- എല്ലാതരം അധിക്ഷേപങ്ങളിൽ നിന്നും പരിഹാസങ്ങളിൽ നിന്നും വിട്ടുനിൽക്കുവിൻ. കാരണം പരിഹാസം മനുഷ്യനെ സത്യസന്ധതയിൽ നിന്ന് ദൂരപ്പെടുത്തി എങ്ങോ എത്തിച്ചുകളയും.
- സ്വന്തം വിശ്രമത്തേക്കാൾ തന്റെ സഹോദരന്റെ (അഥവാ മറ്റുള്ളവരുടെ) വിശ്രമത്തിനു മുൻഗണന നൽകുക.
- മനുഷ്യനിൽ ‘ഖബ്സ്’ , ‘ബസ്ത്’ എന്നീ രണ്ട് അവസ്ഥകൾ വരാറുണ്ട്. ബസ്തിന്റെ അവസ്ഥയിൽ അഭിരുചിയും താല്പര്യവും വർദ്ധിക്കുന്നു. ഹൃദയവിശാലത സംജാതമായിക്കൊണ്ട് അല്ലാഹുവിലേക്ക് ശ്രദ്ധ കൂടുകയും ചെയ്യുന്നു. നമസ്കാരത്തിൽ ആനന്ദവും രുചിയും ലഭിക്കുന്നു. എന്നാൽ ചില സന്ദർഭങ്ങളിൽ ഈ അഭിരുചിയും അനുഭൂതിയുമെല്ലാം നഷ്ടമാകുന്ന അവസ്ഥയും ഉണ്ടാകാറുണ്ട്. മനസ്സ് അപ്പോൾ ഇടുങ്ങിയതായി അനുഭവപ്പെടുന്നു. ഇതിനുള്ള പ്രതിവിധിയെന്തെന്നാൽ, വളരെയധികം ഇസ്തിഗ്ഫാർ ചൊല്ലുകയും അതിനു ശേഷം ധാരാളമായി ദുറൂദ് ശരീഫ് (നബി(സ) ക്കു വേണ്ടിയുള്ള സലാത്ത്) ചൊല്ലുകയും ചെയ്യുക എന്നതാണ്. നമസ്കാരവും വീണ്ടുംവീണ്ടും അനുഷ്ഠിക്കുക. ഇവയാണ് ഖബ്സ് ദൂരപ്പെടാനുള്ള മാർഗ്ഗങ്ങൾ.
- ഞാൻ നമ്മുടെ ജമാഅത്തിനെ അറബി പഠിക്കാൻ ഉപദേശിക്കാനാഗ്രഹിക്കുന്നു. എന്തെന്നാൽ അറബിയിലുള്ള ജ്ഞാനം കൂടാതെ വിശുദ്ധ ഖുർആന്റെ സുഖം ആസ്വദിക്കാൻ സാദ്ധ്യമല്ല. അതുകൊണ്ട് തർജുമ അറിയാൻ വേണ്ടി അല്പം അറബി ഭാഷ പഠിക്കാൻ ശ്രമിക്കുന്നത് അത്യാവശ്യവും ഉചിതവുമാണ്.
- ചിലരിൽ ദുഃഖത്തിന്റെ പ്രഹരമേൽക്കുന്നു. അത് അവരുടെ സ്വന്തം കർമ്മഫലമായിട്ടാണ് വരുന്നത്.
وَمَن يَعۡمَلۡ مِثۡقَالَ ذَرَّةٖ شَرّٗا يَرَهُۥ
(ഒരണുവിന്റെ തൂക്കം തിന്മ ആര് ചെയ്തിരുന്നുവോ അതവനും കാണുന്നതാകുന്നു. സൽസാൽ 9). അതുകൊണ്ട് മനുഷ്യൻ സദാ പശ്ചാത്താപത്തിലും പൊറുക്കൽ തേടലിലും വ്യാപൃതനായിക്കൊണ്ട് അങ്ങനെ സംഭവിക്കാതിരിക്കാൻ സൂക്ഷിച്ചുകൊണ്ടിരിക്കണം. - അല്ലാഹുവിന്റെ സത്താറി (ദോഷങ്ങൾ മറച്ച് വെക്കൽ എന്ന ഗുണം) എങ്ങനെയാണെന്നാൽ, അവൻ മനുഷ്യരുടെ പാപങ്ങളും ദോഷങ്ങളും വീക്ഷിക്കുന്നു; പക്ഷെ തന്റെ ഈ ഗുണം കാരണം മനുഷ്യന്റെ ദുഷ്കർമ്മങ്ങൾ മിതത്വത്തിൽ നിന്ന് അതിരുകവിയുന്ന അവസ്ഥയെത്തും വരെ മൂടിവെക്കുന്നു.
- ചിലരുടെ സ്ഥിതിയെന്തെന്നാൽ, അവരുടെ ഭൗതിക ഉദ്യോഗമോ മറ്റെന്തെങ്കിലുമോ കാരണം കൊണ്ട് ആയുസ്സിന്റെ സിംഹഭാഗം അന്ധതയിൽ കടന്നുപോകുന്നു. കൃത്യമായി നമസ്കാരങ്ങൾ അനുഷ്ഠിക്കാനോ, അല്ലാഹുവും നബിയും പറഞ്ഞത് കേൾക്കാനോ അവസരം ലഭിക്കുന്നില്ല. അല്ലാഹുവിന്റെ ഗ്രന്ഥത്തിൽ ചിന്തിക്കുന്ന ഭാഗത്തേക്ക് തന്നെ അവരുടെ ശ്രദ്ധ പതിയുന്നില്ല. ആ അന്ധകാരം നിറഞ്ഞ അവസ്ഥയിൽ വലിയൊരു കാലം കഴിച്ചുകൂട്ടിയ ശേഷം പ്രകൃതമൊരു രണ്ടാം നിറം പ്രാപിക്കുന്നു. അപ്പോഴും മനുഷൻ പശ്ചാത്താപത്തിന്റെയും പാപപ്പൊറുതിയുടെയും ഭാഗത്തേക്ക് ശ്രദ്ധകൊടുക്കുന്നില്ലെങ്കിൽ അത്തരക്കാരുടെ അവസ്ഥ തീർത്തും നിർഭാഗ്യകരം തന്നെയാണ്. അശ്രദ്ധയുടെയും അലസതയുടെയും ഉന്നതമായ ചികിത്സ ഇസ്തിഗ്ഫാറാണ്. കഴിഞ്ഞുകടന്ന അലസതയും മടിയും കാരണം എന്തെങ്കിലും പരീക്ഷണം വന്നിട്ടുണ്ടെങ്കിൽ രാത്രികളിൽ എഴുന്നേറ്റ് സുജൂദിലും ദുആയിലും അല്ലാഹുവിന്റെ സന്നിധിയിൽ ഒരു പരിശുദ്ധമാറ്റം വാഗ്ദാനം ചെയ്തുകൊള്ളുക.
- നമ്മുടെ സുഹൃത്തുക്കൾ അവരുടെ ഹൃദയങ്ങളിൽ ദീനീ സേവനത്തിന്റെ നിയ്യത്ത് എടുക്കേണ്ടതാണ്. ആരുടെയെങ്കിലും മുന്നിൽ സേവനത്തിനുള്ള അവസരം വന്നുകിട്ടിയാൽ അത് എങ്ങനെയുള്ളതായാലും ചെയ്തുകൊള്ളുക.
(മൽഫൂസാത് വാ.1)
ത്വാലിബെ ദുആ: അബു-അയ്മൻ