ദർസ് 92 : നമസ്കാരത്തിലെ ഉള്ളുരുക്കം, യാത്രയിലെ നമസ്കാരം, …

മനുഷ്യന്റെ ഭക്തിനിർഭര ജീവിതത്തിൽ നമസ്കാരത്തിന് വളരെ കനപ്പെട്ട സ്ഥാനമാണുള്ളത്. ഒരു ശിശു തന്റെ മാതാവിന്റെ മടിയിൽ വിലപിച്ച് കരയുമ്പോൾ അത് മാതാവിന്റെ വാത്സല്യവും സ്നേഹവും അനുഭവിച്ചറിയുന്നത് പോലെ അല്ലാഹുവിന് മുമ്പാകെ നമസ്കാരത്തിൽ സർവദാ കേണുകൊണ്ടിരിക്കുന്നവൻ സമാധാനത്തിൽ കഴിച്ചുകൂട്ടുന്നു. അപ്രകാരം നമസ്കാരത്തിൽ ഉള്ളുരുക്കത്തോടും ഹൃദയവേദനയോടും ദൈവസവിധത്തിൽ പൊട്ടിക്കരയുന്നവൻ ദൈവരക്ഷാകർതൃത്വത്തിന്റെ വാത്സല്യമൂറുന്ന മടിത്തട്ടിലേക്ക് തന്നെ സ്വയം കൊണ്ടിടുകയാണ് ചെയ്യുന്നത്. ഓർമ്മിച്ചുകൊൾവിൻ! നമസ്കാരത്തിൽ ആനന്ദം കണ്ടെത്തിയിട്ടില്ലാത്തവൻ സത്യവിശ്വാസത്തിന്റെ സ്വാദ് അറിഞ്ഞിട്ടില്ലാത്തവനാകുന്നു. നമസ്കാരം എന്നത് വ്യർഥമായ മെയ്യനക്കമല്ല. ചിലയാളുകൾ നമസ്കാരം കോഴി കൊത്തിത്തിന്നും പോലെ മൂന്നുനാല് കൊത്തലുകളാൽ അവസാനിപ്പിക്കുന്നു. തുടർന്ന് ദൈർഘ്യമേറിയ ദുആകളിൽ മുഴുകുന്നു. എന്നാൽ അല്ലാഹുവിന്റെ സന്നിധിയിൽ അർത്ഥന നടത്താൻ കിട്ടിയ ആ സുവർണ്ണാവസരത്തെ കേവലമൊരു ആചാരശീലമെന്ന നിലയിൽ ധൃതിയിൽ അവസാനിപ്പിച്ചുകളയും ദൈവസന്നിധിയിൽനിന്ന് (സലാം ചൊല്ലി) പുറത്തുവന്ന ശേഷം ദുആകളിൽ മുഴുകുകയും ചെയ്യുന്നു. നമസ്കാരത്തിൽ തന്നെ ദുആകൾ ചെയ്യുക. നമസ്കാരത്തെ പ്രാർത്ഥനകൾക്കായുള്ള ഒരു മാധ്യമവും മാർഗ്ഗവുമായി മനസ്സിലാക്കിക്കൊള്ളുക.

യാത്രയിലെ നമസ്കാരം

ഒരാൾ എഴുത്തിലൂടെ ഹുസൂർ (അ) നോട് ചോദിച്ചു, ഞാൻ പത്തുപതിനഞ്ച് മൈലുകൾ അങ്ങുമിങ്ങും യാത്ര ചെയ്യേണ്ടി വരുന്ന ഒരാളാണ്. ഞാൻ ഏതിനേയാണ് യാത്രയായി ഗണിക്കേണ്ടത്. ഏതിലാണ് നമസ്ക്കാരം ചുരുക്കേണ്ടത്? ഞാൻ പുസ്തകങ്ങളിലെ മസ്അലകളല്ല അന്വേഷിക്കുന്നത് മറിച്ച് ഇമാമെ സാദിഖിന്‍റെ കല്പനയാണ് ആരായുന്നത്.

ഹുസൂർ (അ) മറുപടി നൽകി:
‘മനുഷ്യൻ ധാരാളം പ്രയാസങ്ങൾ തന്‍റെ ചുമലിലേക്ക് എടുത്തിടേണ്ട ആവശ്യമില്ലെന്നാണ് എന്‍റെ അഭിപ്രായം. പൊതുവായി യാത്രയെന്ന് പറയപ്പെടുന്നത് ഏതൊന്നിനെയാണോ – അത് മൂന്ന് മൈലുകൾ തന്നെ ആയിക്കൊള്ളട്ടെ – അതിൽ നമസ്ക്കാരം ചുരുക്കുകയും, യാത്രയിലുള്ള മറ്റു മസ്അലകളനുസരിച്ച് പ്രവൃത്തിക്കുകയും ചെയ്തുകൊള്ളുക. ‘ഇന്നമൽ അഅ്‌മാലു ബിന്നീയ്യാത്’
ചിലപ്പോൾ രണ്ട് മൂന്ന് മൈലുകൾ എന്‍റെ സുഹൃത്തുക്കളോടൊപ്പം ഞാൻ നടക്കാൻ പോകാറുണ്ട്. പക്ഷേ ആരുടെയും മനസ്സിൽ നാം യാത്രയിലാണെന്ന വിചാരമുണ്ടകാറില്ല. പക്ഷേ മനുഷ്യൻ തന്‍റെ വഴിച്ചോറുമായി യാത്രയുടെ നിയ്യത്തിൽ ഇറങ്ങിപ്പുറപ്പെടുമ്പോൾ യാത്രക്കാരനായിത്തീരുന്നു. ശരീഅത്തിന്‍റെ അടിസ്ഥാനം സമയത്തിലല്ല. ഏതിനേയാണോ പൊതുഭാഷയിൽ യാത്രയായി ഗണിക്കപ്പെടുന്നത് അതാണ് യാത്ര. അല്ലാഹു നിശ്ചയിച്ച കടമകളനുസരിച്ച് പ്രവൃത്തിക്കുന്നതുപോലെത്തന്നെ അവൻ അനുവദിച്ച ഇളവുകളനുസരിച്ചും പ്രവർത്തിക്കേണ്ടതാണ്. കടമകളും അതിൽ വെച്ചിട്ടുള്ള ഇളവുകളും അല്ലാഹുവിൽനിന്നുള്ളതുതന്നെയാണ്.’

ക്രിക്കറ്റ് മത്സരം

ഖാദിയാനിലെ തഅ്‌ലീമുൽ ഇസ്‌ലാം മദ്രസയിലെ കുട്ടികളുടെ ക്രിക്കറ്റ് മത്സരം നടക്കുകയായിരുന്നു. ചില ബഹുമാന്യ വ്യക്തികളും കുട്ടികളുടെ ഉല്ലാസത്തിനായി ഫീൽഡിൽ ആഗതരായിരുന്നു. ഹദ്‌റത്ത് അഖ്ദസ്(അ) ന്‍റെ ഒരു മകൻ തന്‍റെ കൊച്ചുപ്രായത്തിന്‍റെ നിഷകളങ്കതയോടെ അങ്ങയോട് ചോദിച്ചു, ‘അബ്ബാ, അങ്ങെന്താണ് ക്രിക്കറ്റ് മത്സരം കാണാൻ പോകാതിരുന്നത്?’ അപ്പോൾ സൂറഃ ഫാത്തിഹയുടെ തഫ്സീർ എഴുതുന്നതിൽ വ്യാപൃതനായിരുന്ന ഹുസൂർ (അ) അരുൾ ചെയ്തു:

‘അവർ കളി കഴിഞ്ഞു മടങ്ങിവരുന്നതാണ്; എന്നാൽ ഞാൻ ഖിയാമതു നാൾ വരെ നിലനിൽക്കാൻ പോകുന്ന ഒരു ക്രിക്കറ്റ് മത്സരം കളിച്ചുകൊണ്ടിരിക്കുകയാണ്’

ഇസ്തിഗ്ഫാർ

ഒരാൾ ചോദിച്ചു, ‘ഹുസൂർ, എനിക്ക് സന്താനങ്ങളുണ്ടാകാൻ വേണ്ടി ദുആ ചെയ്താലും’,
ഹുസൂർ(അ) പ്രതിവചിച്ചു:

‘ഇസ്തിഗ്ഫാർ ധാരാളം ചെയ്തുകൊണ്ടിരിക്കുക. തന്മൂലം പാപങ്ങൾ പൊറുക്കപ്പെടുന്നു. അല്ലാഹു തആല സന്താനങ്ങളെ സമ്മാനിക്കുകയും ചെയ്യും. ഓർമ്മിക്കുക! യഖീൻ (ദൃഢവിശ്വാസം) ഒരു വലിയ കാര്യമാകുന്നു. യഖീനിൽ പൂർണ്ണത കൈവരിക്കുന്നവനാരോ അവനെ ദൈവം സ്വയം സഹായിക്കുന്നതാണ്’

(മൽഫൂദാത് v.2)