ത്)
ഇത്ര വ്യക്തതയോടെയുള്ള നബിവാക്യങ്ങൾ ഉണ്ടെന്നിരിക്കെ ഈ അബദ്ധവിശ്വാസം പേറി ജീവിക്കേണ്ട എന്ത് ഗതികേടാണ് മുസ്ലിംങ്ങൾക്ക് സംഭവിച്ചത്?. തിരുനബി സല്ലല്ലാഹു അലൈഹിവസ്സല്ലം മേലുദ്ധരിച്ച ഹദീസിൽ ഹസ്രത്ത് മൂസ(അ)മും അതുപോലെ ഈസാ(അ)മും “ജീവനോടെ ഉണ്ടായിരുന്നുവെങ്കിൽ“ എന്നുള്ളതാണ് ഒരു തന്നെ പിന്തുടരാനുള്ള നിബന്ധനയായി പറയുന്നത്, അതല്ലാതെ അവർക്ക് വെറെ നിർവാഹമില്ല എന്നും. “ജീവനോടെ ഉണ്ടായിരുന്നുവെങ്കിൽ“ എന്നുള്ള പ്രയോഗം തന്നെ അതിന്റെ വിപരീതം “ജീവനോടെ ഇല്ല“ എന്നുള്ളതിനെ കുറിക്കുന്നതാണ്. ഹസ്രത്ത് മൂസാനബി(അ) വഫാത്തായിപ്പോയിരിക്കുന്നല്ലോ, നബി തിരുമേനി(സ) മൂസാനബിയോടു ചേർത്താണ് ഈസാനബി(അ)നേയും “ജീവച്ചിരിപ്പില്ലാത്തവരുടെ“ കൂട്ടത്തിൽ ഉൾപ്പെടുത്തിയിട്ടുള്ളത്. ഇപ്പോൾ ഈസാനബി (അ) ജീവനോടെ ഉണ്ടായിരുന്നെങ്കിൽ തന്നെ പിൻപറ്റുമായിരുന്നു എന്നുള്ളതിൽ നിന്നും ഈസാനബി(അ)ന്റെ മരണം വ്യക്തമാകുന്നില്ലായെങ്കിൽ ഇതിൽ കൂടുതൽ വ്യക്തത മറ്റെവിടുന്ന് ലഭിക്കാനാണ്. മൂസാനബി(അ)നു മാത്രമാണ് മരണം സംഭവിച്ചിട്ടുള്ളുവെങ്കിൽ മൂസാനബി(അ)നെ മാത്രം ഈ ഹദീസിൽ പരാമർശിക്കുകയുള്ളൂ. എന്നാൽ അതുതന്നെ ഈസാനബിക്കും സംഭവിച്ചിരിക്കയാൽ അവരെ രണ്ടുപേരെയും ചേർത്തു പറഞ്ഞിരിക്കുന്നു.
ഈസാനബി വാനലോകത്തേക്ക് കയറിപ്പോയി എന്നുള്ള വിശ്വാസക്കാർ (അഹ്മദികൾ അല്ലാത്തവർ) അദ്ദേഹം ജീവനോടെ സ്ഥൂലദേഹത്തോടെ ആകാശത്ത് പോയി അവിടെ ജീവനോടെയിരിക്കുന്നു എന്നാണല്ലോ വിശ്വസിക്കുന്നത്. ഇപ്രകാരമായിരുന്നു ഹസ്രത്ത് മുഹമ്മദ് നബി(സ)യുടെ അറിവെങ്കിൽ “മൂസാനബി ജീവിച്ചിരിപ്പുണ്ടായിരുന്നുവെങ്കിൽ എന്നെ പിന്തുടരാതിരിക്കാൻ കഴിയുമായിരുന്നില്ല“ എന്നും ശേഷം “ഈസാനബി ഭൂമിയിൽ തന്നെയുണ്ടായിരുന്നുവെങ്കിൽ അദ്ദേഹവും തന്നെ പിന്തുടന്നേനേ“ എന്നല്ലേ പറയേണ്ടിയുന്നത്. പക്ഷെ അവരെ രണ്ടുപേരെയും കുറിച്ച് ജീവനോടെ ഇല്ലാത്തവർ എന്നാണ് പറഞ്ഞത്. അതായത് രണ്ടുപേർക്കും ഒരേപോലുള്ള, തിരുനബി(സ)യെ ഇപ്പോൾ പിന്തുടരാൻ സാധിക്കാത്ത അവസ്തയാണുള്ളത് എന്ന്, ആ അവസ്ത അവർ രണ്ടുപേരും ഒരുപോലെ “ജീവനോടില്ല“ എന്നുള്ളതാണ്.