ദർസ് 13 :“നബിയുടെ വഫാത്തും അല്ലാഹുവിന്‍റെ ശക്തിപ്രഭാവവും “

(പുറത്തുനിന്നും വന്നിട്ടുണ്ടായിരുന്ന ഒരു ഖാദിം (സേവകന്‍) സയ്യദ്നാ ഹദ്റത്ത് മസീഹ് മൗഊദ് (അ) ന്‍റെ സന്നിധിയില്‍ അങ്ങയുടെ വഫാത്ത് സമീപസ്ഥമാണെന്ന് സൂചനയുള്ള ഇല്‍ഹാം സ്മരിച്ചുകൊണ്ട് തേങ്ങിക്കരയാന്‍ തുടങ്ങി, അപ്പോള്‍ ഹുസൂര്‍ (അ) അരുൾ ചെയ്തു:)

ഇത്തരമൊരു വേള എല്ലാ നബിമാരുടെ അനുയായികള്‍ക്കും നേരിടേണ്ടിവരുന്നു. അതില്‍ അല്ലാഹു ഒരു ദൃഷ്ടാന്തം കാണിക്കുന്നു. നബിക്ക് ശേഷവും പ്രസ്ഥാനത്തെ നിലനിര്‍ത്തിക്കൊണ്ട് അല്ലാഹു അത് തന്നില്‍ നിന്നുതന്നെയുള്ള പ്രസ്ഥാനമാണെന്ന് കാണിക്കാനാഗ്രഹിക്കുന്നു. ചില അവിവേകികള്‍ നബിയുടെ ജീവിതകാലത്ത് പറഞ്ഞുകൊണ്ടിരിന്നു, ‘ഇവനൊരു സമര്‍ത്ഥനും കൗശലക്കാരനുമാണ്; കച്ചവടക്കാരനായ ഇവന്‍റെ കച്ചവടം യാദൃശ്ചികമായി ചലിച്ചുതുടങ്ങി. എന്നാല്‍ ഇവന്‍റെ മരണത്തോടെ ഈ എല്ലാ കച്ചവടവും പൂട്ടിപ്പോകുന്നതാണ്’ അങ്ങനെ നബിയുടെ വഫാത്ത് സംഭവിക്കുമ്പോള്‍ അല്ലാഹു തആല ഒരു ശക്തമായ ഹസ്തം കാണിക്കുകയും അവന്‍റെ പ്രസ്ഥാനത്തെ പുത്തന്‍ രീതിയില്‍ വീണ്ടും നിലനിര്‍ത്തുകയും ചെയ്യുന്നു. നബി(സ) തിരുമേനിയുടെ വഫാത്ത് സമയത്തും അങ്ങനെത്തന്നെ സംഭവിച്ചിരുന്നു. അസംഖ്യം വിജന മരുഭൂവാസികള്‍ മുര്‍ത്തദ്ദുകളായിത്തീര്‍ന്നു. ജനങ്ങള്‍ അതൊരു അകാല ചരമമാണെന്ന് വിചാരിച്ചു. കേവലം രണ്ട് പള്ളികളില്‍ മാത്രമായിരുന്നു നമസ്കാരം അനുഷ്ടിക്കപ്പെട്ടിരുന്നത്. മറ്റിടങ്ങളിലൊക്കെ നിലച്ചുപോയി. അപ്പോള്‍ അല്ലാഹു അബൂബക്കര്‍ സിദ്ധീഖ്(റ) നെ എഴുന്നേല്‍പ്പിക്കുകയുണ്ടായി. അനന്തരം എല്ലാ പ്രവര്‍ത്തനങ്ങളും അതേപടിതന്നെ പുനരാരംഭിച്ചു. മനുഷ്യന്‍റെ പ്രവൃത്തികളായിരുന്നു അവയെങ്കില്‍ എല്ലാം അപൂർണ്ണമായി അവസാനിച്ചുപോകുമായിരുന്നു. അതുപോലെ ഈസാ (അ) നു ശേഷവും മറ്റെങ്ങും കാണാത്തവിധം അദ്ദേഹത്തിന്‍റെ ഉമ്മത്ത് ഒരു പരാജയത്തിന്‍റെയും നാശത്തിന്‍റെയും അസ്വസ്ഥതയുടെയും രൂപം ദര്‍ശിക്കുകയുണ്ടായിട്ടുണ്ട്.

അല്ലാഹു തന്‍റെ ശക്തിപ്രഭാവത്തിന്‍റെ ഒരു മാതൃക പ്രദര്‍ശിപ്പിക്കാന്‍ ആഗ്രഹിക്കുന്നു. എങ്ങനെയെന്നാല്‍, നബിയുടെ കാലത്തുതന്നെ എല്ലാ ദൗത്യങ്ങളുടെയും പൂര്‍ത്തീകരണം അവന്‍ നടത്തുന്നില്ല. അല്ലാഹുവിന്‍റെ നടപടിക്രമം എക്കാലവും ഈ വിധത്തിലാണ് നടന്നുവരുന്നത്. അതായത്, ജനങ്ങളുടെ ശ്രദ്ധ ഏതെങ്കിലുമൊരു ഭാഗത്തേക്കും അല്ലാഹു ചെയ്തു കാണിക്കുന്നത് മറ്റേതെങ്കിലും കാര്യവുമായിരിക്കും. അതുമൂലം നിരവധി ജനങ്ങള്‍ക്ക് പരീക്ഷണാവസ്ഥ നേരിടേണ്ടിവരുന്നു. ഇപ്രകാരംതന്നെയാണ് മുന്‍കടന്നവര്‍ക്ക് നബി(സ) തിരുമേനിയെ സംബന്ധിച്ചും, വരാനിരിക്കുന്ന നബി ബനീ ഇസ്രായീല്യരില്‍ നിന്നുതന്നെയുള്ള വ്യക്തിയായിരിക്കുമെന്ന അബദ്ധം പിണഞ്ഞത്. ഈസാനബിയെ സംബന്ധിച്ച് ഇല്യാസിന്‍റെ കാര്യത്തിലും യഹൂദികള്‍ ഇതേ വഞ്ചനയിലാണ് ഇന്നുവരെ അകപ്പെട്ടിരിക്കുന്നത്.

ഒരു മഹാത്മാവിനെ കുറിച്ച് എഴുതപ്പെട്ടിട്ടുണ്ട്, അദ്ദേഹം വഫാത്ത് സമീപസ്ഥമായപ്പോൾ ശിഷ്യരോട് പറഞ്ഞു, നിങ്ങള്‍ എന്നെ ഖബറടക്കം ചെയ്തുകഴിയുമ്പോള്‍ ഒരു പച്ചക്കിളി വരും. ആ കിളി ആരുടെ ശിരസ്സിലാണോ വന്നിരിക്കുന്നത് അയാളായിരിക്കും എന്‍റെ ഖലീഫ. അവര്‍ അദ്ദേഹത്തെ ഖബറടക്കിയതിനു ശേഷം പ്രസ്തുത കിളി വന്ന് ആരുടെ തലയിലാണ് ഇരിക്കുന്നതന്ന് നോക്കി കാത്തിരുന്നു. പ്രഗദ്ഭരായ ആദ്യകാല ശിഷ്യരുടെയൊക്കെ ഹൃദയങ്ങളിൽ ആ കിളി ഞങ്ങളുടെ തലയില്‍ തന്നെയായിരിക്കും വന്നിരിക്കുക എന്ന ചിന്തകളുദിച്ചു. അല്പസമയത്തിനുശേഷം ഒരു കിളി പ്രത്യക്ഷമായി. അത് ഖബറടക്കത്തില്‍ യാദൃശ്ചികമായി വന്നു ചേര്‍ന്നിട്ടുണ്ടായിരുന്ന ഒരു പലചരക്ക് വ്യാപാരിയുടെ ശിരസ്സിലാണ് വന്നിരുന്നത്. അപ്പോള്‍ അവരെല്ലാം ആശ്ചര്യഭരിതരായി. പക്ഷേ, അവര്‍ തങ്ങളുടെ ആത്മീയ ഗുരുവിന്‍റെ വാക്കുകളനുസരിച്ച് അയാളെ കൊണ്ടുപോയി ഗുരുവിന്‍റെ ഖലീഫയായി നിശ്ചയിച്ചു.

(മല്‍ഫൂസാത് വാ.8, പേ. 406, 407)

‘രണ്ടാം ദിവ്യ ശക്തിപ്രഭാവം’

രണ്ട് വിധത്തിലുള്ള ദിവ്യശക്തിപ്രഭാവങ്ങളാണ് വെളിപ്പെടുന്നത്. ഒന്നാമതായി പ്രവാചകന്മാരുടെ കരങ്ങളിലൂടെ അല്ലാഹു സ്വയം തന്റെ ദിവ്യശക്തിയുടെ ഹസ്തം പ്രകടമാക്കുന്നു. രണ്ടാമതായി പ്രവാചകന്റെ വഫാത്തിനുശേഷം പ്രയാസങ്ങളെ അഭിമുഖീകരിക്കേണ്ടിവരികയും ശത്രുക്കൾ ശക്തിയാർജ്ജിക്കുകയും പ്രവർത്തനങ്ങൾ താറുമാറായെന്ന് കരുതപ്പെടുകയും ജമാഅത്ത് നാമാവശേഷമാകുമെന്ന് ശത്രുക്കൾ ഉറപ്പാക്കുകയും ചെയ്യുന്നു. കൂടാതെ ജമാഅത്തിലെ അംഗങ്ങൾ അങ്കലാപ്പിലകപ്പെടുകയും അവരുടെ സ്ഥൈര്യം ചോർന്ന് പോവുകയും, തുടർന്ന് പല നിർഭാഗ്യവാന്മാരും മുർത്തദ്ദാവാനുള്ള വഴി അവലംഭിക്കുക്കയും ചെയ്യുന്നു. അപ്പോൾ അല്ലാഹു തന്റെ അതിമഹത്തായ ദിവ്യശക്തി ഒരിക്കൽകൂടി വെളിപ്പെടുത്തിക്കൊണ്ട് വീഴാൻ പോകുന്ന ജമാഅത്തിനെ സംരക്ഷിക്കുന്നു. അതിനാൽ അന്ത്യംവരെ സഹനം കൈക്കൊള്ളുന്നവർ അല്ലാഹുവിന്റെ ഈ അത്ഭുത ദൃഷ്ടാന്തം ദർശിക്കുന്നതാണ്. ഹദ്റത്ത് അബൂബക്കർ സിദ്ദീഖ് (റ) ന്റെ കാലത്ത് സംഭവിച്ചതുപോലെ. ഹദ്റത്ത് മുഹമ്മദ് മുസ്തഫാ (സ) തിരുമേനിയുടെ വേർപാട് അകാലത്ത് സംഭവിച്ച വേർപാടായിരുന്നുവെന്ന് മനസ്സിലാക്കപ്പെടുകയും ദുഃഖഭാരത്താൽ സ്വഹാബിമാർ പരിഭ്രാന്തരാവുകയും വളരെയേറെ ഗ്രാമീണവാസികൾ ഇസ്‌ലാംമതം ഉപേക്ഷിക്കുകയും ചെയ്തു. അപ്പോൾ ഹദ്റത്ത് അബൂബക്കർ സിദ്ദീഖ്(റ) നെ എഴുന്നേൽപ്പിച്ചുകൊണ്ട് അല്ലാഹു വീണ്ടും തന്റെ ദിവ്യശക്തിയുടെ മാതൃക കാണിക്കുകയും ഇസ്‌ലാമിനെ നാമാവശേഷമാക്കപ്പെടുന്നതിൽനിന്ന് താങ്ങി നിർത്തുകയും ചെയ്തു. (അങ്ങനെ) ‘വലയുമക്കിനന്നലഹും ദീനഹുമുല്ലദിർതദ്വാ ലഹും വലയുബദ്ദിലന്നഹും മിമ്പഅദി ഖൗഫിഹിം അംനാ’ (അന്നൂർ 56)

എന്ന ഖുർആൻ വചനത്തിൽ പറഞ്ഞ പ്രകാരം “ഭയത്തിനുശേഷം നാം അവരുടെ കാല്‌പാദങ്ങളെ സുദൃഢമാക്കുന്നു”വെന്ന വാഗ്ദാനം അല്ലാഹു പൂർത്തിയാക്കിക്കാണിച്ചു…..

അതുകൊണ്ട് അല്ലയോ പ്രിയപ്പെട്ടവരേ, എതിരാളികളുടെ നിരർത്ഥകങ്ങളായ രണ്ട് അഹ്ലാദങ്ങളെ തകർക്കുന്നതിനു വേണ്ടി തന്റെ സനാതന നടപടിയനുസരിച്ച് ഇപ്രകാരം അല്ലാഹു രണ്ടുവിധം ദിവ്യശക്തികൾ പ്രകടമാക്കുന്നു. ആയതിനാൽ ഇനി അല്ലാഹു തന്റെ സനാതനമായ നടപടിക്രമം ഉപേക്ഷിച്ചുകളയുമെന്നത് സംഭവ്യമല്ല. അതിനാൽ ഞാൻ നിങ്ങളോട് വിവരിച്ച ഈ കാര്യങ്ങൾ കാരണം നിങ്ങൾ ദുഃഖിതരും മനഃക്ലേശമുള്ളവരും ആകരുത്. എന്തെന്നാൽ, നിങ്ങൾക്ക് ‘രണ്ടാമത്തെ ദിവ്യശക്തി പ്രഭാവം’ ദർശിക്കേണ്ടത് അത്യാവശ്യമാകുന്നു. അതിന്റെ ആഗമനം നിങ്ങൾക്ക് ഗുണകരമാകുന്നു. എന്തുകൊണ്ടെന്നാൽ അത് ശാശ്വതവും അതിന്റെ ശൃംഖല അന്ത്യനാൾ വരെ മുറിഞ്ഞുപോകാത്തതുമത്രെ. ഞാൻ പോകാത്തിടത്തോളം രണ്ടാമത്തെ ദിവ്യശക്തി വരിക സാധ്യമല്ല. ഞാൻ പോയാൽ, അല്ലാഹു നിങ്ങൾക്കുവേണ്ടി രണ്ടാം ദിവ്യശക്തിയെ അയക്കുന്നതാണ്.

(അൽവസിയ്യത്)

ത്വാലിബെ ദുആ: അബൂ അയ്മൻ