وإذا سألك عبادي عني فإني قريب أجيب دعوة الداع إذا دعان فليستجيبوالي وليؤمنوا بي لعلهم يرشدون
സയ്യിദുനാ ഹദ്റത് അമീറുൽ മുഅ്മിനീൻ ഖലീഫത്തുൽ മസീഹ് അൽഖാമിസ് അയ്യദഹുല്ലാഹ് യു.കെ ഇസ്ലാമാബാദിലെ മുബാറക്ക് മോസ്കിൽ നിർവഹിച്ച ജുമുഅ ഖുത്ബയുടെ സംഗ്രഹം
ഈ ആയത്തിന്റെ തർജമ ഇപ്രകാരമാകുന്നു. എന്നെ സംബന്ധിച്ച് എന്റെ ദാസൻമാർ നിന്നോട് ചോദിക്കുന്ന പക്ഷം നിശ്ചയമായും ഞാൻ സമീപസ്ഥനാകുന്നു. പ്രാർഥിക്കുന്നവന്റെ പ്രാർഥനക്ക് ഞാൻ ഉത്തരം നൽകും; അവൻ എന്നെ വിളിച്ച് പ്രാർഥിക്കുമ്പോൾ. അതു കൊണ്ട്, അവർ എന്റെ വിളിക്ക് ഉത്തരം നൽകുകയും എന്നിൽ വിശ്വസിക്കുകയും ചെയ്യട്ടെ; അവർ സൻമാർഗം പ്രാപിക്കുന്നതിനുവേണ്ടി.
അല്ലാഹുവിന്റെ അനുഗ്രഹത്താൽ റമദാൻ മാസത്തിലൂടെയാണ് നമ്മൾ കടന്നുപോയികൊണ്ടിരിക്കുന്നത്. ഈ മാസം ദുആകൾ സ്വീകരിക്കപ്പെടുന്ന മാസമാകുന്നു. തന്റെ പ്രത്യേക അനുഗ്രഹത്തിന്റെ നീരുറവ തുറന്നിരിക്കുന്നു. (കാരണം) ഇതിൽ മനുഷ്യൻ തന്റെ ഓരോ കർമവും അല്ലാഹുവിന്റെ തൃപ്തി കരസ്ഥമാക്കുന്നതിനുവേണ്ടിയാണ് ചെയ്യുന്നത്.
തിരുനബി(സ) പറയുന്നു: അല്ലാഹു പറഞ്ഞു, ഈ മാസത്തിൽ സ്വർഗ കവാടങ്ങൾ തുറക്കപ്പെടുകയും നരക കവാടങ്ങൾ കൊട്ടിയടക്കപ്പെടുകയും ചെയ്യുന്നു. ശൈത്താൻ ബന്ധനസ്ഥനാക്കപ്പെടുന്നു. പൊതുവായ അവസ്ഥയിൽ ശൈത്താന് (മനുഷ്യനെ പ്രലോഭിപ്പിച്ച് തന്റെ പിന്നിൽ നടത്താൻ) തുറന്ന അവസരമാണുള്ളത്. റമദാൻ മാസത്തിൽ അവനെ കെട്ടിയിടുകയും അല്ലാഹു അവനുവേണ്ടി വൃതമനുഷ്ഠിക്കുന്നവരെ പൂർണമായും തന്റെ സംരക്ഷണത്തിന്റെ കോട്ടയിൽ ആക്കുകയും ചെയ്യുന്നു.
അല്ലാഹു പറഞ്ഞിരിക്കുന്നു: നോമ്പുകാരനുള്ള പ്രതിഫലം ഞാൻ തന്നെയാ കുന്നു. ഇത് എത്ര വലിയ സുവാർത്തയാണ്.
ഞാൻ പാരായണം ചെയ്ത ആയത്ത് റമദാന്റെ അനിവാര്യതയും കല്പനകളും നോമ്പിന്റെ പ്രാധാന്യവും വിവരിക്കുന്നതിന്റെ ഇടയിലുള്ള ഒരു ആയത്താകുന്നു.
ഈ ആയത്തിൽ അല്ലാഹു ദുആ സ്വീകാര്യതയുടെ രീതിയെ കുറിച്ച് വിവരിക്കുന്നു. ഇബാദുർറഹ്മാൻ ആയ ആളുകളെ സംബന്ധിച്ച്, അല്ലെങ്കിൽ ഇബാദുർറഹ്മാൻ ആകാൻ ആഗ്രഹിക്കുന്ന ആളുകളെ സംബന്ധിച്ച് പറഞ്ഞിരിക്കുന്നു. (ശൈത്താന്റെ കരവലയത്തിൽ നിന്ന് രക്ഷപ്പെടാൻ ആഗ്രഹിക്കുന്നവരോട്, ദുആ സ്വീകാര്യതയുടെ ദൃശ്യങ്ങൾ കാണാൻ ആഗ്രഹിക്കുന്നവരോട്, അസ്വസ്ഥനായി ദൈവത്തെ അന്വേഷിക്കുന്നവരോട്) അല്ലാഹു പറയുന്നു: നിങ്ങൾ പരിഭ്രമിക്കേണ്ടതില്ല, ഞാൻ നിങ്ങളുടെ സമീപത്ത് തന്നെയുണ്ട്. എന്റെ എല്ലാ ഗുണവിശേങ്ങളിലും പൂർണമായ ദൃഢജ്ഞാനവും വിശ്വാസവും വേണം. പിന്നെ നോക്കുക; എങ്ങനെയാണ് ദുആ സ്വീകാര്യതയുടെ ദൃശ്യങ്ങൾ നിങ്ങൾക്ക് കാണാൻ കഴിയുക എന്ന്.
ഹദ്റത് മസീഹ് മൗഊദ് പറയുന്നു; പ്രതാപവാനായ അല്ലാഹു തന്റെ സൃഷ്ടികളുടെ നന്മയ്ക്കുവേണ്ടി തുറന്നിട്ടുള്ള ഒരേ ഒരു വാതിൽ ദുആയുടെ വാതിൽ ആണ്. ഒരു വ്യക്തി കരഞ്ഞു വിലപിച്ചുകൊണ്ട് ഈ കവാടത്തിലൂടെ പ്രവേശിക്കുമ്പോൾ ആ ഔദാര്യവാനായ നാഥൻ അവനെ പരിശുദ്ധിയുടെയും പവിത്രതയുടെയും പുതപ്പ് അണിയിക്കുന്നു. (ആ വ്യക്തി അനാവശ്യകാര്യങ്ങളിൽ നിന്നും ദൂരേക്ക് ഓടിമാറുന്നു).
തുടർന്ന് ദുആ സ്വീകരിക്കപ്പെടുന്നതിന് ഏതെല്ലാം അവസ്ഥയാണ് ഉണ്ടാക്കേണ്ടത് അനിവാര്യമായിട്ടുള്ളത് എന്നു വിശദീകരിച്ചുകൊണ്ട് അദ്ദേഹം പറയുന്നു. കർമങ്ങൾ ഉപയോഗപ്പെടുത്താത്തവൻ ദുആ ചെയ്യുന്നില്ല; മറിച്ച് അല്ലാഹുവിനെ പരീക്ഷിക്കുകയാണ് ചെയ്യുന്നത്. അതുകൊണ്ട് ദുആ ചെയ്യുന്നതിനുമുമ്പ് തന്റെ എല്ലാ കഴിവുകളും വിനിയോഗിക്കേണ്ടത് അനി വാര്യമാണ്.
അല്ലാഹു പറയുന്നു: നമ്മെ കണ്ടുമുട്ടുന്നതിന് പരിശ്രമിക്കുന്നവർക്ക് തീർച്ചയായും നാം നമ്മുടെ മാർഗങ്ങൾ കാണിച്ചു കൊടുക്കുന്നതാണ്.
ഈ വിഷയത്തെയും അല്ലാഹു വിശുദ്ധ ഖുർആനിൽ വിവരിച്ചിട്ടുണ്ട്. ചുരുക്കത്തിൽ ഈ റമദാൻ മാസം പ്രത്യേകമായും ജിഹാദിന്റെ മാസമാകുന്നു.
ഹദ്റത് മസീഹ് മൗഊദ്(അ) പറയുന്നു. തന്റെ എല്ലാ ബുദ്ധിയും ശക്തിയും ആത്മാർഥതയും മുഖേന അല്ലാഹുവിനെ അന്വേഷിക്കുന്ന ഒരാൾക്ക് ലഭിക്കുന്നതുപോലെ, തികച്ചും അലംഭാവത്തോടുകൂടി അലസത കാണിക്കുന്ന ഒരാൾക്ക് അല്ലാഹുവിന്റെ അനുഗ്രഹത്തിൽ നിന്ന് അനുഗ്രഹം സ്വായത്തമാക്കാൻ എങ്ങനെ കഴിയും. ആകയാൽ ദുആകൾ സ്വീകരിക്കപ്പെടുന്നതിനു മുമ്പേ തങ്ങളുടെ അവസ്ഥകളെ മാറ്റുകയും അല്ലാഹുവിലേക്ക് പദമൂന്നുകയും ചെയ്യേണ്ടത് അനിവാര്യമാണ്.
നബി തിരുമേനി (സ) പറഞ്ഞു: അല്ലാഹു പറയുന്നു; ദാസൻ എന്നിലേക്ക് ഒരു ചുവട് വെക്കുമ്പോൾ ഞാൻ അവനിലേക്ക് രണ്ടു ചുവടു വെക്കുന്നു. അവൻ എന്നിലേക്ക് നടന്നു വരുമ്പോൾ ഞാൻ അവനിലേക്ക് ഓടി അടുക്കുന്നു.
ചുരുക്കത്തിൽ അല്ലാഹു നമ്മോട് ഇത്രയധികം കരുണയുള്ളവനാണ്. പക്ഷെ ആത്മാർഥത അതിനു നിബന്ധനയാണ്. അതല്ലാതെ റമദാനിൽ ഞങ്ങൾ നമസ്കരിക്കുമെന്നും അല്ലാഹുവിന്റെ കല്പനകളനുസരിച്ച് പ്രവർത്തിക്കുമെന്നും അല്ലാഹുവിനോടും ദാസന്മാരോടുമുള്ള കടമകൾ നിറവേറ്റുമെന്നും വാദിക്കുകയും, എന്നാൽ റമദാൻ കഴിഞ്ഞതിനുശേഷം അല്ലാഹുവിനെയും അവന്റെ കൽപനകളെയും മറക്കുന്നു. ഭൗതീകത നമുക്കുമേൽ ആധിപത്യം പുലർത്തുന്നു. എന്നിട്ട്, തന്നെ വിളിക്കുന്നവരുടെ വിളി കേൾക്കുമെന്നു പറയുന്ന അല്ലാഹുവിനെ ഞാൻ റമദാനിൽ ഒരുപാട് വിളിച്ചെങ്കിലും എന്റെ ദുആകൾ സ്വീകരിക്കപ്പെട്ടില്ല എന്ന് അല്ലാഹുവിനെക്കുറിച്ച് നമ്മൾ പരാതി പറയുന്നത് ശരിയല്ല.
അല്ലാഹു ദാസന്മാരെ എപ്പോഴും തന്റെ സ്നേഹത്തിന്റെ മടിത്തട്ടിലേക്ക് കൊണ്ടുവരാനാണ് ശ്രമിക്കുന്നത്. അവനു തന്റെ ദാസൻ, തന്റെ അടുത്തേക്ക് വരുമ്പോൾ എത്രമാത്രം സന്തോഷം ഉണ്ടാകുന്നുവെന്നാൽ അത്രയും സന്തോഷം, തന്റെ നഷ്ടപ്പെട്ട കുട്ടിയെ കിട്ടുമ്പോൾ ഒരു മാതാവിനോ മരുഭൂമിയിൽ തന്റെ സാധന സാമഗ്രികളുമായി നഷ്ടപെട്ട ഒട്ടകത്തെ തിരിച്ച് കിട്ടുമ്പോൾ ഒരു വഴിപോക്കനോ ഉണ്ടാകുന്നതല്ല.
ആയതിനാൽ അല്ലാഹുവിന്റെ ഈ അനുഗ്രഹത്തിൽ ഭാഗഭാക്കാകാൻ നമ്മൾ പരിശ്രമിക്കേണ്ടതാണ്. അല്ലാഹുവിന്റെ പ്രീതി കരസ്ഥമാക്കാൻ ,കൽപനകളനുസരിച്ച് ചരിക്കാൻ, മുന്നേറാൻ, വിശ്വാസം പൂർത്തീകരിക്കാൻ അവന്റെ സിഫത്തുകളെ സ്വായത്തമാക്കാൻ ഉള്ള ജിഹാദിൽ ഒരിക്കലും കുറവ് വരുത്താൻ പാടില്ല. നമ്മുടെ ഒരോ ചുവടും നൻമയിലേക്ക് മുന്നേറാനുള്ള ചുവടായിരിക്കണം. ഈ വിഷയം കൂടെ കൂടെ കേട്ടു മനസ്സിലാക്കേണ്ടത് അനിവാര്യമാണ്.
ഈ വിഷയത്തെ ഹദ്റത് മസീഹ് മൗഊദ്(അ)ന്റെ മറ്റു ചില ഉദ്ധരണികളുടെ വെളിച്ചത്തിൽ വിവരിക്കാം.
ആ മഹാത്മാവ് പറയുന്നു: നമ്മുടെ ഭൗതീക ജീവിത ത്തിൽ നമ്മുടെ ഓരോ കർമത്തിനും ഒരു പരിണിത ഫലം തീർച്ചയായും ഉള്ളതുപോലെ തന്നെ ദീനിനെ സംബന്ധിച്ചും ഇതേ നിയമമാണുള്ളത്. അല്ലാഹു രണ്ടു ഉദാഹരണങ്ങളിലൂടെ വ്യക്തമായും പറയുന്നു.
അല്ലാഹുവിനെ അന്വേഷിക്കുന്നതിൽ പൂർണമായും പരിശ്രമിച്ചുകൊണ്ടിരിക്കുകയാണെങ്കിൽ ഈ കർമത്തിന് തീർച്ചയായും നമ്മുടെ പ്രതിപ്രവർത്തനം നാം അവർക്ക് നമ്മുടെ മാർഗങ്ങൾ കാണിച്ചു കൊടുക്കുക എന്നതാണ്. എന്നാൽ വക്രത സ്വീകരിക്കുകയും നേർ മാർഗത്തിൽ ചരിക്കാൻ ആഗ്രഹിക്കാതിരിക്കുകയുമാണെങ്കിൽ അവരെ സംബന്ധിച്ചിടത്തോളം നമ്മുടെ പ്രതിപ്രവർത്തനം നാം അവരുടെ ഹൃദയങ്ങളെ വക്രമാക്കുക എന്നതാണ്.
പറയുന്നു. മനുഷ്യന്റെ ഹൃദയത്തിൽ പലതരം അവസ്ഥകളും ഉണ്ടായിക്കൊണ്ടിരിക്കുന്നു. അവസാനം അല്ലാഹു ശുദ്ധമനസ്കരായ ആളുകളുടെ ദൗർബല്യങ്ങളെ അകറ്റുന്നു. പരിശുദ്ധിയുടെയും നൻമയുടെയും ശക്തി ഔദാര്യമെന്ന നിലക്ക് നൽകുകയും ചെയ്യുന്നു.
മറ്റൊരിടത്ത് പറയുന്നു. നമ്മുടെ മാർഗത്തിൽ പരിശ്രമിക്കുന്നവർക്ക് നാം നമ്മുടെ മാർഗങ്ങൾ കാണിച്ചുകൊടുക്കുന്നതാണ്. ഇതൊരു വാഗ്ദാനമാണ്. ഇവിടെ ഒരു ദുആയും നമുക്ക് പഠിപ്പിച്ചു തന്നു. “ഇഹ്ദിന സിറാത്വൽ മുസ്തഖീം”. ആയതിനാൽ ഓരോ വ്യക്തിയും ഇതിനെ മുൻനിർത്തി നമസ്കാരത്തിൽ കരഞ്ഞു ദുആ ചെയ്യേണ്ടതാണ്. പുരോഗതിയും ഉൾക്കാഴ്ചയും ലഭിച്ചവരുടെ ഗണത്തിൽ ഉൾപെടാനുള്ള അഭിലാഷം വെച്ച് പുലർത്തേണ്ടതാണ്.
ഖാദിയാനിലെ ഒരു സംഭവം ഒരാൾ വിവരിക്കുന്നു; ഹദ്റത് മസീഹ് മൗഊദ്(അ)ന്റെ ഒരു സഹാബി മസ്ജിദ് മുബാറകിന്റെ ഒരു മൂലയിൽ നിന്ന് വളരെ ഭയഭക്തിയോടെയും തേങ്ങലോടെയും (കുറെ നേരമായിട്ട്) നമസ്കരിക്കുകയായിരുന്നു. ശ്രദ്ധിച്ചപ്പോൾ അദ്ദേഹം കൂടെ കൂടെ ഇഹ്ദിന സിറാത്വൽ മുസ്തഖീം എന്ന് ഉരുവിട്ടു കൊണ്ടിരിക്കുകയായിരുന്നു എന്നു മനസ്സിലായി.
വീണ്ടും പറയുന്നു. ഭൗതികമായ കച്ചവടങ്ങളിൽ എല്ലാം തന്നെ ആദ്യം മനുഷ്യന് എന്തെങ്കിലുമൊക്കെ ചെയ്യേണ്ടതായിട്ടുണ്ട്. അവൻ തന്റെ കൈകാലുകൾ ചലിപ്പിക്കുമ്പോൾ അല്ലാഹുവും അനുഗ്രഹം ചൊരിയുന്നു. ഇതേപോലെ അല്ലാഹുവിന്റെ മാർഗത്തിൽ പരിശ്രമിക്കുന്നവരാണ് ഉന്നതി പ്രാപിക്കുന്നവർ പറയുന്നു: നമ്മുടെ മാർഗത്തിൽ പരിശ്രമിക്കുന്നവർ നേർമാർഗത്തിൽ എത്തിച്ചേരുന്നതാണ്. വിത്ത് വിതക്കാതെ കണ്ട് പരിശ്രമവും വെള്ളം നൽകലും അനുഗ്രഹരഹിതമാകുന്നു; മറിച്ച് സ്വയം ഇല്ലാതായിത്തീരുന്നു. അതു പോലെ നിങ്ങളും ഈ പ്രഖ്യാപനത്തെ എല്ലാ ദിവസവും ഓർക്കാതിരിക്കുകയും അല്ലാഹുവേ ഞങ്ങളെ സഹായിക്കണമേ എന്ന് ദുആ ചെയ്യാതിരിക്കുകയുമാണെങ്കിൽ ദൈവീക അനുഗ്രഹമിറങ്ങുന്നതല്ല.
വീണ്ടും പറയുന്നു: “വല്ലദീന ജാഹദു ഫീനാ ലനഹ് ദിയന്നഹും സുബുലനാ” എന്നതിൽ സൂചന നൽകുന്നത്, പരിശ്രമത്തിന്റെ ഉത്തരവാദിത്വം യഥാവിധി നിർവഹിക്കേണ്ടതാണ് എന്നതാണ്. അതല്ലാതെ ഇരുപതടി കുഴിച്ചാൽ വെള്ളം കിട്ടുമെങ്കിൽ, കേവലം രണ്ടടി കുഴിച്ച് പരാജയപ്പെടരുത്. ജനങ്ങൾ ഭൗതീക ചിന്തയിൽ പ്രയാസങ്ങൾ സഹിക്കുന്നു. എത്രത്തോളമെന്നാൽ ചിലർ അതിൽ തന്നെ നശിപ്പിക്കപ്പെടുന്നു.
എന്നാൽ അല്ലാഹുവിനുവേണ്ടി ഒരു മുള്ളു കുത്തുന്നതു പോലും സഹിക്കാൻ ഇഷ്ടപ്പെടുന്നില്ല. ആത്മാർത്ഥമായി അല്ലാഹുവിലേക്ക് വരികയാണങ്കിൽ അവന്റെ സ്നേഹദൃശ്യങ്ങൾ കാണാവുന്നതാണ്. അല്ലാഹു പറയുന്നു. നമ്മുടെ മാർഗത്തിൽ അത്യധ്വാനം ചെയ്യുന്നവർ വഴികൾ കണ്ടെത്തുന്നതാണ്. ഇതിന്റെ അർഥം ഈ മാർഗത്തിൽ പ്രവാചകനോടൊപ്പം ചേർന്ന് പരിശ്രമിക്കണം എന്നാണ്. ഒന്നു രണ്ടു മണിക്കൂറിനു ശേഷം ഓടിപ്പോകുന്നത് ഒരു യോദ്ധാവിനു ചേർന്നതല്ല.
തുടർന്ന് പശ്ചാത്താപത്തിലേക്കും പൊറുക്കലിനെ തേടുന്നതിലേക്കും ശ്രദ്ധ തിരിച്ചുകൊണ്ട് അദ്ദേഹം പറയുന്നു: തൗബയും ഇസ്തിഗ്ഫാറും അല്ലാഹുവിനെ പ്രാപിക്കാനുള്ള വഴിയാകുന്നു. മാത്രമല്ല ഇക്കാര്യത്തിൽ സഹാബാക്കളുടെ ജീവിതത്തിൽ (അവരുടെ കർമ്മ രീതിയെ പരിചിന്തനം നടത്തി) നോക്കുക. അവർ കേവലം സാധാരണ നമസ്കാരങ്ങൾ കൊണ്ടാണോ ഉന്നത സ്ഥാനങ്ങൾ കരസ്ഥമാക്കിയിരുന്നത്. അല്ല. മറിച്ച്, അവർ അല്ലാഹുവിന്റെ പ്രീതി കരസ്ഥമാക്കുന്നതിനുവേണ്ടി തങ്ങളുടെ ജീവനെപ്പോലും പരിഗണിച്ചില്ല. ആടുമാടുകളെപ്പോലെ ദൈവമാർഗത്തിൽ ബലിയാക്കപ്പെട്ടു. അപ്പോഴാണ് അവർക്ക് ഈ ഉന്നതസ്ഥാനം കരഗതമായത്.
ഓർക്കുക, ദുആ ഒരു മരണമാകുന്നു. മരണസമയത്ത് ഉണ്ടാകുന്ന വെപ്രാളവും പിടയലും ദുആ ചെയ്യുന്ന സമയത്തും അനിവാര്യമാണ്. ഇക്കാര്യം കുടി ഓർമ വെക്കുക. ഏറ്റവും പ്രഥമവും പ്രധാനവുമായ ദുആ മനുഷ്യന്റെ തിന്മകളിൽ നിന്ന് പരിശുദ്ധരാകാൻ ചെയ്യുന്ന ദുആ ആണ്. ഈ ദുആ സ്വീകരിക്കപ്പെടുകയും മനുഷ്യൻ എല്ലാതരം അശുദ്ധികളിൽ നിന്നും മാലിന്യങ്ങളിൽ നിന്നും പരിശുദ്ധനായി ദൈവദൃഷ്ടിയിൽ പരിശുദ്ധനായിത്തീരുകയാണെങ്കിൽ പിന്നെ മറ്റു ഭൗതീക അത്യാവശ്യങ്ങൾക്കായുള്ള ദുആകൾ അവൻ ചെയ്യുന്നില്ലെങ്കിൽ പോലും അവ സ്വയമേവ സ്വീകരിക്കപ്പെടുന്നതാണ്.
എല്ലാ തിന്മകളിൽ നിന്നും രക്ഷപ്പെടുന്നതിനുള്ള ദുആ തന്നെയാണ് വളരെ പ്രയാസമേറിയതും പരിശ്രമാർഹവുമായ ദുആ. ദുആയും ഒരു പരിശ്രമം ആവശ്യപ്പെടുന്നു. ദുആയിൽ അലംഭാവം കാണിക്കുകയാണെങ്കിൽ അതിൽ നിന്നും വിദൂരപ്പെടുകയാണെങ്കിൽ അല്ലാഹുവും അവനെ ഗൗനിക്കുന്നവനല്ല. അവനിൽ നിന്ന് വിദൂരമാകുകയും ചെയ്യുന്നു. ധൃതിയും സത്വര നടപടികളും ഇവിടെ പ്രയോജനം നൽകുന്നതല്ല.
അല്ലാഹു നമുക്ക് ഈ കാര്യങ്ങൾ അനുസരിച്ച് പ്രവർത്തിക്കാൻ തൗഫീഖ് നൽകുമാറാകട്ടെ. ഈ റമദാനെ നമ്മുടെ അല്ലാഹുവുമായുള്ള സുദൃഢബന്ധം ഉണ്ടാക്കുന്നതിന് നിമിത്തമാക്കട്ടെ. (റമദാനിലും) റമദാനിനു ശേഷവും നമ്മൾ അല്ലാഹുവിന്റെ ആത്മാർഥ ദാസന്മാരുടെ കർമങ്ങൾ അനുഷ്ഠിക്കുന്നവരായി മാറട്ടെ.
ലോകത്തിന്റെ അവസ്ഥയ്ക്കുവേണ്ടിയും ദുആ ചെയ്യുക. അല്ലാഹു ലോകത്തെ നാശത്തിൽ നിന്ന് രക്ഷിക്കുകയും തങ്ങളുടെ സൃഷ്ടികർത്താവായ അല്ലാഹുവിനെ തിരിച്ചറിയാൻ അവർക്ക് ബുദ്ധി നൽകുകയും ചെയ്യുമാറാകട്ടെ.
ജുമുഅക്ക് ശേഷം ഞാൻ MTA യുടെ ഒരു സൈറ്റും മൊബൈൽ അപ്ലിക്കേഷനും തുറക്കുന്നതാണ്. അതിൽ 313 ബദരി സ്വഹാബാക്കളെ കുറിച്ചുള്ള എന്റെ ജുമുഅഃ ഖുത്ബകളെ സ്വരുക്കൂട്ടിയിരിക്കുന്നു. ഈ വെബ്സൈറ്റിൽ ബദരീ സ്വഹാബാക്കളെ കുറിച്ചുള്ള പ്രൊഫൈലുകളും വായിക്കാവുന്നതാണ്. കൂടാതെ ഓരോ സഹാബിയെ കുറിച്ചും പ്രശ്നോത്തരിയുമുണ്ട്. ഇതിൽ പേരുകളുടെയും പ്രയാസമുള്ള വാക്കുകളുടെയും അറബി ഉച്ചാരണവും കേൾക്കാവുന്നതാണ്. അല്ലാഹു ഈ വെബ്സൈറ്റിനെ ജനങ്ങളുടെ പ്രയോജനത്തിനു നിമിത്തമാക്കുമാറാകട്ടെ. ആമീൻ.