തനിക്ക് ഭാരിച്ച കടബാധ്യതയുണ്ടെന്നും തനിക്ക് വേണ്ടി ദുആ ചെയ്യണമെന്നും ഒരാൾ ഹദ്റത്ത് മസീഹ് മൗഊദ്(അ) നോട് അഭ്യത്ഥിച്ചു. അപ്പോൾ അവിടുന്ന് അരുൾ ചെയ്തു:
‘പശ്ചാത്തപിക്കുകയും ഇസ്തിഗ്ഫാർ ചെയ്തുകൊണ്ടിരിക്കുകയും ചെയ്യുക. എന്തെന്നാൽ പാപപ്പൊറുതി തേടിക്കൊണ്ടിരിക്കുന്നവന്റെ ധനത്തിൽ സമൃദ്ധി നൽകുന്നതാണെന്നത് അല്ലാഹുവിന്റെ വാഗ്ദാനമാകുന്നു.’
അവിടുന്ന് ചോദിച്ചു; ‘ഇത്രയും കടം എങ്ങനെയാണ് വർദ്ധിച്ചുപോയത്?’ അയാൾ പറഞ്ഞു; ‘വലിയൊരു ഭാഗം പലിശ തന്നെയാണ്.’ അപ്പോൾ ഹദ്റത്ത് അഖ്ദസ്(അ) പ്രതിവചിച്ചു:
അങ്ങനെയാണെങ്കിൽ പിന്നെ അത് സ്വന്തം കർമ്മഫലമായുള്ള ദുര്യോഗമാണ്. ആരാണോ അല്ലാഹുവിന്റെ കല്പന ലംഘിക്കുന്നത് അവനു ശിക്ഷ ലഭിക്കുന്നു. നിങ്ങൾ പലിശയിടപാടിൽ നിന്ന് മാറിനിൽക്കുന്നില്ലെങ്കിൽ യുദ്ധത്തിനുള്ള ആഹ്വാനമാണെന്ന് അല്ലാഹു ആദ്യമേ അരുളിയിട്ടുണ്ട്. അത്തരക്കാരുടെ മേൽ ശിക്ഷ അയക്കുകയെന്നത് തന്നെയാണ് അല്ലാഹുവിന്റെ യുദ്ധം. അതുകൊണ്ട് ഈ പാപ്പരത്തം തന്റെ പ്രവർത്തനത്തിന്റെ പരിണിതഫലമായുള്ള ശിക്ഷയാണ്.
അയാൾ പറഞ്ഞു; ‘എന്തുചെയ്യാൻ, നിർബന്ധിതാവസ്ഥയിൽ പലിശക്ക് കടമെടുത്തുപോകുന്നു.’
മറുപടിയായി അരുൾ ചെയ്തു:
അല്ലാഹുവിൽ എല്ലാം ഭരമേല്പിക്കുന്നവനാരോ അവനു വേണ്ടി അല്ലാഹു അദൃശ്യമറയിൽനിന്ന് എന്തെങ്കിലും മാർഗ്ഗം സൃഷ്ടിക്കുന്നതാണ്. മുത്തഖീങ്ങൾക്ക് പലിശക്ക് കടം വാങ്ങാൻ നിർബന്ധിതരാകുന്ന സാഹചര്യം അല്ലാഹു ഒരിക്കലും ഉണ്ടാക്കുന്നില്ല. ഈ രഹസ്യം ജനങ്ങൾ മനസ്സിലാക്കുന്നില്ലെന്നത് ദു:ഖകരം തന്നെയാണ്. ഓർമ്മിച്ചുകൊള്ളുക! ഈ പലിശ വാങ്ങലും നൽകലും വ്യഭിചാരം, മോഷണം പോലുള്ള മറ്റു ദുഷ്പ്രവൃത്തികൾ പോലെയുള്ളത് തന്നെയാണ്. എന്തുമാത്രം വലിയ നഷ്ടക്കച്ചവടമാണിത്! ഇതുമൂലം ധനവും പ്രതാപവും തകരുന്നുവെന്ന് മാത്രമല്ല ഈമാനും തുലഞ്ഞുപോകുന്നു.!
മനുഷ്യന്റെ സാധാരണ ജീവിതത്തിൽ പലിശക്ക് കടം വാങ്ങാൻ അവനെ നിർബന്ധിതനാക്കാൻ മാത്രം ചെലവേറിയ ഒരുകാര്യവുമില്ല. ഉദാഹരണത്തിനു നിക്കാഹെടുക്കാം; അതിൽ യാതൊരു ചെലവുംതന്നെയില്ല. ഇരുകൂട്ടരും സമ്മതിക്കുന്നു; നിക്കാഹ് നടക്കുന്നു. അനന്തരമുള്ള വലീമ സുന്നത്താകുന്നു. അതിന് കഴിവില്ലെങ്കിൽ അതും മാപ്പാക്കപ്പെട്ടതാണ്. മനുഷ്യൻ മിതവ്യയശീലത്തിലൂടെ കാര്യങ്ങൾ നടത്തുകയാണെങ്കിൽ അവനു ഒരു തരത്തിലുള്ള നഷ്ടവും സംഭവിക്കുന്നില്ല. പക്ഷെ, ഖേദകരം തന്നെ! ജനങ്ങൾ തങ്ങളുടെ സ്വേച്ഛകൾക്കും നൈമിഷിക നിർവൃതികൾക്കും വേണ്ടി അല്ലാഹുവിനെ കോപിതനാക്കിക്കൊണ്ട് തങ്ങളുടെ നാശത്തിനുള്ള വഴി സ്വയമൊരുക്കുകയാണ് ചെയ്യുന്നത്. നോക്കുക, പലിശ എത്രമാത്രം ഗുരുതരമായ പാപമാണ്! അവർക്കറിയില്ലേ; പന്നിമാംസ ഭോജനം നിർബന്ധിതാവസ്ഥയിൽ (വേറെ നിവൃത്തിയില്ലാത്ത ഘട്ടത്തിൽ) അനുവദനീയമാക്കപ്പെട്ടിട്ടുണ്ട്,
ِ ۖ فَمَنِ اضْطُرَّ غَيْرَ بَاغٍ وَلَا عَادٍ فَلَا إِثْمَ عَلَيْهِ ۚ إِنَّ اللَّـهَ غَفُورٌ رَّحِيمٌ
(അൽബക്കറ 174)
[എന്നാല്‍ തല്പരനും പരിധിവിട്ടവനുമായല്ലാതെ അവ തിന്നാന്‍ ഒരാള്‍ നിര്‍ബന്ധിതനായാല്‍ കുറ്റമില്ല. അല്ലാഹു ഏറ്റം പൊറുക്കുന്നവനും കരുണാമയനുമത്രേ.]
എന്നാൽ പലിശയുടെ കാര്യത്തിൽ നിർബന്ധിതാവസത്ഥയിൽ പോലും അനുവദനീയമാണെന്ന് പ്രസ്താവിച്ചിട്ടില്ല. പ്രത്യുത, പറയുന്നു:
يَا أَيُّهَا الَّذِينَ آمَنُوا اتَّقُوا اللَّـهَ وَذَرُوا مَا بَقِيَ مِنَ الرِّبَا إِن كُنتُم مُّؤْمِنِينَ فَإِن لَّمْ تَفْعَلُوا فَأْذَنُوا بِحَرْبٍ مِّنَ اللَّـهِ وَرَسُولِهِ ۖ
(അൽബക്കറ 279,280)
[സത്യവിശ്വസികളേ നിങ്ങള്‍ അല്ലാഹുവിനെ സൂക്ഷിക്കുകയും സാക്ഷാല്‍ മുഅ്മിനുകളാണെങ്കില്‍ കിട്ടാനുള്ള പലിശ വിട്ടുകളയുകയും ചെയ്യുക. അങ്ങനെയനുവര്‍ത്തിക്കുന്നില്ലെങ്കില്‍ അല്ലാഹുവിങ്കലും റസൂലിങ്കലും നിന്നുള്ള യുദ്ധത്തെപ്പറ്റിയറിയുക!]
പലിശയിടപാടുകളിൽ നിന്ന് കരകയറുന്നില്ലെങ്കിൽ അല്ലാഹുവിനോടും അവന്റെ റസൂലിനോടും യുദ്ധത്തിനുള്ള ആഹ്വാനമാണ്. അല്ലാഹുവിൽ ഭരമേൽപ്പിക്കുന്നവനു ഇതിനുള്ള അനിവാര്യത നേരിടുന്നേയില്ല എന്നതാണ് നമ്മുടെ വിശ്വാസം. മുസൽമാൻ ഈ പരീക്ഷണത്തിൽ അകപ്പെട്ടിട്ടുണ്ടെങ്കിൽ അവന്റെതന്നെ ദുഷ്കർമ്മങ്ങളുടെ പരിണിതഫലമാകുന്നു. ഹിന്ദുവാണ് ഈ പാപം ചെയ്യുന്നതെങ്കിൽ അവൻ ധനികനായിത്തീർന്നെന്നുംവരാം മുസൽമാൻ ഈ പാപം ചെയ്യുമ്പോൾ നാശമടയുന്നു. ഇഹത്തിലും പരത്തിലും നഷ്ടത്തിനു ഹേതുവായിത്തീരുന്നു. അതുകൊണ്ട് മുസ്ലിംകൾക്ക് ഇതിൽ നിന്ന് വിട്ടുനിൽക്കേണ്ടത് അനിവാര്യമല്ലേ?
(മൽഫൂദാത്ത് വാ. 5, പേ. 434 & 435)
ത്വാലിബെ ദുആ: അബൂ അയ്മൻ