സൗമ്യതയുടെ പാഠം
ഒരിക്കൽ ഹദ്റത്ത് അഖ്‌ദസ് (അ) ന് കഠിനമായ തലവേദന അനുഭവപ്പെട്ടിരുന്ന സമയം, പരിസരങ്ങളിൽനിന്ന് കുട്ടികളുടെയും സ്ത്രീകളുടെയും ശബ്ദകോലാഹലങ്ങൾ വന്നുകൊണ്ടിരുന്നു. മൗലവി അബ്ദുൽ കരീം സാഹിബ്(റ) ചോദിച്ചു, ‘അങ്ങയ്ക്ക് ഈ ബഹളം കാരണം പ്രയാസമുണ്ടാകുന്നുണ്ടോ?’ അപ്പോൾ ഹുസൂർ(അ) പറഞ്ഞു, ‘ഉണ്ട് (അവർ) നിശബ്ദരായെങ്കിൽ ആശ്വാസമുണ്ടാകും.’
മൗലവി സാഹിബ് ചോദിച്ചു, ‘ഹുസൂർ, പിന്നെ എന്തുകൊണ്ടാണ് അങ്ങ് കല്പന നൽകാത്തത്?’
അവിടന്ന് അരുൾ ചെയ്തു: ‘താങ്കൾ അവരോട് സൗമ്യമായി പറഞ്ഞുകൊള്ളുക. എനിക്ക് സാധ്യമല്ല’
സത്താറി ഗുണം
ഒരിക്കൽ ഒരു പരിചാരിക ഹുസൂർ (അ) ന്‍റെ വീട്ടിൽ നിന്ന് അരി മോഷ്ടിക്കുകയും പിടിക്കപ്പെടുകയും ചെയ്തു. വീട്ടുകാരെല്ലാം അവളെ അധിക്ഷേപിക്കാൻ തുടങ്ങി. യാദൃച്ഛികമായി ഹുസൂർ(അ) അതുവഴി കടന്നുവന്നു. കാര്യം ധരിപ്പിച്ചപ്പോൾ അവിടന്ന് അരുൾ ചെയ്തു:
‘ദരിദ്രയല്ലേ, അല്പം അവൾക്കും നൽകുക. അപമാനിക്കരുത്. അല്ലാഹുവിന്‍റെ സത്താറി (അഥവാ കുറ്റങ്ങൾ മറച്ചുവെക്കുന്ന) ഗുണം പ്രകടിപ്പിക്കുവിൻ’
സൃഷ്ടിസേവനം
ഒരിക്കൽ ഗ്രാമവാസികളായ സ്ത്രീകൾ തങ്ങളുടെ കുട്ടികൾക്കുവേണ്ടി മരുന്നും മറ്റ് അവശ്യസാധനങ്ങളും വാങ്ങാൻ വേണ്ടി വന്നിട്ടുണ്ടായിരുന്നു. ഹുസൂർ(അ) അവരെ ശ്രദ്ധിക്കുന്നതിലും മരുന്നുകൾ നൽകുന്നതിലുമായി ഏറെ സമയം ചെലവഴിച്ചു. അപ്പോൾ മൗലവി അബ്ദുൽ കരീം സാഹിബ്(റ) ചോദിച്ചു: ‘ഹദ്‌റത്ത് സാഹിബ്, ഇത് ക്ലേശകരമായ ജോലിയാണല്ലോ; ഇപ്രകാരം ഹുസൂറിന്‍റെ വിലപ്പെട്ട കുറേ സമയവും പാഴാകുന്നുണ്ട്’ മറുപടിയായി ഹുസൂർ(അ) അരുൾ ചെയ്തു:
ഇതും അപ്രകാരമുള്ള ദീനിന്‍റെ ജോലി തന്നെയാണ്. ഇവർ ദരിദ്രരാകുന്നു. ഈ പ്രദേശത്താണെങ്കിൽ ഒരു ആശുപത്രി പോലുമില്ല. അവസരത്തിൽ ഉപകാരപ്പെടുന്ന എല്ലാതരം ഇംഗ്ലീഷ്, യൂനാനീ മരുന്നുകളും ഞാൻ അവർക്കുവേണ്ടി വരുത്തിവെക്കാറുണ്ട്. ഇത് കനപ്പെട്ട പുണ്യകർമ്മമാകുന്നു. സത്യവിശ്വാസി ഇത്തരം ജോലികളിൽ അലസരും അശ്രദ്ധരും ആകരുത്.
(മൽഫൂദാത്ത് 06/01/1900)