മനുഷ്യരിലുള്ള വിവിധതരം ജാതികളൊന്നും മഹത്വത്തിനു കാരണമല്ല. അല്ലാഹു തിരിച്ചറിയുന്നതിനു വേണ്ടിയാണ് ജാതികളായി തിരിച്ചിട്ടുള്ളത്. ഇക്കാലത്ത് നാല് തലമുറ മുമ്പുള്ളവരുടെ യഥാർഥ മേൽവിലാസം തിരിച്ചറിയുകതന്നെ പ്രയാസമാണ്. ജാതി സംബന്ധമായ കലഹങ്ങളിലേർപ്പെടുക എന്നത് മുത്തഖിയുടെ സ്ഥാനത്തിനു ചേർന്നതല്ല. തന്റെ പക്കൽ ജാതികൾക്ക് അംഗീകാരമൊന്നുമില്ലെന്ന് അല്ലാഹു വിധിയെഴുതിയിരിക്കുന്നു. യഥാർഥ ബഹുമാനത്തിനും മഹത്വത്തിനും നിദാനം തഖ്വ ഒന്നുമാത്രമാണ്.
മുത്തഖിയുടെ ലക്ഷണങ്ങൾ
സൗമ്യതയോടും ശാലീനതയോടും നടക്കുന്നവനാണ് മുത്തഖി എന്ന് അല്ലാഹുവിന്റെ ഗ്രന്ഥത്തിൽ കാണാം. അവൻ അഹംഭാവത്തോടെ സംസാരിക്കുകയില്ല. ചെറിയവർ വലിയവരോട് സംസാരിക്കുന്നത് പോലെയായിരിക്കും അവരുടെ സംസാരം. ഏതവസ്ഥയിലും നമ്മുടെ വിജയത്തിനു കാരണമാകുംവിധം കർമങ്ങൾ ചെയ്യുക. അല്ലാഹു ആരുടേയും കുത്തകാവകാശിയല്ല. അവൻ നിഷ്കളങ്കമായ തഖ്വയാണ് ആഗ്രഹിക്കുന്നത്. തഖ്വ അവലംബിക്കുന്നവനാരോ അവൻ ഉന്നത സ്ഥാനത്തെത്തുന്നു. നബി(സ) തിരുമേനിയോ ഹദ്റത്ത് ഇബ്രാഹീം (അ) മോ അനന്തരാവകാശമായി അന്തസ്സ് നേടിയിട്ടില്ല. നബി(സ) തിരുമേനിയുടെ പിതാവ് അബ്ദുല്ലാഹ് ബഹുദൈവാരാധകനായിരുന്നില്ലെന്ന് നാം വിശ്വസിക്കുന്നുവെങ്കിലും, അല്ലാഹു നുബുവ്വത്ത് നൽകിയിട്ടില്ല. അവിടുത്തെ പ്രകൃതിയിലുണ്ടായിരുന്ന സത്യസന്ധതകൾ കാരണത്താലുള്ള ദൈവീകാനുഗ്രഹങ്ങളായിരുന്നു അത്. അനുഗ്രഹത്തിനു പ്രേരകമായത് അതുതന്നെയായിരുന്നു. ഹദ്റത്ത് ഇബ്രാഹിം പ്രവാചകന്മാരുടെ പിതാവായിരുന്നു. അദ്ദേഹം തന്റെ സത്യസന്ധതയും ഭക്തിയും കൊണ്ടുതന്നെയായിരുന്നു തന്റെ മകനെ ബലിയർപിക്കുന്നതിനു അറച്ചുനിൽക്കാതിരുന്നത്. സ്വയം തീയിൽ ഇടപ്പെടുകയുമുണ്ടായി.
നമ്മുടെ സയ്യിദും മൗലായുമായ ഹദ്റത്ത് മുഹമ്മദ് റസൂലുല്ലാഹ് (സ) തിരുമേനിയുടെ തന്നെ സത്യസന്ധതയും കൂറുമൊന്ന് നോക്കിയാലും! ആ മഹാത്മാവ് എല്ലാ തരത്തിലുള്ള ദുഷ്ടസംഘടനകളേയും നേരിട്ടു. പലതരത്തിലുള്ള വിപത്തുകളും ബുദ്ധിമുട്ടുകളും സഹിച്ചു. പക്ഷേ, ഒന്നും വകവെച്ചില്ല. ഇതായിരുന്നു സത്യസന്ധതയും കൂറും. ഇക്കാരണത്താൽ അല്ലാഹു അനുഗ്രഹങ്ങൾ കോരിച്ചൊരിയുകയുണ്ടായി. ഇതുകൊണ്ടാണ് അല്ലാഹു പറഞ്ഞത് ‘ഇന്നല്ലാഹ വ മലാഇകത്തഹൂ യുസല്ലൂന അലന്നബിയ്യി യാ അയ്യുഹല്ലദീന ആമനൂ സല്ലൂ അലൈഹി വ സല്ലിമൂ തസ്ലീമാ’ (33.57)
‘അല്ലാഹുവും അവന്റെ എല്ലാ മലക്കുകളും റസൂലിനുമേൽ സമാധാനാശംസകൾ നേരുന്നു. സത്യവിശ്വാസികളേ! നിങ്ങളും നിങ്ങളുടെ നബിയുടെ മേൽ സ്വലാത്തും സലാമും ചൊല്ലുവിൻ.!’ ആദരണീയനായ റസൂലിന്റെ കർമങ്ങളുടെ ശ്രേഷ്ഠതയെ കുറിച്ച് ഈ ആയത്തിൽനിന്ന് വെളിവാകുന്നതെന്തെന്നാൽ, അല്ലാഹു ആ മഹാത്മാവിനെ പുകഴ്ത്താനും ആ സവിശേഷഗുണങ്ങളുടെ സീമ നിശ്ചയിക്കാനും വേണ്ടി ഒരു വാക്കും പ്രത്യേകിച്ച് ഉച്ചരിച്ചില്ല. വാക്ക് ലഭിക്കുമായിരുന്നെങ്കിലും സ്വയമതുപയോഗിച്ചില്ല. അതായത് നബി(സ) തിരുമേനിയുടെ സൽകർമശ്രേണികളുടെ വർണ്ണന സീമകൾക്കതീതമായിരുന്നു. ഇത്തരത്തിലുള്ള ആയത്ത് മറ്റൊരു നബിയുടെയും ശ്രേഷ്ഠതയ്ക്കായി ഉപയോഗിച്ചിട്ടില്ല. അവിടത്തെ ആത്മാവിൽ അവ്വിധത്തിലുള്ള സത്യസന്ധതയും കൂറുമായിരുന്നു ഉണ്ടായിരുന്നത്. ആ മഹാത്മാവിന്റെ കർമങ്ങൾ അല്ലാഹുവിന്റെ പക്കൽ എത്രത്തോളം പ്രിയപ്പെട്ടതായിരുന്നെന്ന് വെച്ചാൽ, ഇനിയങ്ങോട്ട് എന്നെന്നേക്കുമായി ജനങ്ങൾ കൃതജ്ഞതയെന്നോണം അങ്ങയിലേക്ക് ദുറൂദ് (സമാധാന പ്രാർഥന) അയച്ചുകൊണ്ടിരിക്കണമെന്ന് അല്ലാഹു കല്പനയിറക്കുകയുണ്ടായി. നമ്മൾ മുകളിലും താഴെയും ദൃഷ്ടിപായിച്ചാലും എങ്ങുമേ ദർശിക്കാനാവാത്തതരം മനക്കരുത്തും വിശ്വസ്തതയുമായിരുന്നു അങ്ങയിൽ വിളങ്ങിയിരുന്നത്. ഈസാനബി (അ) ന്റെ കാലഘട്ടം നോക്കുക. അദ്ദേഹത്തിന്റെ മനക്കരുത്തിന്റെയും ആത്മീയ സത്യസന്ധതയുടേയും കൂറിന്റേയും പ്രഭാവം എത്രത്തോളമാണ് അദ്ദേഹത്തിന്റെ അനുയായികളിൽ പതിഞ്ഞിട്ടുണ്ടായിരുന്നെന്ന് വീക്ഷിക്കുവിൻ. ഒരു ദുസ്വഭാവിയെ നേരെയാക്കിയെടുക്കുക എത്രമാത്രം പ്രയാസകരമാണെന്ന് ഏതെരാൾക്കും മനസ്സിലാക്കാം. പരമ്പരാഗതമായ ശീലങ്ങൾ അകറ്റുകയെന്നത് എന്തുമാത്രം ദുഷ്കരമാണ്. എന്നാൽ, മൃഗങ്ങളേക്കാൾ തരംതാണുപോയ ആയിരക്കണക്കിനു മനുഷ്യരേയാണ് നമ്മുടെ നബി(സ) തിരുമേനി സംസ്കരിച്ചെടുത്തത്. അവരിൽ ചിലർ മൃഗങ്ങളെ പോലെ ഉമ്മപെങ്ങമ്മാർക്ക് വ്യത്യാസം കല്പിച്ചിരുന്നില്ല; യതിമുകളുടെ ധനം ഭക്ഷിച്ചിരുന്നു; മരിച്ചവരുടെ മുതൽ തിന്നിരുന്നു; ചിലർ നക്ഷത്രങ്ങളെ ആരാധിച്ചു മറ്റുചിലർ നിരീശ്വരർ. ചിലർ വായുവിനേയും അഗ്നിയേയും ദൈവമാക്കിയിരുന്നു. എന്തായിരുന്നു അറേബ്യൻ ദ്വീപിന്റെ അവസ്ഥ? മതങ്ങളുടെ സമുച്ചയംതന്നെ ഉൾക്കൊണ്ടിരുന്ന ഒന്നായിരുന്നു അത്.
(മൽഫൂദാത് വാള്യം 1, പേ.24)
‘അല്ലാഹുമ്മ സ്വല്ലി അലാ മുഹമ്മദിൻ വ അലാ ആലി മുഹമ്മദ്’