ഹദ്റത്ത് മസീഹ് മൗഊദ്(അ) തുഹ്ഫയെ ഗോൾഡവിയ എന്ന ഗ്രന്ഥത്തിൽ ചില ഇൽഹാമുകളും അവയുടെ സാരവും രേഖപ്പെടുത്തിയ കൂട്ടത്തിൽ ഒരു ഉർദു ഇൽഹാം ഇപ്രകാരമാണ്:
“യെ തരീഖ് അച്ചാ നഹീ ഇസ് സെ റോക് ദിയാ ജായെ മുസൽമാനോം കെ ലീഡർ അബ്ദുൽ കരീം കോ”
“ഈ രീതി ശുഭകരമല്ല. മുസ്ലിംകളുടെ ലീഡർ അബ്ദുൽ കരീമിനെ അതിൽ നിന്നും തടയുക”
[ഇതിന് അടിക്കുറിപ്പ് നൽകിക്കൊണ്ട് ഹുസൂർ(അ) എഴുതുന്നു:]
“ഈ ഇൽഹാമിൽ ജമാഅത്തിലുള്ള മുഴുവൻ പേർക്കും ഒരു പാഠമുണ്ട്. അതായത്, അവർ തങ്ങളുടെ സഹധർമ്മിണിമാരോട് സഹതാപത്തോടും കരുണയോടും കൂടി പെരുമാറേണ്ടതാണ്. ഭാര്യമാർ അവരുടെ കൂലിപ്പണിക്കാരല്ല. യഥാർഥാത്തിൽ നിക്കാഹ് എന്നത് സ്ത്രീപുരുഷന്മാർ തമ്മിലുള്ള ഒരു കരാറാകുന്നു. തങ്ങളുടെ കരാറുകളിൽ വഞ്ചന കാണിക്കുന്നവരായി മാറാതിരിക്കാൻ ശ്രമിക്കേണ്ടതാണ്. അല്ലാഹു തആല വിശുദ്ധ ഖുർആനിൽ പറയുന്നു, ”വ ആശിറൂഹുന്ന ബിൽ മഅറൂഫ്’ (നിസാഅ്.20)’ ‘തങ്ങളുടെ ഭാര്യമാരോടൊത്ത് സൽപെരുമാറ്റത്തോടുകൂടി സഹവസിക്കുക.’ ഹദീസിൽ വന്നിട്ടുണ്ട്, ‘ഖൈറുക്കും ഖൈറുക്കും ലി അഹ്ലിഹീ’ ‘നിങ്ങളിൽ നല്ലവൻ ഭാര്യമാരോട് ഉത്തമരായവർ മാത്രമാകുന്നു.’ അതിനാൽ അത്മീയവും ശാരീരികവുമായ നിലയിൽ തങ്ങളുടെ ഭാര്യമാരോട് സൽപെരുമാറ്റം കാഴ്ച്ചവെക്കുക. അവർക്കായി ദുആ ചെയ്തുകൊണ്ടിരിക്കുക. ത്വലാക്കിൽ നിന്ന് വിട്ടുനിൽക്കുക. എന്തെന്നാൽ ത്വലാക്കിന്റെ കാര്യത്തിൽ ധൃതികാണിക്കുന്നവൻ അല്ലാഹുവിന്റെ സന്നിധിയിൽ അങ്ങേയറ്റം ദുഷിച്ചവനാകുന്നു. അല്ലാഹു ചേർത്തുവെച്ചതിനെ ഒരു വൃത്തികെട്ട പാത്രം കണക്കെ തച്ചുടക്കാൻ തിടുക്കം കൂട്ടാതിരിക്കുവിൻ.” [അടിക്കുറുപ്പ് തീർന്നു]
“ഖുദുർറിഫ്ഖ അർറിഫ്ഖ് ഫഇന്നർറിഫ്ഖ റഅ്സുൽ ഖൈറാത്ത്”
‘ദയ കാണിക്കുക! ദയ കാണിക്കുക! എല്ലാ നന്മകളുടേയും ഉച്ചസ്ഥാനം ദയയാകുന്നു’
ഈ ഇൽഹാം രേഖപ്പെടുത്തിയ ശേഷം ഹുസൂർ (അ) ബ്രാക്കറ്റിൽ എഴുതുന്നു:
“(എന്റെ പ്രിയസഹോദരൻ മൗലവി അബ്ദുൽ കരീം സാഹിബ് തന്റെ സഹധർമിണിയോട് ഒരുപരിധിവരെ കഠിനതരമായ വാക്കുകളാൽ പരുഷമായി പെരുമാറിയിരുന്നു. അന്നേരം (ദൈവീക) കല്പനവന്നു, ഇവ്വിധത്തിൽ കഠിനമായ സംസാരം അരുതാത്തതാകുന്നു. ഒരോരുത്തരോടും കഴിവിന്റെ പരമാവധി അലിവോടും ഉൽകൃഷ്ട സ്വഭാവത്തോടും കൂടി പെരുമാറുക എന്നതാണ് സത്യവിശ്വാസിയുടെ പ്രഥമകർത്തവ്യം. ചില സന്ദർഭങ്ങളിൽ കഠിനമായ വാക്കുകളുടെ പ്രയോഗം ഒരു കൈപേറിയ ഔഷധമെന്ന നിലയിൽ അനുവദനീയമാണ്. എന്നാൽ സാഹചര്യവും സന്ദർഭവുമനുസരിച്ചാണ് ഇത്തരം കല്പനകൾ പാലിക്കേണ്ടത്. മറിച്ച് പരുഷമായ ഭാഷണം തന്റെ സ്വഭാവത്തെ അതിജയിച്ചുപോകരുത്.)”
(തുഹ്ഫയെ ഗോൽഡവിയ. പേ.75, 76)
സ്ത്രീകളോടുള്ള പെരുമാറ്റത്തെ സംബന്ധിച്ച് ഒരിക്കൽ അരുൾ ചെയ്തു:,
“ദുർവൃത്തി (ചാരിത്രശുദ്ധിയുമായി ബന്ധപ്പെട്ടത്) ഒഴിച്ച് സ്ത്രീകളിൽനിന്നുള്ള എല്ലാ വക്രസ്വഭാവങ്ങളും കൈപ്പേറിയ അനുഭവങ്ങളും സഹിക്കേണ്ടതാണ്. എനിക്കാണെങ്കിൽ പുരുഷനായിക്കൊണ്ട് സ്ത്രീകളോട് വഴക്കിടുന്നത് അങ്ങേയറ്റത്തെ ലജ്ജയില്ലായ്മയായിട്ടാണ് തോന്നുന്നത്. അല്ലാഹു നമ്മെ പുരുഷന്മാരായി സൃഷ്ടിച്ചിരിക്കുന്നു. നമ്മിൽ യഥാർഥത്തിൽ അനുഗ്രഹപൂർത്തീകരണമാണ് നടന്നിരിക്കുന്നത്. സ്ത്രീകളോട് കാണിക്കുന്ന സൽപെരുമാറ്റവും സൗമ്യതയുമാണ് അതിനുപകരമായി നാം പ്രദർശിപ്പിക്കേണ്ട കൃതജ്ഞത.”
ഒരാളുടെ പരുഷമായ പെരുമാറ്റത്തെ സംബന്ധിച്ച് അറിഞ്ഞപ്പോൾ നൽകിയ നീണ്ട ഉപദേശങ്ങൾക്കൊടുവിൽ ഹുസൂർ (അ) അരുൾ ചെയ്തു:,
“എന്നെ സംബന്ധിച്ച് പറയുകയാണെങ്കിൽ, ഞാനെന്റെ ഭാര്യയോട് അല്പം സ്വരമുയർത്തി സംസാരിക്കുകയുണ്ടായി. ആ ഉയർന്ന ശബ്ദം ഹൃദയത്തിന്റെ പരുഷത കലർന്നതായിരുന്നുവെന്ന് എനിക്ക് മനസ്സിലാക്കാമായിരുന്നു. അതേസമയം വേദനിപ്പിക്കുന്നതോ കടുത്തതോ ആയ വാക്കുകളൊന്നും എന്റെ വായിൽനിന്ന് വന്നിരുന്നില്ല. അതിനുശേഷം ഞാൻ ദീർഘനേരം ഇസ്തിഗ്ഫാർ ചെയ്തുകൊണ്ടിരുന്നു. വളരെ വേദനയോടും നൊമ്പരത്തോടും കൂടി നഫലുകൾ അനുഷ്ഠിക്കുകയും അല്പം സദഖ നൽകുകയും ചെയ്തു…”
(മൽഫൂദാത്ത് വാ. 2, പേ.1 & 2)